UPDATES

ട്രെന്‍ഡിങ്ങ്

കാരാട്ടിന്റെ നാട്ടില്‍ യെച്ചൂരിയുടെ ‘അടവ്’

ദ്വിമുഖ ഫാസിസ്റ്റ് ആക്രമണം ഉണ്ടാകുമ്പോള്‍ എങ്ങനെ നേരിടണം എന്ന ത്രികോണ സിദ്ധാന്തം അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാം അല്ലേ, സഖാക്കളേ?

കോണ്‍ഗ്രസ്സുമായി സഹകരിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് നാടകീയവും സംഘര്‍ഷഭരിതവും, ഒരു വേള സിപിഎം ഇതാ പിളരാന്‍ പോകുന്നു എന്നു ‘ബൂര്‍ഷാ’ മാധ്യമങ്ങളെ കൊണ്ട് അച്ച് നിരത്തിക്കുകയും ചെയ്ത, സംഭവബഹുലമായ പാര്‍ട്ടി കോണ്‍ഗ്രസ്സിന് ശേഷം സിപിഎം അടവിന്റെ പ്രായോഗിക പരീക്ഷണങ്ങള്‍ ആരംഭിച്ചു. അതിന്റെ തുടക്കം കാരാട്ടിന്‍റെ ജന്മനാട്ടില്‍ തന്നെയായത് രാഷ്ട്രീയ കാവ്യ നീതിയാകാം. രാഷ്ട്രീയ കഥാ പ്രാസംഗികര്‍ക്ക് ഇതുപോലെ ആഹ്ലാദകരമായ യാദൃശ്ചികത ഇനി കിട്ടാനില്ല.

പ്രകാശ് കാരാട്ടിന്‍റെ ജന്മ ഗൃഹമായ കാരാട്ട് തറവാട് സ്ഥിതിചെയ്യുന്ന എലപ്പുള്ളിയില്‍ നിന്നും പാലക്കാട്ടേക്ക് കഷ്ടിച്ച് 15 കിലോമീറ്റര്‍ മാത്രമാണുള്ളത്. ഇന്നലെ പാലക്കാട് നഗരസഭയിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷയ്ക്കെതിരെ കോണ്‍ഗ്രസ്സ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം യെച്ചൂരി ലൈന്‍ പിന്‍പറ്റി സിപിഎം പിന്തുണച്ചതോടെ കേരളത്തിലെ ഏക നഗരസഭയുടെ ഭരണ സാരഥ്യത്തില്‍ നിന്നും ബിജെപി പുറത്താകും എന്ന് ഏറെക്കുറെ ഉറപ്പായി.

ഒന്‍പതംഗ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നാല് ബിജെപി, നാല് കോണ്‍ഗ്രസ്സ് ഒരു സിപിഎം എന്ന നിലയിലാണ് അംഗബലം. അധ്യക്ഷനെതിരെ അഞ്ചു വോട്ടുകള്‍ വീണതോടെ പതനം ഉറപ്പായി.

ഏപ്രില്‍ 28നു ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർമാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം സിപിഎമ്മിന്റെ പിന്തുണയോടെയാണ് അവതരിപ്പിച്ചതെങ്കിലും ഒരു സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായതോടെ പരാജയപ്പെടുകയായിരുന്നു. ഇത് ബോധപൂര്‍വ്വം സംഭവിച്ചതാണെന്നും സിപിഎമ്മില്‍ ദേശീയ തലത്തില്‍ തന്നെയുള്ള ഗ്രൂപ്പ് പോരാണെന്നും ഒക്കെയുള്ള പ്രചരണം ഉണ്ടായപ്പോള്‍ പ്രതിരോധിക്കാന്‍ സിപിഎം വല്ലാതെ ബുദ്ധിമുട്ടുകയും ചെയ്തു. എന്തായാലും ആ അബദ്ധം ഇത്തവണ സംഭവിക്കരുത് എന്ന മുന്‍കരുതല്‍ എടുത്തുകൊണ്ടാണ് സിപിഎം അവിശ്വാസ പ്രമേയ വോട്ടിംഗിന് ഇത്തവണ ഇറങ്ങിയത്.

പാര്‍ട്ടി യെച്ചൂരി പിടിച്ചോ..? പിടിച്ചില്ലേ…?

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷയ്ക്കെതിരെയുള്ള അവിശ്വാസം പ്രമേയം വിജയിച്ചതോടെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് കൊടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്സ് എന്നു ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ബിജെപിക്ക് മൂന്നും കോണ്‍ഗ്രസ്സിന് നാലും സിപിഎമ്മിന് ഒന്നും എന്ന നിലയിലാണ് അംഗബലം. ആ അവിശ്വാസ പ്രമേയം ജയിച്ചാലുടന്‍ നഗര സഭ വൈസ് ചെയര്‍മാനും അധ്യക്ഷനും എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് കൊടുക്കും എന്നു കോണ്‍ഗ്രസ്സ് വ്യക്തമാക്കിയതായി ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ട് പറയുന്നു. 52 അംഗ നഗരസഭയില്‍ ബിജെപിക്ക് 24 അംഗങ്ങളും യുഡിഎഫിനും എല്‍ ഡി എഫിനും കൂടി 26 അംഗങ്ങളും ആണുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടി, സ്വതന്ത്രന്‍ ഓരോന്ന് എന്ന നിലയിലാണ് മറ്റ് കക്ഷിനില.

പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് ഈ വിഷയം ഉയര്‍ന്നുവന്നപ്പോള്‍ “ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസുമായി കൂട്ട് ചേരില്ലെന്നത് പാര്‍ട്ടിനയമാണ്. പാലക്കാട് നഗരസഭയില്‍ ഞങ്ങള്‍ നടത്തിയ സമരങ്ങള്‍ വിജയിച്ചിട്ടുണ്ട്. അവിശ്വാസം പ്രമേയം കൊണ്ടുവരാനുളള നീക്കത്തെ പറ്റി ആരും ഞങ്ങളുമായി ചര്‍ച്ച ചെയ്തിട്ടില്ല. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ തിരുമാനം എടുക്കാനാവില്ല. അവിശ്വാസപ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കട്ടെ, അപ്പോള്‍ ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ നടക്കുന്നത് കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള ഒത്തുതീര്‍പ്പ് ഭരണമാണ്. കഴിഞ്ഞ ഭരണത്തില്‍ യുഡിഎഫ് അധികാരത്തിലുണ്ടായിരുന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു സ്ഥിതി” എന്നൊക്കെയാണ് പാലക്കാട് എം പി കൂടിയായ എം ബി രാജേഷ് അഴിമുഖത്തോട് പറഞ്ഞത്.

സംസ്ഥാനത്ത് ഭരണത്തിലുളള ഏക നഗരസഭയില്‍ നിന്നും ബിജെപി വീഴുമോ? സിപിഎം നിലപാട് നിര്‍ണായകം

“കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് പോകുകയെന്നത് നടക്കുന്ന കാര്യമല്ല. അതുകൊണ്ട് അത്തരം ചര്‍ച്ചകള്‍ മുന്നോട്ട് പോകാനാവില്ല. ബിജെപിയെ പുറത്താക്കിയാല്‍ വീണ്ടും ഒരു ഇലക്ഷന്‍ വേണ്ടിവരും” എന്നായിരുന്നു ജില്ലാ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ വി കെ ശ്രീകണ്ഠന്റെ അഭിപ്രായം.

എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു തുടങ്ങി എന്നുതന്നെയാണ് പാലക്കാട് നഗരസഭയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

സിപിഎം–കോണ്‍ഗ്രസ്സ് ധാരണയ്ക്ക് ബിജാവാപം കുറിച്ച ബംഗാളില്‍ മെയ് 28നു നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സിപിഎമ്മിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു എന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. സൌത്ത് പര്‍ഗാനയിലെ മഹേഷ്തല മണ്ഡലത്തില്‍ തൃണമൂല്‍ ഫാസിസത്തെ നേരിടാന്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ഒന്നിച്ചാല്‍ നടക്കുന്ന ത്രികോണ മത്സരത്തില്‍ സംഘപരിവാര്‍ ഫാസിസം വിജയിച്ചേക്കാം എന്നാണ് ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

അപ്പോള്‍ ദ്വിമുഖ ഫാസിസ്റ്റ് ആക്രമണം ഉണ്ടാകുമ്പോള്‍ എങ്ങനെ നേരിടണം എന്ന ത്രികോണ സിദ്ധാന്തം അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാം അല്ലേ, സഖാക്കളേ?

പാലക്കാട് നഗരസഭ: സിപിഎം സഹായിച്ചാല്‍ ബിജെപിയെ ഇറക്കാമെന്ന് കോണ്‍ഗ്രസ്, സിപിഎം എന്തുചെയ്യും?

വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് യെച്ചൂരി നന്ദി പറയണം, മോദിയോടും അമിത് ഷായോടും

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍