UPDATES

വിശകലനം

എന്താ യെച്ചൂരിക്ക് വയനാട്ടില്‍ വന്നാല്‍? തിരഞ്ഞെടുപ്പ് ചൂടല്ലേ… എന്തും വേവും…

ഏറ്റവും കൌതുകകരം രാഹുല്‍ വരുമോ എന്ന ചോദ്യം പോലെ ഇന്നലെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്ത യെച്ചൂരി വയനാട്ടില്‍ വരില്ല എന്ന വാര്‍ത്തയാണ്

“അല്ലെങ്കിലും അനന്തമായ കാത്തിരിപ്പ് തീര്‍ച്ചയായും വിരസവും അത്യന്തം വേദനാജനകവും അതിലേറെ അര്‍ഥശൂന്യവും അസംബന്ധവുമാണ്. ഇതിനു സമാനമായ ഒരു അവസ്ഥ സാമുവല്‍ ബെക്കറ്റ് ‘ഗോദോയെ കാത്ത്’ (Waiting for Godot) എന്ന തന്റെ നാടകത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. തങ്ങളെ കാണാന്‍ ഗോദോ വരുമെന്ന അറിയിപ്പ് ലഭിക്കുന്ന വ്‌ളാദിമിര്‍, എക്‌സ്ട്രഗോണ്‍ എന്ന രണ്ടുപേര്‍ വിജനമായ ഒരു പ്രദേശത്ത് ഗോദോയെ കാത്തിരിക്കുന്നതും ഒടുവില്‍ നിരാശരാവുന്നതുമാണ് നാടകത്തിന്റെ ഇതിവൃത്തം. കാത്തിരിപ്പ് അസഹനീയമായി മാറുന്ന അവസ്ഥയില്‍ അവര്‍ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിക്കുന്നുണ്ട്, അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ പോലും. ഇക്കാര്യം കൂടി തീരുമാനം നീട്ടികൊണ്ടുപോകുന്ന കോണ്‍ഗ്രസ് തറവാട്ടിലെ പുതിയ തമ്പുരാന്‍ ഓര്‍ത്താല്‍ നന്ന്.” ഇന്നലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ എ ആന്‍റണി അഴിമുഖത്തില്‍ എഴുതിയ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്. വയനാട്ടിലെ കോണ്‍ഗ്രസ്സുകാരുടെ അവസ്ഥ ഇത്രയും മനോഹരമായി അവതരിപ്പിച്ച മറ്റൊരു കുറിപ്പ് ഈ വിഷയത്തില്‍ വായിച്ചിട്ടില്ല.

Read More: അനന്തമായ കാത്തിരിപ്പ് വിരസവും അത്യന്തം വേദനാജനകവും അതിലേറെ അസംബന്ധവുമാണ്; തനിക്ക് ഹാംലറ്റ് സിന്‍ഡ്രോമല്ലെന്ന് രാഹുല്‍ തെളിയിക്കണം

“വിരസവും അത്യന്തം വേദനാജനകവും അതിലേറെ അര്‍ഥശൂന്യവും അസംബന്ധവു”മായ കാത്തിരിപ്പ് തുടരനാണ് വയനാട് ഡി സി സിയോട് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ രാഹുല്‍ രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയതുകൊണ്ട് ചര്‍ച്ച നടന്നില്ലെന്നും ഇന്ന് രാഹുല്‍ ഡല്‍ഹിയില്‍ ഉള്ളതുകൊണ്ടു ചര്‍ച്ച നടന്നേക്കുമെന്നുമാണ് കോണ്‍ഗ്രസ്സ് ഉന്നത നേതാക്കള്‍ പറയുന്നത്.

അതിനിടയില്‍ രാഹുല്‍ കര്‍ണ്ണാടകയില്‍ മത്സരിക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്യുന്നുണ്ട്. വയനാട്ടിലെ കോണ്‍ഗ്രസ്സുകാരുടെ ചങ്കിടിപ്പ് കൂട്ടുന്ന വാര്‍ത്തയാണിത്. രാഹുല്‍ ഗാന്ധിയെ ദക്ഷിണേന്ത്യയിലേക്ക് ആദ്യം സ്വാഗതം ചെയ്തത് കര്‍ണാടകയിലെ കോണ്‍ഗ്രസാണ് എന്ന് കര്‍ണാടക പിസിസി പ്രസിഡന്‍റ് ദിനേശ് റാവു ഏഷ്യാനെറ്റ് ന്യൂസിനോട് ഇന്നലെ പ്രതികരിക്കുകയുണ്ടായി. അവര്‍ക്ക് ചരിത്രത്തിന്റെ ബലവും കൂടിയുണ്ട് എന്ന കാര്യവും ഓര്‍ക്കണം.

റായ്ബറേലിയില്‍ പരാജയപ്പെട്ട ഇന്ദിര ഗാന്ധി 1978ല്‍ ലോക്‌സഭയില്‍ തിരിച്ചെത്താനായി തിരഞ്ഞെടുത്തത് കര്‍ണാടകയിലെ ചിക്കമംഗളൂരാണ്. 1980ല്‍ റായ്ബറേലിയിക്കൊപ്പം ആന്ധ്രപ്രദേശിലെ മേധകിലും ഇന്ദിര മത്സരിച്ചു. സോണിയ ഗാന്ധി തന്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ അമേഥിക്കൊപ്പം കര്‍ണാടകയിലെ ബെല്ലാരിയാണ് തിരഞ്ഞെടുത്തത്.

പതിമൂന്നാം പട്ടിക ഇറങ്ങിയിട്ടും വയനാടിന്റെ പേരില്ലാതിരിക്കെ കാര്യങ്ങള്‍ കൈവിടുകയാണോ എന്ന ഭീതിയില്‍ അകപ്പെട്ടിരിക്കുകയാണ് വയനാട്ടിലെ പ്രവര്‍ത്തകര്‍. രാഹുല്‍ അല്ലെങ്കില്‍ പിന്നെ ആര് എന്ന ചോദ്യം അവരെ തുറിച്ചു നോക്കുന്നുണ്ട്.

അതേസമയം വയനാട്ടിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി പി സുനീര്‍ രണ്ടും മൂന്നും ഘട്ടങ്ങള്‍ കടന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബഹുദൂരം പോയപ്പോള്‍ ഗ്യാലറിയില്‍ ഇരുന്നു കളി കാണുകയാണ് ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തകര്‍.

ഏറ്റവും കൌതുകകരം രാഹുല്‍ വരുമോ എന്ന ചോദ്യം പോലെ ഇന്നലെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്ത യെച്ചൂരി വയനാട്ടില്‍ വരില്ല എന്ന വാര്‍ത്തയാണ്. വയനാട്ടില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രചരണത്തിന് വരുന്നില്ല എന്നാണ് മാതൃഭൂമി വാര്‍ത്ത. അതേസമയം പ്രഖ്യാപിത കോണ്‍ഗ്രസ്സ് വിരുദ്ധരായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള തുടങ്ങിയ കേന്ദ്ര നേതാക്കളും എത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 9നു വയനാട്ടില്‍ പ്രസംഗിക്കുന്നുണ്ട്.

എന്നിട്ടും യെച്ചൂരി…? അതിലെന്തോ ഇല്ലേ..? ബിജെപിക്കാര്‍ പറയുന്നതുപോലെ വല്ല രാഹുല്‍-യെച്ചൂരി ഹോട്ട് ലൈന്‍ ബന്ധം?

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയാൽ ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കാൻ സീതാറാം യെച്ചൂരി എത്തുമോയെന്ന് ബിജെപി നേതാവ് ജെ ആർ പദ്മകുമാർ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ കഴിഞ്ഞ ദിവസം ചോദിക്കുകയുണ്ടായി. രാഹുല്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് ഇടതു നേതാക്കളുടെ സമ്മര്‍ദ്ദം കൊണ്ടാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു.

രാഹുല്‍ മത്സരിച്ചാല്‍ കേരളത്തിലെ 20 സീറ്റും തങ്ങള്‍ തൂത്തുവാരുമെന്നാണ് കെപിസിസിയുടെ അവകാശവാദം. അങ്ങനെ സംഭവിച്ചാല്‍ സി പി എമ്മിന്റെ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടും എന്നിരിക്കെ പ്രചരണം കടുപ്പിക്കാന്‍ യെച്ചൂരി പ്രത്യേക ശ്രദ്ധ കേരളത്തിന് നല്‍കി പ്രചരണം കടുപ്പിക്കുകയല്ലേ വേണ്ടത്.ഡല്‍ഹിയിലെ ചങ്ങാതിയായ രാഹുലിനെതിരെ പ്രസംഗിക്കാനുള്ള മടി കൊണ്ടാണോ യെച്ചൂരി വരാത്തത്? പ്രത്യേകിച്ചും കോണ്‍ഗ്രസ്സുമായി ബന്ധം വേണമെന്ന നയരേഖാ വിവാദമൊക്കെ ഓര്‍മ്മയുള്ള കേരളത്തിലെ രാഷ്ട്രീയ സമൂഹം പുച്ഛിച്ച് ചിരിക്കുമോ എന്ന ചളിപ്പോ?

വെറുതെ ഇങ്ങനെയൊക്കെ ചിന്തിച്ചുപോയി. യെച്ചൂരി വയനാട്ടിലേക്കില്ല എന്ന വാര്‍ത്ത അടിച്ചിറക്കിയ മാതൃഭൂമി ലേഖകനും വായനക്കാരന്‍ ഇങ്ങനെയൊക്കെ ചിന്തിക്കണം എന്നൊക്കെയായിരിക്കും പ്രതീക്ഷിച്ചിട്ടുണ്ടാവുക.

തിരഞ്ഞെടുപ്പ് ചൂടല്ലേ… എന്തും വേവും… ©

വേനൽചൂടും തെരഞ്ഞെടുപ്പ് ചൂടും ഒന്നിച്ച് വന്നാൽ പിന്നെ വാർത്തകൾക്കെങ്ങനെ ചൂട് പിടിക്കാതിരിക്കും. കൂടുതൽ വാർത്തകൾക്ക് അഴിമുഖം സന്ദർശിക്കൂ

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍