UPDATES

ട്രെന്‍ഡിങ്ങ്

49കാരന് 50നു മേല്‍ പ്രായമുള്ള ഭാര്യയുണ്ടായാല്‍ എന്താ കുഴപ്പം? വല്‍സന്‍ തില്ലങ്കേരി പോലീസിനോടാണ്

പുന്നാട്ടെ യാക്കൂബ് എന്ന സി പി എം പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പേരില്‍ 86 ദിവസം ജയിലില്‍ കിടന്ന വല്‍സന്‍ തില്ലങ്കേരിയുടെയും പശ്ചാത്തല പരിശോധന പോലീസ് നടത്തുമോ? അതോ കാക്കിയും ലാത്തിയും കയ്യില്‍ ഒരു മെഗാഫോണും നല്‍കി കടത്തിവിടുമോ?

50 വയസുകഴിഞ്ഞ 15 വനിതാ പൊലീസുകാരെയാണ് കഴിഞ്ഞ ചിത്തിരയാട്ട വിശേഷ പൂജ കാലത്ത് ക്രമസമാധാനത്തിന് സന്നിധാനത്ത് നിയമിച്ചത്. ശബരിമലയുടെ ചരിത്രത്തില്‍ ഇതാദ്യമായിരുന്നു വനിതാ പോലീസിന്റെ വിന്യാസം. നേരത്തെ യുവതികളായ പോലീസുകാരെ നിയമിക്കും എന്നു സര്‍ക്കാര്‍ പറഞ്ഞതായും എന്നാല്‍ പോലീസ് യുവതികള്‍ സമ്മതം മൂളിയില്ലെന്നുമൊക്കെ വാര്‍ത്തയുണ്ടായിരുന്നു. അങ്ങനെയാണ് ശബരിമലയുടെ ആചാര ലംഘനം സര്‍ക്കാര്‍ നടത്തി എന്നു പഴി കേള്‍ക്കാതിരിക്കാന്‍ 50 വയസ്സിന് മുകളിലുള്ള വനിതാ പോലീസുകാരികളെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അങ്ങനെ നിയമിക്കപ്പെട്ട ഒരു സ്ത്രീയുടെ പ്രായം സംബന്ധിച്ചാണ് നമ്മുടെ തില്ലങ്കേരി പോലീസിന് ശങ്കയുണ്ടായത്.

“ഇതിൽ ഒരാളുടെ പ്രായം സംബന്ധിച്ച് തർക്കമുയർന്നു. അവരുടെ ഭർത്താവിനു 49 വയസാണ് പ്രായം. തുടർന്ന് 15 വനിതാ പൊലീസുകാരുടെയും പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിക്കാന്‍ അവസരം കിട്ടി.” ചിത്തിരയാട്ട സമയത്ത് ആര്‍ എസ് എസ് ബറ്റാലിയനെ നയിച്ച പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വല്‍സന്‍ തില്ലങ്കേരി പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

50 വയസ്സിന് മുകളിലുള്ള ഒരു സ്ത്രീക്ക് 50 വയസ്സിന് താഴെയുള്ള ഭര്‍ത്താവ് ഉണ്ടാകില്ല എന്നു താങ്കളെ ആരാണ് പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്? ക്രിക്കറ്റിന്റെ ദൈവവവും താങ്കളുടെ സര്‍ക്കാര്‍ എം പി ആക്കിയ ആളുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് തന്റെ ഭാര്യയെക്കാള്‍ പ്രായം കുറവാണ് എന്നു അറിയാമോ? കഴിഞ്ഞ ദിവസമാണ് 42 കാരിയായ ഇന്ത്യയുടെ ആദ്യത്തെ മിസ് യൂനിവേഴ്സ് സുസ്മിതാ സെന്‍ 27 കാരനായ റോഹ്മാന്‍ ഷാലിനെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്.

കലികാലം..! അല്ലേ.. പ്രാന്തീയ പ്രമുഖേ…

സെപ്തംബര്‍ ആറാം തിയ്യതി പോലീസിന്റെ മെഗാ ഫോണ്‍ കയ്യില്‍ കിട്ടിയതോടെ താന്‍ എന്തൊക്കെയായി തീര്‍ന്നു എന്നൊരു തോന്നല്‍ ബിജെപി നേതാവ് വല്‍സന്‍ തില്ലങ്കേരിക്ക് ഉണ്ടായിട്ടുണ്ട് എന്നു തോന്നുന്നു. അതല്ലേ ശ്രീധരന്‍ പിള്ള വെളിപ്പെടുത്തിയത് പോലെ തന്റെ വീരസാഹസ കൃത്യം കഴിഞ്ഞ ദിവസം കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പ്രസംഗത്തില്‍ വെളിപ്പെടുത്താന്‍ അദ്ദേഹം മുതിര്‍ന്നത്.

സന്നിധാനത്തെത്തിയ വനിത പൊലീസുകാരുടെ ഭര്‍ത്താവിന്റെ പ്രായം 49 വയസാണെന്ന് കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് എസ് പിയെ സമീപിച്ചു. തുടര്‍ന്ന് തങ്ങള്‍ക്ക് ഇവരുടെ ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനുള്ള ‘സൗഭാഗ്യ’മുണ്ടായെന്നാണ് വത്സന്‍ തില്ലങ്കേരി പറഞ്ഞത്. ശബരിമല സംരക്ഷണ യോഗത്തിലാണ് തില്ലങ്കേരി ഇക്കാര്യം പറഞ്ഞത്.

പിള്ളയുടെ ‘തന്ത്രി തള്ള്’ പോലെ ഒരു തള്ളാണോ ഇതെന്നറിയില്ല. രഹ്ന ഫാത്തിമായും കവിത ജക്കാളും വലിയ നടപ്പന്തലില്‍ എത്തിയ ഉടനെ രാജീവര് തന്ത്രി തന്നെ വിളിച്ചു നട അടക്കട്ടെ എന്നു ചോദിച്ചു എന്നാണ് ശ്രീധരന്‍ പിള്ള കോഴിക്കോട് പ്രസംഗിച്ചത്. അത് തന്ത്രി തള്ളിക്കളഞ്ഞതോടെ പിള്ള തന്ത്രി കുടുംബാംഗം വിളിച്ചു എന്നാക്കി കരണം മറിഞ്ഞു.

എന്തായാലും ഇതേവരേക്കും തില്ലങ്കേരിയുടെ പ്രസംഗം സംബന്ധിച്ച് അന്ന് സന്നിധാനത്തിന്റെ ചുമതല ഉണ്ടായിരുന്ന എസ് പി പ്രതികരണവുമായി രംഗത്ത് വന്നിട്ടില്ല. തില്ലങ്കേരി പറഞ്ഞത് പ്രകാരം എസ് പിയുടെ അനുവാദത്തോടെയാണ് പ്രായ പരിശോധന നടന്നതെങ്കില്‍ ആ പോലീസ് ഏമാന്‍ തൊപ്പി കുറച്ചുകാലത്തേക്ക് ഊരി വെക്കേണ്ടിവരും എന്ന കാര്യത്തില്‍ സംശയമില്ല.

മെഗാഫോണ്‍ കയ്യിലെടുത്ത് തന്റെ ശിഷ്യ ഗണങ്ങളെ ശാന്തരാക്കാന്‍ ശ്രമിക്കുന്നതിനിടെ തില്ലങ്കേരി ഇങ്ങനെ കൂടി പറഞ്ഞു, “ആചാര ലംഘനം നടക്കാതെ നോക്കാന്‍ നമുക്കിവിടെ വേറെ സംവിധാനമുണ്ട്.” ആ സംവിധാനമാണോ ഈ പ്രായ പരിശോധന നടപ്പിലാക്കികൊടുത്തത് എന്നു വിശദീകരിക്കേണ്ടത് പോലീസ് കൂടിയാണ്.

എന്തായാലും ചിതിരയാട്ട വിശേഷം കേരള ബിജെപിക്ക് ഒരു തീപ്പൊരി നേതാവിനെ സമ്മാനിച്ചു എന്നു സമ്മതിക്കാതെ തരമില്ല. അദ്ദേഹത്തെ നാടുനീളെ നടത്തി പ്രവര്‍ത്തകരെ ഉദ്ദീപിപ്പിക്കുന്ന പ്രസംഗത്തില്‍ ആര്‍ എസ് എസും ബി ജെ പിയും ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് കരുതേണ്ടത് (ഗ്രൂപ്പ് എനക്കേട് ഒന്നും ഇല്ലെങ്കില്‍). കോഴിക്കോട്ടെ പ്രസംഗത്തില്‍ നിന്നുള്ള ചില ഉദ്ദീപന വാക്യങ്ങള്‍ ഇതാ, “നിങ്ങള്‍ പൂച്ചയെ അടച്ചിട്ട മുറിയിലിട്ട് അടിക്കുകയാണ്. അടച്ചിട്ട മുറിയിലിട്ട് പൂച്ചയെ അടിച്ചാല്‍ പൂച്ച രക്ഷപ്പെടാന്‍ ആദ്യം വാതിലിനു നേരെ ചാടും. വാതില്‍ അടച്ചിരിക്കുകയാല്‍ പിന്നെ ജനലിന്റെ ഭാഗത്തേക്ക് ചാടും. അതും അടച്ചിരിക്കുകയാണ്. പിന്നെ വെളിച്ചം കാണുന്ന ഏതെങ്കിലും ഭാഗത്തേയ്ക്കും അടികൊള്ളുമ്പോള്‍ ചാടും. അവിടെയും രക്ഷയില്ല. രക്ഷപ്പെടാന്‍ പഴുതൊന്നുമില്ലാത്ത മുറിയില്‍വച്ച് നിങ്ങള്‍ പൂച്ചയെ അടിച്ചടുത്ത് തന്നെ അടിച്ചാല്‍ പൂച്ച രക്ഷപ്പെടാന്‍ എന്തും ചെയ്യും. കിട്ടിയടുത്ത് മാന്തും. അത്തരമൊരു സാഹചര്യത്തിലേക്കാണ് ഹിന്ദുവിനെ കൊണ്ടുവന്നെത്തിച്ചിരിക്കുന്നത്. എന്തും ചെയ്‌തേക്കാവുന്ന മാനസികാവസ്ഥയില്‍ ഒരു ജനതയെ തള്ളിവിടുമ്പോള്‍ അതിന്റെ ഗുരുതരമായ പ്രത്യാഘാതം തീക്കൊള്ളികൊണ്ട് തലചൊറിയുന്ന ഭരണകൂടം മനസിലാക്കിയില്ലെങ്കില്‍ അതുണ്ടാക്കുന്നത് അപകടകരമായ സാഹചര്യമായിരിക്കും.”

എന്തായാലും കണ്ണൂരില്‍ നിന്നുള്ള കൊലപാതക രാഷ്ട്രീയത്തെ ഇതേവരെ പ്രതിനിധീകരിച്ച ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ നാവില്‍ ഈ പൂച്ച ഉദാഹരണം വന്നത് യാദൃശ്ചികമല്ല. കണ്ണൂരില്‍ ഇരു കൂട്ടരും തങ്ങളുടെ കില്ലര്‍ സ്ക്വാഡിന് പരിശീലനം നല്‍കുന്നത് അടച്ചിട്ട മുറിയില്‍ പൂച്ചയെ വെട്ടിയാണ് എന്നു കേട്ടിട്ടുണ്ട്. തങ്ങള്‍ നിരന്തരം ഇടപെടുന്ന പശ്ചാത്തലത്തില്‍ നിന്നും സംസ്കാരത്തില്‍ നിന്നുമുള്ള രൂപകങ്ങളല്ലെ നാവില്‍ വരൂ എന്നു ചിന്തിച്ചുപോകുന്നവരെ അതുകൊണ്ട് തന്നെ തെറ്റ് പറയാന്‍ പറ്റില്ല.

ഇനി മറ്റൊരു ‘ഉദ്ഘോഷണം’, “അയ്യപ്പ ഭക്തര്‍ക്കെതിരേ പൊലീസ് ഇറക്കിയിരിക്കുന്ന ലുക്ക് ഔട്ട് നോട്ടീസ് പ്രിന്റ് എടുത്ത് പൂജാമറിയില്‍ മാലയിട്ട് വയ്ക്കണം. അവര്‍ അയ്യപ്പ ധര്‍മ സൈനികര്‍ ആണ്. അവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വന്നാല്‍ നിയമത്തിനു മുന്നില്‍ അവര്‍ കീഴടങ്ങും. നമ്മള്‍ അവരെ ജയിലിലേയ്ക്ക് അയക്കണം. കര്‍പ്പൂരമൊഴിഞ്ഞ്, മാലയിട്ട് അവരുടെ ചുറ്റും നാമം ജപിച്ച് വേണം, നമ്മുടെ സംസ്‌കാരത്തെയും പൈതൃകത്തെയും വിശ്വാസപ്രമാണങ്ങളെയുമെല്ലാം സംരക്ഷിക്കാന്‍ വേണ്ടിയിട്ടുള്ള ധര്‍മ സമരത്തില്‍ പങ്കെടുത്ത ആ ധീരന്മാരായ സൈനികരെ അര്‍ഹിക്കുന്ന രീതിയിലുള്ള ആദരവ് നല്‍കി പിണറായിയുടെ തടവറയിലേക്ക് പറഞ്ഞയക്കേണ്ടത്. കോടതി വരെ പുറത്തേക്ക് വിടുമ്പോള്‍ നമ്മുടെ ധര്‍മത്തെ സംരക്ഷിക്കുന്നതിനുവേണ്ടി പിണറായിയുടെ ഇരുട്ടറയില്‍ കഴിയേണ്ടി വന്ന ആ സൈനികരെ ആചാരപൂര്‍വം വരവേറ്റ് നാടിന്റെ പൊന്നോമനകളായ, നമ്മുടെ നാട്ടിലെ ഹിന്ദുധര്‍മത്തിന്റെ സൈനികരായ അവരെ എല്ലാത്തരത്തിലുമുള്ള ആദരവോടെ സ്വീകരിക്കണം. അവര്‍ കുറ്റവാളികളലല്ല , അവര്‍ ഭീകരവാദികളല്ല…”

ശബരിമല കയറാന്‍ വന്ന ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജുവിനെ പോലീസ് മലയിറക്കി വിട്ടത് അവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ട് എന്നു പറഞ്ഞായിരുന്നു. പുന്നാട്ടെ യാക്കൂബ് എന്ന സി പി എം പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പേരില്‍ 86 ദിവസം ജയിലില്‍ കിടന്ന വല്‍സന്‍ തില്ലങ്കേരിയുടെയും പശ്ചാത്തല പരിശോധന പോലീസ് നടത്തുമോ? അതോ കാക്കിയും ലാത്തിയും കയ്യില്‍ ഒരു മെഗാഫോണും നല്‍കി കടത്തിവിടുമോ?

മണ്ഡലകാലത്ത് ഇനി കാണാനിരിക്കുന്നതേയുള്ളൂ തില്ലങ്കേരിയുടെ കളികള്‍…ഇന്നത്തെ റിവ്യൂ ഹര്‍ജികളുടെ വിധി ഒന്നറിയട്ടെ..

എന്തുകൊണ്ട് വത്സന്‍ തില്ലങ്കേരി വെറുമൊരു കണ്ണൂര്‍ ആര്‍എസ്എസ് നേതാവ് മാത്രമല്ല

രാജീവ് ചന്ദ്രശേഖറും വത്സന്‍ തില്ലങ്കേരിയും; ശ്രീധരന്‍ പിള്ളയുടെ ചില കൈവിട്ട കളികള്‍

ശബരിമല; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ശബരിമല വിധി; പുനഃപരിശോധനാ ഹര്‍ജിയുടെ സാധ്യതകള്‍ എന്തെല്ലാം?

ഈ ലുക്ക് ഔട്ട് നോട്ടീസ് പ്രിന്റ് എടുത്ത് പൂജാമറിയില്‍ മാലയിട്ട് വയ്ക്കണം; ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ ആഹ്വാനം

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍