UPDATES

ട്രെന്‍ഡിങ്ങ്

പുതിയ വിജിലന്‍സ് മേധാവി എഴുതിയ പുസ്തകം എന്തുകൊണ്ട് ബെഹ്റ വായിക്കണം?

മാധ്യമ ഇടപെടല്‍ അസ്ഥാനത്തായില്ല

ലോകനാഥ ബെഹ്റ പോലീസിന്റെയും വിജിലന്‍സിന്റെയും മേധാവി പദവി ഒരേസമയം കൈകാര്യം ചെയ്യുന്നത് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന് നല്ല ബുദ്ധി തോന്നി. പുതിയ വിജിലന്‍സ് ഡയറകടര്‍ ആയി നിര്‍മ്മല്‍ ചന്ദ്ര അസ്താനയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഇന്നലെ മുഖ്യമന്ത്രി ഒപ്പുവെച്ചു. സ്ഥിരം വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തതിനെയും ഒരാള്‍ തന്നെ രണ്ടു പദവി വഹിക്കുന്നതിനെയും കേരള ഹൈക്കോടതിയും നിരന്തരം വിമര്‍ശിച്ചിരുന്നു.

സ്വതന്ത്ര ചുമതലയുള്ള ഡയറക്ടർ ഇല്ലാത്തതിന്റെ കുഴപ്പങ്ങൾ അക്കമിട്ടു നിരത്തിയാണ് കോടതി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സർക്കാരിനെ വിമര്‍ശിച്ചത്. വിജിലൻസ് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ ഹർജികളാണ് ഹൈക്കോടതിയിൽ എത്തുന്നത്. എന്നാല്‍ ഇതിൽ പലതിലും തീരുമാനം എടുക്കാന്‍ സാധിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കാത്തതാണ് കാരണം. വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥർക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. പോലീസ് മേധാവി പദവി വഹിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ക്ക് സമയനിഷ്ടയോടെ ഇത് പാലിക്കാന്‍ സാധിക്കില്ല . റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിന് ഡയറക്ടറുടെ അനുമതി ലഭിച്ചിട്ടില്ലെന്ന കാരണമാണ് പല ഉദ്യോഗസ്ഥരും കോടതിയിൽ നിരത്തുന്നത്.

എന്തായാലും സാങ്കേതികമായ ഈ ബുദ്ധിമുട്ടിന്റെ സാഹചര്യം അസ്താന വരുന്നതോടെ മാറും എന്നു കരുതാം. എന്നാല്‍ കേസുകള്‍ തെളിവില്ലെന്ന് പറഞ്ഞു എഴുതിത്തള്ളുന്ന ബെഹ്റയിന്‍ കലാപരിപാടി അസ്താനയും തുടരുമോ എന്നതാണ് ഇനി അറിയേണ്ടത്.

ബെഹ്റ ചുമതലയേറ്റ “11 മാസത്തിനിടെ ഉന്നതര്‍ പ്രതികളായ 13 കേസുകളില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി” എന്നാണ് കഴിഞ്ഞ ദിവസം മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തത്. “അഴിമതി കേസുകളില്‍ അടക്കം പ്രതികളായ 30 ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ റദ്ദാക്കി. ഉന്നതര്‍ക്കെതിരെ അന്വേഷണം മുറുകുമ്പോള്‍ ഉദ്യോഗസ്ഥരെ മാറ്റുന്നതും വിജിലന്‍സില്‍ പതിവായി. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ട 688 ത്വരിത പരിശോധനകളാണ് ബെഹ്റ വിജിലന്‍സ് ചുമതലയേറ്റപ്പോള്‍ ഉണ്ടായിരുന്നത്. ഇതി പകുതിയും തെളിവില്ല എന്ന പേരില്‍ അവസാനിപ്പിച്ചു.” മലയാള മനോരമ റിപ്പോര്‍ട്ട് തുടരുന്നു.

അതായത് ബെഹ്റ യുഗത്തില്‍ വിജിലന്‍സില്‍ നടന്നത് സ്വജനപക്ഷപാതിത്വവും രാഷ്ട്രീയ മേലാളന്‍മാരുടെ ഉത്തരവുകള്‍ക്കാനുസരിച്ച് നിയമ സംവിധാനത്തെ അട്ടിമറിക്കലുമായിരുന്നു എന്നു സാരം.

ബെഹ്റ ചില്ലറക്കാരനല്ല… കുമ്പിടിയാ..കുമ്പിടീ..!

കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ബാര്‍ കോഴ കേസും ബജറ്റ് വിറ്റ കേസുമൊക്കെ വെള്ളത്തില്‍ വരച്ച വരയായി മാറി. മാണിയുടെ രാഷ്ട്രീയ ചാഞ്ചാട്ടത്തിന് അനുസരിച്ചു കാര്യങ്ങള്‍ നീക്കാം എന്ന ഭരണകക്ഷിയുടെ കുതന്ത്രമാണ് ഇതിന് പിന്നിലെന്ന് അഴിമതി വിരുദ്ധ പ്രവര്‍ത്തകരും ബിജെപിയും ആരോപിക്കുന്നു. കോണ്‍ഗ്രസ്സിന് തല്‍ക്കാലം വാ തുറക്കാന്‍ സാധിക്കില്ലല്ലോ. മാണി അഴിമതി നടത്തിയിട്ടില്ല എന്നു അന്ന് പറഞ്ഞ ആളുകളാണല്ലോ അവര്‍.

ഇരട്ട പദവി എന്ന ചട്ട വിരുദ്ധത ചൂണ്ടിക്കാണിച്ച് വാര്‍ത്തകള്‍ പൊങ്ങിവന്നതോടുകൂടിയാണ് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് എന്നതുറപ്പ്. പക്ഷേ അത് വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തില്‍ മുന്നോട്ട് പോകും എന്നതിനുള്ള ഉറപ്പാകുന്നില്ല. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി തങ്ങള്‍ക്കുണ്ട് എന്നു ഭരണത്തിന്റെ ഒന്നര വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും തെളിയിക്കാന്‍ ഇടതു സര്‍ക്കാരിന് ആയിട്ടില്ല.

താരതമ്യേന വാര്‍ത്തകളിലൊന്നും കണ്ടിട്ടില്ലാത്ത എന്‍ സി അസ്താനയെ കുറിച്ച് ഒരു മുന്‍ധാരണയ്ക്ക് യാതൊരു സ്കോപ്പുമില്ല. പോലീസ് നവീകരണ വിഭാഗം ചുമതല വഹിച്ചു വരുന്ന അദ്ദേഹം സ്പെഷ്യല്‍ ഓഫീസറായി ഡല്‍ഹിയിലാണ്. 1986 ഐപിഎസ് ബാച്ചുകാരനായ അസ്താന യുപി സ്വദേശിയാണ്. ആണവശാസ്ത്രത്തില്‍ ഡോകടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം ഗ്രന്ഥകര്‍ത്താവ് കൂടിയാണ്. നിയുക്ത വിജിലന്‍സ് ഡയറക്ടര്‍ എഴുതിയ പ്രധാനപ്പെട്ട പുസ്തകം ബെഹ്റ വായിക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും- ‘ലീഡര്‍ഷിപ്പ് ഫെയിലര്‍ ഇന്‍ പോലീസ്’.

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും ഒരു ബുക്കെഴുത്തുകാരനായിരുന്നു എന്നത് ആലോചനാമൃതം! ബെഹ്റയും മോശമല്ല കേട്ടോ… ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം ഒഡിയയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള സര്‍ഗ്ഗപ്രഭാവനാണ്.

എന്തുകൊണ്ടാണ് ജേക്കബ് തോമസ് ഇങ്ങനെ?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍