UPDATES

രഹ്ന ഫാത്തിമയല്ല, രാഹുല്‍ ഈശ്വറിന്റെ ‘ഫെമിനിച്ചി’ തൃപ്തി ദേശായി

കേരള മുഖ്യമന്ത്രിക്കു കൂടാതെ പ്രധാനമന്ത്രിക്കും പുറമേ കേരളാ ഡി.ജി.പി, മഹാരാഷ്ട്ര മുഖ്യമന്ത്രി തുടങ്ങിയവര്‍ക്കും തൃപ്തി ദേശായി കത്തയച്ചിട്ടുണ്ട്

തുലാം മാസ പൂജ കാലത്ത് രഹ്ന ഫാത്തിമ വലിയ നടപ്പന്തല്‍ വരെ എത്തിയപ്പോള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപെട്ടു. ഐ ജി ശ്രീജിത്തിനെ നേരിട്ടു വിളിച്ചു. ആ ആക്റ്റിവിസ്റ്റിനെ ഓടിച്ചു വിട്ടേക്കാന്‍ പറഞ്ഞു. ആക്റ്റിവിസ്റ്റുകളെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിന് ഇല്ലെന്നു പറഞ്ഞു. സംഘ് സ്പോണ്‍സേഡ് വിശ്വാസ സംരക്ഷണക്കാര്‍ ഗൂഢമായി ആഹ്ലാദിച്ചു. ആര്‍ എസ് എസ് ബൌദ്ധികന്‍ ടി ജി മോഹന്‍ദാസ് ഉടനടി ഹര്‍ജിയുമായി ഹൈക്കോടതിയിലേക്ക് പോയി. അഹിന്ദുക്കളെ ഇനി മുതല്‍ ശബരിമലയില്‍ പ്രവേശിപ്പിക്കരുത്. കോ ജെ പി നേതാവ് അജയ് തറയിലും അതുതന്നെ പറഞ്ഞു. എന്നാല്‍ കോടതി ടിജിയുടെ ആവശ്യം നിഷ്ക്കരുണം തള്ളി. വാവരുടെ പാരമ്പര്യം ഓര്‍മ്മിപ്പിച്ചു. അങ്ങനെ ധ്രുവീകരണ രാഷ്ട്രീയം കളിക്കാനും കൊയ്യാനുമുള്ള ആര്‍ എസ് എസ് ശ്രമം ആദ്യ ഘട്ടത്തില്‍ പാളി.

സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നതിന് ശേഷം ശബരിമലയില്‍ തുലാം മാസ പൂജയും ചിതിരയാട്ട വിശേഷവും നടന്നു. രണ്ടു തവണ നട തുറന്നപ്പോഴും വിരലില്‍ എണ്ണാവുന്നതെങ്കിലും അയ്യപ്പനെ ദര്‍ശിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് യുവതികള്‍ എത്തി. ആദ്യ ഘട്ടത്തിലേതിലും വിഭിന്നമായി സംഘടിതരായി എത്തിയ 20,000ത്തോളം വരുന്ന സംഘ ‘വോളണ്ടിയര്‍മാര്‍’ ആര്‍ എസ് എസ് പ്രാന്തീയ പ്രമുഖന്‍ വല്‍സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ 50 കഴിഞ്ഞ സ്ത്രീകളെ പോലും വെറുതെ വിട്ടില്ല. പേരക്കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ക്കാരി ലളിതയെ തേങ്ങ കൊണ്ട് എറിഞ്ഞു കൊല്ലാനായിരുന്നു ഒരു വിശ്വാസ സംരക്ഷണ പ്രക്ഷോഭകാരിയുടെ അലര്‍ച്ച.

അങ്ങനെ ചിത്തിരയാട്ടവും കഴിഞ്ഞു സുവര്‍ണ്ണാവസരങ്ങള്‍ നഷ്ടപ്പെട്ട വ്യഥയില്‍ പിള്ളേച്ചനും കൂട്ടരും രഥമോടിച്ച് പത്തനംതിട്ട പൂകിയപ്പോഴാണ് സുപ്രീം കോടതി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചത്. വരുന്ന ജനുവരി 22നു പുനഃപരിശോധന ഹര്‍ജികള്‍ എടുക്കാന്‍ തീരുമാനിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ആരംഭിക്കാന്‍ പോകുന്ന മണ്ഡല-മകര വിളക്ക് ഉത്സവം തുടക്കം മുതലേ സംഘര്‍ഷ പൂരിതമായിരിക്കും എന്നാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ഹിന്ദു വനിതാ ആക്റ്റിവിസ്റ്റും ശനി ക്ഷേത്ര പ്രക്ഷോഭകാരിയുമായ തൃപ്തി ദേശായിയുടെ പ്രഖ്യാപനം സൂചിപ്പിക്കുന്നത്. ഈ വരുന്ന പതിനേഴാം തീയതി താനും ആറ് സ്ത്രീകളും ശബരിമലയില്‍ എത്തുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് വേണ്ട പൂര്‍ണ്ണ സുരക്ഷയൊരുക്കാന്‍ അവര്‍ കേരള മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ്.

ഭൂമാതാ ബ്രിഗേഡ് നേതാവായ തൃപ്തിയുടെ കൂടെ മനീഷ രാഹുൽ തിലേകർ (42), മീനാക്ഷി രാമചന്ദ്ര ഷിൻഡേ (46), സ്വാതി കിഷന്റാവു വട്ടംവർ (44), സവിത ജഗന്നാഥ് റാവത്ത് (29), സംഗീത (മാധുരി) (42), ലക്ഷ്മി ഭാനുദാസ് മൊഹിതെ (43) എന്നിവരും ദർശനത്തിനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതായത് എല്ലാവരും 10നും 50നും ഇടയില്‍ പ്രായമുള്ളവര്‍.

സുരക്ഷ കൂടാതെ തൃപ്തി ദേശായി ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ ഇവയാണ്-വിമാനത്താവളത്തില്‍ നിന്ന് കോട്ടയത്തേക്ക് പോകാന്‍ വണ്ടി, കോട്ടയത്ത് താമസിക്കാന്‍ ഗസ്റ്റ് ഹൗസ് അല്ലെങ്കില്‍ ഹോട്ടല്‍ മുറി, താമസത്തിന്റേയും ഭക്ഷണത്തിന്റേയും മൊത്തം ചെലവും സര്‍ക്കാര്‍ വഹിക്കണം. എന്നാല്‍ തൃപ്തിയുടെ കത്തിന് മറുകുറി കൊടുക്കേണ്ടെന്നാണ് കേരള സര്‍ക്കാരിന്റെ തീരുമാനം. എല്ലാവര്‍ക്കും കൊടുക്കുന്ന സുരക്ഷ അവര്‍ക്കും കൊടുക്കും.

കേരള മുഖ്യമന്ത്രിക്കു കൂടാതെ പ്രധാനമന്ത്രിക്കും പുറമേ കേരളാ ഡി.ജി.പി, മഹാരാഷ്ട്ര മുഖ്യമന്ത്രി തുടങ്ങിയവര്‍ക്കും തൃപ്തി ദേശായി കത്തയച്ചിട്ടുണ്ട്. മോദിയോ, ഫഡ്നാവിസോ എന്തെങ്കിലും മറുപടി നല്‍കിയതായി വാര്‍ത്തകള്‍ വന്നിട്ടില്ല. എന്തെങ്കിലും മറുപടി നല്‍കുമെന്നും തോന്നുന്നില്ല.

ശബരിമലയില്‍ പ്രവേശിക്കുമെന്ന് തീരുമാനമെടുത്തതിനു പിന്നാലെ വലിയ തോതിലുള്ള ഭീഷണികളാണ് തനിക്കുനേരെ ഉയരുന്നത് എന്നും സമൂഹമാധ്യമങ്ങളിലൂടെ മുന്നൂറോളം ഭീഷണി സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചത് എന്നും അവര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. “തങ്ങളുടെ ലക്ഷ്യം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയല്ല. യഥാര്‍ത്ഥല്‍ തങ്ങളും വിശ്വാസികളാണ്. സുപ്രീം കോടതി വിധി ഉണ്ടായിട്ടും തങ്ങളുടെ ദൈവത്തെ ആരാധിക്കാന്‍ കഴിയാത്തതുകൊണ്ട് തങ്ങളുടെ വികാരമാണ് വ്രണപ്പെട്ടിരിക്കുന്നത്.” അവര്‍ പറഞ്ഞതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ വനിതാ മാധ്യമപ്രവര്‍ത്തകരടക്കം ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കത്ത് നല്‍കുന്നതെന്നാണ് അവര്‍ പറയുന്നത്. ശബരിമല ദര്‍ശിക്കാതെ താന്‍ മടങ്ങിപ്പോകില്ല. മടങ്ങിപ്പോകുന്ന ടിക്കറ്റ് താന്‍ ബുക്ക് ചെയ്തിട്ടില്ല. ശബരിമലയിലേക്ക് ദര്‍ശനം നടത്താന്‍ കഴിയുന്നതുവരെ കേരളത്തില്‍ തുടരാനാണ് തന്റെ തീരുമാനമെന്നും അവര്‍ പറയുന്നു.

നെഞ്ചില്‍ ചവിട്ടിയേ തൃപ്തിയെന്ന ഫെമിനിച്ചി എത്തൂ എന്നാണ് അയ്യപ്പ ധര്‍മ്മസേന പ്രസിഡണ്ട് രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. എന്നാല്‍ തൃപ്തിയും രാഹുല്‍ ഈശ്വരും ആര്‍ എസ് എസും വിശ്വഹിന്ദു പരിഷത്തും ബിജെപിയുമൊക്കെ ഒരേ കമ്പനിക്കാരാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. മഹാരാഷ്ട്ര ഭരിക്കുന്നത് ബിജെപിയാണ്. എങ്കില്‍ പിന്നെ ശബരിമല കയറാനെത്തുന്ന അവരെ വീട്ടില്‍ നിന്നിറങ്ങാന്‍ അനുവദിക്കാതിരുന്നാല്‍ പോരേ എന്നാണ് ചോദ്യം. വേണമെങ്കില്‍ പോലീസിനെ ഉപയോഗിക്കാലോ? ‘അര്‍ബന്‍ നക്സലുകളെ’ പൊക്കി നല്ല അനുഭവപരിചയം ഉള്ളവരാണല്ലോ ഫഡ്നാവിസിന്റെ പോലീസ് സേന.

ശബരിമലയിലെത്തുന്ന തനിക്ക് സുരക്ഷ മാത്രമല്ല ഭക്ഷണവും, താമസവുമുൾപ്പെടെ മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് തൃപ്തി ദേശായി

നിങ്ങള്‍ പറിച്ചെറിഞ്ഞിട്ടും മാറു മറച്ച സ്ത്രീകളുടേതാണ് ചരിത്രം; ‘ആര്‍ത്തവലഹള’യും അത് തന്നെയാവും

PROFILE: ശബരിമലയില്‍ നിന്ന് തിരിച്ചു പോരേണ്ടി വന്ന രഹന ഫാത്തിമ ആരാണ്?

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

രാഹുല്‍ ഈശ്വര്‍ തന്ത്രികുടുംബാംഗമാണോ? ഇതാണ് വസ്തുതകള്‍

ശബരിമല: സര്‍വകക്ഷി യോഗം ഇന്ന്; സമവായത്തിന് നീക്കം

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍