UPDATES

റേഷൻ കാർഡ് തിരുത്തല്‍; തിരുവനന്തപുരത്ത് തിരക്കു കാരണം 25 സ്ത്രീകള്‍ കുഴഞ്ഞുവീണു

അഴിമുഖം പ്രതിനിധി

തിരുവനന്തപുരത്ത് നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ റേഷൻ കാർഡിലെ തെറ്റ് തിരുത്തുന്നതിനായി ആയിരങ്ങൾ തടിച്ചു കൂടി. തിക്കിലും തിരക്കിലും പെട്ട് 25ലേറെ സ്ത്രീകള്‍ ബോധരഹിതരായി വീണു. എ പി എൽ കാർഡ് ബി പി എൽ ആയി തിരുത്താൻ വേണ്ടിയായിരുന്നു ഏറിയ പങ്ക് ജനങ്ങളും എത്തിച്ചേർന്നത്. റേഷന്‍ കാര്‍ഡ് ഉടമകള്‍ ഗൃഹനാഥകള്‍ ആയതുകൊണ്ട് തന്നെ അതിരാവിലെ എത്തിച്ചേർന്നവരിൽ ഏറിയ പങ്കും വീട്ടമ്മമാരായിരുന്നു. വെയിലിന്റെ കാഠിന്യം കൂടിയായപ്പോൾ പലരും തളർന്നു വീഴാൻ തുടങ്ങി. 

രാവിലെ പത്തു മണിയോടെ ജനങ്ങൾ തിങ്ങി നിറഞ്ഞെങ്കിലും അവരെ നിയന്ത്രിക്കാനും പരാതികള്‍ സ്വീകരിക്കാനും വേണ്ടെത്ര സംവിധാനം താലൂക് സപ്ലൈ ഓഫീസില്‍ ഒരുക്കിയിരുന്നില്ല. ഇത്തരം തെറ്റുകൾ പഞ്ചായത്ത് ഓഫീസിലും വില്ലേജ് ഓഫീസിലും സ്വീകരിക്കുമെന്നറിയാതെയായിരുന്നു എല്ലാവരും സിവിൽ സപ്ലൈസ് ഓഫീസിനു മുന്നിൽ എത്തിയത്. ജനങ്ങൾ കൂടിയതോടെ നെയ്യാറ്റിൻകരയിലെ ഗതാഗത സംവിധാനങ്ങളും സ്തംഭിച്ചു. പരാതികൾ എല്ലാം പരിഹരിക്കാം എന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെയാണ് ജനങ്ങൾ പിരിഞ്ഞു പോകാൻ കൂട്ടാക്കിയത്.

ഈ മാസം 30 വരെ പരാതി രേഖപ്പെടുത്താൻ സമയമുണ്ടായിട്ടും അപ്രതീക്ഷിതമായുണ്ടായ ജനക്കൂട്ടം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർന്നതിനാലാവാം എന്നാണ് അധികൃതർ കരുതുന്നത്. സംസ്ഥാനത്ത് പുതുക്കിയ റേഷൻ കാർഡുകളുടെ വിതരണം ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി ത്വരിതപെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍