UPDATES

സിനിമ

മോഹന്‍ലാല്‍ മുങ്ങി, മമ്മൂട്ടി ഒഴിഞ്ഞുമാറി, മഞ്ജു വാര്യര്‍ വരുമോ?

ദേശീയ തലത്തില്‍ ചലചിത്ര പ്രവര്‍ത്തകരും കലാകാരന്‍മാരും ശാസ്ത്രജ്ഞരും നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുന്നതിനെതിരെ തുറന്ന പ്രസ്താവനകളുമായി രംഗത്ത് വരുമ്പോള്‍ അത്തരത്തില്‍ ഒരു ചലനവും പ്രബുദ്ധ കേരളത്തെ ബാധിച്ചിട്ടില്ല

രണ്ടു സിനിമാ താരങ്ങളാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയില്‍ ഉള്ളത്. ചാലക്കുടിയില്‍ സിറ്റിംഗ് എം പിയും മുന്‍ എ എം എം എ അധ്യക്ഷനുമായ ഇന്നസെന്‍റ്. തൊട്ടടുത്ത തൃശൂര്‍ മണ്ഡലത്തില്‍ രാജ്യസഭാ എം പിയും എ എം എം എയുമായി ദീര്‍ഘ നാളായി പിണക്കത്തില്‍ കഴിയുന്ന ആളുമായ സുരേഷ് ഗോപി. ഇരുകൂട്ടര്‍ക്കും മികച്ച സൌഹൃദമാണ് സഹപ്രവര്‍ത്തകര്‍ക്കിടയിലുള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് സിനിമാ താരങ്ങള്‍ ഇവര്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാത്തത്.

മുന്‍ തിരഞ്ഞെടുപ്പുകളില്‍ കെ ബി ഗണേഷ് കുമാറിന് വേണ്ടിയും ഇന്നച്ചനുവേണ്ടിയും മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ വോട്ട് ചോദിച്ചിട്ടുണ്ട്. ജഗദീഷും മുകേഷുമൊക്കെ മത്സരിച്ചപ്പോഴും സൌഹൃദത്തിന്റെ പുറത്ത് വോട്ട് ചോദിക്കാന്‍ നടീനടന്‍മാര്‍ രംഗത്ത് വന്നിരുന്നു. ഇത്തവണ എം എല്‍ എ കൂടിയായ മുകേഷ് മാത്രമാണ് ചാലക്കുടിയില്‍ വന്നുപോയത്.

സുരേഷ് ഗോപിയും മോഹന്‍ലാലും അത്ര നല്ല ടെംസില്‍ അല്ലെങ്കിലും താരത്തിനു വേണ്ടി തൃശൂരില്‍ പ്രചരണത്തിനിറങ്ങാന്‍ മോഹന്‍ ലാലിന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു എന്നാണ് മംഗളം വാര്‍ത്ത. “എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച കുടുംബവുമൊരുമിച്ചുള്ള വിദേശയാത്രയുടെ കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം വഴുതി മാറി. അമേരിക്കയില്‍ ഭാര്യ സുചിത്രയുമൊരുമിച്ച് പര്യടനം നടത്തുന്ന മോഹന്‍ലാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം കേരളത്തില്‍ തിരിച്ചെത്തും” എന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

എറണാകുളം സ്ഥാനാര്‍ത്ഥി പി രാജീവുമായുള്ള ഊഷ്മള ബന്ധം പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ കണ്ടതല്ലാതെ പ്രഖ്യാപിത ഇടതു സഹയാത്രികനായ മമ്മൂട്ടിയെ തിരഞ്ഞെടുപ്പില്‍ എവിടേയും കണ്ടില്ല. തൃശൂര്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനും മമ്മൂട്ടിയെ അങ്ങോട്ട് ചെന്നുപോയിക്കണ്ട് ബന്ധം പുതുക്കി സോഷ്യല്‍ മീഡിയയില്‍ ഇട്ടിട്ടുണ്ട്. ഇന്നസെന്‍റിനായി മമ്മൂട്ടി വരുമോ എന്ന് ഉറ്റുനോക്കുകയാണ് സിനിമാ ലോകം.

ഇതിനിടയില്‍ സുരേഷ്ഗോപിക്ക് വേണ്ടി മഞ്ജു വാര്യരെ സമീപിച്ചുവെന്നും എന്നാല്‍ നടി ഒഴിഞ്ഞുമാറി എന്നും വാര്‍ത്തകളുണ്ട്.

സംവിധായകന്‍ മേജര്‍ രവി പി രാജീവിന്റെ തിരഞ്ഞെടുപ്പ് വേദിയില്‍ എത്തിയത് വലിയ വാര്‍ത്തയായി. സംഘപരിവാര്‍ ദേശീയവാദിയായി അറിയപ്പെടുന്ന ഈ മുന്‍ സൈനികന്‍ അതിനു ശേഷം മോദിയെ വീണ്ടും തിരഞ്ഞെടുക്കണം എന്നാവശ്യപ്പെട്ട് കലാകാരന്മാര്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെക്കുകയും ചെയ്തു. ഇദ്ദേഹം തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രചരണത്തിന് എത്തുമെന്നാണ് കേള്‍ക്കുന്നത്.

Read More: മോദിഫൈഡ് മേജര്‍ രവിയുടെ പിന്തുണ വേണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവം പി രാജീവ് സഖാവ് കാണിക്കുമോ?

ശബരിമലയില്‍ കയറുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറുമെന്ന് പ്രസംഗിച്ച കൊല്ലം തുളസിയെ അത്തരം പ്രകോപന പ്രസംഗങ്ങളുമായി വേദികളില്‍ കണ്ടില്ല. വാ വിട്ട വാക്കുണ്ടാക്കുന്ന പുകില്‍ അനുഭവിച്ചറിഞ്ഞ നടന്‍ പ്രസംഗ വേദികളില്‍ നിന്നും വിട്ടു നില്‍ക്കുന്നതായിരിക്കും. സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ മാത്രം അഭിനയിച്ച് വായില്‍ വരുന്നത് മുഴുവന്‍ ഇജ്ജാതി ഡയലോഗുകളാണ് എന്ന് പുള്ളിക്കറിയാം.

ഇതിനിടയില്‍ കഴിഞ്ഞ നിയമസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച രാജസേനന്‍ ഒരു ഹിന്ദുത്വ സിനിമയുമായി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ പുറത്തിറങ്ങിയ ചിത്രം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലും കണ്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

ശബരിമല വിഷയത്തില്‍ ചലചിത്ര പ്രവര്‍ത്തകരുടെ ചിത്രം വെച്ചു സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്. കവിയൂര്‍ പൊന്നമ്മ, ബാലചന്ദ്രമേനോന്‍, എം ജയചന്ദ്രന്‍, എം ജി ശ്രീകുമാര്‍ എന്നിവരുടെ പേരിലാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. ഇത് വ്യാജമാണ് എന്ന വെളിപ്പെടുത്തലുമായി എം ജയചന്ദ്രന്‍ രംഗത്ത് വരികയും ചെയ്തു.

ദേശീയ തലത്തില്‍ ചലചിത്ര പ്രവര്‍ത്തകരും കലാകാരന്‍മാരും ശാസ്ത്രജ്ഞരും നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുന്നതിനെതിരെ തുറന്ന പ്രസ്താവനകളുമായി രംഗത്ത് വരുമ്പോള്‍ അത്തരത്തില്‍ ഒരു ചലനവും പ്രബുദ്ധ കേരളത്തെ ബാധിച്ചിട്ടില്ല എന്നു വേണം കരുതാന്‍. സെക്സി ദുര്‍ഗ്ഗ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനാണ് ഹിന്ദുത്വ ദേശീയതയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്ന മലയാളത്തിലെ ചലചിത്ര പ്രവര്‍ത്തകന്‍.

തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ മധുരയില്‍ മത്സരിക്കുന്ന സി പി എം സ്ഥാനാര്‍ഥി സു. വെങ്കിടേശന് വോട്ട് ചോദിച്ചുകൊണ്ട് നടി രോഹിണിയും സമുദ്രക്കനിയുമൊക്കെ രംഗത്തിറങ്ങി കഴിഞ്ഞു. കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍ എത്തുമെന്നാണ് അവിടെ നിന്നുള്ള വാര്‍ത്തകള്‍.

കര്‍ണ്ണാടകയില്‍ മലയാള ബന്ധമുള്ള രണ്ട് സിനിമാക്കാര്‍ മത്സരിക്കുന്നുണ്ട്. നമ്മുടെ പഴ ക്ലാരയും പ്രകാശ് രാജും. കേരളത്തില്‍ ഇറങ്ങാന്‍ മടിയാണെങ്കില്‍ വെറുതെ കന്നട മണ്ണ് ഒന്ന് ചുറ്റിയാലോ? മലയാളത്തിലെ താരങ്ങള്‍ക്ക് ഒന്നാലോചിക്കാവുന്നതാണ്. ഇവിടെ ഇറങ്ങിയാലല്ലേ നാല് ചക്രം നഷ്ടപ്പെടുന്ന ബിസിനസ് പൊളിയുകയുള്ളൂ. കര്‍ണ്ണാടകയില്‍ ആവുമ്പോള്‍ ആ പ്രശ്നം ഇല്ല. തിരഞ്ഞെടുപ്പ് കാലത്ത് ലൈംലൈറ്റില്‍ വരുന്നതിന്റെ ഒരു സുഖവും കിട്ടും.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍