UPDATES

ട്രെന്‍ഡിങ്ങ്

മാധ്യമ നിരോധനം: ഓണ്‍ലൈന്‍ ജേര്‍ണലിസ്റ്റുകള്‍ പ്രസ്സ് ക്ലബിന്റെ ഗോവണിപ്പടിയില്‍ ഇരിക്കേണ്ടി വന്നത് ഏത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ കണക്കില്‍പ്പെടുത്തും?

കഴിഞ്ഞ 4 വര്‍ഷമായി ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പി ആര്‍ ഡി രജിസ്ട്രേഷന്‍ കോള്‍ഡ് സ്റ്റോറേജില്‍ കിടക്കുകയാണ്. അതിനെന്ന് ശാപമോക്ഷം ഉണ്ടാകും?

“സംസ്ഥാനത്തെ പത്രമാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമടക്കമുള്ള വിശിഷ്ട വ്യക്തികളോട് സെക്രട്ടേറിയേറ്റിന് അകത്തും പുറത്തും വച്ച് മാധ്യമങ്ങള്‍ ഇടപെടുന്നതിനുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങുന്ന സര്‍ക്കുലറാണ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സര്‍ക്കുലറില്‍ തിരുത്തലുകള്‍ ആവശ്യമാണെന്നു കണ്ടതിനെത്തുടര്‍ന്നാണ് പിന്‍വലിക്കാനള്ള തീരുമാനം. ആവശ്യമായ തിരുത്തലുകള്‍ വരുത്തിയ ശേഷം ഉത്തരവ് വീണ്ടും പുറത്തിറക്കും.” അഴിമുഖം റിപ്പോര്‍ട്ട് ചെയ്യുന്നു.

“സര്‍ക്കുലറിലെ നിര്‍ദ്ദേശ പ്രകാരം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പു വഴി മാത്രമേ മാധ്യമങ്ങള്‍ക്ക് ഇനി മന്ത്രിമാരോട് സംസാരിക്കാന്‍ സാധിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ പ്രത്യേക അഭിമുഖം, കോണ്‍ഫറന്‍സ് ഹാളിലെ മീറ്റിംഗുകള്‍ തുടങ്ങി എല്ലായിടത്തും പി.ആര്‍.ഡിയുടെ ഇടപെടല്‍ ഉറപ്പിക്കുന്ന തരത്തിലുള്ളതാണ് പുതിയ മാറ്റങ്ങള്‍. ഇതുകൂടാതെ, മാധ്യമപ്രവര്‍ത്തകര്‍ നേരിട്ടു ബന്ധപ്പെട്ടിരുന്ന പി.ആര്‍.ഡിയിലെ വിവിധ സെക്ഷനിലേക്കുള്ള പ്രവേശനം അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമായി ചുരുക്കിയിട്ടുമുണ്ട്. ജില്ലാ തല വകുപ്പുകള്‍ക്ക് മാധ്യമസ്ഥാപനങ്ങളുമായുള്ള ആശയവിനിമയം നിയന്ത്രിച്ച്, പത്രക്കുറിപ്പുകള്‍ പോലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വഴി കൈമാറേണ്ടതായും സര്‍ക്കുലറില്‍ പറയുന്നു.”

സര്‍ക്കുലറിനെതിരെ മാധ്യമ-രാഷ്ട്രീയ മേഖലകളില്‍ നിന്നും അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇത് ഉത്തര്‍പ്രദേശോ, മധ്യപ്രദേശോ അല്ല കേരളമാണ് എന്നു പറഞ്ഞപ്പോള്‍ ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പിണറായി സ്റ്റാലിനിസമാണ് ഇവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്നു ആരോപിച്ചു. പിണറായി വിജയന്റെ ‘കടക്ക് പുറത്ത്’ സര്‍ക്കാര്‍ നയമാക്കാനുള്ള നീക്കമാണെനാണ് സാമൂഹ്യ നിരീക്ഷകരായ ജയശങ്കര്‍ വക്കീലാദികള്‍ ആരോപിക്കുന്നു.

ജനങ്ങളുമായും ഭരണാധികാരികളുമായും മാധ്യമങ്ങള്‍ക്കുള്ള ബന്ധം നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്നും, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനുള്ള കൂച്ചുവിലങ്ങാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളെന്നുമാണ് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആരോപിച്ചത്.

എന്നാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഹണി ട്രാപ് കേസ് അന്വേഷിച്ച പി എസ് ആന്‍റണി കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടികള്‍ എന്നാണ് അനൌദ്യോഗിക വിശദീകരണം.

മാധ്യമ പ്രവര്‍ത്തകരെ എത്ര തടഞ്ഞാലും അവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേ ഇരിക്കുമെന്ന് മനസിലാക്കാന്‍ സമീപകാല ഇന്ത്യന്‍ ചരിത്രം തന്നെ നോക്കിയാല്‍ മതിയാകും. അത് മനസിലാക്കാന്‍ കഴിയാത്തവരല്ല കേരളം ഭരിക്കുന്നത് എന്നാണ് വെപ്പ്. അടിയന്തിരാവസ്ഥയുടെ പീഡനങ്ങള്‍ അക്കമിട്ട് നിരത്തുന്നവരാണ് ഈ നേതാക്കള്‍. മാധ്യമ സെന്‍സര്‍ഷിപ്പിനെതിരെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയും നിരന്തരം ശബ്ദമുയര്‍ത്തുന്നവരാണ് ഇവര്‍. ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന് നാടുകടത്തപ്പെട്ട സ്വദേശാഭിമാനിയുടെ പാരമ്പര്യത്തെ കുറിച്ചും ഊറ്റം കൊള്ളാറുണ്ട്. അതൊക്കെ വെറും ആടയാഭരണങ്ങള്‍ മാത്രമാണ് എന്നു തെളിയിക്കുന്നതായി ഈ മാധ്യമ നിരോധന സര്‍ക്കുലര്‍.

എന്തായാലും സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം തന്നെ. ചോദ്യങ്ങള്‍ ചോദിക്കാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ അവകാശത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അതില്‍ ശക്തമായ ഇടപെടല്‍ നടത്തിയ കെ‌യു‌ഡബ്ല്യു‌ജെയും അഭിനന്ദനം അര്‍ഹിക്കുന്നു.

‘പി.ആര്‍.ഡി. ഓഫീസുകളില്‍പ്പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായ ഇടപെടല്‍ അനുവദിക്കരുതെന്ന നിര്‍ദ്ദേശം അങ്ങേയറ്റം അപലപനീയമാണ്. പി.ആര്‍.ഡിയെ മാധ്യമപ്രവര്‍ത്തകരുടെ മേലധികാരികളെപ്പോലെ ഇരുത്തി പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളില്‍ മിക്കവയും. അക്രഡിറ്റേഷനുള്ള അപേക്ഷകളെല്ലാം ഒരു വര്‍ഷമായി കോള്‍ഡ് സ്‌റ്റോറേജില്‍ ആണെന്നിരിക്കേ, അക്രഡിറ്റേഷനില്ലാത്തവരെ പി.ആര്‍.ഡി ഓഫീസില്‍ പ്രവേശിപ്പിക്കില്ലെന്ന ന്യായം അംഗീകരിക്കാനാവില്ലെന്നും, മന്ത്രിമാരോടു സംസാരിക്കാനും വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കാനും പി.ആര്‍.ഡിയുടെ അനുമതി തേടണമെന്നത് അക്രഡിറ്റേഷന്റെ അടിസ്ഥാന സങ്കല്‍പത്തെത്തന്നെ നിര്‍വീര്യമാക്കു’മെന്നും കെ യു ഡബ്ല്യു ജെ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സര്‍ക്കാരിനോടും കെ യു ഡബ്ല്യു ജെയോടും രണ്ട് ചോദ്യങ്ങള്‍;

1. കഴിഞ്ഞ 4 വര്‍ഷമായി ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പി ആര്‍ ഡി രജിസ്ട്രേഷന്‍ കോള്‍ഡ് സ്റ്റോറേജില്‍ കിടക്കുകയാണ്. അതിനെന്ന് ശാപമോക്ഷം ഉണ്ടാകും?

2. കഴിഞ്ഞ ഒക്ടോബറില്‍ ഡബ്ല്യുസിസി എറണാകുളം പ്രസ്സ് ക്ലബില്‍ മാധ്യമ സമ്മേളനം നടത്തിയപ്പോള്‍ പല ഓണ്‍ലൈന്‍ ജേര്‍ണലിസ്റ്റുകള്‍ക്കും അകത്തു കയറാന്‍ സാധിക്കാതെ ഗോവണിപ്പടിയില്‍ ഇരിക്കേണ്ടി വന്നത് ഏത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ കണക്കില്‍പ്പെടുത്തും?

മാധ്യമ നിയന്ത്രണം; മുഖ്യമന്ത്രി ഇടപെട്ട് സര്‍ക്കുലര്‍ പിന്‍വലിച്ചു; തിരുത്തി പിന്നീട് ഉത്തരവിറക്കും

മുറിവില്‍ വിഷം പുരട്ടുന്ന ചാനല്‍ മുറിയിലെ ‘കോട്ടിട്ട ജഡ്ജി’മാര്‍ കേരളത്തോട് ചെയ്യുന്നത്

മാധ്യമ സ്വാതന്ത്ര്യത്തിനായി ഘോരഘോരം വാദിക്കുന്ന നേതാക്കള്‍ക്ക് ജേര്‍ണലിസ്റ്റുകളെ തല്ലുകയും തെറിവിളിക്കുകയും ചെയ്ത അണികളോട് എന്താണ് പറയാനുള്ളത്?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍