UPDATES

ട്രെന്‍ഡിങ്ങ്

സ്കോട്ട്ലന്‍ഡ് യാര്‍ഡില്‍ പോയി പഠിച്ചതുകൊണ്ട് കാര്യമില്ല, അല്‍പ്പം മനുഷ്യത്വം വേണം പോലീസിന്; ലിഗ, ജസ്ന കേസുകളില്‍ സംഭവിച്ചത്

ഒരു കേസ് കേള്‍ക്കുമ്പോള്‍ അതില്‍ തിളയ്ക്കുന്ന ജീവിത വേവ് മനസിലാവാന്‍ ഏത് സ്കോട്ട്ലന്‍ഡ് യാര്‍ഡിലാണ് നമ്മുടെ പോലീസ് ഏമാന്‍മാര്‍ക്ക് പരിശീലനം കൊടുക്കേണ്ടത്?

മാര്‍ച്ച് മാസം പതിനാലാം തിയതി കാണാതായ അയര്‍ലന്‍ഡുകാരി ലിഗ സ്‌ക്രോമേന്‍റെ അഴുകി ശിരസ്സ് വേര്‍പെട്ട മൃതദേഹം പോലീസ് കണ്ടെടുക്കുന്നത് ഏപ്രില്‍ 20നാണ്. വഴമുട്ടത്തെ ചെന്തിലാക്കരിയിലെ ആളൊഴിഞ്ഞ കണ്ടല്‍ പ്രദേശത്ത് ഒരു മൃതദേഹം കിടക്കുന്നതായി സ്ഥലവാസികളായ ചില യുവാക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. അതായത് കാണാതായിട്ട് 37 ദിവസം കഴിഞ്ഞതിനു ശേഷം. തങ്ങളുടെ മൂക്കിന്‍ തുമ്പില്‍ ലിഗയുടെ ജഡം കിടക്കുന്നത് കണ്ടെത്താന്‍ കേസ് അന്വേഷണത്തില്‍ പുകഴ്പെറ്റ കേരള പോലീസിന് കഴിയാതിരുന്നത് അവരുടെ കഴിവില്ലായ്മ കൊണ്ടല്ല എന്നു തീര്‍ച്ച.

മൃതദേഹം കണ്ടെത്തിയതിന് ശേഷം ഏപ്രില്‍ 23നു ലിഗയുടെ സഹോദരി ഇലീസ് സ്‌ക്രോമേന്‍ തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ വെച്ചു അശ്വതി ജ്വാലയുമൊത്ത് നടത്തിയ വിവാദ പത്ര സമ്മേളനത്തില്‍ പറഞ്ഞത്, വിലയേറിയ ആദ്യത്തെ 24 മണിക്കൂര്‍ പോലീസ് നഷ്ടപ്പെടുത്തിയതാണ് തന്റെ സഹോദരിയുടെ മരണത്തിന് കാരണം എന്നാണ്. അവരുടെ വാക്കുകള്‍ ഇങ്ങനെ, “കാണാതായ ഒരാളെ കുറിച്ചുള്ള അന്വേഷണത്തില്‍ ആദ്യത്തെ 24 മണിക്കൂര്‍ നിര്‍ണ്ണായകമാണ്‌. എന്നാല്‍ ഇവിടുത്തെ സിസ്റ്റം അതനുസരിച്ചല്ല പ്രവര്‍ത്തിച്ചത്. ലിഗയെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാകാതെ ഞങ്ങളെ പല പോലീസ് സ്‌റ്റേഷനുകളിലേക്കും ഓടിക്കുകയാണ് അവര്‍ ചെയ്തത്.” ലിഗ ആത്മഹത്യ ചെയ്തതാണ് എന്ന പോലീസിന്റെ പ്രാഥമിക നിഗമനത്തെയും അവര്‍ ചോദ്യം ചെയ്യുന്നുണ്ട്.

ലിഗ ചികിത്സയിലായിരുന്ന ധര്‍മ്മ ആയുര്‍വേദിക് റിസോര്‍ട്ട് സ്ഥിതിചെയ്യുന്ന പോത്തന്‍കോട് പോലീസ് സ്റ്റേഷനും കാണാതായി എന്നു പറയുന്ന സ്ഥലം ഉള്‍പ്പെടുന്ന കോവളം പോലീസ് സ്റ്റേഷനും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിലാണ് വിലയേറിയ മണിക്കൂറുകള്‍ നഷ്ടപ്പെട്ടത് എന്ന കാര്യം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ലിഗയെ കാണാതായി എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പത്തനംതിട്ടയിലെ എരുമേലിയില്‍ നിന്നും ജസ്ന എന്ന ഇരുപതുകാരിയെ കാണാതായത്. ഇന്നേക്ക് 49 ദിവസം കഴിയുന്നു. പത്തനംതിട്ട എം പി ആന്‍റോ ആന്‍റണി പറയുന്നതനുസരിച്ചാണെങ്കില്‍ പെണ്‍കുട്ടിയെ ബാംഗളൂരുവില്‍ കണ്ടെത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ അഭ്യൂഹ വാര്‍ത്തയായി അത് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ അതില്‍ പോലീസിന്റെ പങ്കെത്ര?

ജസ്നയുടെ കുടുംബം അഴിമുഖത്തോട് പറഞ്ഞത് ഇതാണ്; “കാണാതായ അന്ന് തന്നെ പോലീസില്‍ വിവരം അറിയിച്ചിരുന്നു. പരാതി നല്‍കി. എന്നാല്‍ അവര്‍ ലാഘവത്തോടെയാണ് അത് കേട്ടത്. എവിടെയെങ്കിലും പോയിക്കാണും, രണ്ട് ദിവസം കഴിയുമ്പോള്‍ തിരിച്ച് വരും എന്നൊക്കെയാണ് അന്ന് ഞങ്ങള്‍ക്ക് കിട്ടിയ മറുപടി. മൂന്ന് ദിവസം കഴിഞ്ഞിട്ടാണ് അവര്‍ അന്വേഷണം തുടങ്ങുന്നത് പോലും. പിന്നീട് പോലീസ് അന്വേഷണം നടത്തുമ്പോഴും തെളിവെടുപ്പ് നടത്തുമ്പോഴും ഞങ്ങളും കൂടെയുണ്ടായിരുന്നു. പക്ഷെ ഒരു വഴിപാടിന് അന്വേഷിക്കുന്നത് പോലെയാണ് തോന്നിയത്. ഒരു ആത്മാര്‍ഥതയുമില്ലാതെ, തെളിവുകള്‍ തിരക്കാതെ വെറുതെ കുറേപ്പേരോട് കാര്യങ്ങള്‍ ചോദിച്ച് അവര്‍ കൈകഴുകി. അവളെ കാണാതായ അന്ന് തന്നെ ബന്ധുക്കളുടെ വീടുകളിലും കൂട്ടുകാരുടെ വീടുകളിലുമെല്ലാം ഞങ്ങള്‍ അന്വേഷിച്ചിരുന്നു. അവിടെയൊന്നും ചെന്നിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് പോലീസില്‍ പരാതി നല്‍കുന്നത്… ജസ്‌ന വളരെ ഒതുങ്ങിയ ടൈപ്പ് ആണ്. ആരോടും അധികമൊന്നും സംസാരിക്കില്ല, പെട്ടെന്ന് ആരുമായും അടുക്കില്ല. വളരെ പക്വതയോടെ വീട്ടിലെ കാര്യങ്ങള്‍ നോക്കും. പഠിക്കുകയും ചെയ്യും. എന്നിട്ട് പോലും ഇവിടെ നാട്ടുകാര്‍ പലതും പറയുന്നുണ്ട്. പോലീസുകാരാണെങ്കിലും ആദ്യം അങ്ങനെയായിരുന്നു ചോദിച്ചത്. ആരുടെയെങ്കിലും കൂടെ പോയിക്കാണുമെന്നാണ് അവര്‍ പറഞ്ഞത്. ഇപ്പോള്‍ പുതിയ അന്വേഷണ സംഘം വന്നത് ഒരു പ്രതീക്ഷയാണ്. പക്ഷെ അവര്‍ക്ക് അന്വേഷിക്കാന്‍ ഇത്രയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. പരാതി നല്‍കിയ അന്നു മുതല്‍ അന്വേഷിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്കിപ്പോള്‍ അവളെ തിരിച്ചുകിട്ടിയേനെ.”

ജസ്ന ബംഗളൂരുവില്‍ എത്തിയതായി സൂചന; കാണാതായിട്ട് 49 ദിവസം

അതായത് സഹോദരിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത് നാട്ടുകാര്‍ പറയുന്നതു തന്നെയാണ് പോലീസും പറയുന്നതു എന്നാണ്. ആരുടെയെങ്കിലും കൂടെ ഒളിച്ചോടിപ്പോയിട്ടുണ്ടാകും, രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ തിരിച്ചുവരും എന്നൊക്കെ. ഇത് പറയാന്‍ പോലീസ് വേണോ? അല്ലെങ്കില്‍ ഇത്തരം നിരുത്തരവാദപരമായ മുന്‍ധാരണയോട് കൂടിയുള്ള വര്‍ത്തമാനം കേള്‍ക്കാനാണോ പരാതിയുമായി ജനങ്ങള്‍ പോലീസിനെ സമീപിക്കേണ്ടത്?

പെണ്‍കുട്ടി ആണെങ്കില്‍ ഒളിച്ചോട്ടം, ട്രാന്‍സ്ജെന്‍ഡര്‍ ആണെങ്കില്‍ അനാശാസ്യം, മുടി നീട്ടിയിട്ടുണ്ടെങ്കില്‍ കഞ്ചാവ്, വിദേശി ആണെങ്കില്‍ ഡ്രഗ് അഡിക്ട്.. ഇത്തരം വാര്‍പ്പ് ധാരണകളിലേക്ക് അന്വേഷണത്തെ തുടക്കം തന്നെ വഴി പിഴപ്പിക്കാനാണോ പൊതു ഖജനാവില്‍ നിന്നും പണം ചിലവഴിച്ചു പൊലീസുകാരെ ശാസ്ത്രീയമായ കേസ് അന്വേഷണവും മറ്റും പഠിപ്പിക്കുന്നത്?

എന്നാണ് പോലീസേ, നിങ്ങള്‍ മനുഷ്യമ്മാരാവുക?

നേരത്തെ പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ടപ്പോഴും കൊച്ചി കലൂരില്‍ നിന്നും മിഷേല്‍ എന്ന പെണ്‍കുട്ടിയെ കാണാതായപ്പോഴും പോലീസ് പെരുമാറിയത് ഇങ്ങനെ തന്നെ. ഈ കേസുകളില്‍ ഒന്നും തന്നെ ഏതെങ്കിലും ഉന്നതരെ രക്ഷിക്കാന്‍ വേണ്ടിയാണ് പോലീസ് ഇത് ചെയ്തത് എന്നു ആരോപിക്കാന്‍ മാത്രമുള്ള തെളിവുകള്‍ ഇല്ല. അപ്പോള്‍ എന്തുകൊണ്ടാണ് നമ്മുടെ പോലീസ് നിയമവിരുദ്ധമായും മനുഷ്യത്വ വിരുദ്ധമായും ഉത്തരവാദിത്തമില്ലാത്തവരായും പെരുമാറുന്നത്?

ഒരു കേസ് കേള്‍ക്കുമ്പോള്‍ അതില്‍ തിളയ്ക്കുന്ന ജീവിത വേവ് മനസിലാവാന്‍ ഏത് സ്കോട്ട്ലന്‍ഡ് യാര്‍ഡിലാണ് നമ്മുടെ പോലീസ് ഏമാന്‍മാര്‍ക്ക് പരിശീലനം കൊടുക്കേണ്ടത്?

ലിഗയുടെ നാടായ അയര്‍ലണ്ടില്‍ നിന്നും ഏകദേശം 600 കിലോമീറ്റര്‍ അകലെയുള്ള സ്കോട്ട്ലണ്ട് യാര്‍ഡിലും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് കേള്‍ക്കുന്നത്. 21 ബലാത്സംഗ കേസുകളില്‍ കണ്ടെത്തലുകളില്‍ കൃത്രിമം കാണിച്ചു എന്ന സംശയത്തില്‍ ഫോറന്‍സിക് ശാസ്ത്രജ്ഞനെ പുറത്താക്കി എന്നാണ് ഇന്നലെ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്.

21 ബലാല്‍സംഗക്കേസുകൾ അട്ടിമറിച്ചെന്ന് സംശയം; സ്കോട്ട്‌ലാന്‍ഡ് യാർഡ് ഫോറൻസിക് സയന്റിസ്റ്റിനെ സസ്പെൻ‌ഡ് ചെയ്തു

ആദ്യത്തെ 24 മണിക്കൂര്‍ പോലീസ് നഷ്ടപ്പെടുത്തി: ലിഗയുടെ സഹോദരി

ജസ്ന ബംഗളൂരുവില്‍ എത്തിയതായി സൂചന; കാണാതായിട്ട് 49 ദിവസം

എവിടെ ജസ്ന? അപവാദ പ്രചാരണങ്ങള്‍ നിര്‍ത്തി കണ്ടെത്താന്‍ സഹായിക്കണമെന്ന് സഹോദരനും സഹോദരിയും

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍