UPDATES

ട്രെന്‍ഡിങ്ങ്

വിഴിഞ്ഞത്തില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള ദുരൂഹ താത്പര്യമെന്ത്?

അഴിമതിക്കെതിരെ നിരന്തരം പോരാടുന്ന ഒരാള്‍ എന്ന നിലയില്‍ വിഴിഞ്ഞം കരാര്‍ ക്രമക്കേട് അന്വേഷിക്കുന്ന ജസ്റ്റിസ്സ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ മുന്‍പാകെ മൊഴി നല്‍കാന്‍ വി എം സുധീരന്‍ തയ്യാറാവുമോ?

“വിഴിഞ്ഞം അന്താരാഷ‌്ട്ര തുറമുഖ കരാറിൽ അദാനി ഗ്രൂപ്പിന്റ താത്പ്പര്യം മാത്രമാണ‌് സംരക്ഷിച്ചത‌്. സംസ്ഥാന താത്പര്യം ബലി കഴിച്ചു. ഉമ്മൻ ചാണ്ടി ഏകപക്ഷീയമായാണ‌് ഇക്കാര്യത്തിൽ തീരുമാനമെടുത്തത‌്. എല്ലാ വശങ്ങളും പരിഗണിച്ച‌് ഹൈക്കമാൻഡുമായി ചർച്ച ചെയ‌്ത ശേഷമേ കരാറിൽ ഒപ്പിടാവൂ എന്ന‌് താനും ഉമ്മൻ ചാണ്ടിയും രമേശ‌് ചെന്നിത്തലയുമായി നടത്തിയ ചർച്ചയിൽ അന്നത്തെ കോൺഗ്രസ‌് പ്രസിഡന്റ‌് സോണിയാ ഗാന്ധിയും വൈസ‌് പ്രസിഡന്റ‌് രാഹുൽ ഗാന്ധിയും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഡൽഹിയിൽ നിന്നും തിരിച്ചുവന്ന‌് രണ്ടാം ദിവസം ആരോടും ആലോചിക്കാതെ കരാറിൽ ഒപ്പിട്ടു. ടിവി വാർത്തയിലൂടെയാണ‌് തീരുമാനം എടുത്ത കാര്യം അറിയുന്നത‌്. അരുവിക്കര ഉപതെരഞ്ഞെടുപ്പായതിനാൽ അന്ന‌് പ്രതികരിച്ചില്ല. ഹൈക്കമാൻഡും അന്ന‌് ഇതിൽ കടുത്ത അതൃപ‌്തി രേഖപ്പെടുത്തി. യുഡിഎഫ‌് സർക്കാരിന്റെ പല തീരുമാനങ്ങളും ഇങ്ങനെ ഏകപക്ഷീയമായിരുന്നു. സർക്കാരിന്റെയും ജനങ്ങളുടെയും താത്പ്പര്യം സംരക്ഷിക്കാതെയാണ‌് തീരുമാനം എടുത്തത‌്.” ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്, മുന്‍ കെപിസിസി അധ്യക്ഷന്‍, മുന്‍ മന്ത്രി, മുന്‍ സ്പീക്കര്‍, മുന്‍ എംപി ഒക്കെയായ വി എം സുധീരന്‍ നടത്തിയ മാധ്യമ സമ്മേളനത്തിലെ ഏറ്റവും പ്രത്യാഘാതമുണ്ടാക്കുന്ന പരമാര്‍ശം ദേശാഭിമാനി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം കരാറില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നു കണ്ടെത്താന്‍ ജൂഡീഷ്യല്‍ അന്വേഷണം നടക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് ഇപ്പോള്‍ വിഴിഞ്ഞം ആരോപണത്തെ പൊതുസമൂഹത്തിന്റെ മുന്‍പില്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്.

വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്നും കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് സംസ്ഥാന താത്പര്യം ഹനിക്കുന്നതാണെന്നും കരാര്‍ നിയമവിരുദ്ധമാണെന്നുമാണ് സിഎജി റിപ്പോര്‍ട്ട് പറയുന്നത്. അദാനിക്ക് 29,000 കോടിയുടെ അധിക ലാഭമുണ്ടാക്കിക്കൊടുക്കാനേ കരാര്‍ ഉപകരിക്കുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. 7,525 കോടി മുടക്കി നിര്‍മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനായി 67 ശതമാനം തുകയും മുടക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. 33 ശതമാനം തുക മാത്രമാണ് അദാനി ഗ്രൂപ്പ് മുടക്കുന്നത്. എന്നാല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അദാനിക്ക് വന്‍ ലാഭമാണ് ഉണ്ടാവുക. സംസ്ഥാനത്തിന് ലാഭമുണ്ടാകുന്നില്ലെന്ന് മാത്രമല്ല അധിക ബാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു. സാധാരണ പിപിപി (പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണഷിപ്പ്) യായി നടത്തുന്ന പദ്ധതികളില്‍ കരാര്‍ കാലവധി 30 വര്‍ഷമാണ്. എന്നാല്‍ വിഴിഞ്ഞം കരാറില്‍ ഇത് 40 വര്‍ഷമാണ്. അതുകൊണ്ടുതന്നെ അദാനിക്ക് 29,217 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് സിഎജി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 40 വര്‍ഷത്തിന് ശേഷം വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കരാര്‍ കാലാവധി 20 വര്‍ഷംകൂടി നീട്ടിനല്‍കാമെന്ന വ്യവസ്ഥ സംസ്ഥാനത്തിന് ഗുണകരമാകില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

സിഎജി ചൂണ്ടിക്കാട്ടിയിട്ടുള്ള ന്യൂനതകളും ക്രമക്കേടുകളും പരിശോധിച്ച് കരാറിന് ഉത്തരവാദികളാരാണന്ന് കണ്ടുപിടിക്കുക, അവര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമനടപടികള്‍ നിര്‍ദേശിക്കുക തുടങ്ങിയ ആറു കാര്യങ്ങളാണ് കമ്മീഷന്റെ അന്വേഷണ പരിധിയലുള്ളത്. കരാറുമായി ബന്ധപ്പെട്ട് ആരെങ്കിലും അനര്‍ഹമായ സാമ്പത്തിക ലാഭമുണ്ടാക്കിയിട്ടുണ്ടോ എന്നും കമ്മീഷന്‍ പരിശോധിക്കും. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷന്‍ സിറ്റിംഗും വിസ്താരവും തുടരുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ തുറമുഖവകുപ്പ് മന്ത്രി കെ ബാബു, തുറമുഖ സെക്രട്ടറി, ഗൗതം അദാനി എന്നിവരെ കമ്മീഷന്‍ വിസ്തരിക്കും.

വിഴിഞ്ഞം കരാറില്‍ വന്‍ അഴിമതി നടന്നു എന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സിപിഎം പോളിറ്റ് ബ്യൂറോ മെംബറുമായ പിണറായി വിജയനും ആരോപിച്ചിരുന്നു. വി എസ് അച്യുതാനന്ദന്‍ അഴിമുഖത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത് ഇങ്ങനെയാണ്: “തുറമുഖ പദ്ധതിക്ക് ആവശ്യമുള്ളത് 300 ഏക്കര്‍ മാത്രമാണ്. ആകെ ലഭിക്കുന്ന 500 ഏക്കര്‍ ഭൂമി പണയം വെച്ചാല്‍ മൂവായിരം കോടി വരെ വായ്പ എടുക്കാം. എന്നുപറഞ്ഞാല്‍, സര്‍ക്കാര്‍ നല്‍കുന്ന ഭൂമി പണയം വെച്ച് എടുക്കുന്ന മൂവായിരം കോടിയില്‍ നിന്ന് 2454 കോടി മാത്രം പദ്ധതിക്കായി അദാനി മുടക്കിയാല്‍ മതി. എന്നുപറഞ്ഞാല്‍, പദ്ധതി തുടങ്ങുന്നതിന് മുമ്പുതന്നെ അദാനിയുടെ കീശയില്‍ 546 കോടി രൂപ വീണിരിക്കും.”

2015 മെയില്‍ പിണറായി വിജയന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു: “മലയാളിയുടെ വികസനമോഹങ്ങളുടെ മറവില്‍ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റന്‍ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 2400 കോടി രൂപയാണ് വിഴിഞ്ഞം പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. അതില്‍ 1600 കോടി പൊതുമേഖലാ ധന സ്ഥാപങ്ങളില്‍നിന്ന് വായ്പ എടുക്കാവുന്നതേയുള്ളു. ബാക്കി 800 കോടിയാണ് സമാഹരിക്കേണ്ടത്. അതിനുപകരമാണ് 6000 കോടി രൂപയുടെ ഭൂമി അദാനിക്ക് നല്‍കുന്നത്. ഇത് വന്‍ ഗൂഢാലോചയുടെ ഭാഗമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതില്‍ ദുരൂഹമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. അദ്ദേഹം ഗൌതം അദാനിയുമായി ടെലിഫോണില്‍ സംസാരിച്ചു എന്ന് വാര്‍ത്ത വന്നു. 2015 മാര്‍ച്ച് മൂന്നിന് ഡല്‍ഹിയിലെ ഒരു എംപിയുടെ വസതിയില്‍ അദാനിയുമായി രഹസ്യചര്‍ച്ച ടത്തി. അന്ന് എന്താണ് ചര്‍ച്ച ചെയ്തത്? ടെണ്ടറില്‍ പങ്കെടുക്കുന്ന ഒരു സ്വകാര്യ കമ്പനിയുമായി എന്താണ് മുഖ്യമന്ത്രിക്ക് രഹസ്യമായി പറയാനുള്ളത്?”

ഈ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് ഇന്നലെ വി എം സുധീരന്‍ ഉന്നയിച്ച കാര്യങ്ങള്‍ എന്നു വ്യക്തം. അങ്ങനെയെങ്കില്‍ വി എമ്മിനോട് ഒരു ചോദ്യം.

അഴിമതിക്കെതിരെ നിരന്തരം പോരാടുന്ന ഒരാള്‍ എന്ന നിലയില്‍ വിഴിഞ്ഞം കരാര്‍ ക്രമക്കേട് അന്വേഷിക്കുന്ന ജസ്റ്റിസ്സ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ മുന്‍പാകെ മൊഴി നല്‍കാന്‍ താങ്കള്‍ തയ്യാറാവുമോ?

പിന്‍കുറിപ്പ്: ആന്ധ്രയിലെ നേതാക്കളെ പൊതുപ്രസ്താവന നടത്തരുത് എന്നു ഉപദേശിച്ച് തിരിച്ചെത്തിയ ഉമ്മന്‍ ചാണ്ടിയോട് മാധ്യമങ്ങള്‍ സുധീരന്റെ വിമര്‍ശനങ്ങളെ കുറിച്ചു ചോദിച്ചപ്പോള്‍ കമാന്ന് ഒരക്ഷരം മിണ്ടിയില്ല. അങ്ങനെയായിരിക്കണം അച്ചടക്കമുള്ള ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍!

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

വിഴിഞ്ഞം; അദാനിയുടെ കൊള്ളയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ പച്ചക്കൊടി

അടിസ്ഥാന സൗകര്യങ്ങളായി, വിഴിഞ്ഞം കമ്മീഷന്‍ സിറ്റിംഗ് ആരംഭിക്കുന്നു; ഉമ്മന്‍ ചാണ്ടിയേയും കെ.ബാബുവിനേയും വിസ്തരിക്കും

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍