UPDATES

സാംബ- 2014

നെയ്മറേ നിനക്ക് വേണ്ടി- ഇന്ത്യന്‍ താരം എന്‍ പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ്

ഇനി വരുന്ന രണ്ടു നാളുകള്‍ ലോകം നാലായി പിരിഞ്ഞു പോരാടുന്ന ദിനങ്ങള്‍. ലോകകപ്പിന്റെ സെമിഫൈനലുകള്‍ ഇന്നും നാളെയുമായി നടക്കുന്നു. ഈ ടൂര്‍ണമെന്റിന്റെ ടോപ് ഫേവറൈറ്റുകള്‍ തന്നെ സെമിയില്‍ പോരാടാനെത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ ലോകകപ്പിന്റെ ചരിത്രത്തിലെ ക്ലാസിക് പോരാട്ടങ്ങളായി ഈ കളികള്‍ കാണാം. ആദ്യ സെമി ബ്രസീലും ജര്‍മ്മനിയും തമ്മിലാണ്. 2002ല്‍ ഇതുപോലെ ബ്രസീലും ജര്‍മ്മനിയും ഏറ്റുമുട്ടിയിരുന്നു; ഫൈനലില്‍. അന്നത്തെ തോല്‍വിക്ക് പകരം വീട്ടാന്‍ ജര്‍മ്മനിയും വിജയം ആവര്‍ത്തിക്കാന്‍ ബ്രസീലും കളിക്കാനിറങ്ങുമ്പോള്‍ ഈ സെമി ഫൈനലിന് ഒരു ഫൈനലിന്റെ പ്രാധാന്യം തന്നെ കൈവരുന്നു.

നെയ്മറില്ലാതെ ബ്രസീല്‍ കളിക്കാനിറങ്ങുന്നു എന്നത് തന്നെയാണ് ഈ മത്സരത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നത്. വൈകാരികമായ ഒരു പരിവര്‍ത്തനത്തിലേക്ക് മഞ്ഞപ്പട എത്തിയിരിക്കുന്നു. തനിക്ക് വേണ്ടി കപ്പ് നേടുക എന്ന നെയ്മറിന്റെ അഭ്യര്‍ത്ഥന അവര്‍ക്ക് സാധ്യമാക്കേണ്ടിയിരിക്കുന്നു. പകരം വയ്ക്കാനില്ലാത്ത നഷ്ടം തന്നെയാണ് നെയ്മറെങ്കിലും ആ നഷ്ടം കളിക്കളത്തില്‍ ഒരു തരത്തിലും പ്രതിഫലിക്കാതിരിക്കാന്‍അവര്‍ കിണഞ്ഞ് ശ്രമിക്കും. നെയ്മറിന്റെ അസാന്നിധ്യത്തില്‍ ഗോളടിക്കാന്‍ അയാള്‍ക്ക് തുല്യം നില്‍ക്കുന്ന മറ്റൊരാള്‍ ആര് എന്ന ചോദ്യത്തിന് എന്ത് ഉത്തരമായിരിക്കും റിയോഡോ ജനീറയിലെ പുല്‍മൈതാനത്ത് സ്‌കോളാരി ജര്‍മ്മനിക്ക് മുന്നില്‍ ഇറക്കുക എന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന കാര്യം. വില്യനോ അതോ ബര്‍ണാഡോ? വില്യനാണ് ചാന്‍സ് കൂടുതല്‍, എന്നാല്‍ അയാള്‍ പൂര്‍ണമായും ഫിറ്റ് അല്ല. നെയ്മറിന്റെ  ശൂന്യതയ്ക്ക് പുറമെ ക്യാപ്റ്റന്‍ തിയാഗോ സില്‍വ സസ്‌പെന്‍ഷന്‍ മൂലം ഇന്ന് കളിക്കുന്നില്ലെന്നതും ബ്രസീലിന് തിരിച്ചടിയാണ്. സില്‍വയുടെ പകരക്കാരനായി ഡാന്റെ വരാനാണ് സാധ്യത.  ഫെര്‍ണാണ്ടിഞ്ഞോയും ഇന്ന് കളിച്ചേക്കും. അങ്ങിനെയെങ്കില്‍ പൗളിഞ്ഞോയുടെ പൊസിഷന്‍ സൈഡ് ബഞ്ചിലായിരിക്കും.

ബ്രസീല്‍ പകരക്കാരെ തേടി അലയുമ്പോള്‍ ജര്‍മ്മന്‍ ക്യാമ്പ് ആത്മവിശ്വാസത്തിലാണ്. അവിടെ ആര്‍ക്കും പരിക്കില്ല, സസ്‌പെന്‍ഷനില്ല. ഉള്ളവരെല്ലാം നല്ല ഫോമിലും. ജര്‍മ്മനിയുടെ ഒരു പോരായ്മ പറയുകയാണെങ്കില്‍ സ്‌ട്രൈക്കര്‍ പോസിഷനില്‍ കളിക്കാന്‍ അവര്‍ക്ക് ആളില്ല എന്നതാണ്. ഉള്ളത് ക്ലോസെയാണ്. റെക്കോര്‍ഡിലേക്ക് ഒരു ഗോള്‍; അതിനപ്പുറം വലിയ പ്രാധാന്യമൊന്നും ക്ലോസെയ്ക്ക ഈ ലോകകപ്പില്‍ ഇല്ല. ഫ്രാന്‍സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്ലോസെ വലുതായിട്ടൊന്നും ചെയ്ത് കണ്ടില്ല. കോച്ച് ജോക്കിം ലോ ഇന്ന് ക്ലോസെയുടെ മുന്നില്‍ ഡോര്‍ ക്ലോസ് ചെയ്യുമോ എന്നറിയില്ല. മധ്യനിരയാണ് ജര്‍മ്മനിയുടെ കരുത്ത്. അവരുടെ പ്രധാനികളെല്ലാം മധ്യനിരക്കാരാണ്. മുള്ളറും ഷൂര്‍ളും ഓസിലുമെല്ലാം വിജയതൃഷ്ണയോടെ കളിക്കുന്നവര്‍. ജര്‍മ്മനിയുടെ സൈഡ് ബഞ്ചിലേക്ക് നോക്കൂ, പകരക്കാരായി ഇരിക്കുന്ന മധ്യനിരപോലും ലോകോത്തര കളിക്കാര്‍.

സെറ്റ്പീസുകള്‍ ഗോളാക്കി മാറ്റുന്നതില്‍ ഈ ലോകകപ്പില്‍ ജര്‍മ്മനിയെ പിന്നിലാക്കുന്ന മറ്റൊരു ടീം ഉണ്ടായിരുന്നില്ല. സെറ്റ്പീസ്, കോര്‍ണര്‍, ഫ്രീകിക്ക് എന്നിവ ഗോളാക്കി മാറ്റുന്നതില്‍ ഏറ്റവുമധികം മികവു പുലര്‍ത്തുന്നത് ജര്‍മ്മനി തന്നെയാണ്. ഹമ്മല്‍സ് നേടിയ ഗോള്‍ അതിനുദാഹരണമാണ്. വളരെ ട്രെയ്‌ന്ഡ് ആണവര്‍ ഈ കാര്യത്തില്‍. വ്യക്തമായ സ്ട്രാറ്റജിയോടെ കളത്തിലിറങ്ങുന്നവര്‍.

ബ്രസീല്‍ നിരയില്‍ ഹള്‍ക്കിനെ പ്രത്യേകം ശ്രദ്ധിക്കുക. ആദ്യ രണ്ടു കളികള്‍ ഹള്‍ക്ക് നിരാശപ്പെടുത്തിയെങ്കിലും തുടര്‍ന്നങ്ങോട്ട് ശരിക്കും അദ്ധ്വാനിക്കാന്‍ അയാള്‍ തയ്യാറായിട്ടുണ്ട്. കെട്ടഴിച്ച കുതിരയെപ്പോലെയാണ് അയാളെ ഇപ്പോള്‍ കാണുമ്പോള്‍ തോന്നുന്നത്. ഒരു ജനതയുടെ വികാരം അയാള്‍ മാനിക്കുന്നുണ്ട്. മിഡ്ഫീല്‍ഡില്‍ റാമെറസും ഫോമിലാണ്. ഫ്രികിക്കുകള്‍ ഗോളാക്കുന്നതില്‍ ബ്രസീലും മോശക്കാരല്ല. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഫ്രീകിക്ക് ഗോളായിരുന്നു കൊളംബിയയ്‌ക്കെതിരേ ലൂയിസ് നേടിയത്. ഇന്ന് നെയ്മര്‍ ഇല്ലാത്ത സ്ഥിതിക്ക് സൈഡില്‍ നിന്നുള്ള ഫ്രീകിക്ക് ഓസ്‌കറും സ്ട്രെയ്റ്റ് ഫ്രീകിക്ക് ലൂയിസും എടുക്കാനാണ് ചാന്‍സ്.

ഗ്രൂപ്പ് ഘട്ടത്തിലൊക്കെ പേരുദോഷം കേള്‍പ്പിച്ച കളിയാണ് കാനറികള്‍ കാഴ്ചവെച്ചതെങ്കിലും ഇപ്പോള്‍ അവര്‍ ശരിക്കും അവരായിക്കഴിഞ്ഞു. മികച്ച കളിയാണ് ഇപ്പോള്‍ ബ്രസീല്‍ കാഴ്ച്ചവയ്ക്കുന്നത്. ഡിഫന്‍സില്‍ ഡാന്റെയുടെ സേവനം ഇന്ന് ബ്രസീലിന് ആവോളം പ്രയോജനം ചെയ്യും. ക്ലബില്‍ ഡാന്റെയ്‌ക്കൊപ്പം ഒരുമിച്ച കളിക്കുന്നവരാണ് മുള്ളര്‍ ഉള്‍പ്പെടെയുള്ള പല ജര്‍മ്മന്‍ കളിക്കാരും. അതുകൊണ്ട് എതിരാളികളുടെ കാല്‍ ചലനങ്ങള്‍ മാത്രമല്ല, മനക്കണക്കും അറിയാന്‍ കഴിയും ഡാന്റെയ്ക്ക്.

സ്പീഡ് ഗെയിമാണ് ജര്‍മ്മനിയുടെ തന്ത്രം. വേഗതകൂട്ടിയുള്ള ആക്രമണത്തിലാണ് അവര്‍ എതിരാളികളെ കീഴ്‌പ്പെടുത്തുന്നത്. ആ സ്പീഡ് ബ്രസീല്‍ എങ്ങിനെ പ്രതിരോധിക്കും എന്ന് കാണാം. ജര്‍മ്മന്‍ പടയോട്ടക്കാരുടെ കാലുകളില്‍ നിന്ന് പന്ത് റാഞ്ചി തിരികേ അവരുടെ ഗോള്‍പോസ്റ്റിലേക്ക് പായിക്കണമെങ്കില്‍ ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പ് ശൈലി തന്നെ മഞ്ഞക്കൂട്ടം സ്വീകരിക്കേണ്ടി വരും.

ഇന്നത്തെ കളി കളിക്കാര്‍ തമ്മിലായിരിക്കില്ല. ലോകത്തിലെ രണ്ടു മികച്ച ഗോള്‍ കീപ്പര്‍മാര്‍ തമ്മിലായിരിക്കും. ബ്രസീലിന്റെ സീസറും ജര്‍മ്മനിയുടെ ന്യൂയറും. ഈ രണ്ടു ടീമുകളും സെമിയില്‍ വരെ എത്തിയതിന് കാരണക്കാര്‍ അവര്‍ തന്നെയാണ്. അല്ലെങ്കില്‍ പ്രി-ക്വാര്‍ട്ടറിലോ ക്വാര്‍ട്ടറിലോ ഒടുങ്ങിയേനെ എല്ലാം. സീസറും ന്യൂയറും തമ്മില്‍ മത്സരിക്കുമ്പോള്‍ ഒരു മുഴം മുമ്പ് നില്‍ക്കുന്നത് ജര്‍മ്മന്‍ ഗോളി തന്നെ. ഇന്നത്തെ കളി കഴിയുമ്പോള്‍ അറിയാം ഈ ടൂര്‍ണമെന്റിന്റെ മികച്ച ഗോളി ആരെന്ന്. ബ്രാവോയാണ് ഇപ്പോള്‍ ടോപ്പിലെങ്കിലു ന്യൂയറോ സീസറോ ആ കസേര ഇന്ന് സ്വന്തമാക്കും. ഹോളണ്ട്, അര്‍ജന്റീന ഗോളിമാരൊന്നും ഇതുവരെ ചിത്രത്തില്‍ വന്നിട്ടില്ല. അതുകൊണ്ട് മികച്ചഗോളിക്കുള്ള പുരസ്‌കാരം ബ്രസീലിലേക്കോ,ജര്‍മ്മനിയിലേക്കോ പോകും. ഫലം അറിയാന്‍ ഷൂട്ടൗട്ടിലേക്ക് വരെ നീങ്ങാവുന്ന കളിയായിരിക്കും ഇന്ന് നടക്കുക. അപ്പോള്‍ ശരിക്കും രണ്ടു ഗോളികള്‍ തമ്മിലുള്ള കളിയായി ഇതുമാറുകയും ചെയ്യാം.

തന്ത്രജ്ഞരായ രണ്ടു കോച്ചുമാരുടെ കളികൂടിയാണ് ഇന്നത്തെ മത്സരമെന്നും പറയാതെ വയ്യ. സ്‌കോളാരിയോ, ലോയോ?  ആരുടെ ചിരിയായിരിക്കുംഒടുവില്‍ നമ്മള്‍ കാണുക?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍