UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭരണകൂടം മാത്രമല്ല ഒരു രാജ്യമെന്നത് മറക്കരുത്

Avatar

എഡിറ്റോറിയല്‍/ടീം അഴിമുഖം

ഒരു പ്രകൃതി ദുരന്തം കൈകാര്യം ചെയ്യാന്‍ പ്രാപ്തമല്ല സര്‍ക്കാരുകളും അതിന്റെ ഔദ്യോഗിക സംവിധാനങ്ങളുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു ശനിയാഴ്ചയും അതിന്റെ പിറ്റേന്നുമായി നേപ്പാളിനെയും ഉത്തരേന്ത്യയുടെ പല ഭാഗങ്ങളെയും പിടിച്ചുകുലുക്കിയ ഭൂകമ്പം. പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് അഭയകേന്ദ്രങ്ങളും ദുരിതാശ്വാസവും ദീര്‍ഘകാല പിന്തുണയും ലഭ്യമാകുന്നത് മിക്കപ്പോഴും സര്‍ക്കാരിതര സംഘടനകളുടെ (എന്‍ജിഒ) ഇച്ഛാശക്തി കൊണ്ട് മാത്രമാണ്. പലപ്പോഴും സര്‍ക്കാരുകള്‍ നിര്‍വഹിക്കുന്നതിനേക്കാള്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്യുന്നു.

പ്രകൃതി ദുരന്തങ്ങളുടെ സമയങ്ങളില്‍ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല എന്‍ജിഒകള്‍ നിര്‍ണായകമാകുന്നത്. സര്‍ക്കാരും അതിന്റെ വകുപ്പുകളും ചെയ്യുന്നതെല്ലാം അംഗീകരിക്കുന്ന ‘തലയാട്ടല്‍ മനുഷ്യരുടെ’ ഒരു സംഘമായി സമൂഹം മാറുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിലും അവരുടെ സാന്നിധ്യം നിര്‍ണായകമാകുന്നു. സമൂഹം പൗരക്ഷേമത്തിന്റെ പാതയില്‍ തന്നെയാണ് സഞ്ചരിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്ന തരത്തില്‍ ഉന്മേഷപ്രദമായ അഭിപ്രായവ്യത്യാസങ്ങളെ ഊട്ടിവളര്‍ത്തുന്ന ഏറ്റവും വലിയ ശക്തിയായി അവര്‍ പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ഗുജറാത്തില്‍ നിന്നും ന്യൂഡല്‍ഹിയില്‍ നിന്നും പുറപ്പെടുവിച്ച ചില പ്രസ്താവനകളിലൂടെ നരേന്ദ്ര മോദി, തന്റെ സര്‍ക്കാരിന്റെ പാദമുദ്ര ചരിത്രത്തില്‍ പതിപ്പിക്കുകയുണ്ടായി. ഈ പ്രക്രിയയിലൂടെ റഷ്യയോടും ചൈനയോടുമൊപ്പം ഇന്ത്യയും എന്‍ജിഒകളോട് അസഹിഷ്ണുത പുലര്‍ത്തുന്ന രാജ്യമായി മാറിയിരിക്കുന്നു.

ചില തുടര്‍ പ്രവര്‍ത്തനങ്ങളിലൂടെ മോദി അന്താരാഷ്ട്ര അവമതി ക്ഷണിച്ചുവരുത്തുകയും തന്റെ പ്രതിയോഗികളെ ഒന്നിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സാമ്പത്തികമായി ഇന്ത്യയെ പരിഷ്‌കരിക്കാന്‍ ശ്രമിക്കുന്നയാള്‍ എന്ന നിലയില്‍ ചരിത്രത്തില്‍ തന്റെ പാരമ്പര്യം കൊത്തിവയ്ക്കാന്‍ ശ്രമിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഈ രണ്ട് കാര്യങ്ങളും ഒട്ടും പ്രോത്സാഹനജനകമല്ല.

ഒരു രാജ്യം തീര്‍ച്ചയായും വിദേശ ശക്തികളുടെ വിധ്വംസക പ്രവര്‍ത്തനങ്ങളെ കുറിച്ച് സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. പക്ഷെ എന്‍ജിഒ ലോകത്തെ സാധ്യതയുള്ള ശത്രുക്കളായും, ഗ്രീന്‍പീസിനെയും ഫോര്‍ഡ് ഫൗണ്ടേഷനേയും ഒക്കെ വിധ്വംസക ശക്തികളായും കാണുന്നത് കുറഞ്ഞപക്ഷം ഏറ്റവും ലളിതമായി പറഞ്ഞാല്‍ പരിഹാസ്യമാണ്. അത്തരം ഒരളവുകോല്‍ ഉപയോഗിക്കുകയാണെങ്കില്‍, സാമ്പത്തിക രംഗത്തിന്റെ വിവിധ മേഖലകളിലേക്ക് വിദേശ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതില്‍ നിന്നും മോദി പിന്മാറേണ്ടി വരും. ഇതേ അളവുകോലാണ് ഉപയോഗിക്കുന്നതെങ്കില്‍ ചൈനീസ് കമ്പനികളെയും അമേരിക്കന്‍ കുത്തകകളെയും രാജ്യത്ത് നിന്നും ചവിട്ടിപ്പുറത്താക്കാനും മോദി തയ്യാറാവണം.

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ആഗോള ഗൂഢാലോചന നടത്തുന്നു എന്ന ആരോപണം ഗ്രീന്‍പീസിനെതിരെയോ അവരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെയോ ഉന്നയിക്കാനാവില്ല. കള്ളന്മാരായ കുത്തക മാടമ്പികളും അവരുടെ അത്യാഗ്രഹികളായ രാഷ്ട്രീയ പങ്കാളികളും ഇന്ത്യയെ ഒരു വക്രരാഷ്ട്രീയ പാതയിലേക്ക് നയിക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത്, വിവിധ വന്‍കിട പദ്ധതികള്‍ മൂലം കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങള്‍ക്കിടയിലുള്ള അവരുടെ പ്രവര്‍ത്തനം പ്രത്യേകിച്ചും നിര്‍ണായകമാണ്.

2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി അചഞ്ചലമായി പോരാടുന്ന ടീസ്റ്റ സെതല്‍വാദിനെ ലക്ഷ്യമിടാന്‍ ഗുജറാത്തും മോദിയും ശ്രമിക്കുന്നുണ്ടാവാം. പക്ഷെ അതുപോലെ ഫോര്‍ഡ് ഫൗണ്ടേഷനെ പോലുള്ളയവ ലക്ഷ്യമിടാന്‍ ശ്രമിച്ചാല്‍ ഉണ്ടാവുന്ന അനന്തരഫലങ്ങള്‍ വിനാശകരമായിരിക്കും. ശീതയുദ്ധക്കാലത്ത് ചില വിവാദങ്ങളില്‍ സ്വയം ചെന്നുപെട്ടെങ്കിലും, ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ശക്തവും സ്വതന്ത്രവുമായ ഫണ്ടിംഗ് ഏജന്‍സികളിലൊന്നാണ് ഫോര്‍ഡ് ഫൗണ്ടേഷന്‍. അവര്‍ ധനസഹായം നല്‍കിയ പദ്ധതികളില്‍ ഇന്ത്യയിലെ ഹരിതവിപ്ലവവും ഉള്‍പ്പെടുന്നു. അതിന്റെ രക്ഷാധികാര സമിതിയില്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയും അംഗമാണ്.

യുഎസ് സര്‍ക്കാര്‍ ആദ്യത്തെ ചുവന്ന കൊടി കഴിഞ്ഞ വെള്ളിയാഴ്ച ഉയര്‍ത്തിക്കഴിഞ്ഞു. സ്ഥിതിഗതികള്‍ വച്ച് നോക്കുമ്പോള്‍ ഇത് അവര്‍ക്ക് ആശങ്കകള്‍ ഉയര്‍ത്തുന്ന ആദ്യ വിദേശസര്‍ക്കാര്‍ ആകാനേ തരമുള്ള. ഇത്തരം ആശങ്കകളോടൊപ്പം, ന്യൂനപക്ഷ സംരക്ഷണത്തിനെ കുറിച്ചുള്ള ഭയപ്പാടുകളും വ്യാപകമാകുന്നത് മോദിയുടെ മുന്തിയ മുന്‍ഗണനയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഒന്നായി അത് മാറും: ഇന്ത്യയിലേക്ക് വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്ന മുന്‍ഗണനയ്ക്ക്.

‘ആഭ്യന്തര മന്ത്രാലയം (ഇന്ത്യയുടെ) ഗ്രീന്‍പീസ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ കാര്യവും ഫോര്‍ഡ് ഫൗണ്ടേഷനെ മുന്‍ അനുമതിയോടെ നിരീക്ഷിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ പെടുത്തിയ വിവരവും ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്,’ എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് സഹവക്താവ് മേരി ഹാര്‍ഫ്‌ടോള്‍ഡ് തന്റെ ദൈനംദിന വാര്‍ത്ത സമ്മേളനത്തില്‍ വെള്ളിയാഴ്ച ചൂണ്ടിക്കാണിച്ചു.

‘പൗരസമൂഹ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്‌സിആര്‍എ) നടപ്പിലാക്കുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കകളുണ്ട്,’ അവര്‍ പറഞ്ഞു. ‘പുതിയ ഉത്തരവുകള്‍ ഇന്ത്യ സമൂഹത്തിനുള്ളില്‍ അത്യന്താപേക്ഷിതവും വിമര്‍ശനാത്മകവുമായ സംവാദങ്ങളെ നിയന്ത്രിക്കുന്നതില്‍ ഞങ്ങള്‍ ആശങ്കയുണ്ടെന്ന് മാത്രമല്ല, ബന്ധപ്പെട്ട ഇന്ത്യന്‍ അധികാരികളോട് ഈ പ്രശ്‌നത്തില്‍ വിശദീകരണം തേടിയിട്ടുമുണ്ട്,’ എന്നും അവര്‍ വെളിപ്പെടുത്തി.

വരും ദിവസങ്ങളില്‍, വിവിധ ആഗോള തലസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.

ഇന്ത്യ ഇപ്പോള്‍ എവിടെയാണ് നില്‍ക്കുന്നത്?

ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനുമാണ് സമീപകാലങ്ങളില്‍ എന്‍ജിഒകള്‍ക്കെതിരെ സമാന വിമര്‍ശനങ്ങള്‍ ഉന്നയിച്ച മറ്റ് രണ്ട് നേതാക്കള്‍. വിദേശ സംരക്ഷകരോ പങ്കാളികളോ ഉള്ള എന്‍ജിഒകളെ മരവിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വിവാദപരമായ ഒരു പുതിയ രാജ്യദ്രോഹ നിയമത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ 2012 ജൂലൈയില്‍ ഒപ്പുവച്ചു. വിദേശ രാജ്യങ്ങള്‍ക്കോ സംഘടനകള്‍ക്കോ വേണ്ടി ‘ചാരവൃത്തി നടത്തുക, രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുക, മറ്റെന്തെങ്കിലും സഹായം ചെയ്യുക,’ എന്നിവയിലൂടെ രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ വലിയ രാജ്യദ്രോഹ കുറ്റമാണെന്ന് റഷ്യയുടെ പഴയ നിയമം അനുശാസിക്കുന്നു. പുതിയ നിയമപ്രകാരം, ഇത്തരം പ്രവര്‍ത്തനങ്ങളുടെ കൂട്ടത്തില്‍ റഷ്യയുടെ സുരക്ഷയ്ക്ക് കോട്ടംവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ‘സാമ്പത്തികവും സാങ്കേതികവും ഉപദേശവും മറ്റ് തരത്തിലുള്ള സഹായങ്ങളും’ നിയമത്തിന്റെ പരിധിയില്‍ വരും.

വിദേശ സര്‍ക്കാരുകള്‍, ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ കൗണ്‍സിലും പോലെയുള്ള അന്തര്‍സര്‍ക്കാര്‍ സംഘടനകള്‍, മറ്റ് അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയുമായി മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ സോഴ്‌സ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറുന്ന തദ്ദേശ എന്‍ജിഒകളെയും സന്നദ്ധ പ്രവര്‍ത്തകരെയും ലക്ഷ്യം വയ്ക്കുന്നതിനായി അധികാരികള്‍ നിയമത്തെ ഉപയോഗിക്കുന്നതായി വിമര്‍ശകര്‍ വാദിക്കുന്നു.

2013 മാര്‍ച്ച് മുതല്‍ റഷ്യ നൂറുകണക്കിന് എന്‍ജിഒകളില്‍ പരിശോധനകള്‍ നടത്തുന്നു. ‘കുറഞ്ഞപക്ഷം 55 സംഘങ്ങള്‍ക്കെങ്കിലും നിയമലംഘനത്തിനെതിരെ മുന്നറിയിപ്പ് ലഭിച്ചപ്പോള്‍, ‘വിദേശ ഏജന്റു’മാരെന്ന്’ വിശേഷിപ്പിക്കേണ്ട തരത്തില്‍ നേരിട്ട് നിയമലംഘനം നടത്തിയെന്ന് കാണിച്ച് 20 സംഘടനകള്‍ക്കെങ്കിലും അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്,’ എന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ചൂണ്ടിക്കാണിക്കുന്നു. ഇതനുസരിച്ച് റഷ്യന്‍ നീതിന്യായ മന്ത്രാലയവും പ്രോസിക്യൂട്ടറുടെ ഓഫീസും, ‘വിദേശ ഏജന്റ്’ നിയമം ലംഘിച്ചതിന്റെ പേരില്‍ എന്‍ജിഒകള്‍ക്കെതിരെ 12 ഓളവും എന്‍ജിഒ നേതാക്കള്‍ക്കെതിരെ ആറോളവും ഭരണപരമായ കേസുകള്‍ ചുമത്തുകയുണ്ടായി.

റഷ്യയുടെ ഉയര്‍ന്ന രാജ്യദ്രോഹക്കുറ്റ നിയമം നടപ്പിലായി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ചൈനയുടെ ദേശീയ സുരക്ഷ കമ്മീഷന്‍ (എന്‍എസ്സി) വിദേശ എന്‍ജിഒകള്‍ക്കെതിരെ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു.

ആഗോളതലത്തില്‍ ഇരുപത് രാജ്യങ്ങളിലെ സര്‍ക്കാരുകളെങ്കിലും വിദേശ സഹായം ലഭിക്കുന്ന എന്‍ജിഒകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയോ അല്ലെങ്കില്‍ അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയോ ചെയ്തിട്ടുണ്ട്. ഇവയില്‍ അസര്‍ബൈജാന്‍, മെക്‌സിക്കോ, പാകിസ്ഥാന്‍, റഷ്യ, സുഡാന്‍, വെനീസ്വല എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഈ സംഘത്തില്‍ പുതുതായി അണിചേരുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍