UPDATES

ട്രെന്‍ഡിങ്ങ്

ഈ രാമായണ പരിപാടി തങ്ങളുടേതാണെന്ന് പറയാന്‍ കോടിയേരി മടിക്കുന്നതെന്തിന്?

നോവലിസ്റ്റ് എസ് ഹരീഷും മീശയുമൊക്കെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് തങ്ങള്‍ നടത്തുന്ന പരിപാടിയുടെ വലിപ്പം സിപിഎം ഒളിപ്പിച്ചുവെക്കുന്നതെന്തിനാണ്?

മലയാള മനോരമ വലിയ വിവാദമായി ഉയര്‍ത്തിക്കൊണ്ടുവന്ന ‘സിപിഎമ്മിന്റെ രാമായണ മാസാചരണ പരിപാടി’യുടെ ഔദ്യോഗിക തുടക്കം ഇന്നലെ തിരുവനന്തപുരത്ത് ഗാന്ധിപാര്‍ക്കില്‍ നടന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയുടെ അധ്യക്ഷന്‍ സംസ്കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ പ്രസാദ് ആയിരുന്നു. മുഖ്യ പ്രഭാഷകന്‍ പ്രശസ്ത അധ്യാപകനും ചിന്തകനുമായ സുനില്‍ പി ഇളയിടവും.

സംസ്കൃത സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ആമുഖ പ്രഭാഷകന്‍ വ്യക്തമാക്കുകയുണ്ടായി. സിപിഎം നേരിട്ടല്ല എന്നു പറയുമ്പോഴും പങ്കെടുക്കുന്നവരും സദസില്‍ കേള്‍വിക്കാരായി വന്നവരില്‍ ഭൂരിപക്ഷം പേരും ഇടതു അനുകൂലികളാണ് എന്നു വ്യക്തം. പൊതു പരിപാടിയില്‍ ആര് വരണം വരേണ്ട എന്നു തീരുമാനിക്കാന്‍ സാധ്യമല്ലാത്തതുകൊണ്ടു തന്നെ, അത് വച്ച് ഇതൊരു സിപിഎം പരിപാടിയാണ് എന്നു വ്യാഖ്യാനിക്കുന്നതും യുക്തിഭദ്രമല്ല.

മുഖ്യപ്രഭാഷകനായ സുനില്‍ പി ഇളയിടം ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ട പ്രഭാഷണം അവസാനിപ്പിച്ചപ്പോള്‍ തോന്നിയത് ഇതാണ്: എന്തിനാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാമായണ പരിപാടിക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല എന്നു ആണയിട്ടത്? ആരെ പേടിച്ച്? ട്രോളര്‍മാരെയോ? വോട്ട് ബാങ്ക് രാഷ്ട്രീയ സമ്മര്‍ദ്ദമാണോ സിപിഎമ്മിനെക്കൊണ്ട് ഇങ്ങനെ പറയിച്ചത്? ഇന്നലെ സുനില്‍ പി ഇളയിടത്തിന്റെ പ്രസംഗത്തിന്റെ റെക്കോര്‍ഡ് ചെയ്ത കോപ്പി കൈവശമുണ്ടെങ്കില്‍ സംസ്കൃത സംഘം ചെയ്യേണ്ടത് അത് ഉടന്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് എത്തിച്ചു കൊടുക്കുക എന്നുള്ളതാണ്. അത് മുഴുവന്‍ കേട്ടതിന് ശേഷം ഹിന്ദുത്വ തീവ്രവാദത്തിനെതിരെ പോരാടുന്നു എന്നവകാശപ്പെടുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിക്ക് ഇത് തങ്ങളുടെ പരിപാടിയല്ല എന്നു പറയാന്‍ പറ്റുമോ?

മര്യാദരാമനെ പരാക്രമിയായ രാമനാക്കി “ആക്രമോത്സുകമായ മതവര്‍ഗീയതുടെ കേന്ദ്രമായി രാമനെയും രാമായണത്തെയും മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അരുത് എന്ന ആദി കവിയുടെ മുഴക്കം നമ്മള്‍ നമ്മുടെ കാലത്തേക്ക് മടക്കിക്കൊണ്ടുവരേണ്ടതുണ്ട്. അതിനുള്ള ഒരു ചെറിയ ശ്രമമായിട്ട് ഇതിനെ കണ്ടാല്‍ മതി” എന്നു പറഞ്ഞുകൊണ്ടാണ് സുനില്‍ പി ഇളയിടം തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. രാമജന്മ ഭൂമി പ്രൊപ്പഗണ്ടയിലൂടെ ബാബരി മസ്ജിദ് പൊളിച്ച പൊള്ളുന്ന ചരിത്രം നമ്മുടെ മുന്നിലുള്ളപ്പോള്‍ രാമനെയും രാമായണത്തെയും ഹിന്ദുത്വ വാദികള്‍ ഉപയോഗിക്കുന്നതിന്റെ പ്രതിലോമരാഷ്ട്രീയം അധികം വിശദീകരിക്കേണ്ടതില്ല. അത് തന്നെയാണ് രാമായണത്തിന്റെ ഇതര പരാമ്പര്യങ്ങളെ വിശകലനം ചെയ്തുകൊണ്ട് ബഹുസ്വരതയുടെ സാമൂഹ്യാന്തരീക്ഷത്തിന്റെ പ്രധാന്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും അവതരിപ്പിക്കാന്‍ പ്രഭാഷകന്‍ ശ്രമിച്ചത്. ഹിംസയല്ല കരുണയുടെ വഴിയാണ് രാമായണം എന്നദ്ദേഹം പറഞ്ഞുവെക്കുന്നത്.

ഇനി പ്രസ്തുത പരിപാടിയെ കുറിച്ചുള്ള വാര്‍ത്തയ്ക്ക് ഇന്നത്തെ മലയാള മനോരമ നല്‍കിയ തലക്കെട്ട് നോക്കുക- “രാമായണ മാഹാത്മ്യം പങ്കുവെച്ച് മന്ത്രി കടകംപള്ളി”. മാതൃഭൂമിയുടെ തലക്കെട്ട് ഇങ്ങനെ “ഇതിഹാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വര്‍ഗീയ ശക്തികള്‍ ഇഷ്ടപ്പെടുന്നില്ല-സുനില്‍ പി ഇളയിടം”.

“രാമായണം വായിക്കാതെ അതിന്റെ പേരില്‍ വര്‍ഗീയതയുടെ ശൂലമെടുത്ത് ഇറങ്ങുന്നതാണ് വര്‍ത്തമാനകാലത്തിന്റെ കാഴ്ചയെന്ന്” മന്ത്രി എന്നു മനോരമ വാര്‍ത്തയുടെ ഇന്‍ട്രോ. അപ്പോള്‍ ‘രാമായണ മാഹാത്മ്യം’ തലക്കെട്ടിന്റെ യുക്തി എന്താണാവോ? വിവാദത്തിന്റെ അവസാന സാധ്യതയും എക്പ്ലോര്‍ ചെയ്യൂക അത്ര തന്നെ.

ഉദ്ഘാടന പ്രസംഗത്തിനിടയില്‍ രാമായണ മാസാചരണം സംഘടിപ്പിക്കാന്‍ സിപിഎം അര്‍ത്ഥസങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കടകംപള്ളി ആണയിടുന്നുണ്ട്. ഇനിയും എന്താണ് ഇത്ര സംശയം? ഇത് തങ്ങള്‍ നടത്തുന്ന പരിപാടി തന്നെയാണ് എന്ന് ശിരസുയര്‍ത്തി പറയാന്‍ മടിക്കുന്നതെന്തിനാണ്?

സുനില്‍ പി ഇളയിടം പറഞ്ഞതുപോലെ, മതമേലധികാരികള്‍ പറയുന്ന ഒരൊറ്റ വഴിയിലൂടെ മാത്രം കൃതികളെ വിലയിരുത്തേണ്ടി വരുന്ന ഈ കാലത്ത് നമ്മുടെ പാരമ്പര്യം അതല്ല എന്ന് രാമായണത്തെ മുന്‍ നിര്‍ത്തി പറയുമ്പോള്‍ അതേറ്റെടുക്കുകയല്ലേ ഇടതുപക്ഷം എന്ന നിലയില്‍ സിപിഎം ചെയ്യേണ്ടത്?

നോവലിസ്റ്റ് എസ് ഹരീഷും മീശയുമൊക്കെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് തങ്ങള്‍ നടത്തുന്ന പരിപാടിയുടെ വലിപ്പം സിപിഎം ഒളിപ്പിച്ചുവെക്കുന്നതെന്തിനാണ്?

സിപിഎമ്മിന്റെ രാമായണമാസാചരണത്തില്‍ ഡോ. എം എം ബഷീര്‍ ഉണ്ടാകുമോ?

‘നാല് വോട്ടിന് രാമായണം’; ചില കെ പി സി സി വിചാരങ്ങള്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍