UPDATES

എന്നാണ് പോലീസേ, നിങ്ങള്‍ മനുഷ്യമ്മാരാവുക?

ഇന്നത്തെ പത്രത്തിലെ ചില പോലീസ് വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ജനമൈത്രിയുടെ കാലത്തും പോലീസ് പഴയ ‘ബീവാത്തു കഥ’യില്‍ നിന്നും അണുകിട മാറിയിട്ടില്ല എന്നു തന്നെയാണ് തെളിയുന്നത്

പൊലീസുകാരെ കുറിച്ച് നാട്ടില്‍ പ്രചരിക്കുന്ന ഒരു കഥയുണ്ട്.

ഒരു സന്ധ്യയ്ക്ക് ബിവാത്തുമ്മ പണിയും കഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്നു. വാഹനമൊന്നും കിട്ടിയില്ല. ഇങ്ങനെ കാത്തു നില്‍ക്കുമ്പോള്‍ അതാ വരുന്നു ഒരു ജീപ്പ്. ബീവാത്തുമ്മ ലിഫ്റ്റ് ചോദിച്ചു കൈകാട്ടി. ജീപ്പ് നിര്‍ത്തുകയും ചെയ്തു. ചാടിപ്പിടിച്ചു ജീപ്പിലേക്ക് കയറാന്‍ നോക്കുമ്പോഴാണ് ബീവാത്തുമ്മയ്ക്ക് അത് പോലീസ് ജീപ്പാണെന്ന് മനസിലായത്. ഞെട്ടി ഒന്നു പിന്നോട്ട് മാറി. എന്നിട്ട് ബീവാത്തു പറഞ്ഞു, “ഇത് ഇങ്ങളേനാ… ഞാങ്കരുതി മനുഷ്യമ്മാരായിരിക്കൂന്ന്..”

ഇതുപോലുള്ള ചില കഥകള്‍ എല്ലാ നാട്ടിലും ഉണ്ടാകും. ചിലപ്പോള്‍ ഇത് കൊച്ചിന്‍ കലാഭവന്റെ മിമിക്രി പിള്ളേരുടെ സൃഷ്ടിയും ആകാം. എന്തെങ്കിലും ആകട്ടെ. കേരള പോലീസിനെ കുറിച്ച് ഇത്രയും പരിഹാസം നിറഞ്ഞ ഒരു ക്രൂര വിമര്‍ശനം വേറെ കണ്ടെത്താന്‍ പ്രയാസമാണ്. ഇന്നത്തെ പത്രത്തിലെ ചില പോലീസ് വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ജനമൈത്രിയുടെ കാലത്തും പോലീസ് പഴയ ‘ബീവാത്തു കഥ’യില്‍ നിന്നും അണുകിട മാറിയിട്ടില്ല എന്നു തന്നെയാണ് തെളിയുന്നത്.

കാസര്‍ഗോഡ് ചീമേനിയില്‍ നിന്നും ഒരു വാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാവ് തൂങ്ങി മരിച്ച നിലയില്‍ എന്ന തലക്കെട്ടില്‍ വാര്‍ത്ത ഇങ്ങനെ;

“പുലിയന്നൂര്‍ ചീര്‍ക്കുളത്തെ സുബിനിനെ (26) വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുലിയന്നൂരിലെ ജാനകി ടീച്ചര്‍ വധത്തിന് ശേഷം സുബിനിന് പോലീസിനെ ഭയമായിരുന്നു വെന്ന് നാട്ടുകാര്‍ പറയുന്നു. ഭയം അകറ്റുന്നതിനായി സുബിനിനെയും കൊണ്ട് ബന്ധുക്കള്‍ പോലീസ് സ്റ്റേഷനിലേക്ക് പോയിരുന്നു. സ്റ്റേഷന് മുറ്റത്തു നിന്നാണ് പോലീസ് സുബിനുമായി സംസാരിച്ചത്. കൌണ്‍സലിംഗിന് അയക്കണമെന് നിര്‍ദ്ദേശിച്ചു പോലീസ് ബന്ധുക്കള്‍ക്കൊപ്പം അയച്ചു. തിരിച്ചു വീട്ടിലെത്തിയ സുബിനിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുലിയന്നൂര്‍ കൊലപാതക്കേസിലെ പ്രതികളുടെ അയല്‍വാസിയാണ് സുബിന്‍.”

എന്റെ കണ്‍മുന്നിലിട്ടാണ് അവരെന്റെ കുഞ്ഞിന്റെ വയറ്റില്‍ തൊഴിച്ചത്, ഒരു കുടുംബം അനാഥമാക്കിയിട്ട് എന്താണ് ആ പൊലീസുകാര്‍ നേടിയത്? ഒരമ്മ ചോദിക്കുന്നു

മറ്റൊരു വാര്‍ത്ത ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. പാലക്കാട് നിന്നും. കെ എസ് ആര്‍ ടി സി ബസിന് കല്ലെറിഞ്ഞു എന്നാരോപിച്ചു പോലീസ് അന്വേഷിച്ച ദളിത് യുവാവ് തൂങ്ങിമരിച്ചു എന്നാണ് വാര്‍ത്ത. പോലീസിന്റെ ഭീഷണിയെ തുടര്‍ന്നാണ് പള്ളത്തേരിയിലെ സന്തോഷ് ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. പാലക്കാട് കസബ പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസുകാര്‍ സന്തോഷിന്റെ വീട്ടിലെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് സന്തോഷ് ആത്മഹത്യ ചെയ്തത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി ആരോപണമുണ്ട്.

‘അവന്മാരെ കാണിക്കരുത് എന്റെ മൃതദേഹം’; ആത്മഹത്യാ കുറിപ്പില്‍ ഇങ്ങനെ എഴുതാന്‍ ആ പോലീസുകാരനെ പ്രേരിപ്പിച്ചതെന്ത്?

ഇനി മറ്റൊരു വാര്‍ത്ത കോഴിക്കോട് നിന്നാണ്. ഇവിടെ പീഡിപ്പിക്കപ്പെടുന്നത് ഒരു റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനാണ്. പീഡിപ്പിക്കുന്നത് ഒരു പോലീസുകാരനും. ചേളന്നൂരില്‍ എസ് എന്‍ കോളേജിനടുത്ത് ഭാര്യയുമൊത്ത് താമസിക്കുന്ന 74കാരനായ മുന്‍ എ എസ് ഐ ചന്ദ്രശേഖര കുറുപ്പിനെ വഴിതര്‍ക്കത്തിന്റെ പേരിലാണ് ശ്രീകുമാര്‍ എന്ന അയല്‍വാസിയായ പോലീസുകാരന്‍ പീഡിപ്പിക്കുന്നത്. തനിക്കെതിരെ കള്ളക്കേസ് നല്‍കുകയും പോലീസിലെ സ്വാധീനം ഉപയോഗിച്ച് പീഡിപ്പിക്കുകയും ചെയ്യുന്നു എന്നാണ് ചന്ദ്രശേഖര കുറുപ്പിന്റെ പരാതി. ഇങ്ങനെ കൊടുത്ത ഒരു കേസില്‍ കോഴിക്കോട് സബ് ജയിലില്‍ ഒന്‍പത് ദിവസം ഈ വൃദ്ധന്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട് എന്നും കൂടി കേള്‍ക്കുമ്പോഴാണ് സംഭവത്തിന്റെ ഗൌരവം ബോധ്യമാവുക. കഴിഞ്ഞ മാസം ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘം ചന്ദ്രശേഖര കുറുപ്പിനെ മര്‍ദിക്കുകയും ചെയ്തിരുന്നു.

ഇനി ഇന്നത്തെ പത്രങ്ങളുടെ ഒന്നാം പേജിലേക്ക് വരാം. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ഏറെയൊന്നും വിശദീകരിക്കേണ്ടതില്ലാത്ത പോലീസ് പൈശാചികത്വത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ‘ആളുമാറി തല്ലിക്കൊന്നു; കണ്ണില്ലാതെ കാക്കി’ എന്നാണ് മലയാള മനോരമയുടെ ഒന്നാം പേജ് തലക്കെട്ട്. ‘പോലീസ് പ്രതിക്കൂട്ടില്‍’ എന്നു മാതൃഭൂമിയും.

ആരായിരിക്കണം പോലീസ്; കേരള പോലീസിനെക്കുറിച്ച് സുകുമാര്‍ അഴിക്കോടിന്റെ നിരീക്ഷണങ്ങള്‍

ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത കാര്യമാണ് ‘മനോവീര്യം’ കൂടിയ പോലീസ് വരാപ്പുഴയില്‍ ചെയ്തിരിക്കുന്നത്.

വരാപ്പുഴ ദേവസ്വം പാടത്ത് ഒരു സംഘം വീട് കയറി ആക്രമിച്ചതിനെ തുടര്‍ന്ന് മധ്യവയസ്കന്‍ ആത്മഹത്യ ചെയ്ത കേസില്‍ പോലീസ് പിടികൂടിയ ആളാണ് മൂന്നാം മുറയെ തുടര്‍ന്ന് കൊല്ലപ്പെട്ടിരിക്കുന്നത്. അതേസമയം അക്രമം നടക്കുമ്പോള്‍ ശ്രീജിത്ത് നാട്ടില്‍ ഉണ്ടായിരുന്നില്ലെന്നും സംഘത്തില്‍ ഉണ്ടായിരുന്നത് മറ്റൊരു ശ്രീജിത്ത് ആണെന്നും ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതോടെ കേരള പോലീസ് എന്തൊരു ദുരന്തമാണ് എന്ന യാഥാര്‍ഥ്യമാണ് വെളിപ്പെട്ടിരിക്കുന്നത്. വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടു പോകുമ്പോള്‍ തന്നെ പോലീസ് മര്‍ദ്ദനം തുടങ്ങിയിരുന്നു എന്നാണ് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്.

ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെത്തിയ റഷ്യന്‍ സംവിധായകന്‍ സൊകുറോവ് കേരള പോലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ നിലവിളി കേട്ടിട്ടുണ്ടാകുമോ?

“വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടന്ന ശ്രീജിത്തിനെ മൂന്നു പോലീസുകാര്‍ എത്തിയാണ് പിടിച്ചുകൊണ്ടു പോയത്. എന്നെ എന്തിനാ കൊണ്ടുപോകുന്നത്, ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവന്‍ ആകുന്നതും പറഞ്ഞതാണ്. ഞങ്ങളുടെ കണ്‍മുന്നില്‍ വച്ചായിരുന്നു പൊലീസുകാര്‍ അവന്റെ വയറ്റിലേക്ക് ആഞ്ഞ് ചവിട്ടിയതും തല്ലിയതും. പൊലീസ് ജീപ്പിലേക്ക് കയറ്റാന്‍ കൊണ്ടുപോകുമ്പോഴും വഴി നീളെ അവനെ തല്ലി. കണ്ണില്‍ ചോരയില്ലാത്ത പോലീസുകാര്‍ ചേര്‍ന്ന് ഒരു തെറ്റും ചെയ്യാത്ത എന്റെ മകനെ കൊന്നുകളയുകയായിരുന്നു. ഒരു കുടുംബമാണ് അവര്‍ അനാഥമാക്കിയത്. വിവാഹം കഴിഞ്ഞ് ഭാര്യയും മൂന്നരവയസുള്ള ഒരു പെണ്‍കുഞ്ഞുണ്ട് അവന്. ഈ കുടുംബം അനാഥമാക്കിയിട്ട് എന്താണ് അവര്‍ നേടിയത് ? നിരപരാധിയാണ് താനെന്ന് ആവര്‍ത്തിച്ച് പറഞ്ഞതിനായിരുന്നോ അവനെ തല്ലി കൊന്നത്?” അമ്മ ശ്യാമള അഴിമുഖത്തോട് പറഞ്ഞു.

പോലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ അമ്മയുടെ പോരാട്ടജീവിതത്തിന് 11 വര്‍ഷം

ആ മര്‍ദ്ദനം അതിലും ഭീകരമായി പോലീസ് സ്റ്റേഷനിലും തുടര്‍ന്ന് എന്നു തന്നെയാണ് അതിദാരുണമായി ശ്രീജിത്ത് കൊല്ലപ്പെട്ടതില്‍ നിന്നും മനസിലാക്കുന്നത്.

മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ കുടലില്‍ സുഷിരമുണ്ടായി എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. “ശ്രീജിത്തിന്റെ ഉദരത്തില്‍ മൂര്‍ച്ചയില്ലാത്ത എന്തോ കൊണ്ട് ക്ഷതമെറ്റിരുന്നതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ചെറുകുടലില്‍ മുറിവേറ്റ് സുഷിരമുണ്ടായി. ഉദരസ്തരത്തിന് വീക്കവും സംഭവിച്ചിരുന്നു. വൃക്കയുടെ പ്രവര്‍ത്തനവും തകരാറിലായി. അതിസമ്മര്‍ദം മൂലം ഹൃദയ പേശികള്‍ക്കും ബലക്ഷയമുണ്ടായി” മനോരമയുടെ റിപ്പോര്‍ട്ട് പറയുന്നു.

‘കസബ’ സിന്‍ഡ്രോം; മിഠായി തെരുവിന്റെ മുഖം മിനുക്കാന്‍ ട്രാന്‍സ്ജന്‍ഡറുകളുടെ എല്ല് തല്ലിയൊടിക്കണോ?

അതേസമയം അക്രമിസംഘത്തില്‍ ശ്രീജിത്തുണ്ടായിരുന്നു എന്നു വിനീഷും ദൃക്സാക്ഷികളില്‍ ഒരാളായ പരമേശ്വരനും നല്‍കിയ മൊഴി പോലീസ് പുറത്തുവിട്ടു കൊണ്ട് പരിഹാസ്യമായ പ്രതിരോധം തീര്‍ക്കാനാണ് പോലീസ് ശ്രമിച്ചത്. പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയില്‍ മൊഴിയെടുക്കുന്നതിലെ പോലീസിന്റെ കലാചാതുര്യം കണ്ട മലയാളിയുടെ അടുത്തേക്ക് ഈ ദൃക്സാക്ഷി പരമേശ്വരനെയും കൊണ്ടുവന്ന് കൂടുതല്‍ പരിഹാസ്യരാവാതിരിക്കുന്നതായിരിക്കും ബുദ്ധി എന്നു ആരാണ് ഉപദേശിച്ചുകൊടുക്കുക. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകന്‍ ഇപ്പോഴും രമണ്‍ ശ്രീവാസ്തവ അദ്ദേഹം തന്നെയല്ലേ?

ഇനിയൊരു മകന്റെ ശവം കൂടി മണ്ണിനടിയിലേക്ക് തള്ളേണ്ട ഗതികേട് ഉണ്ടാക്കരുതേ; ഒരമ്മയുടെ അപേക്ഷയാണ്‌

എന്തായാലും തല്‍ക്കാലം മൂന്നു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐ ജി എസ്. ശ്രീജിത്താണ് സംഘത്തലവന്‍. അന്വേഷണത്തില്‍ ഇനി എന്തു സംഭവിക്കും എന്നു കൂടുതല്‍ പറയേണ്ടല്ലോ? സ്വന്തം സേനയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇരുപതില്‍ അധികം പോലീസുകാര്‍ ആത്മഹത്യ ചെയ്തതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സംവിധാനമാണിത് എന്നു കൂടി ഓര്‍ക്കുക.

‘താങ്ങാന്‍ പറ്റുന്നില്ല’; എട്ട് മാസത്തിനിടെ ജീവനൊടുക്കിയത് 16 പൊലീസുകാര്‍; മാനസിക പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

പോലീസിന്റെ പെരുമാറ്റം നന്നാകണം എന്നും ഒരു ഘട്ടത്തിലും അവര്‍ മാന്യത വിട്ട് പെരുമാറരുത് എന്നു ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പറഞ്ഞിട്ടു വിരലില്‍ എണ്ണാവുന്ന ദിവസങ്ങളെ ആയിട്ടുള്ളൂ. ഡിജിപി ലോകനാഥ് ബെഹറയുടെ ഏകദിന നല്ലനടപ്പ് ആചാരണവും സമംഗളം നടന്നു. നിര്‍ബന്ധിത പരിശീലന പരിപാടി വേറെയുമുണ്ട്.

എന്നിട്ടും നിങ്ങളെന്താണ് പോലീസെ മനുഷ്യമ്മാര് ആകാത്തത്?

മാരാരിക്കുളം പീഡനം; ക്രിമിനലുകള്‍ ഏറുന്ന കേരള പോലീസ്

ആള്‍ക്കൂട്ട നീതി നടപ്പാക്കലാണോ (കേരള) പോലീസിന്റെ പണി?

മൂന്നരക്കോടി ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ട പോലീസുകാര്‍ ആത്മഹത്യാ മുനമ്പില്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍