UPDATES

സാംബ- 2014

നമുക്കിന്ന് ആരെ നഷ്ടമാകും? നെയ്മര്‍, മുള്ളര്‍, ബെന്‍സേമാ, റോഡ്രിഗസ് -ഇന്ത്യന്‍ താരം എന്‍ പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ്

ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ഇന്നുമുതല്‍ ആരംഭിക്കുന്നു. കളിയുടെ സമസ്ത ആവേശങ്ങളും നിറയുന്ന മത്സരങ്ങളാകും ഇനി. അവശേഷിക്കുന്ന എട്ടു ടീമുകളില്‍ എല്ലാവരും ലോകകീരിടത്തിന് അര്‍ഹര്‍. എന്നാല്‍ അവരില്‍ ആരാകും അത് സാധ്യമാക്കുന്നതെന്ന് ഇപ്പോഴും പ്രവചനാതീതം. നാല്മുന്‍ലോക ചാമ്പ്യന്‍മാര്‍ ഇത്തവണ അവസാന എട്ടില്‍ എത്തിയിരിക്കുന്നു എന്നതു തന്നെയാണ് ഈ ക്വാര്‍ട്ടര്‍ ഫൈനലുകളുടെ സവിശേഷത. മറ്റൊന്ന് ലാറ്റിന്‍ അമേരിക്കന്‍-യൂറോപ്യന്‍ ശക്തികളുടെ ഏറ്റുമുട്ടല്‍ കൂടിയാണ് ഇനി ലോകകപ്പ് മത്സരങ്ങള്‍ എന്നതാണ്.

നമുക്ക് ഇനി ഇന്നത്തെ മത്സരങ്ങളിലേക്ക് കടക്കാം. ജര്‍മ്മനിയും ഫ്രാന്‍സും ബ്രസീലും കൊളംബിയയും ഇന്ന് ഇറങ്ങുകയാണ്. അവസാന നാലില്‍ സ്ഥാനം പിടിക്കാന്‍. രണ്ടു യൂറോപ്യന്‍ ശക്തികളും രണ്ട് ലാറ്റിന്‍ അമേരിക്കന്‍ ശക്തികളും തമ്മിലുള്ള പോരാട്ടങ്ങള്‍ക്കാകും ലോകം ഇന്ന് സാക്ഷിയാകുന്നത്.

മുന്‍ ലോക ചാമ്പ്യന്‍മാരാണ് ഫ്രാന്‍സും ജര്‍മ്മനിയും. ഇത്തവണയും അതിന് അര്‍ഹരാണവര്‍. ഈ ലോകകപ്പില്‍ ആദ്യ മത്സരത്തിന് ഇറങ്ങുന്നതുവരെ ഫ്രാന്‍സ് നിശബ്ദരായിരുന്നു. സിദാന്‍ യുഗത്തിനുശേഷം അവരുടെ ശക്തി ലോകഫുട്‌ബോളില്‍ മങ്ങിയിരുന്നു.  ഈ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പല പ്രമുഖരും പരിക്കിന്റെ പിടിയില്‍പ്പെട്ട് പുറത്തായതോടെ അവര്‍ നിസ്സഹായരായിരുന്നു. വലിയ പ്രതീക്ഷകളൊന്നും കൂടാതെയാണ് അതിനാല്‍ അവര്‍ ബ്രസീലില്‍ എത്തിയതും. എന്നാല്‍ ടൂര്‍ണമെന്റ് ഫേവറിറ്റുകളായ പല ടീമുകളും ഒന്നാം പടിയില്‍ തന്നെ കാല്‍തെറ്റി വീണപ്പോള്‍ ഫ്രാന്‍സ് അപരാജിത മുന്നേറ്റം നടത്തി ക്വാര്‍ട്ടര്‍ വരെയെത്തി. നാലു മത്സരങ്ങള്‍ ഇതുവരെ കളിച്ചതില്‍ മൂന്നു ജയവും ഒരു സമനിലയുമാണ് അവര്‍ നേടിയത്.

ടീം എന്ന നിലയില്‍ കാണിക്കുന്ന മികച്ച പ്രകടനമാണ് ഫ്രാന്‍സിന്റെ കുതിപ്പിന് മുഖ്യകാരണം. സിദാന്റെ പിന്‍ഗാമിയായി പരിഗണിക്കാവുന്ന കരിം ബെന്‍സെമ മികച്ച ഫോമിലാണ്. കളത്തില്‍ സഹതാരങ്ങളുടെ അകമഴിഞ്ഞ പിന്തുണ ബെന്‍സെമയ്ക്ക് കിട്ടുന്നുണ്ട്. ബെന്‍സെമയെക്കൂടാതെ പോഗ്ബയും ഫ്രാന്‍സിന്റെ പ്രതീക്ഷയാണ്. അദ്ദേഹം ഫോം കണ്ടെത്തിയത് വലിയ ആശ്വാസമാണ്. കഴിഞ്ഞ കളിയില്‍ നൈജീരിയയ്‌ക്കെതിരേ ഗോള്‍ നേടിയ ഗ്രീന്‍സ്മാന്‍ ഇന്നും കളിക്കുമെന്ന് കരുതാം. ഗ്രീന്‍സ്മാന്‍ ബെന്‍സെമ്ക്ക് ഒപ്പം ചേര്‍ന്ന് ജര്‍മ്മനിയെ നേരിട്ടാല്‍ സെമി ഫൈനല്‍ ഫ്രാന്‍സിന് കളിക്കാം. അതേ സമയം ചില കളിക്കാര്‍ ഇനിയും യാഥാര്‍ഥ്യത്തിലേക്ക് ഉയരേണ്ടതുണ്ട്.

ഇത്തവണ കപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമെന്നാണ് ജര്‍മ്മനിയെക്കുറിച്ച് പറയുന്നത്. അതിനൊത്ത പ്രകടനവും അവരില്‍ നിന്ന് വരുന്നുണ്ട്. മുള്ളറുടെ ഫോം തന്നെയാണ് ജര്‍മ്മനിയുടെ പ്രധാന ആയുധം.എന്നാല്‍ ആദ്യ കളികളിലെ കരുത്ത് പിന്നീട് മുള്ളറില്‍ നിന്ന് ഉണ്ടായിട്ടില്ല. കാര്യത്തോട് അടുക്കുമ്പോള്‍ മുള്ളര്‍ വീണ്ടും അപകടകാരിയാകും എന്ന് പ്രതീക്ഷിക്കാം. ജര്‍മ്മന് ഗോളി മാനുവല്‍ ന്യൂയറാണ് യഥാര്‍ത്ഥത്തില്‍ അവരുടെ ഹീറോ. ന്യൂയറിന്റെ കൈകള്‍ എത്രത്തോളം ജര്‍മ്മനിയെ താങ്ങി നിര്‍ത്തുന്നുണ്ടെന്ന് കഴിഞ്ഞ ഓരോ കളിയും നിരീക്ഷിച്ചാല്‍ മനസ്സിലാകും. ന്യൂയറിന്റെ പരിചയസമ്പത്ത് ജര്‍മ്മനിക്ക് വേണ്ടുവോളം ഉപയോഗിക്കാം. ചിലപ്പോഴൊക്കെ ഇളക്കം തട്ടിയെങ്കിലും ക്യാപ്റ്റന്‍ ലാമും മെറ്റ്‌സാര്‍ക്കറും ഹമ്മല്‍സും നേതൃത്വം നല്‍കുന്ന പ്രതിരോധനിരയും ജര്‍മ്മനിയുടെ കരുത്താണ്. അതേസമയം ഷ്വാറ്റ്‌സ്‌നീഗര്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ താളം കണ്ടെത്തിയിട്ടില്ല. ഗോള്‍ നേടിയെങ്കിലും ഓസിലും ടൂണി ക്രോസും ഇനിയും കരുത്തരാകേണ്ടതുണ്ട്. അധികസമയവും കടന്ന് ഷൂട്ട് ഔട്ടിലേക്കും ഫ്രാന്‍സ്-ജര്‍മ്മനി മത്സരം ചെന്നെത്തുമെന്ന് കരുതാം. കാരണം രണ്ടു ടീമുകളും ഒരേ വേഗത്തില്‍ എതാണ്ട് തുല്യതയോടെ പോരാടുന്നവര്‍. അവസരങ്ങള്‍ ആരു ഉപയോഗിക്കുന്നുവോ അവര്‍ക്ക് സെമിഫൈനല്‍ ടിക്കറ്റ് കിട്ടും.

യൂറോപ്യന്‍ ശക്തികളുടെ ഏറ്റുമുട്ടല്‍ കഴിഞ്ഞാല്‍  രണ്ടു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ പോരാട്ടമാണ്. ബ്രസീലും കൊളംബിയയും. മറ്റേത് ടീമിനെക്കാളും സമ്മര്‍ദ്ദം ചുമന്നാണ് ബ്രസീല്‍ ഓരോ മത്സരത്തിനും ഇറങ്ങുന്നത്. ഓരോ കളിയിലും അത് കാണാമായിരുന്നു. എങ്കിലും അവര്‍ക്ക് ജയിച്ചേ പറ്റൂ. ഈ ലോകകപ്പ് നേടിയേ പറ്റൂ.

വിമര്‍ശനങ്ങളുണ്ടെങ്കിലും ഓരോ കളി കഴിയുമ്പോഴും ബ്രസീല്‍ ടീംഒത്തിണക്കം ആര്‍ജിക്കുന്നതായി കാണാം. നെയ്മറിന്റെ ഫോമാണ് അവരുടെ പ്രതീക്ഷ. ഇന്നത്തെ മത്സരത്തില്‍ നെയ്മര്‍ കളിക്കുമെന്നാണ് അറിയുന്നത്. ചിലിയുമായുള്ള മത്സരം ഷൂട്ടൗട്ട് വരെ നീണ്ടെങ്കിലും ഒടുവില്‍ വിജയം നേടാന്‍ കഴിഞ്ഞത് ബ്രസീലിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.ജൂലിയസ് സീസറിന്റെ കൈകളെ ബ്രസീലിന് വിശ്വസിക്കാം. ഹള്‍ക്ക് ചിലിക്കെതിരേ നന്നായി അദ്ധ്വാനിച്ചു കളിച്ചു. ഇന്നും അയാള്‍ അത് തുടര്‍ന്നാല്‍ പ്രയത്‌നത്തിന് ഫലം കിട്ടുമെന്ന് കരുതാം. എന്നാല്‍ ബാക്കിയുള്ളവരും കൂടി ഒരു ജനതയുടെ സ്വപ്‌നം സഫലമാക്കാന്‍ കരുത്തുകാട്ടണം. സ്വന്തം കാണികളുടെ പിന്തുണയോടെ കളിക്കാന്‍ കഴിയുന്ന  കഴിയുന്നതിന്റെ ഗുണവും ദോഷവുമുണ്ട് ബ്രസിലിന്. പ്രതിരോധത്തിലാണ് ബ്രസീലിന്റെ വീഴ്ച്ച. മെക്‌സിക്കോയ്‌ക്കെതിരെ ഉണ്ടായ സമനിലയും ചിലിക്കെതിരേ ഷൂട്ടൗട്ട് വരെ നീണ്ട വിജയവും ബ്രസീലിന്റെ ദൗര്‍ബല്യങ്ങളുടെ സാക്ഷ്യ പത്രങ്ങളാണ്. പലപ്പോഴും നെയ്മര്‍ ഒറ്റയ്ക്കാണ്. അയാള്‍ക്ക് കൂടെ നില്‍ക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. പ്ലേമേക്കര്‍ എന്ന് കരുതിയ ഒസ്‌കര്‍ പലപ്പോഴും ഗ്രൗണ്ടില്‍ കറങ്ങി നടക്കുന്നതാണ് കാണുന്നത്. ഗുസ്താവോ ഇന്ന് കളിക്കില്ലെന്നതും ബ്രസീലിന് കിട്ടിയ അടിയാണ്. പകരം പൗളിഞ്ഞോ വരാം. എന്തായാലും അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും കളിപോകാന്‍ ബ്രസീല്‍ ഇന്ന് അനുവദിക്കില്ലെന്ന് കരുതാം. അതവര്‍ക്ക് അത്ര ഗുണകരമാവില്ലെന്നതു തന്നെ കാരണം.

ബ്രസീലിനെതിരേ ഇറങ്ങുന്ന കൊളംബിയ ഇപ്പോള്‍ ടൂര്‍ണമെന്റിന്റെ ഇഷ്ട ടീമുകളിലൊന്നായി മാറിയിരിക്കുകയാണ്. എസ്‌കോബാറിന്റെ രക്തസാക്ഷിത്വത്തിനുശേഷം അവര്‍ ലോകപ്പില്‍ വ്യക്തമായൊരു ചലനം സൃഷ്ടിക്കുന്നത് ഇപ്പോഴാണ്. അതും അവരുടെ സ്റ്റാര്‍ പ്ലെയര്‍ ഫാല്‍കോവ പോലും ഇല്ലാതെ. എന്നാല്‍ ബ്രസീലില്‍ എത്തിയശേഷം അവര്‍ക്ക് പുതിയ താരോദയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. അഞ്ച് ഗോളുകളുമായി ടോപ്‌സ്‌കോററായി നില്‍ക്കുന്ന റോഡ്രിഗസ് കൊളംബിയയുടെ കുന്തമുനയായി നിന്ന് എതിരാളികളെ അരിഞ്ഞിടുന്നു. ഒരു കളിയും ഇതുവരെ കൊളംബിയ തോറ്റിട്ടില്ല. ഇതുവരെ അവര്‍ 11 ഗോളുകള്‍ നേടിക്കഴിഞ്ഞു. ടീം യൂണിറ്റി തന്നെയാണ് കൊളംബിയയുടെ കരുത്ത്. എന്നാല്‍ അവര്‍ക്ക് റോഡ്രിഗസിനെപ്പോലെ ആശ്രയിക്കാന്‍ വേറൊരാള്‍ ഇല്ലെന്നതും കുറവാണ്.

വീറേറിയ പോരാട്ടം തന്നെയാകും ബ്രസീല്‍-കൊളംബിയ മത്സരം. രണ്ടു ടീമുകള്‍ തമ്മിലുള്ളതിനേക്കാള്‍ രണ്ടു കളിക്കാര്‍ തമ്മിലുള്ള മത്സരം കൂടിയാകും ഇന്ന് നടക്കുക. ഒടുവില്‍ കൊളംബിയായോ ബ്രസിലോ ഈ ലോകകപ്പിന്റെ സങ്കടമാകും. നെയ്മറോ റോഡ്രിഗസോ നമുക്ക് നമ്മുടെ നഷ്ടമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍