UPDATES

ട്രെന്‍ഡിങ്ങ്

എം.പി വീരേന്ദ്രകുമാര്‍ എം പിക്ക് മീശയുണ്ടോ?

തൃപ്പൂണിത്തുറയില്‍ മാതൃഭൂമി പുസ്തകോത്സവത്തിന് സംരക്ഷണ മതില്‍ തീര്‍ത്ത ഡി വൈ എഫ് ഐ പ്രവര്‍ത്തകരും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും കാണിച്ച സത്യസന്ധതയും നൈതിക ബോധവും എങ്കിലും താങ്കളില്‍ നിന്നും കേരളസമൂഹം പ്രതീക്ഷിച്ചു.

‘എസ് ഹരീഷ് പറയുന്നു’ എന്ന തലക്കെട്ടില്‍ മാതൃഭൂമി എഡിറ്റ് പേജില്‍ ഒരു വിശദീകരണം മാതൃഭൂമി ഇന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിങ്ങനെയാണ്: മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന എന്‍റെ നോവല്‍ മീശ മൂന്നു ലക്കം പിന്നിട്ടിരിക്കുന്നു. ചെറുപ്പം മുതല്‍ മനസില്‍ കിടന്നതും ഉദ്ദേശം അഞ്ചു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലവുമാണത്. എന്നാല്‍, നോവലില്‍ നിന്ന് ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ചിലര്‍ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു.

എനിക്കുനേരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിരന്തരം ഭീഷണിയുണ്ട്. ഒരു സംസ്ഥാന നേതാവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ എന്‍റെ കരണത്ത് അടിക്കേണ്ടതാണെന്ന് പരസ്യമായി പറഞ്ഞു. എന്നാല്‍, അതിലുപരി എന്‍റെ ഭാര്യയുടെയും രണ്ടു കൊച്ചുകുട്ടികളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ച് അസഭ്യ പ്രചാരണങ്ങള്‍ തുടരുന്നു. അമ്മയെയും പെങ്ങളെയും മരിച്ചുപോയ അച്ഛനെയും അപവാദം പറയുന്നു. വനിതാ കമ്മീഷനിലും വിവിധ പോലീസ് സ്റ്റേഷനുകളിലും എനിക്കെതിരെ പരാതി നല്കിയിരിക്കുന്നു.

അതുകൊണ്ട് നോവല്‍ ഖണ്ഡ:ശ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങുകയാണ്. ഉടനെ പുസ്തകമാക്കാനും ഉദ്ദേശിക്കുന്നില്ല. സമൂഹം വൈകാരികത അടങ്ങി അതിനു പാകപ്പെട്ടെന്ന് തോന്നുമ്പോള്‍ പുറത്തിറക്കും. എന്നെ ഉപദ്രവിച്ചവര്‍ക്കെതിരെ നിയമനടപടിക്ക് ശ്രമിക്കുന്നില്ല. കാരണം, ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ കുടുങ്ങി ജീവിതം കളയാന്‍ ഞാനില്ല. കൂടാതെ രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാനുള്ള കരുത്ത് എനിക്കില്ല. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ചും, മാതൃഭൂമി പത്രാധിപസമിതിയംഗങ്ങള്‍ക്ക്. കൂടാതെ എപ്പോഴും കൂടെ നിന്ന കുടുംബാംഗങ്ങള്‍ക്ക്. എഴുത്ത് തുടരും.

ആശയ വിനിമയ സാങ്കേതിക വിദ്യകള്‍ അത്യന്താധുനികമായ ഈ ലോകത്ത് മൂന്നു ദിവസം വേണ്ടിവന്നു ഒരു പത്രം, 24 മണിക്കൂര്‍ ചാനല്‍, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങിയവ സ്വന്തമായുള്ള ഒരു മാധ്യമ സ്ഥാപനത്തിന് വിശദീകരണവുമായി രംഗത്തുവരാന്‍; അതും എഴുത്തുകാരന്റെ മാത്രം. മാനേജ്മെന്‍റ് ഇതുവരെ എന്തെങ്കിലും വിശദീകരിച്ചതായി കണ്ടില്ല.

മീശ പ്രസിദ്ധീകരിക്കാന്‍ അഴിമുഖം തയാറാണ്; അത് ഞങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്

പുറത്തുവന്ന മറ്റൊരു വാര്‍ത്ത ഹരീഷിന്റെ മീശ അല്‍പ്പം കുഴപ്പം പിടിച്ചതാണ് എന്നു മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍ പറഞ്ഞു എന്നുള്ളതാണ്.

“മീശയിലെ പരാമര്‍ശങ്ങള്‍ അമ്പലത്തില്‍ പോകുന്ന തന്റെ ഭാര്യയും മകളുമടക്കമുള്ള സ്ത്രീ സമൂഹത്തെ അപമാനിക്കുന്നത് തന്നെയാണെന്നാണ് മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്റെ വ്യക്തിപരമായ അഭിപ്രായം. എഴുത്തില്‍ തിരുത്തല്‍ വേണമെന്ന് എഴുത്തുകാരനോട് Request ചെയ്യാന്‍ ആഴ്ചപ്പതിപ്പിന്റെ ചുമതലക്കാരനായ അസിസ്റ്റന്റ് എഡിറ്ററെ ചുമതലപ്പെടുത്തിയിരുന്നതായും അദ്ദേഹം പറയുന്നു.” മാധ്യമ പ്രവര്‍ത്തകനായ രാജീവ് രാമചന്ദ്രന്‍ ഇങ്ങനെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. ദി വയറിനു വേണ്ടി അദ്ദേഹം ചെയ്ത സ്റ്റോറിയിലാണ് പി.വി ചന്ദ്രനെ ഉദ്ധരിച്ചിരിക്കുന്നത്. അത് അഴിമുഖം അടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടും താന്‍ ഇങ്ങനെ പറഞ്ഞിട്ടില്ല എന്നു നിഷേധിച്ചുകൊണ്ട് മാനേജിംഗ് എഡിറ്റര്‍ രംഗത്തുവന്നതായി കാണുന്നില്ല.

അതൊക്കെ പോകട്ടെ. എവിടെ എം പി വീരേന്ദ്രകുമാര്‍ എം പി? രാഷ്ട്രീയ പ്രവര്‍ത്തകന്‍, സോഷ്യലിസ്റ്റ്, സാംസ്കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍, എഴുത്തുകാരന്‍, ചിന്തകന്‍, മതേതരവാദി, ജനപ്രതിനിധി… എല്ലാത്തിനുപരിയായി മാതൃഭൂമി പത്രത്തിന്റെ ഉടമകളില്‍ ഒരാള്‍. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഏറ്റവും യോഗ്യനായ വ്യക്തിത്വം. എവിടെ അദ്ദേഹത്തിന്റെ പ്രതികരണം? എസ് ഹരീഷ് എന്ന ‘അധീരനാ’യ എഴുത്തുകാരന് ധൈര്യം പകരാന്‍ എന്തു നടപടികളാണ് വീരന്‍ സ്വീകരിച്ചത്?

ഖണ്ഡ:ശ പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി തയ്യാറാണ് എന്നദ്ദേഹം ഹരീഷിനെ വിളിച്ചറിയിച്ചോ? അല്ലെങ്കില്‍ ഖണ്ഡ:ശ വേണ്ട പകരം മാതൃഭൂമി ബുക്സ് പുസ്തകമായി ഉടന്‍ പ്രസിദ്ധീകരിക്കാം എന്നു ധൈര്യം പകര്‍ന്നോ? അപ്രഖ്യാപിത അടിയന്തിരവാസ്ഥയെ അപലപിച്ച് എഡിറ്റോറിയല്‍ എഴുതണം എന്ന് അടിയന്തിരാവസ്ഥ കാലത്ത് ജയിലില്‍ കിടന്ന ഈ ധീരന്‍ പത്രത്തിന്റെ എഡിറ്ററോട് ആവശ്യപ്പെട്ടോ? (‘മലബാര്‍ ദേവസ്വം നിയമ ഭേദഗതി വൈകരുത്’ എന്നതായിരുന്നു വിവാദമുണ്ടായ പിറ്റേ ദിവസത്തെ എഡിറ്റോറിയല്‍) അദ്ദേഹത്തിന്റെ മകനും മുന്‍ ജനപ്രതിനിധിയുമായ ശ്രേയാംസ് കുമാര്‍ നയിക്കുന്ന മാതൃഭൂമി ചാനല്‍ ഒരു അന്തിചര്‍ച്ചയെങ്കിലും സംഘടിപ്പിച്ചോ? (പദ്മാവതി എന്ന സിനിമയ്ക്കു വേണ്ടി എത്ര മണിക്കൂറുകളാണ് ആ ചാനല്‍ ചിലവഴിച്ചത് എന്നോര്‍ക്കുക) തങ്ങളുടെ ചാനലില്‍ വന്നിരുന്ന് ഹരീഷിനെ തല്ലുമെന്ന് ആക്രോശിച്ച ഹിന്ദുത്വ തീവ്രവാദി നേതാവിനെ ഇടപെട്ട് തിരുത്താത്തത് എന്തുകൊണ്ട് എന്ന് അവതാരകന്‍ വേണു ബാലകൃഷ്ണനോട് വിശദീകരണം ചോദിച്ചോ? ‘ചില സംഘടനകള്‍’ എന്ന മാതൃഭൂമി ഓണ്‍ലൈന്‍ വാര്‍ത്തയില്‍ എന്‍ എസ് മാധവന്റെ ‘ചുല്യാട്ട്’ എന്ന എഡിറ്ററെ പോലെ തിരുത്ത് നിര്‍ദ്ദേശിച്ചോ? ഇന്നലെയും ഇന്നുമായി പ്രതികരണങ്ങളുമായി മാതൃഭൂമി പത്രത്തിന്റെ താളില്‍ ഇടം പിടിച്ച സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്കിടയില്‍ താങ്കളുടെ മുഖം എന്തുകൊണ്ട് കണ്ടില്ല?

തൃപ്പൂണിത്തുറയില്‍ മാതൃഭൂമി പുസ്തകോത്സവത്തിന് സംരക്ഷണ മതില്‍ തീര്‍ത്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും കാണിച്ച സത്യസന്ധതയും നൈതിക ബോധവും എങ്കിലും താങ്കളില്‍ നിന്നും കേരളസമൂഹം പ്രതീക്ഷിച്ചു.

അതോ സമൂഹം പാകപ്പെടുന്ന കാലത്തിനു വേണ്ടി കാത്തിരിക്കുകയാണോ താങ്കളും?

നാണമില്ലേ മാതൃഭൂമീ, ഹരീഷിനെ ഭീഷണിപ്പെടുത്തിയത് ‘ചില സംഘടനകളോ’?

മീശയിലെ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരം തന്നെ; പ്രതിഷേധത്തില്‍ കഴമ്പുണ്ടെന്ന് മാതൃഭൂമി മാനേജിങ്ങ് എഡിറ്റര്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍