UPDATES

എന്തുകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ് ശശി തരൂരിനോട് കടപ്പെട്ടിരിക്കുന്നു?

2019ലെ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലം പിടിച്ചെടുക്കാനുള്ള പണി ബിജെപി നേരത്തെ തുടങ്ങിക്കഴിഞ്ഞു എന്ന സൂചന യു ഡി എഫിനും എല്‍ ഡി എഫിനും മനസിലായാല്‍ നന്ന്

കേരളത്തിലെ കോണ്‍ഗ്രസ് ശശി തരൂരിനോട്‌ കടപ്പെട്ടിരിക്കുന്നു. ബിജെപിയുടെ ‘ബി ടീം’ എന്ന ചീത്തപ്പേരില്‍ നിന്നും രക്ഷിച്ചതിന്. കഴിഞ്ഞ കുറേ കാലമായി കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങളില്‍ സിപിഎമ്മും ബിജെപിയും നേര്‍ക്കുനേര്‍ പോരാടിയപ്പോള്‍ പലപ്പോഴും ഗ്യാലറിയിലെ കാണിയുടെ റോള്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് സംഘപരിവാര്‍ ബന്ധം ആരോപിച്ചു രംഗത്ത് വന്നത് കോണ്‍ഗ്രസിനെ ആകെ കുഴപ്പത്തിലാക്കിയിരുന്നു. അതല്ലാ എന്നു തെളിയിക്കാനുള്ള പെടാപ്പാടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷവുമായി സിപിഎം വിജയം കൊത്തിക്കൊണ്ട് പോവുകയും ചെയ്തു. ബിജെപിക്കാണെങ്കില്‍ വലിയ നഷ്ടവും ഉണ്ടായില്ല. അപകടം മണത്ത കോണ്‍ഗ്രസ്സ്, സിപിഎം അല്ല ബിജെപിയാണ് തങ്ങളുടെ അന്തകര്‍ എന്നു തിരിച്ചറിഞ്ഞു കഴിഞ്ഞു. ബിജെപിയുടെ ഹിന്ദുത്വയെ എതിരിടാന്‍ മൃദു ഹിന്ദുത്വവും സെക്യുലറിസവും ഒപ്പം ന്യൂനപക്ഷ സ്നേഹവും ഒക്കെ ചേര്‍ന്ന ഒരു അവിയല്‍ പൊളിറ്റിക്സ് പുറത്തെടുക്കേണ്ടത് അത്യാവശ്യമായി. അപ്പോഴാണ് തരൂര്‍ ‘ഹിന്ദു പാകിസ്താന്‍’ എന്ന ഗംഭീര പ്രയോഗവുമായി രംഗത്തെത്തിയത്. വിചാരിച്ചതുപോലെ സംഘപരിവാര്‍ കയറി അങ്ങ് കൊത്തുകയും ചെയ്തു.

ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നപ്പോഴൊന്നും തരൂര്‍ ഈ പ്രസ്താവന നടത്തിയ തിരുവനന്തപുരത്ത് യാതൊരു അനക്കമുണ്ടായില്ല. കുറച്ച് ആഴ്ചകളായി കേരള ബിജെപി തലയില്ലാതെ നടക്കുന്നതുകൊണ്ടായിരിക്കാം ഈ മന്ദത. എന്തായാലും ഇന്നലെ തരൂരിന്റെ ഓഫീസിന് മുന്‍പില്‍ എത്തിയ വിരലിലെണ്ണാവുന്ന യുവമോര്‍ച്ചക്കാര്‍ കാര്യം ഉഷാറാക്കി. കരി ഓയില്‍, ഹിന്ദു പാക്കിസ്താന്‍ ഓഫീസ് എന്നു പച്ചയില്‍ (പാക്കിസ്താന്‍ മാത്രം) എഴുതിയ ബാനര്‍ ഇത്യാദി സാമഗ്രികളുമായി എത്തിയ അവര്‍ ചില കലാപരിപാടികള്‍ ഒപ്പിച്ചു. കൂട്ടത്തില്‍ എംപിയെ കണ്ട് നിവേദനം സമര്‍പ്പിക്കാന്‍ എത്തിയ പൊതുജനങ്ങളെയും ഓടിച്ചു കളഞ്ഞു. തരൂരിന്റെ ഓഫീസില്‍ നിന്നും 300 മീറ്റര്‍ അകലെ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്സിന്റെ പുസ്തകമേളയില്‍ പോയി തരൂരിന്റെ ‘വൈ ഐ ആം എ ഹിന്ദു’ വാങ്ങിച്ചു കത്തിക്കാനൊന്നും എന്തോ സംഘപുത്രന്‍മാര്‍ മുതിര്‍ന്നില്ല. സ്ഥിരം കലാപരിപാടി അതാണെങ്കിലും.

“എന്തൊക്കെ ചെയ്താലും നിലപാട് മാറ്റില്ല. അഭിപ്രായം പറയുന്നവരുടെ വായ മൂടിക്കെട്ടാനാണ് ശ്രമം. പ്രതിഷേധമുണ്ടെങ്കില്‍ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഇത് ഭയപ്പെടുത്താനുള്ള ശ്രമമാണ്”, തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

“ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനത്തെ കുറിച്ചു ചോദിക്കുമ്പോള്‍ അവര്‍ മൌനം പാലിക്കുകയാണ്. എന്നാല്‍ ഹിന്ദു രാഷ്ട്രമാണ് ലക്ഷ്യമെന്നും അതിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും ആര്‍എസ്എസ് മേധാവി സമ്മതിക്കുന്നുണ്ട്”, തരൂര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ആശയങ്ങളെ ബിജെപി ഗുണ്ടായിസം കൊണ്ട് നേരിടുകയാണ് എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

തരൂരിനുള്ള പാക് വിസ റെഡി!

ഇന്നലത്തെ മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ താന്‍ പറഞ്ഞ ‘ഹിന്ദു പാക്കിസ്ഥാന്‍’ എന്ന പ്രയോഗത്തിന്റെ താത്വിക വിശകലനം തരൂര്‍ ഇങ്ങനെ വ്യക്തമാക്കുന്നു. “ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഹിന്ദു രാഷ്ട്ര ആശയം പാകിസ്ഥാന്‍ പുലര്‍ത്തുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രതിബിംബമാണ്. ഭൂരിപക്ഷം കൈയാളുന്ന ഒരു പ്രത്യേക മതം ആധിപത്യം പുലര്‍ത്തുകയും മറ്റ് ന്യൂനപക്ഷങ്ങളെ അധമസ്ഥാനത്തേക്ക് മാറ്റി നിര്‍ത്തുകയും ചെയ്യുന്ന ഒരു രാജ്യമെന്ന ആശയം. ആ ആശയം നടപ്പിലായാല്‍ തീര്‍ച്ചയായും ഒരു ‘ഹിന്ദുത്വ പാക്കിസ്ഥാന്‍’ ആയിരിക്കും.”

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗാന്ധിയെ, ഇഎംഎസ് മതമൌലികവാദി എന്ന് ആക്ഷേപിച്ചു എന്നു പറഞ്ഞ് കോണ്‍ഗ്രസ്സ് ഉയര്‍ത്തിയ വിവാദ കോലാഹലങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട് പുതിയ വിവാദം. കോണ്‍ഗ്രസ്സിലായാലും സിപിഎമ്മിലായാലും കുറച്ചു ബുദ്ധി ഉപയോഗിച്ച് നടത്തുന്ന സംവാദങ്ങള്‍ ഉണ്ടാകുന്നത് നല്ലത് തന്നെ. അത് രാമായണത്തിന്റെ പേരിലായാലും. ഈ ഒരു സംവാദത്തെ പ്രായോഗിക രാഷ്ട്രീയത്തിലേക്ക് വളര്‍ത്തി തങ്ങളുടെ തറ ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുമോ എന്നിടത്താണ് രാഷ്ട്രീയ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം കിടക്കുന്നത്.

എന്തായാലും കോണ്‍ഗ്രസ്സ് നേതൃത്വം ഉഷാറായിട്ടുണ്ട്. സംഭവം അറിഞ്ഞയുടനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും താത്ക്കാലിക കെപിസിസി പ്രസിഡണ്ട് എം എം ഹസ്സനും മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും തിരുവനന്തപുരം ഗവണ്‍മെന്‍റ് പ്രസ്സ് റോഡിലെ എം.പി ഓഫീസിലേക്ക് പാഞ്ഞു വന്നു.

തരൂരിന്റെ ഓഫീസിന് നേരെയുള്ള ആക്രമണം ഫാസിസമാണ് എന്നു രമേശ് ചെന്നിത്തല പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം എന്നാണ് വി എം സുധീരന്‍ പറഞ്ഞത്. വിരുദ്ധാഭിപ്രായങ്ങളെ കയ്യൂക്കിന്റെ ബലത്തില്‍ നേരിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാല്‍. കിരാത നടപടി എന്ന് എം എം ഹസ്സന്‍. കരിഓയിലുമായി നടക്കുന്ന യുവമോര്‍ച്ചക്കാരന്റെ മനസിലാണ് കരിഓയില്‍ എന്നു തിരുവനന്തപുറം ഡി സി സി. ഉമ്മന്‍ ചാണ്ടി ആന്ധ്രയില്‍ കോണ്‍ഗ്രസ്സ് പുനര്‍നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതുകൊണ്ട് പ്രസ്താവനയൊന്നും ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. വഴിയേ വരുമെന്നു കരുതാം.

ഈ കാര്യം ശ്രദ്ധിക്കുക. 2019-ലെ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലം പിടിച്ചെടുക്കാനുള്ള പണി ബിജെപി നേരത്തെ തുടങ്ങിക്കഴിഞ്ഞു എന്ന സൂചന യുഡിഎഫിനും എല്‍ഡിഎഫിനും മനസിലായാല്‍ നന്ന്.

‘നാല് വോട്ടിന് രാമായണം’; ചില കെ പി സി സി വിചാരങ്ങള്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍