UPDATES

പിള്ളേച്ചന്റെ അതിമോഹം, മകന്റെയും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറിഞ്ഞി മല കയറുകയാണ്. അത് കഴിഞ്ഞു വരുമ്പോഴേക്കും യുഡിഎഫ് ഉണ്ടാകുമോ ആവോ?

വന്യമായ ഭാവനയുടെ ഇടമാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യം, പ്രത്യേകിച്ച് ഭാവനാസമ്പന്നരുടെ കയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന, നടന്നു കഴിഞ്ഞ ഓരോ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത് അതാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനമായ മേഘാലയയില്‍ 5 കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ രാജിവെച്ചു ബിജെപിയുടെ സഖ്യ കക്ഷിയായ എന്‍ പി പിയില്‍ ചേര്‍ന്നു എന്നാണ് പുതിയ വാര്‍ത്ത. കുറച്ചു കഴിഞ്ഞാല്‍ ഈ എന്‍ പി പി തന്നെ ബിജെപി ആയി മാറും. കഴിഞ്ഞ വര്‍ഷം അരുണാചല്‍ പ്രദേശിലും ഗോവയിലും ഒക്കെ എന്താണ് നടന്നതെന്ന് നമ്മള്‍ കണ്ടു. ബീഹാര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയെ വെള്ളം കുടിപ്പിച്ച നിതീഷ് കുമാറിന് എന്തു സംഭവിച്ചു എന്നും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ കോണ്‍ഗ്രസ്സ്, തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് ഒഴുകുകയാണ് എന്നാണ് വാര്‍ത്ത. തെക്കോട്ടേക്ക് വന്നാല്‍ ആര്‍ കെ നഗറില്‍ ഔദ്യോഗിക പക്ഷത്തെയും പ്രതിപക്ഷത്തെയും തോല്‍പ്പിക്കുന്ന വിജയത്തിളക്കവുമായി ടിടിവി ദിനകരന്‍ എന്ന വിമതന്‍ ഉയര്‍ന്നു വരുന്നു.

ജനാധിപത്യത്തിന്റെ സമകാലിക ദേശീയ ആഖ്യാനം ആമുഖമായി പറഞ്ഞത് വളരെ കൌതുകകരമായ ഒരു രാഷ്ട്രീയ നാടകം കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ അരങ്ങേറാന്‍ പോകുന്നു എന്ന സൂചനയെ അവതരിപ്പിക്കാനാണ്. നടക്കുന്നത് എല്‍ഡിഎഫിലാണ്. എകെജി സെന്ററിന്റെ മുന്‍വാതില്‍ തുറന്നു കിട്ടില്ല എന്നു മനസിലായ പിള്ളേച്ചനും മകനും പിന്‍വാതിലിലൂടെ ഒളിച്ചുകയറാന്‍ പറ്റുമോ എന്നു നോക്കുകയാണ്.

കേരള കോണ്‍ഗ്രസ്സ് അധ്യക്ഷനും മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ബാലകൃഷ്ണ പിള്ള തന്റെ പാര്‍ട്ടിയെ എന്‍സിപിയില്‍ ലയിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാണ് വാര്‍ത്ത. മുന്നണി പ്രവേശനം മാത്രമല്ല ഇതിന് പിന്നിലുള്ള ലക്ഷ്യമെന്നും മറിച്ച് കയ്യാലപ്പുറത്തിരിക്കുന്ന എന്‍സിപിയുടെ മന്ത്രിപദം തങ്ങളുടെ കണ്ടത്തിലേക്ക് തള്ളിയിടുകയാണ് എന്നും രാഷ്ട്രീയ നിരീക്ഷകര്‍ ഭാവന ചെയ്യുന്നു.

ചാണ്ടിയുടെ ജന്മികുടിയാന്‍ ലൈനും പവാറിന്റെ എന്‍ഡിഎ മോഹവും; കേരളത്തിലെ എന്‍സിപിയില്‍ കാര്യങ്ങള്‍ ചീഞ്ഞുനാറുകയാണ്

മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്ററും ബാലകൃഷ്ണ പിള്ളയും തമ്മില്‍ ഇത് സംബന്ധിച്ചു ആശയവിനിമയം നടന്നു എന്നാണ്. “പ്രാഥമിക ചര്‍ച്ചയിലെ വിവരങ്ങള്‍ പീതാംബരന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് എന്‍സിപിയുടെ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം എറണാകുളത്ത് ചേരും. ഈ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും”

എന്‍സിപി എന്ന ദേശീയ തലത്തിലെ കൊമ്പനാന ഒരു അഭിമാന പ്രതിസന്ധിയിലാണ്. ദേശീയ പാര്‍ട്ടിയായ തങ്ങള്‍ക്ക് രാജ്യത്ത് ഒരിടത്തും മന്ത്രിമാരില്ല. ഉണ്ടായിരുന്ന മന്ത്രി പദം കയ്യിലിരുപ്പ് കാരണം കക്ഷത്തുനിന്നും പോയി (അതേ കുറിച്ച് ഒരുപാട് എഴുതിയിട്ടുള്ളതിനാല്‍ വിശദീകരിക്കുന്നില്ല). ഈ വീക്ക് പോയിന്റിലാണ് പിള്ളേച്ചനും മകനും പിടിക്കാന്‍ ശ്രമിക്കുന്നത്.

നിലവില്‍ എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാര്‍ക്കും മന്ത്രിയാവുന്നതിന് തടസ്സങ്ങളുണ്ട്. തോമസ് ചാണ്ടിയുടെ കേസ് സുപ്രീം കോടതിയിലും എ കെ ശശീന്ദ്രന്റെ കേസ് ഹൈക്കോടതിയിലുമാണ്. ഇതിന് ഒരു തീരുമാനമുണ്ടാകാതെ തിരിച്ചു കയറാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ആ സാഹചര്യത്തിലാണ് ഇത്തരമൊരു രാഷ്ട്രീയ ട്രിപ്പീസ് കളിയുടെ സാധ്യത ആരായപ്പെടുന്നത്.

ഇതാ, അതിവിടെയാണ്; ജനാധിപത്യത്തിന്റെ സുന്ദര സുരഭില കാലം!

അതേസമയം ബാലകൃഷ്ണപിള്ളയുടെ വരവിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാന്‍ തയ്യാറെടുക്കുകയാണ് എന്‍സിപിയിലെ ശശീന്ദ്രന്‍ പക്ഷം. “അഴിമതി നടത്തിയതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ഒരാളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കുമെന്നും ബാലകൃഷ്ണപിള്ള പാര്‍ട്ടി തട്ടി എടുക്കുമെന്നു”മാണ് ശശീന്ദ്രന്‍ പക്ഷം പറയുന്നത്. (മാതൃഭൂമി) മുന്‍പ് എന്‍സിപി സന്ദര്‍ശിച്ചു പോയ കെ മുരളീധരന്റെ ഉദാഹരണമാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഒരു കാര്യം ഉറപ്പാണ്. ശശീന്ദ്രന്‍ പക്ഷം ഇങ്ങനെ വാളെടുക്കണമെങ്കില്‍ പിള്ളയ്ക്ക് പിന്നില്‍ ചാണ്ടിച്ചായന്‍ ആയിരിക്കും. തനിക്കില്ലാത്ത മന്ത്രിസ്ഥാനം അവനും വേണ്ട എന്ന സിന്‍ഡ്രോം. മാത്രമല്ല ഗണേഷ് കുമാര്‍ എംഎല്‍എയെയും കൂടെ കൂട്ടിയാല്‍ എന്‍ സി പിയില്‍ ശക്തനാകാം എന്ന ഭാവന. മംഗളം കെണിയുടെ പിന്നില്‍ പോലും വന്യമായ ചില സാധ്യതകള്‍ ആരോപിക്കപ്പെട്ടിരുന്നു എന്ന കാര്യം ഇത്തരുണത്തില്‍ ഓര്‍ക്കാം.

പക്ഷേ എന്‍സിപിയില്‍ ചേരുന്നു എന്ന വാര്‍ത്ത അച്ഛനും മകനും നിഷേധിച്ചു എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം കെ.ബി ഗണേഷ് കുമാര്‍ കേരള കോണ്‍ഗ്രസ്സിനെ പിളര്‍ത്തി എന്‍സിപിയിലേക്ക് പോകാനാണ് ശ്രമിക്കുന്നത് എന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. മുന്നണി രാഷ്ട്രീയത്തില്‍ ഇങ്ങനെയുള്ള അഭ്യൂഹങ്ങള്‍ ആണല്ലോ നാളത്തെ സത്യങ്ങള്‍.

ആയാറാം ഗയാറാമുമാര്‍ (മല്ലു സ്റ്റൈല്‍)

ഇടതു മുന്നണിയിലെ ഒറ്റയാന്‍മാരായ സിഎംപിയുടെ വിജയന്‍ പിള്ള മുതലാളിയും ആര്‍ എസ് പിയുടെ ഒരു ബ്രാക്കറ്റ് പാര്‍ട്ടിയിലെ കോവൂര്‍ കുഞ്ഞുമോനും മന്ത്രിപ്പണി കിട്ടിയാല്‍ തങ്ങള്‍ക്കും കയ്ക്കില്ല എന്ന മനോനിലയിലാണ് എന്ന അഭ്യൂഹങ്ങള്‍ ഒരു കോമഡിയായി കണ്ടാല്‍ മതി.

എന്തായാലും ഇടതു മുന്നണിയില്‍ കുറിഞ്ഞി പൂക്കുന്ന കാലമാണ്. എം പി വീരേന്ദ്രകുമാര്‍ യുഡിഎഫ് നല്‍കിയ എം പി സ്ഥാനം രാജിവെച്ചു കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കൊടിയേരിയും കാനവും വീരനെയും പ്രേമചന്ദ്രനെയുമൊക്കെ ഇടയ്ക്കിടയ്ക്ക് തറവാട്ടിലേക്ക് ക്ഷണിക്കുന്നുണ്ട്. മാണി സാര്‍ സംസ്ഥാന സമ്മേളനമൊക്കെ കഴിഞ്ഞു പാര്‍ട്ടി ആസ്ഥാനത്തിന്റെ വാതില്‍ മലക്കെ തുറന്നിട്ടിരിപ്പാണ്. മുസ്ലീം ലീഗ് യുഡിഎഫില്‍ തന്നെയാണ് എന്നു ജനങ്ങള്‍ ഓര്‍മ്മിച്ചത് കഴിഞ്ഞ വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ സമയത്താണ്. വെള്ളാപ്പള്ളിയുടെ ബിഡിജെഎസിനും കളം മാറ്റി ചവിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറിഞ്ഞി മല കയറുകയാണ്. അത് കഴിഞ്ഞു വരുമ്പോഴേക്കും യുഡിഎഫ് ഉണ്ടാകുമോ ആവോ? എന്തായാലും അദ്ദേഹം നല്ല ആത്മവിശ്വാസത്തിലാണ്. പണ്ട് വി എസ് അച്ചുതാനന്ദന്‍ മതികെട്ടാന്‍ മല ചവിട്ടിയിട്ടാണ് മുഖ്യമന്ത്രി ആയത് എന്നു ആരോ അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ട് എന്നു തോന്നുന്നു.

ബാലകൃഷ്ണപിള്ളയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ക്യാബിനറ്റ് പദവി : വീണ്ടും മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍