UPDATES

എന്തുകൊണ്ടാണ് മോഹന്‍ലാല്‍ പ്രതികരിക്കാത്തത്?; ഇങ്ങനെ ചോദിക്കാത്ത കെ എസ് രാധാകൃഷ്ണനും ഇസ്ലാമോഫോബിയയില്‍ വളര്‍ന്ന സ്പെയിനിലെ വോക്സ് പാര്‍ട്ടിയും

ഇസ്ലാമോഫോബിയയാണ് വോക്സിന്റെ മുഖ്യ പ്രചരണായുധം. യൂറോപ്പിന്റെ ശത്രു ഇസ്ലാമിക് അധിനിവേശമാണ് എന്നാണ് വോക്സിന്റെ രണ്ടാം നായകനായ സാവിയര്‍ ഓര്‍ടെഗ സ്മിത് പ്രഖ്യാപിച്ചത്.

ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ സ്പെയിനില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വിജയം. സോഷ്യലിസ്റ്റ് പാര്‍ട്ടി (PSOE) ഇടതു പാര്‍ട്ടി പൊഡെമോസുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി ദി ഗാര്‍ഡിയന്‍ അടക്കമുള്ള ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ ‘വിവ സോഷ്യലിസം’ മുദ്രാവാക്യങ്ങള്‍ മുഴങ്ങുകയാണ്. ആഗോള ഇടതുപക്ഷത്തിന് സന്തോഷിക്കാന്‍ ഒരു ദിനം കൂടി.

എന്നാല്‍ നിങ്ങള്‍ അതിരുകവിഞ്ഞു ആഹ്ളാദിക്കാന്‍ വരട്ടെ എന്ന ജാഗ്രതാ മുന്നറിയിപ്പുമായി സ്ത്രീ വിരുദ്ധ, മുസ്ലീം കുടിയേറ്റ വിരുദ്ധ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ വോക്സ് രംഗത്തുണ്ട്. രൂപിക്കരിക്കപ്പെട്ട് 5 വര്‍ഷം മാത്രമായ പാര്‍ട്ടിക്ക് ഇപ്പോള്‍ 10 ശതമാനത്തിലേറെ വോട്ടും 24 സീറ്റും ഉണ്ട്. കഴിഞ്ഞ ജൂണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വെറും 0.2% വോട്ട് മാത്രമാണ് ഈ പാര്‍ട്ടിക്ക് കിട്ടിയത് എന്നോര്‍ക്കണം. അതായത് 2018 ഒടുവില്‍ വരെ പഴയ സ്പെയിനിനെ “തിരിച്ചുപിടിക്കും” (പതിനഞ്ചാം നൂറ്റാണ്ടില്‍ മുസ്ലീം ഭരണം അവസാനിപ്പിക്കാന്‍ സ്പെയിനിലെ കത്തോലിക്കന്‍ രാജാക്കന്മാര്‍ ഉയര്‍ത്തിയ മുദ്രാവാക്യമാണ് സ്പെയിനിനെ തിരിച്ചുപിടിക്കല്‍.) എന്നവകാശപ്പെട്ട് രംഗത്തിറങ്ങിയ സാന്‍റിയാഗോ അബാസ്കലിന്റെ പാര്‍ട്ടി ഇങ്ങനെയൊരു മുന്നേറ്റം നടത്തുമെന്ന് ആരും ചിന്തിച്ചിരിക്കില്ല.

പരമ്പരാഗത യാഥാസ്ഥിതിക പാര്‍ട്ടിയായ പീപ്പിള്‍സ് പാര്‍ട്ടിയുടെയും വലതുപക്ഷ പാര്‍ട്ടിയായ സിറ്റിസണ്‍ പാര്‍ട്ടിയുടെയും വോട്ട് ബാങ്കിലാണ് വോക്സ് കയ്യേറ്റം നടത്തിയിരിക്കുന്നത്. 2016ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച 137 സീറ്റിന്റെ സ്ഥാനത്ത് 66 ഇടത്ത് മാത്രമാണ് പീപ്പിള്‍സ് പാര്‍ട്ടിക്ക് വിജയിക്കാന്‍ സാധിച്ചത്. 2014ലെ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തീവ്ര ഹിന്ദു പാര്‍ട്ടിയായ ബിജെപി നടത്തിയ മുന്നേറ്റത്തിന് മുന്‍പി‌ല്‍ കോണ്‍ഗ്രസ്സ് 44 സീറ്റിലേക്ക് ഒതുങ്ങിയതിന് സമാനമായി ഇതിനെ വിലയിരുത്താം. മധ്യ വലതുപക്ഷ പാര്‍ട്ടിയായ സിറ്റിസണ്‍ പാര്‍ട്ടിക്ക് 57 സീറ്റാണ് കിട്ടിയത്.

കഴിഞ്ഞ ഡിസംബറില്‍ സോഷ്യലിസ്റ്റ് മേഖലയായ ആന്‍ഡലൂഷ്യന്‍ പ്രദേശത്ത് നടന്ന തിരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ നേടി അട്ടിമറിച്ചുകൊണ്ടാണ് വോക്സ് തങ്ങളുടെ വരവ് അറിയിച്ചത്. (ത്രിപുരയില്‍ ബിജെപി വിജയിച്ചത് ഓര്‍ക്കുക) കാറ്റലന്‍ സ്വതന്ത്ര വാദത്തിനെ ശക്തമായി എതിര്‍ത്തുകൊണ്ട് വോക്സ് കൂടുതല്‍ ജനപ്രീതി നേടി.

ഇസ്ലാമോഫോബിയയാണ് വോക്സിന്റെ മുഖ്യ പ്രചരണായുധം. യൂറോപ്പിന്റെ ശത്രു ഇസ്ലാമിക് അധിനിവേശമാണ് എന്നാണ് വോക്സിന്റെ രണ്ടാം നായകനായ സാവിയര്‍ ഓര്‍ടെഗ സ്മിത് പ്രഖ്യാപിച്ചത്. ഈ വിദ്വേഷ പ്രസംഗം സ്പെയിനില്‍ അന്വേഷണ വിധേയമാവുകയും ചെയ്യുകയുണ്ടായി.

3 വര്‍ഷം മുന്‍പ് വരെ പ്രഖ്യാപിത ഗാന്ധിയനും മതേതരനും ആദര്‍ശവാനും ഇപ്പോള്‍ ഫലം കാത്തിരിക്കുന്ന ബിജെപിയുടെ ആലപ്പുഴ സ്ഥാനാര്‍ത്ഥിയുമായ കെ എസ് രാധാകൃഷ്ണന്‍റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കുമ്പോള്‍ തീവ്ര വലതുപക്ഷം ഉയര്‍ത്തുന്ന ഇസ്ലാമോഫോബിയ പടര്‍ന്ന് പിടിക്കുന്നതിന്റെ വ്യാപ്തി മനസിലാവും.

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണത്തെക്കുറിച്ച് മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചുകൊണ്ടാണ് അഭിനവ ഹിന്ദു നേതാവിന്റെ പോസ്റ്റ് അവസാനിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

‘ശമനമില്ലാത്ത ഇസ്ലാമിക തീവ്രവാദം നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന് അവസാനം കാണുവാന്‍ പൊതുസമൂഹം മുന്നിട്ടിറങ്ങണം. ഇസ്ലാമിക മതതീവ്രവാദം ഓരോരോ പേരുകളില്‍ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ആരംഭകാലത്ത് അത് ലഷ്‌കറെ തോയ്ബ അയിരുന്നു എങ്കില്‍ ഇന്ന് അത് നാഷണല്‍ തൗഹിദ് ജമാ അത്ത് ആയി മാറിയിരിക്കുന്നു. ബിന്‍ലാദനും സഹ്രാന്‍ ഹാഷിമും ഒരേ സ്വഭാവത്തിലുള്ള വിധ്വംസക പരിപാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ആധുനിക കാലത്ത് ജനാധിപത്യവല്‍കൃതമായ മതവിശ്വാസങ്ങളെ തകര്‍ത്ത് സര്‍വ്വാധിപത്യ മതസംവിധാനത്തിന്റെ കീഴില്‍ ലോകത്തെ അടിച്ചമര്‍ത്താനാണ് ഇക്കൂട്ടര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയത്തില്‍ ലോകത്തിലെ നന്മ ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും പ്രത്യാശയുടെ മഹോത്സവമായ യേശുദേവന്റെ പുന:രുത്ഥാന തിരുനാളിന് ഒരുങ്ങിക്കൊണ്ടിരിക്കെ ആ നരാധമന്മാര്‍ ബോംബ് വച്ച് നിരപരാധികളെ കൊന്നൊടുക്കിയത്.

മാപ്പര്‍ഹിക്കാത്ത ഈ കൊടും ക്രൂരതയോട് പ്രതികരിക്കുവാന്‍ പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നില്‍ അമ്പരപ്പുളവാക്കുന്നു. ഇടത്, വലത് ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും ഇതിനെ അപലപിക്കുവാന്‍ തയ്യാറാകണം. നടന്മാരായ മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ എന്ത് പറയാന്‍ താല്പര്യമുണ്ടെന്നറിയാന്‍ താല്പര്യമുണ്ട്.’

ആകാശത്തിന് കീഴിലും മുകളിലും ഉള്ള സര്‍വ്വ സംഗതികളെ കുറിച്ചും ബ്ലോഗ് എഴുതുന്ന മോഹന്‍ലാല്‍ പ്രതികരിച്ചോ എന്നു കെ എസ് രാധാകൃഷ്ണന്‍ ചോദിക്കാത്തതെന്ത്? എന്നു ചോദിച്ചുകൊണ്ട് നിര്‍ത്തുന്നു.

Read More: സ്പെയിനില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ജയം; ഇടത് പാര്‍ട്ടിയുമായി ചേര്‍ന്ന് ഗവണ്‍മെന്‍റ്

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍