UPDATES

ട്രെന്‍ഡിങ്ങ്

പ്രിയങ്കയുടെ ഉറക്കം കെടുത്തി ‘സഖാവ് മരപ്പട്ടി’; ഒരു ബഷീറിയന്‍ ഇടപെടല്‍

വയനാട് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയുടെ പ്രതീകാത്മക രംഗമാണോ വെസ്റ്റ് ഹില്ലിലെ തട്ടിന്‍പുറത്ത് അരങ്ങേറിയത്?

ഇന്നലെ പ്രിയങ്ക ഗാന്ധി താമസിച്ച വെസ്റ്റ് ഹില്‍ ഗസ്റ്റ് ഹൌസില്‍ നിന്നും ബേപ്പൂരിലേക്കുള്ള ദൂരം 15 കിലോമീറ്റര്‍. ഒരു മരപ്പട്ടിയെ സംബന്ധിച്ചിടത്തോളം ഈ ദൂരം കവര്‍ ചെയ്യുക എന്നത് അത്ര സാഹസപ്പെട്ട കാര്യമല്ല. അതുകൊണ്ട് ഇന്നലെ നെഹ്രു കുടുംബത്തിലെ ഇളമുറക്കാരിയുടെ ഉറക്കം കെടുത്തിയ മരപ്പട്ടി വന്നത് ബേപ്പൂരില്‍ നിന്നാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. പറഞ്ഞു വിട്ടത് അവിടത്തെ സുല്‍ത്താനും. അത് മറ്റാരുമല്ല സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍!

തെളിവെന്തെന്ന് ചോദിച്ചാല്‍ ഭൂമിയുടെ അവകാശികള്‍ എന്ന കഥ അദ്ദേഹമാണ് എഴുതിയത് എന്നത് തന്നെ.

വായനക്കാരുടെ ഓര്‍മ്മയ്ക്ക് കഥയിലെ ഒരു രംഗം ഇവിടെ പകര്‍ത്തുന്നു.

ഭാര്യ അടുക്കളയില്‍ നിന്നു പുകകൊണ്ട് ചെമന്ന കണ്ണുകളോടെ ഓടിവന്നു ചോദിച്ചു:

“നായ കുരക്കുകയും കോഴികള്‍ കൊക്കുകയും പക്ഷികള്‍ കൂട്ടത്തോടെ ചിലക്കുകയും ചെയുന്നത് കേട്ടല്ലോ. വല്ല പാമ്പോ ചേരയുമായിരുന്നോ?”

“സഖാവ് മൂര്‍ഖന്‍!”

“എന്നിട്ടടിച്ചു കോന്നില്ലേ?”

“ഇല്ല. ഭവതിയെപ്പോലെ ഒരു ഈശ്വര സൃഷ്ടി. അതും ജീവിക്കട്ടെ. ഈ ഭൂഗോളത്തിന്റെ അവകാശിയാണ്.”

“അതുകൊള്ളാം. നമ്മുടെ കുട്ടികള്‍ ഓടിനടക്കുന്ന സ്ഥലമാണ്. നമ്മുടെ പറമ്പില്‍ വരുമ്പോള്‍ അടിച്ചുകൊല്ലണം.”

“കൊല്ലണമെന്ന് വേഗം പറയാം. കൊല്ലുകയും ചെയ്യാം. ജീവന്‍ കൊടുത്ത് സൃഷ്ടിക്കാന്‍ ഒക്കുമോ?”

“മനുഷ്യരെയും മറ്റും കടിച്ചു കൊല്ലുന്ന പാമ്പുകളെയും മറ്റും ദൈവം എന്തിന് സൃഷ്ടിച്ചു?”

“ആനകള്‍, കടുവാ, സിംഹം, കരടി, കാട്ടുപോത്ത്, നീര്‍ക്കുതിര, പുലി, ചീങ്കണ്ണി, മുതല, ഒട്ടകം, കുതിര, മനുഷ്യക്കുരങ്ങ്, ചെന്നായ്, തേള്, മലമ്പാമ്പ്, കൊതുക്, മൂട്ട, വാവല്‍, കഴുകന്‍, മയില്‍, മാന്‍, മൈന, പഞ്ചവര്‍ണക്കിളി, എന്നിങ്ങനെ ഭൂമിയുടെ അവകാശികളായി ഒട്ടേറെ എണ്ണത്തിനെ സൃഷ്ടിച്ചിട്ടുണ്ട്. എന്തിന്? തിമിംഗലം, സ്രാവ്, മത്സ്യങ്ങള്‍, നീരാളി, കടല്‍പാമ്പുകള്‍ എന്നിവരെ എന്തിന് എന്തിന് സൃഷ്ടിച്ചു? ഒന്നും അറിഞ്ഞുകൂടാ. ദൈവഹിതം. ഏതായലും ഒന്നിനെയും കൊല്ലാതെ ജീവിക്കാന്‍ ശ്രമിക്കണം. ഹിംസ അരുത്!”

ഇനി പ്രിയങ്കയെ മരപ്പട്ടി ശല്യം ചെയ്ത കഥയിലേക്ക് വരാം.

വയനാട് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ അനുഗമിച്ചെത്തിയതാണ് പ്രിയങ്ക. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ എളിമ മുഖവിലയ്ക്കെടുത്ത് താജ് ഹോട്ടല്‍, റാവീസ് കടവ് എന്നീ ഫൈവ് സ്റ്റാര്‍ സെറ്റപ്പുകള്‍ ഉപേക്ഷിച്ച് വെസ്റ്റ് ഹില്ലിലെ ഗസ്റ്റ് ഹൌസിലാണ് പ്രിയങ്കയ്ക്കായി താമസം ഒരുക്കിയത്. അവിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

മാതൃഭൂമി റിപ്പോര്‍ട്ടര്‍ ആഷിക് കൃഷ്ണന്‍ ആ രംഗങ്ങള്‍ തന്റെ തൂലികയാല്‍ ഇങ്ങനെ പകര്‍ത്തിയിരിക്കുന്നു.

“രാഹുല്‍ ഗാന്ധിക്കൊപ്പമെത്തിയ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഉറക്കം കെടുത്തി മരപ്പട്ടി. ഇത് ബുധനാഴ്ച രാത്രി വെസ്റ്റ് ഹില്‍ ഗസ്റ്റ് ഹൌസില്‍ നാടകീയ രംഗങ്ങള്‍ക്ക് വഴി വെച്ചു. ഗസ്റ്റ് ഹൌസിന്റെ തട്ടുംപുറത്തായിരുന്നു മരപ്പട്ടി.”

ആഷിക് കൃഷ്ണന്‍ തുടരുന്നു. “പുലര്‍ച്ചെ രണ്ടരയോടെ തട്ടിന്‍ മുകളില്‍ നിന്നു ശബ്ദം കേട്ട് പ്രിയങ്ക ഉണര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. മരപ്പട്ടി തട്ടിന്‍മുകളിലോടുന്നതാണെന്ന് വ്യക്തമായി. മരപ്പട്ടിയുടെ ഗന്ധം പ്രിയങ്കയെ വല്ലാതെ അസ്വസ്ഥയാക്കി.”

സുരക്ഷാ ഉദ്യോഗസ്ഥര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മരപ്പട്ടി ഭീകരനെ ഒതുക്കാന്‍ സാധിച്ചില്ല. അതോടെ മാഡത്തിന്റെ താമസം റാവീസ് കടവിലേക്ക് മാറ്റിയാലോ എന്ന ആലോചനയായി. വാഹന വ്യൂഹമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒരുക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദേശവും ലഭിച്ചു.

തന്റെ വരവിന്റെ ഉദ്ദേശം സാര്‍ഥകമായെന്ന് മനസിലാക്കിയ മരപ്പട്ടി സ്ഥലം വിട്ടതോടെ പ്രിയങ്ക ഗസ്റ്റ് ഹൌസില്‍ തന്നെ ഉറക്കം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു എന്നു പറഞ്ഞുകൊണ്ടാണ് കഥ അല്ല വാര്‍ത്ത അവസാനിക്കുന്നത്.

യഥാര്‍ഥത്തില്‍ വയനാട് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയുടെ പ്രതീകാത്മക രംഗമാണോ വെസ്റ്റ് ഹില്ലിലെ തട്ടിന്‍പുറത്ത് അരങ്ങേറിയത്? കാടിറങ്ങി വരുന്ന ആനയും, കടുവയും, കുരങ്ങന്‍മാരും, കാട്ടുപന്നികളും, മലയണ്ണാനുമടക്കം വയനാട്ടുകാര്‍ക്ക് ഉണ്ടാക്കുന്ന പുകില്‍ ചെറുതല്ല. ജീവനാശവും കൃഷി നാശവും ഒക്കെ കൂടി ജനങ്ങള്‍ വലഞ്ഞിരിക്കുകയാണ്.

കഴിഞ്ഞാഴ്ചയാണ് വയനാട് ചീയമ്പത്ത് വനപാലകരെ ആക്രമിച്ച കടുവയെ പിടികൂടിയത്. അഞ്ച് പേരെയാണ് കടുവ ആക്രമിച്ചത്. വയനാട് പനമരം കാപ്പുംചാലിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ മരിച്ചത് മാര്‍ച്ച് രണ്ടാം വാരത്തിലാണ്. രാവിലെ 7 മണിക്ക് പാൽ വിൽപന കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കാപ്പുഞ്ചാലിന് സമീപം വെച്ചാണ് ആറുമൊട്ടംകുന്ന് കാളിയാർ തോട്ടത്തിൽ രാഘവനെ കാട്ടാന ആക്രമിച്ചത്. ജനവാസ മേഖലയോട് ചേർന്ന് തന്നെ കൊമ്പൻ നിലയുറപ്പിച്ചതിനാൽ പനമരം പഞ്ചായത്തിലെ ചെറുകാട്ടൂർ വില്ലേജിലെ കൈതക്കൽ, കാപ്പുംചാൽ, കൂളിവയൽ, കൊയ്ലേരി, ആറുവട്ടം കുന്ന് എന്നിവിടങ്ങളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിക്കുകയുമുണ്ടായി.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്നം രാത്രി യാത്ര നിരോധനമാണ്. ബംഗളൂരു നഗരത്തിലേക്ക് പോകാനുള്ള പാതയാണ് ഈ നശൂലം പിടിച്ച മൃഗങ്ങള്‍ കാരണം രാത്രിയില്‍ നിരോധിച്ചിരിക്കുന്നു. അതിനൊരു പരിഹാരം കാണണം എന്നാണ് രാഹുലിനെ വരവേല്‍ക്കാന്‍ കൂടിയ ജനാവലിയില്‍ ഒരാള്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പറഞ്ഞത്.

എന്നാല്‍ വോട്ടവകാശമില്ലാത്ത മനുഷ്യ ഭാഷ വശമില്ലാത്ത മൃഗങ്ങളും ഈ നാട്ടിലെ പൌരന്‍മാരും പൌരികളും അല്ലേ. അവര്‍ എങ്ങിനെയാണ് വന നിയമങ്ങളും പാരിസ്ഥിതിക നിയമങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയും ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടതിനെ കുറിച്ചുമുള്ള തങ്ങളുടെ ഡിമാന്‍ഡ് ഭാവി പ്രധാനമന്ത്രിയുടെയും രാജ്യം ഭരിക്കാന്‍ പോകുന്ന പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുടെയും മുന്‍പി‌ല്‍ അവതരിപ്പിക്കുക.

ഭരണാധികാരികളുടെ, ഏകാധിപതികളായാലും ജനാധിപത്യ വാദികളായാലും, ഉറക്കം നഷ്ടപ്പെട്ടാല്‍ മാത്രമേ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ നടക്കൂ എന്ന രാഷ്ട്രതന്ത്ര ജ്ഞാനം ആ മരപ്പട്ടിക്ക് പകര്‍ന്നു കൊടുത്തത് മറ്റാരാകാനാണ്. മഹാ സൂത്രശാലിയായ ബേപ്പൂര്‍ സുല്‍ത്താന്‍ അല്ലാതെ.

കരിപ്പൂരില്‍ നിന്നും കല്‍പ്പറ്റ എസ് കെ എം ജെ സ്കൂള്‍ മൈതാനത്തിലേക്കുള്ള ആകാശയാത്രയ്ക്കിടെ പശ്ചിമ ഘട്ടത്തിന്റെ മാറ് തുരന്നു ചോര കുടിക്കുന്ന അസംഖ്യം പാറമടകള്‍ രാഹുലിന്റെയും പ്രിയങ്കയുടെയും കണ്ണില്‍ പെട്ടിട്ടുണ്ടാകും എന്നു കരുതുന്നു. കൂട്ടത്തില്‍ ഒരു കാര്‍ട്ടൂണിസ്റ്റ് ഭാവന ചെയ്ത ഈ രംഗവും. (മുന്‍പൊരിക്കല്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തു കിട്ടിയതാണ്)

കമ്പും ആയുധങ്ങളുമായി ഒരു സംഘം ഗ്രാമീണര്‍ ഒരു കടുവയെ വട്ടം ചുറ്റി പിടിച്ചിരിക്കുന്നു. “അവനെ കൊല്ലൂ, അവന്‍ നമ്മുടെ ഗ്രാമത്തിലേക്ക് കടന്നിരിക്കുന്നു.”

ശാന്തനായി കടുവ മറുപടി പറയുന്നത് ഇങ്ങനെയാണ്, “ബഹുമാന്യ പുരുഷന്‍മാരെ, ഒന്നു സൂക്ഷിച്ചു നോക്കൂ, നിങ്ങളുടെ ഗ്രാമമാണ് എന്റെ കാട് കയ്യേറിയിരിക്കുന്നത്”

ശുഭം

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍