UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോര്‍പ്പറേറ്റുകളെ തൊടാന്‍ മടിക്കുന്ന രാഷ്ട്രീയക്കാരും മാധ്യമങ്ങളും ക്രൂശിക്കപ്പെടുന്ന ഋഷിരാജ് സിംഗുമാരും

Avatar

ജോസി ജോസഫ്

2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിനില്‍ക്കെ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നൂറു കോടി രൂപ വരെ ഹവാല വഴികളിലൂടെ നീങ്ങുന്നതായി ഇക്കണോമിക് ഇന്റലിജന്‍സ് ഡിവിഷന്റെ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നു. ഇതില്‍ കൂടുതലും ബിജെപിയുടെ പണമായിരുന്നെങ്കിലും കോണ്‍ഗ്രസിനും മറ്റ് പാര്‍ട്ടികള്‍ക്കും അതില്‍ നല്ലൊരു പങ്കുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കുത്തകകളാണ് പ്രചാരണരംഗത്തേക്ക് ഈ പണം ഒഴുക്കുന്നതെന്ന് ഈ ഏജന്‍സികളിലുള്ള എന്റെ ചില വാര്‍ത്ത സ്രോതസുകള്‍ വെളിപ്പെടുത്തി. അവര്‍ പറഞ്ഞ പട്ടികയില്‍ ഇന്ത്യയിലെ മിക്കവാറും എല്ലാ വന്‍കിട കമ്പനികളും ഉള്‍പ്പെട്ടിരുന്നു. അതില്‍ ചില ചെറുകിട കമ്പനികളും ഉള്‍പ്പെട്ടിരുന്നു. ഇന്ത്യ കണ്ട ഏറ്റവും ചെലവേറിയ പ്രചാരണത്തില്‍, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഏകദേശം 20,000 കോടി രൂപ ചെലവാക്കിയതായി ഒരു ബിസിനസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഹോളോഗ്രാമുകള്‍, ആക്രമണോത്സുകമായ സാമൂഹിക മാധ്യമ പ്രചാരണങ്ങള്‍, വര്‍ണാഭമായ സെറ്റുകള്‍, ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളും ഹെലികോപ്ടറുകളും എന്ന് വേണ്ട പണ്ട് ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ കക്ഷി മുന്‍കാലങ്ങളില്‍ വിദഗ്ധമായി ഉപയോഗിച്ചിരുന്ന തന്ത്രങ്ങളെല്ലാം മോദി അവര്‍ക്കെതിരെ പ്രയോഗിച്ചു. ദീര്‍ഘകാലമായി, കോണ്‍ഗ്രസ് ചെലവിന്റെ കാര്യത്തില്‍ മറ്റ് പാര്‍ട്ടികളെ മലര്‍ത്തിയടിക്കുകയും മിക്കപ്പോഴും അധികാരം പിടിച്ചെടുക്കുകയുമായിരുന്നു പതിവ്. ഇക്കുറി ബിജെപി അവര്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കി.

തിരഞ്ഞെടുപ്പ് കാലത്ത് ചില കാര്യങ്ങള്‍ ഇന്ത്യയില്‍ വളരെ സ്പഷ്ടമായിരുന്നു. മാധ്യമ വ്യവസായത്തിന്റെ വരുമാനം മുന്‍കാലങ്ങളെ കടത്തിവെട്ടി. രാഷ്ട്രീയ പാര്‍ട്ടികള്‍ കെട്ടഴിച്ചുവിട്ട ആക്രമണോത്സുകമായ പരസ്യ പ്രചാരണത്തിന്റെ ഫലമായിരുന്നു ഇത്. അത് മാത്രമാവണമെന്നില്ല ഇത്ര വലിയ വരുമാനത്തിന്റെ കാരണം. ഒരു സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ തിരഞ്ഞെടുപ്പ് കാലത്തെ പെയ്ഡ് ന്യൂസിനെ സംബന്ധിച്ച ചീഞ്ഞ സത്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ സാധിക്കൂ. പൊതുവില്‍ തിരഞ്ഞെടുപ്പ് കാലത്ത് സിമന്റിന്റെ ഉപഭോഗം പത്ത് ശതമാനം കണ്ട് കുറയാറുണ്ടെന്ന് രാഷ്ട്രീയ മീമാംസകരായ ദേവേഷ് കപൂറും മിലന്‍ വൈഷ്ണവും 2011-ല്‍ നടത്തിയ ഒരു പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ മിക്ക രാഷ്ട്രീയ നേതാക്കന്മാരും തങ്ങളും കള്ളപ്പണം ഭൂമി ഇടപാട്, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ നിക്ഷേപിക്കുകയും തിരഞ്ഞെടുപ്പ് കാലത്ത് ആ പണത്തിന്റ വലിയ ഒരു ഭാഗം പിന്‍വലിക്കുകയും ചെയ്യുന്നതുകൊണ്ടാണ് സിമന്റിന്റെ ചോദനം കുറയുന്നത്. മറ്റ് വ്യവസായങ്ങളുടെ കണക്കുകള്‍ സൂക്ഷമമായി പരിശോധിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇത്തരം വിചിത്ര ബന്ധങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഉദാഹരണത്തിന്, വോട്ട് പിടിക്കാനുള്ള ഏറ്റവും വലിയ ആയുധം മദ്യമായതിനാല്‍, തിരഞ്ഞെടുപ്പ് കാലമാകുമ്പോഴേക്കും മദ്യത്തിന്റെ ഉല്‍പാദനവും വില്‍പനയും കുതിച്ചുയരും. ഗുജറാത്തില്‍, അമുല്‍ സഹകരണ സംഘത്തിന്റെയും അതിന്റെ ലക്ഷക്കണക്കിന് അംഗങ്ങളുടെയും സ്വാധീനം ശക്തമായതിനാല്‍, ഓരോ തിരഞ്ഞെടുപ്പിന് മുമ്പും പാലിന്റെ സംഭരണ വില വര്‍ദ്ധിപ്പിക്കും. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍, തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കരിമ്പിന്റെ സംഭരണ വില കുറയുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ അത് കൂടുകയും ചെയ്യും.

കേരളത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് സ്വര്‍ണം, തുണിക്കച്ചവടം, ചിട്ടി കമ്പനികള്‍ മുതലായവയുടെ വാങ്ങല്‍/ബുക്ക് അഡ്ജസ്റ്റ്‌മെന്റ്, സംഭരണം, വില്‍പന എന്നിവയുടെ കാര്യത്തിലും ഇത്തരം നേരിട്ടുള്ളതോ അല്ലാത്തതോ ആയ പാരസ്പര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. കാരണം, കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഘടകങ്ങളില്‍ ഏറ്റവും നിര്‍ണായകം ഇവരാണെന്ന് നിസംശയം പറയാം. തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ ഭൂമിയുടെ വിലയിലും ഇടിവുണ്ടാവാറുണ്ടെന്ന് ഞാന്‍ അനുമാനിക്കുന്നു. കാരണം, രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട വമ്പിച്ച കള്ളപ്പണ നിക്ഷേപത്താല്‍ സമ്പന്നമാണ് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖല.

ഇത്തരം ഒരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണം, കേരള വാണിജ്യരംഗത്തെ വന്‍തോക്കുകള്‍ക്കെതിരെ നീങ്ങാന്‍ ധൈര്യം കാണിക്കുന്ന ഋഷിരാജ് സിംഗിനെ പോലുള്ള സത്യസന്ധരായ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തെ നോക്കിക്കാണാന്‍. കേരളത്തിലെ സര്‍ക്കാര്‍ സത്യസന്ധരായിരുന്നെങ്കില്‍, വൈദ്യുതി മോഷണത്തിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്ന ഋഷിരാജ് സിംഗിനെ പോലെയുള്ള ഒരാളുടെ സാന്നിധ്യം അവര്‍ ഒരു അനുഗ്രഹമായി കരുതുമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ലളിതമായ ഒരു യുക്തിയും കേരളത്തിലെ വ്യവസായികളോടുള്ള രാഷ്ട്രീയക്കാരുടെ ആശ്രയത്വവും തമ്മില്‍ ഒരിക്കലും ചേര്‍ന്ന് പോവില്ല. പരസ്യത്തിന് വേണ്ടി ഇതേ വ്യവസായികളെ തന്നെ ആശ്രയിക്കുന്ന മുഖ്യധാര മാധ്യമങ്ങള്‍ പലപ്പോഴും ഈ വന്‍കിടക്കാരുടെ ഹീനപ്രവൃത്തികള്‍ കണ്ടില്ലെന്ന് നടക്കുകയും ചെയ്യുന്നു. ഈ കോര്‍പ്പറേറ്റുകളിലുള്ള രാഷ്ട്രീക്കാരുടെയും മുഖ്യധാര മാധ്യമങ്ങളുടെയും ആശ്രിതത്വം, നമ്മുടെ വ്യവസായികളുടെ ദൂഷിതകൃത്യങ്ങള്‍ മൂടിവയ്ക്കുന്നതിനുള്ള വലിയ ഗൂഢാലോചനയായി പരിണമിക്കുന്നു.

രണ്ട് ദശാബ്ദക്കാലത്തെ ഇന്ത്യന്‍ റിപ്പോര്‍ട്ടിംഗിലുള്ള എന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ എന്റെ സിദ്ധാന്തത്തെ സംക്ഷിപ്തമാക്കാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ ഇങ്ങനെ പറയും: നമ്മുടെ രാഷ്ട്രീയത്തിന്റെ ചിതറിയ അവസ്ഥ വച്ച്, എല്ലാ രാഷ്ട്രീയ അപവാദങ്ങളും മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും അതുവഴി എളുപ്പത്തില്‍ നമ്മുടെ രാഷ്ട്രീയക്കാരെ എളുപ്പത്തില്‍ ക്രൂശിക്കുകയും ചെയ്യും. എന്നാല്‍ കോര്‍പ്പറേറ്റ് അഴിമതിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ള അതിന്റെ അദൃശ്യ നിയന്ത്രണവുമാണ് ഏറ്റവും അപകടകരം. വളരെ അപൂര്‍വം മാധ്യമങ്ങള്‍ മാത്രം തൊടാന്‍ ധൈര്യപ്പെടുന്ന കഥയുമാണത്.

അദ്ദേഹത്തില്‍ നിന്നും കോര്‍പ്പറേറ്റുകള്‍ക്ക് ലഭിച്ച അനര്‍ഹമായ ആനുകൂല്യങ്ങളുടെ പേരില്‍, വന്‍കിട കുത്തകകള്‍ ഗുജറാത്തില്‍ നരേന്ദ്ര മോദിയെ അകമഴിഞ്ഞ് സഹായിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹം ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയാകില്ലായിരുന്നു. കോര്‍പ്പറേറ്റുകളുമായി സോണിയ ഗാന്ധിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഊഷ്മള ബന്ധങ്ങളല്ല ഉണ്ടായിരുന്നതെങ്കില്‍, 2004 മുതല്‍ ഒരു ദശാബ്ദക്കാലം മന്‍മോഹന്‍ സിംഗ് ഇന്ത്യ ഭരിക്കില്ലായിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കുകയും അതിന്റെ ഭാവി നിര്‍ണയിക്കുകയും ചെയ്യുന്ന നിശബ്ദശക്തിയാണ് പണം. പണമാണ് ഇന്ത്യയില്‍ വാക്കുകളും നിശബ്ദതയും നിര്‍മ്മിക്കുന്നത്. തങ്ങളുടെ ആരോഹണങ്ങളില്‍ ലാഭാന്ധരായി മാറിയ വന്‍കിട കുത്തകകളില്‍ നിന്നാണ് ഈ പണം വരുന്നത്. ലാഭത്തിന് വേണ്ടിയുള്ള അവരുടെ പാച്ചിലിനിടയില്‍ ധാര്‍മ്മികതയ്ക്ക് യാതൊരു സ്ഥാനവുമില്ല. നമ്മുടെ ശ്രേഷ്ഠന്മാര്‍ മോഷ്ടിക്കുന്ന ചില്ലറ കോടിയുടെ വൈദ്യുതിയെ കുറിച്ച് ആകുലപ്പെടുന്ന ഋഷിരാജ് സിംഗിനെ പോലെയുള്ള ഉദ്യോഗസ്ഥരൊക്കെ വെറും അലോസരക്കാര്‍ മാത്രമാണ്. രാഷ്ട്രീയ സുസ്ഥിരത നിലനിറുത്തുന്നതിന് അവര്‍ തൂക്കിയെറിയപ്പെടണം, കുഴിച്ചുമൂടപ്പെടണം. സുസ്ഥിരമായ രാഷ്ട്രീയ ഭാവിയിലേക്കുള്ള കേരളത്തിന്റെ യാത്രയില്‍ അതൊരു വലിയ ത്യാഗമൊന്നുമല്ല!

(പ്രമുഖ മാധ്യമ പ്രവവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍