UPDATES

ട്രെന്‍ഡിങ്ങ്

പിള്ളയുടെ രഥ യാത്രയും ശരവണന്‍മാരുടെ പദയാത്രയും; ഒറ്റ വേദിയില്‍ അവസാനിക്കുമോ എന്ന് കാത്ത് കേരളം

കാര്യങ്ങള്‍ കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞ വഴിയിലേക്കാണ് കോണ്‍ഗ്രസ്സ് അതിവേഗം ബഹുദൂരം പോകുന്നത് എന്നാണ് പാലക്കാട് കല്‍പ്പാത്തിയിലെ കൌണ്‍സിലര്‍ ശരവണനും തെളിയിക്കുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി.എസ് ശ്രീധരന്‍ പിള്ള നയിക്കുന്ന രഥയാത്രയും കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ. സുധാകരന്‍ നയിക്കുന്ന പദയാത്രയും ഇന്ന് കാസര്‍ഗോഡ് നിന്നു തുടങ്ങുകയാണ്. ഒരക്ഷരത്തിന്റെ വ്യത്യാസമേയുള്ളൂ രണ്ടും തമ്മില്‍ എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ കുറച്ചു കൂടി കടത്തി, രണ്ട് ജാഥയ്ക്കും ഒരേ അജണ്ട എന്നാണ് ദേശാഭിമാനി പറയുന്നത്. അത് അതിശയോക്തിയാണ് എന്നു പറയാനും പറ്റില്ല. കാരണം രണ്ട് ജാഥകളും ഒരേ ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്; വിശ്വാസ സംരക്ഷണം.

ബിജെപിയുടേത് തീവ്രമാണെങ്കില്‍ കോണ്‍ഗ്രസ് ഈ കാര്യത്തില്‍ ഔദ്യോഗികമായി മിതവാദമാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ജാഥ നയിക്കുന്ന കെ സുധാകരന്‍ ഈ കാര്യത്തില്‍ അത്ര മിതവാദിയല്ല എന്നതാണ് ദേശാഭിമാനി വാര്‍ത്ത അതിശയോക്തിയല്ല എന്നു പറയാന്‍ കാരണം.

ശബരിമല അടക്കമുള്ള പ്രമുഖ വിധികള്‍ പുറപ്പെടുവിച്ച ഉടനെ “സുപ്രീം കോടതി ജഡ്ജിയുടെ തലക്ക് വെളിവില്ല” എന്നാണ് സെപ്തംബര്‍ 30-നു സുധാകരന്‍ പ്രസ്താവിച്ചത്. “ശബരിമലയില്‍ വിശ്വാസികള്‍ ഒന്നിച്ചു നിന്നാല്‍ ഒരു പോലീസും പട്ടാളവും കാലുകുത്തില്ലെ”ന്ന് സുധാകരന്‍ പിന്നീട് പറഞ്ഞു. “ഗുണ്ടകളെ ഇറക്കി ആക്റ്റിവിസ്റ്റുകളെ കയറ്റാനാണ് സിപിഎം പദ്ധതി എങ്കില്‍ അവിടെ എന്തും സംഭവിക്കും” എന്നു കെ സുധാകരന്‍ മറ്റൊരിടത്ത് ഭീഷണി മുഴക്കി. “വിശ്വാസ സംരക്ഷണത്തിന് കോണ്‍ഗ്രസ് ഇറങ്ങിയില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ വാട്ടര്‍ലൂ ആകുമെന്നാ”യിരുന്നു സ്വന്തം പാര്‍ട്ടിക്ക് കെ സുധാകരന്‍ നല്കിയ മുന്നറിയിപ്പ്. ഏറ്റവും ഒടുവില്‍ വിശ്വാസ സംരക്ഷണ പദയാത്രയുടെ മുന്നോടിയായി കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, “പിണറായിയുടെ ലക്ഷ്യം ശബരിമലയെ തകര്‍ക്കുക”യാണ് എന്ന് കെ സുധാകരന്‍ ആരോപിച്ചു.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി പി.എസ് ശ്രീധരന്‍ പിള്ള അടക്കമുള്ള ബിജെപി നേതാക്കള്‍ പറയുന്ന പ്രസ്താവനകളും സുധാകരന്‍ പറയുന്നതും തമ്മില്‍ എന്താണ് വ്യത്യാസമുള്ളത്?

ശബരിമല വിഷയത്തില്‍ വടക്ക് നിന്നുള്ള പദയാത്രയുടെ ലീഡറായി കെ സുധാകരനെ തീരുമാനിച്ചത് രാഷ്ട്രീയമായി കോണ്‍ഗ്രസ്സിന്റെ തന്ത്രപരമായ തിരഞ്ഞെടുപ്പാണ്. തീവ്ര വിശ്വാസ രാഷ്ട്രീയം പറയുന്ന ബിജെപിയെ നേരിടാന്‍ അതേ നാണയത്തില്‍ വിശ്വാസ രാഷ്ട്രീയം പറയുന്ന ആള്‍. പക്ഷേ ബിജെപിക്കാര്‍ ചാക്കുമായി തന്നെ സമീപിച്ചിരുന്നു എന്ന കെ സുധാകരന്റെ മുന്‍ വെളിപ്പെടുത്തലുകള്‍ ഓര്‍മ്മയുള്ള സെക്യുലര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെടുന്ന ഒന്നുണ്ട്. നവംബര്‍ 15-ന് ജാഥ സമാപിക്കുമ്പോള്‍ ഈ നേതാവ് കോണ്‍ഗ്രസ്സില്‍ തന്നെയുണ്ടാകുമോ എന്ന ഭീതി.

കെപിസിസി നിര്‍വാഹക സമിതി അംഗം രാമന്‍ നായരിലാണ് ബിജെപി ശബരിമലാനന്തര ചാക്കിട്ട് പിടുത്തം തുടങ്ങിയത്. അക്കൂട്ടത്തില്‍ മുന്‍ വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീള ദേവിയും ബിജെപിയില്‍ എത്തി. കോണ്‍ഗ്രസ് സഹയാത്രികനായ കെ എസ് രാധാകൃഷ്ണനും അതി വിദൂരമല്ലാത്ത ഭാവിയില്‍ ബിജെപി പാളയത്തില്‍ കാണാമെന്നാണ് രാഷ്ട്രീയ ഉപശാലയില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍.

ഈ സൂചനയ്ക്ക് അടിസ്ഥാനം നല്‍കി കാലടി സംസ്കൃത സര്‍വ്വകലാശാല മുന്‍ വിസിയും മുന്‍ പി എസ് സി ചെയര്‍മാനുമായ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് നടത്തിയ സംഭാഷണത്തില്‍ മുക്തകണ്ഠം പ്രശംസിക്കപ്പെട്ട നേതാവ് കെ സുധാകരന്‍ ആണ് എന്നത് ഒരു യാദൃശ്ചികതയല്ല. വിമര്‍ശിക്കപ്പെട്ടത് സ്ത്രീകള്‍ കയറണം എന്ന നിലപാട് സ്വീകരിച്ച രാഹുല്‍ ഗാന്ധിയും. ആ പ്രസ്താവനയുടെ ചുരുക്കം ഇതാണ്; “രാഹുല്‍ ഗാന്ധി വഞ്ചിച്ചു. കെ. സുധാകരനെപ്പോലെ കരുത്തുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തിയാലും അത്ഭുതമില്ല. കേരളത്തില്‍ 16 ശതമാനം വോട്ടുള്ള ബിജെപി സാമാന്യം ഭേദപ്പെട്ട പാര്‍ട്ടിയാണ്. കെ. സുധാകരനെപ്പോലെ കരുത്തുള്ള ഒരു നേതാവിനെ കിട്ടിയാല്‍ അവര്‍ക്ക് പ്രയോജനമുണ്ടാകും.”

കാര്യങ്ങള്‍ കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞ വഴിയിലേക്കാണ് കോണ്‍ഗ്രസ്സ് അതിവേഗം ബഹുദൂരം പോകുന്നത് എന്നാണ് പാലക്കാട് കല്‍പ്പാത്തിയിലെ കൌണ്‍സിലര്‍ ശരവണനും തെളിയിക്കുന്നത്. തങ്ങള്‍ കേരളത്തില്‍ ഭരിക്കുന്ന ഏക നഗരസഭയില്‍ നിന്നും പടിയിറങ്ങേണ്ടി വരുന്നത് ബിജെപിക്ക് സഹിക്കാവുന്നതിന് അപ്പുറമാണ്. അത് തടയാന്‍ അവര്‍ എന്തു കുതന്ത്രവും സ്വീകരിക്കും എന്നു കോണ്‍ഗ്രസ് മനസിലാക്കേണ്ടിയിരുന്നു. പ്രത്യേകിച്ചും ത്രിപുര പോലുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന കാര്യങ്ങളും തൊട്ട് അയല്‍പക്ക സംസ്ഥാനമായ കര്‍ണാടകയിലെ കാര്യങ്ങളും മുന്‍ അനുഭവമായി ഉണ്ടായിരിക്കുമ്പോള്‍. പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാനം ഉണ്ടെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്ന കാര്യം മനസില്‍ പോലും ചിന്തിക്കാത്ത സിപിഎം കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചു എന്നതും ശ്രദ്ധിയ്ക്കുക. എന്നാല്‍ നിര്‍ണ്ണായക അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുന്‍പായി തന്റെ കൌണ്‍സിലര്‍ സ്ഥാനം രാജിവെച്ചു മുങ്ങുകയായിരുന്നു കോണ്‍ഗ്രസ്സുകാരനായ ശരവണന്‍. പ്രമേയം വിജയിപ്പിക്കാന്‍ ഒരു വോട്ട് മാത്രം മതിയെന്നിരിക്കെ രാഷ്ട്രീയ നാണക്കേടിന്റെ പടുകുഴിയിലേക്ക് കോണ്‍ഗ്രസ്സ് ചെന്നു പതിച്ചു.

ബിജെപി കുതിരക്കച്ചവടം നടത്തിയെന്നും ശരവണന് കാല്‍ക്കോടി രൂപ കൈക്കൂലി നല്‍കിയെന്നുമുള്ള ആരോപണങ്ങളുമായി കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും ഇതല്ലാതെ എന്തു പ്രതീക്ഷിക്കാന്‍ എന്ന നിലപാടായിരുന്നു പൊതുസമൂഹത്തിന്.

രണ്ടു ദിവസത്തെ അപ്രത്യക്ഷമാകലിന് ശേഷം ഇന്നലെ ബിജെപിയുടെ പാലക്കാട് ജില്ല ഓഫീസില്‍ ശരവണന്‍ പ്രത്യക്ഷപ്പെട്ടതോടെ നാണക്കേട് കാരണം തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയായി കോണ്‍ഗ്രസ്സിന്. തന്നെ കാണാനില്ലെന്ന് കാണിച്ചു പാലക്കാട് ഡി സി സി പ്രസിഡണ്ട് നല്കിയ പരാതിക്കെതിരെ ശരവണന്‍ ശക്തമായി പ്രതികരിച്ചു എന്നു മാത്രമല്ല വ്യാജ പരാതി നല്കിയതിന് കുറച്ചു ദിവസം മുന്‍പ് വരെ സ്വന്തം നേതാവായിരുന്ന ആള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ് കൊടുക്കുകയും ചെയ്തു.

പത്രസമ്മേളനത്തില്‍ ശരവണന്‍ പറഞ്ഞത് ഇതാണ്; “കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ രീതികളോട് തനിക്ക് യോജിക്കാനാവില്ല. കോണ്‍ഗ്രസിനെ സിപിഎം പാളയത്തില്‍ കെട്ടാനുള്ള നേതൃത്വത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് നഗരസഭാംഗത്വം രാജിവച്ചത്. ആരെയും വഞ്ചിച്ചിട്ടില്ല. ആരില്‍ നിന്നും പണം കൈപ്പറ്റിയിട്ടില്ല. ബിജെപിയില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയാണ് താന്‍ രാജിവച്ചതെന്ന ആരോപണം ഉന്നയിക്കുന്നവരോട് തന്നെ അതിനെക്കുറിച്ച് ചോദിക്കണം. സാമ്പത്തികമായി ഒരു നേട്ടവും ഇതിന് പിന്നിലില്ല. ഞാന്‍ അഭിമാനത്തോടെ രാജിവക്കുകയാണ് ചെയ്തത്. അല്ലാതെ അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയോ വോട്ട് അസാധുവാക്കുകയോ ചെയ്തിട്ടില്ല. സംരക്ഷണം നല്‍കണമെന്ന് ബിജെപിയോട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. നാലാംതീയതി വൈകിട്ട് സെക്രട്ടറിക്ക് രാജിസമര്‍പ്പിച്ചതിന് ശേഷം കുടുംബസമേതം തീര്‍ഥയാത്രയ്ക്കു പോയതാണ്. ക്ഷേത്രദര്‍ശനത്തിനായാണ് രണ്ട് ദിവസം പാലക്കാട് നിന്നും മാറി നിന്നത്.”

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്നും 12 കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്ന കാര്യം അത്യാഹ്ലാദത്തോടെ പി എസ് ശ്രീധരന്‍പിള്ള പങ്കുവെച്ചിരുന്നു. അതില്‍ കോണ്‍ഗ്രസ്സ് നേതാവിനെ ശ്രീധരന്‍ പിള്ള വിശേഷിപ്പിച്ചത് കെപിസിസി നിലാവരമുള്ള നേതാവ് എന്നാണ്. വാര്‍ത്തകളില്‍ നിന്നും മനസിലാവുന്നത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ഭാരവാഹി സുരേഷ് കേശവപുരമാണ് അത് എന്നാണ്.

അപ്പോള്‍ എന്താണ് കെപിസിസി നിലവാരം? ഉത്തരം പറയാന്‍ ഉറച്ച നിലപാടുകള്‍ കൈമോശം വന്നിട്ടില്ലാത്ത കോണ്‍ഗ്രസുകാര്‍ക്ക് ബാധ്യതയുണ്ട്.

ശിവന്‍റെ പുത്രനായ ശരവണന്‍ അയ്യപ്പന്റെ വകയിലൊരു സഹോദരനായി വരും. എല്ലാം അയ്യപ്പലീല എന്നല്ലാതെ എന്തുപറയാന്‍?

പാലക്കാട്: അവിശ്വാസ സമയത്ത് കോണ്‍ഗ്രസില്‍ നിന്ന് മുങ്ങിയ ശരവണന്‍ പൊങ്ങിയത് ബിജെപി ആസ്ഥാനത്ത്

രാജീവ് ചന്ദ്രശേഖറും വത്സന്‍ തില്ലങ്കേരിയും; ശ്രീധരന്‍ പിള്ളയുടെ ചില കൈവിട്ട കളികള്‍

എംടിയുടെ കൂടെയോ രാമന്‍നായരുടെ കൂടെയോ? ഈ ചോദ്യത്തിന് മലയാളി ഉത്തരം പറഞ്ഞേ പറ്റൂ

സുധാകരന്‍ അമിത് ഷായുടെ ചാക്കിലായോ? ആയെന്ന് സിപിഎം, ചാക്കുമായി വന്നെന്ന് സുധാകരന്‍

കാറില്ലാത്ത എകെജിയുടെ മൊയ്ദു ഡ്രൈവറും കെ സുധാകരന്റെ ഉഡായിപ്പുകളും

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍