UPDATES

ട്രെന്‍ഡിങ്ങ്

തോമസ് ചാണ്ടി തുല്യന്‍; മേജര്‍ രവി എന്ന ഹിന്ദുത്വ തീവ്രവാദി; സത്നാം സിംഗിനോട് മാപ്പ്

അപ്പോള്‍ ആര്‍ക്കാണ് ഇരട്ടത്താപ്പ്? സര്‍ക്കാരിന് മാത്രമോ? അതോ കോടതിക്കുമുണ്ടോ?

സാധാരണക്കാരന്‍റെ കൈയേറ്റമാണെങ്കില്‍ ഇടിച്ചു തകര്‍ക്കില്ലേ?” തോമസ് ചാണ്ടി വിഷയത്തിലെ ഇരട്ടത്താപ്പിനെ പരാമര്‍ശിച്ച് ഇന്നലെ കോടതി ചോദിച്ചു. “ഏത് അലൈന്‍മെന്‍റായാലും ചിലര്‍ കുറച്ചൊക്കെ വിഷമം സഹിക്കേണ്ടിവരും. പൊതുനന്മയ്ക്ക് വേണ്ടിയുള്ള പദ്ധതിയാണിത്”- ഗെയ്ല്‍ വിഷയത്തില്‍ ആഗസ്റ്റ് നാലിന് പുറപ്പെടുവിച്ച ഒരു വിധി പ്രസ്താവത്തില്‍ ഹൈക്കോടതി പറഞ്ഞു.

അപ്പോള്‍ ആര്‍ക്കാണ് ഇരട്ടത്താപ്പ്? സര്‍ക്കാരിന് മാത്രമോ? അതോ കോടതിക്കുമുണ്ടോ?

പൊതുസ്ഥലം കയേറിയതിന് തോമസ് ചാണ്ടിക്കെതിരെ കേസുടുക്കണം എന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇന്നലെ പാവങ്ങളുടെ കാവലാളായത്. “വഴിയരികിലെ സാധാരണക്കാരുടെ കൈയേറ്റമാണെങ്കില്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ക്കില്ലേ എന്നു ചോദിച്ച കോടതി നിയമത്തിന് മുന്‍പില്‍ എല്ലാവരും തുല്യരാണ് എന്നു ഓര്‍മ്മിപ്പിച്ചു.” മാതൃഭൂമി ഒന്നാം പേജ് ലീഡ് വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്ടിംഗ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പിന്‍മാറിയതോടെ മറ്റൊരു ബെഞ്ചാണ് തൃശൂര്‍ സ്വദേശി പി എന്‍ മുകുന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചത്.

ആഗസ്റ്റ് 4-ന് ചീഫ് ജസ്റ്റിന് നവനീതി പ്രസാദ് സിംഗ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഗെയ്ല്‍ വിഷയത്തില്‍ വിധി പ്രസ്താവിച്ചത്. പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റിയതിനാല്‍ ഭൂമി നഷ്ടപ്പെട്ടെന്ന് കാണിച്ച് തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ ജോണ്‍, ജോര്‍ജ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി.

ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ വിഷയം കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദവും പ്രതിഷേധ സമരങ്ങളും ഉയര്‍ത്തിവിട്ടപ്പോഴാണ് ആഗസ്റ്റില്‍ വന്ന ഹൈക്കോടതി വിധി ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് എന്നതും ശ്രദ്ധിക്കുക. പൊതുഅവകാശവും വ്യക്തികളുടെ അവകാശവും തുലനം ചെയ്തുകൊണ്ടാണ് വിധി പുറപ്പെടുവിച്ചത് എന്നാണ് കോടതി പറഞ്ഞത്.

പ്രകടമായ അന്തരം രണ്ടു കോടതി ഇടപെടലുകളില്‍ കാണാമെങ്കിലും രണ്ട് ഘട്ടത്തിലും പ്രസക്തമായ ചോദ്യങ്ങളെ തന്നെയാണ് കോടതി അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചത്.

ഗവണ്‍മെന്‍റ് കാണിച്ച നഗ്നമായ സ്വജനപക്ഷപാതത്തെയാണ് ഹൈക്കോടതി ഇന്നലെ ചോദ്യം ചെയ്തത്. പണവും അധികാരവും ഉള്ളയാള്‍ക്ക് ഒരു നീതിയും പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും മറ്റൊരു നീതിയുമെന്ന ലോകത്തിലെ ഒട്ടുമിക്ക സമൂഹങ്ങളും നേരിടുന്ന പ്രതിസന്ധി തന്നെയാണ്. ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്ത് പൊതുമേഖലയില്‍ പടര്‍ന്ന് പിടിച്ചിരിക്കുന്ന ഒരു അര്‍ബുദമായി ഇത് മാറിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. കോടതിക്ക് പോലും പലപ്പോഴും ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാറില്ല.

തോമസ് ചാണ്ടിയുടെ കയ്യേറ്റവും മുഖ്യമന്ത്രിയുടെ സംരക്ഷിത മൗനവും

ഗെയ്ല്‍ വിഷയത്തില്‍ കുറച്ചുകൂടി പ്രായോഗികമായ പരിഹാരം ഉണ്ടാകേണ്ടിയിരിക്കുന്നു. പലപ്പോഴും തെറ്റായ പ്രചാരണങ്ങള്‍ നടത്തി വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വെയ്ക്കാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ നടക്കാറുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്തരം സാമൂഹ്യ വിരുദ്ധമായ കാര്യത്തില്‍ പിന്നിലല്ല. അതേസമയം ജനങ്ങള്‍ ഉന്നയിക്കുന്ന ആശങ്കകളെ ജനാധിപത്യ മര്യാദയോടും സഹിഷ്ണുതയോടും നോക്കിക്കാണാനുള്ള തുറന്ന മനസ് സര്‍ക്കാരുകള്‍ക്കുണ്ടാകണം. മുക്കത്തും മലപ്പുറത്തും പിണറായി സര്‍ക്കാരിന് സംഭവിച്ചത് ഈ അടിസ്ഥാന ജനാധിപത്യ മൂല്യത്തിന്റെ ശോഷണമാണ്. അത് തിരിച്ചറിഞ്ഞത് കൊണ്ടുകൂടിയാകാം പിന്നീട് സമരക്കാരെ കൂടി ഉള്‍പ്പെടുത്തി സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

വിയോജിക്കാം, പക്ഷെ ഗ്യാസ് ലൈന്‍ ആയതുകൊണ്ട് എന്ത് ‘ഗ്യാസും’ അടിക്കാം എന്ന് കരുതരുത്

ഒരു പത്തു ലക്ഷം കൊണ്ട് കഴുകിക്കളയാന്‍ സാധിക്കുന്നതല്ല സത്നാം സിംഗ് വിഷയത്തില്‍ സംസ്ഥാനത്തിന് മേല്‍ വീണ പാപക്കറ. കൊല്ലം മാതാ അമൃതാനന്ദമയി ആശ്രമത്തില്‍ നിന്നും മര്‍ദ്ദനമേറ്റ് തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങിന്റെ കുടുംബത്തിന് വിചാരണക്കോടതിയുടെ വിധിക്കു വിധേയമായി പത്തു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ ഇന്നലത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചു.

2012 ആഗസ്റ്റ് 4-ന് ആശുപത്രിയിലെ സഹഅന്തേവാസികളുടെയും ജീവനക്കാരുടെയും മര്‍ദനമേറ്റാണ് സത്‌നാം സിങ്ങ് മരിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സത്‌നാം സിംഗിന്റെ വീട്ടുകാരും ഒരു വിഭാഗം മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ കൊലപാതകത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിക്കുകയും വിശദമായ അന്വേഷണം ആവശ്യപ്പെടുകയുമായിരുന്നു. സത്നാം സിംഗിന്റെ പിതാവ് ഹരീന്ദ്ര കുമാറും ഈ നീതി നിഷേധത്തിനെതിരെ കേരളത്തില്‍ എത്തി നിരവധി സമരങ്ങള്‍ നയിക്കുകയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെയും ഒക്കെ കാണുകയും ചെയ്തിരുന്നു.

സത്‌നാം സിംഗ് കൊല്ലപ്പെട്ടിട്ട് അഞ്ചു വര്‍ഷം; ഹരിയാനയിലല്ല, കേരളത്തില്‍; എന്തായി അന്വേഷണം?

സത്നാം സിംഗിന്റെ കൊലപാതകത്തെ തുടര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ തുടക്കത്തില്‍ ആവശ്യപ്പെട്ടത് സിബിഐ അന്വേഷണം വേണമെന്നാണ്. 2012 ഓഗസ്റ്റ് എട്ടിന് തന്നെ ഹരീന്ദ്ര കുമാര്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. കേസ് സിബിഐ അന്വേഷിക്കുന്നതിന് സര്‍ക്കാരിന് തടസമില്ലെന്നാണ് അന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ കോടതിയില്‍ ഈ നിലപാടല്ല അവര്‍ സ്വീകരിച്ചത്. സിബിഐ അന്വേഷണത്തിന് പകരം ക്രൈംബ്രാഞ്ച് അന്വേഷണം എന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.

സത്നാം സിംഗിന്റെ മരണത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ദുരൂഹത നീക്കപ്പെടേണ്ടതുണ്ട്. പണമല്ല, നീതിയാണ് സത്നാം സിംഗിന് വേണ്ടത്.

സത്‌നാം സിംഗ്; തെളിവുകള്‍ മുന്നിലുണ്ടായിട്ടും കുറ്റവാളികള്‍ ഇപ്പോഴും ചിരിക്കുന്നതെന്തുകൊണ്ട്?

തന്റെ പച്ചയായ വര്‍ഗീയ രാഷ്ട്രീയം വെളിവാക്കി വീണ്ടും സംവിധായകന്‍ മേജര്‍ രവി. “ഒരു വര്‍ഷം മുന്‍പ് ടിവി ചാനല്‍ അവതാരകയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്ന് പറഞ്ഞതിന് എല്ലാവരും കൂടെ എന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. അന്ന് ഒരു ഹിന്ദുവിന്റെയും രക്തം തിളയ്ക്കുന്നത് കണ്ടില്ല. ഇന്നവര്‍ നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറിക്കൂടിയിരിക്കുന്നു. നാളെ വീട്ടിലും കയറും” എന്ന മേജര്‍ രവിയുടെ വാട്സപ്പ് സീക്രട്ട് ഗ്രൂപ്പ് സംഭാഷണമാണ് പുറത്തായിരിക്കുന്നത്.

സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുമെന്ന് മേജര്‍ രവി

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹിന്ദുക്കള്‍ സംഘടിച്ചു കരുത്തുകാട്ടണം എന്നായിരുന്നു മേജര്‍ രവിയുടെ ആഹ്വാനം എന്നു ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ രാവിലെ കുമ്മനം രാജശേഖരനുമായി സംസാരിച്ച് എന്നു പറഞ്ഞാണ് സംഭാഷണം തുടങ്ങുന്നത്. “എന്റെ എന്നതല്ല, നമ്മുടേതെന്ന് കണ്ടു ശക്തരാകണം. അല്ലെങ്കില്‍ ഹിന്ദു ഇല്ലാതാകും”, ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഹിന്ദുവിനെ ഉണര്‍ത്താന്‍’ മേജര്‍ വെടിവയ്പ്: വര്‍ഗീയ പ്രചാരണവും കലാപാഹ്വാനവുമായി മേജര്‍ രവി

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍