UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മധുപാല്‍ മരിച്ചെന്ന് വ്യാജ വാര്‍ത്ത; സഞ്ചയന തീയതി വരെ തീരുമാനിച്ചു

മധുപാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ഒരു പ്രസംഗത്തിനെ തുടര്‍ന്നായിരുന്നു സൈബര്‍ ആക്രമണത്തിന്റെ തുടക്കം.

സംവിധായകനും നടനുമായ മധുപാലിനെതിരെ ക്രൂരമായ സൈബര്‍ ആക്രമണം. മധുപാല്‍ മരിച്ചെന്നും ‘സഞ്ചയനം 28-5-2019 രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍’ എന്നും കുറിച്ചാണ് പ്രചരണം നടത്തുന്നത്. മധുപാലിന്റെ ഫേസ്ബുക്ക് പേജിലും പ്രൊഫൈലിലും അസഭ്യ വര്‍ഷവും നടക്കുന്നുണ്ട്. ഇടതുപക്ഷത്തെ അനുകൂലിച്ചുകൊണ്ട് മധുപാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ഒരു പ്രസംഗത്തിനെ തുടര്‍ന്നായിരുന്നു സൈബര്‍ ആക്രമണത്തിന്റെ തുടക്കം.

‘നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്. ജീവനുള്ള മനുഷ്യര്‍ക്ക് ഇവിടെ ജീവിക്കാനാകണം, ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നാം കണ്ടതാണ്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടത്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ, മനുഷ്യനെ മതത്തിന്റെ ചതുരത്തില്‍ നിര്‍ത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം’ എന്നായിരുന്നു മധുപാലിന്റെ പ്രസംഗം.

ഇതിനെ തുടര്‍ന്ന് മധുപാലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടും മധുപാല്‍ മരിച്ചു എന്ന വാര്‍ത്തയും സൈബര്‍ അക്രമികള്‍ പ്രചരിപ്പിച്ചിരുന്നു. ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് മധുപാല്‍ പറഞ്ഞതായിട്ടായിരുന്നു പ്രധാന പ്രചരണം. പ്രചരണം വ്യാപകമായതോടെ ഏപ്രില്‍ 21ന് തന്റെ നിലപാട് വിശദീകരിച്ച് മധുപാല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

എക്‌സിറ്റ് പോള്‍ ഫലം കഴിഞ്ഞ ദിവസം എത്തിയതും മറ്റും കാരണം മധുപാലിനെതിരെ വീണ്ടും സൈബര്‍ ആക്രമണം എത്തി. പരിഹാസത്തിനും അസഭ്യത്തിനും പുറമേ മധുപാലിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടും സഞ്ചയന തീയതി ഉട്ടുകൊണ്ടുമുള്ളള്ള പോസ്റ്ററുകള്‍ക്ക് എതിരെ ശാരദക്കുട്ടി ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

‘ഇതിനാണ് അഹങ്കാരം, അജ്ഞത, എന്നെല്ലാം പറയുന്നത്. മധുപാല്‍ പറഞ്ഞതെന്ത്? ഇവന്മാര്‍ക്ക് തിരിഞ്ഞതെന്ത്? ഓടിന്റെ അറ്റം കടിച്ചിട്ട് അമ്പലം വിഴുങ്ങിയേ എന്നു ഘോഷിക്കുന്നവര്‍.

ഇന്നയാള്‍ പ്രതികരിച്ചിട്ടുണ്ട്, അയാളുടെ ചുവരില്‍ പോയി തെറി വിളിച്ചിട്ടു വാ’ എന്നു സന്ദേശം കിട്ടിയാലുടന്‍ മുന്‍ പിന്‍ നോക്കാതെ കയ്യിലെ തെറി നിഘണ്ടുവുമായി ഇറങ്ങുന്ന വെട്ടുക്കിളിക്കൂട്ടങ്ങള്‍.

മധുപാലിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ ഹീനമാണ്. സംസ്‌കാര ശൂന്യമാണ്. അന്തസ്സില്ലാത്തതാണ്. ആഭാസത്തരവുമാണ്. ശക്തമായി പ്രതിഷേധിക്കുന്നു. ഭാരതമെന്നു കേട്ടാലഭിമാന പൂരിതമാകുന്നവരുടെ അന്തരംഗം എത്ര മലീമസമാണെന്നു നോക്കൂ.’


.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍