UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍ ജി ഒ മുതലാളിമാരെ സൂക്ഷിക്കുക; അവര്‍ കള്ളന് കഞ്ഞിവെക്കുന്നവരാണ്

ഒന്നുപറയുക; മറ്റൊന്നു ചെയ്യുക. നിയമലംഘനം ചൂണ്ടിക്കാണിക്കുക; നിയമലംഘനം നടത്തുക. Accountabilityയുടെ ആവശ്യകതയെക്കുറിച്ച് പറയുക; ആരോടും Accountable ആവാതിരിക്കുക. സുതാര്യതയെ ഉയര്‍ത്തിപിടിക്കുക; സ്വന്തം സംഘടനയില്‍ സുതാര്യത കുഴിച്ചുമൂടുക. ശ്വസിക്കുന്നതുപോലും ജനാധിപത്യമാകണമെന്നു ശഠിക്കുക; സ്വേച്ഛാധിപതിയായി മാത്രം പ്രവര്‍ത്തിക്കുക. അറിയാനുള്ള അവകാശത്തിനുവേണ്ടി പടനയിക്കുക; തങ്ങളെക്കുറിച്ച് ആരും ഒന്നും അറിയാതിരിയ്ക്കാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തുക. അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുക; സ്വയം അഴിമതിയില്‍ ഉണ്ടുറങ്ങി രമിക്കുക. 

ഒരു ശരാശരി എന്‍ ജി ഓയുടെ രേഖാചിത്രമാണിത്. എന്‍ ജി ഒയ്ക്ക് വിദേശപണം ലഭിക്കുന്നുണ്ടെങ്കില്‍ രേഖാചിത്രത്തിന് കൂടുതല്‍ നിറം കിട്ടുന്നു.

സര്‍ക്കാരിനു ചെയ്യാന്‍ കഴിയാത്തതോ സര്‍ക്കാര്‍ ശ്രദ്ധിയ്ക്കാത്തതോ ആയ കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ഓരോ എന്‍ ജി ഒയുടെയും ലക്ഷ്യം. ഒരു സര്‍ക്കാര്‍ ഇതര സംവിധാനം. അത് ജനങ്ങള്‍ക്ക് പൊതുവേ, ഗുണകരമായിരിക്കണം. എന്‍ ജി ഒ പ്രവര്‍ത്തകര്‍, ഒരു പക്ഷെ, ജനപ്രതിനിധികളേക്കാള്‍ സാമൂഹ്യബോധമുള്ളവരായിരിക്കും. അവര്‍ നിസ്വാര്‍ത്ഥരും സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ടവരുടെ കൂടി ജീവസ്പന്ദനം കേള്‍ക്കുന്നവരും അതിനോട് ക്രിയാത്മകമായി പ്രതികരിക്കുന്നവരും ആയിരിക്കും. ഇതൊക്കെയാണ് സാധാരണക്കാര്‍ എന്‍ ജി ഒ  പ്രവര്‍ത്തകരെക്കുറിച്ച് മനസ്സിലാക്കിയിരിയ്ക്കുന്നത്. എന്നാല്‍ വസ്തുത അതല്ല. സമൂഹനന്മ എന്നു നമ്മള്‍ കരുതുന്ന എല്ലാ മൂല്യങ്ങളുടെയും കശാപ്പുശാലയാണ് ഭൂരിപക്ഷം എന്‍ ജി ഒകളും.

എത്ര എന്‍ ജി ഒകള്‍ ഇന്ത്യയില്‍ നിലവിലുണ്ട് എന്നതിനെക്കുറിച്ച് വ്യക്തമായ കണക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലും ഇല്ല. അനൗദ്യോഗിക കണക്കനുസരിച്ച് ഇന്ത്യയില്‍ 20 ലക്ഷത്തിലധികം എന്‍ ജി ഒകള്‍ ഉണ്ട്. ഒരു എന്‍ ജി ഒയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്, ശരാശരി, 20 പേര്‍ ഉണ്ടെന്നു കണക്കാക്കിയാല്‍ നാലു കോടി സന്നദ്ധ പ്രവര്‍ത്തകരാണ് ഇന്ത്യയിലുള്ളത്. ഇവരെല്ലാം നാടിന്റെ പൊതു നന്മയ്ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കരുതുക. എങ്കില്‍, വാസ്തവത്തില്‍ ഇന്ത്യ സ്വര്‍ഗ്ഗതുല്യമായ നാടായി മാറുമായിരുന്നു.

ആകെയുള്ള എന്‍ ജി ഒകളില്‍ രണ്ടു ശതമാനം പേര്‍ക്കാണ് വിദേശപണം സംഭാവനയായി സ്വീകരിക്കാന്‍ നിയമപരമായി അവകാശമുള്ളത്. Foriegn Contribution Regulation Act (FCRA) 2010 പ്രകാരമാണ് ഇതിനുള്ള അനുമതി നേടേണ്ടത്. അത് നല്‍കേണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്. ആകെ 54 വകുപ്പുകളുള്ള FCRA പ്രകാരം, വിദേശസംഭാവന സ്വീകരിക്കാനുള്ള അനുമതി റദ്ദുചെയ്യാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അധികാരം ഉണ്ട്. അത്തരമൊരു നടപടിയിലേക്കു നയിക്കാന്‍ സാധ്യതയുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ് വിദേശസംഭാവനയുടെ വരവുചിലവു കണക്കുകള്‍ ആഭ്യന്തരമന്ത്രാലയത്തിനെ അറിയിക്കാതിരിക്കുക എന്നത്.

ഈ കണക്കുകള്‍ അയച്ചുകൊടുക്കാത്തതിന്റെ കാരണം ചോദിച്ചുകൊണ്ട് 2014 ഒക്‌ടോബറില്‍  കേന്ദ്ര ആഭ്യന്തരമന്ത്രാലയം 10,343 സന്നദ്ധസംഘടനകള്‍ക്ക് നോട്ടീസയച്ചു. 2009-2012 കാലയളവില്‍ ലഭിച്ച വിദേശപണത്തിന്റെയും അതിന്റെ ചിലവിന്റെയും കണക്കാണ് ചോദിച്ചത്. അതായത്, 2014 ഒക്‌ടോബറിലും 2009 ലെ കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലായിരുന്നു എന്നര്‍ത്ഥം. ഓരോ വര്‍ഷത്തേയും  കണക്കുകള്‍ ഓഡിറ്റ് ചെയ്ത് അയക്കണമെന്ന നിയമം നിലനില്‍ക്കെയാണ് ഇത്. എന്നാല്‍, നോട്ടീസു കിട്ടിയിട്ടുപോലും 8975 എന്‍ ജി ഒകള്‍ മറുപടി നല്‍കാന്‍ പോലും മിനക്കെട്ടില്ല.

എന്‍ ജി ഒകള്‍ക്ക് ലഭിച്ച വിദേശ പണത്തിന്റെ ആകെ കണക്ക് കൂടി നോക്കുമ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാകുന്നത്. 43,000 എന്‍ ജി ഒകള്‍ക്ക് FCRA രജിസ്‌ട്രേഷന്‍ ഉണ്ടെങ്കിലും 22,700 പേര്‍ക്ക് മാത്രമാണ് വിദേശപണം ലഭിച്ചിട്ടുള്ളത്. 2011-12 ല്‍ മാത്രം ഈ സംഘടനകള്‍ക്ക്  11,546 കോടി രൂപ വിദേശത്തുനിന്ന് ലഭിച്ചിട്ടുണ്ട്. 2009-2012 വര്‍ഷങ്ങളില്‍ ആകെ എത്തിയത് 31,938 കോടി രൂപയാണ്. ഓരോ വര്‍ഷം ശരാശരി 10,000 കോടി രൂപയുടെ വിദേശപണമാണ് ഇങ്ങനെ ഇന്ത്യയില്‍ എത്തുന്നത്. ഇതിന്റെ കണക്കാണ് കേന്ദ്രസര്‍ക്കാര്‍ അതിന്റെ നിയമപരമായ അധികാരപരിധിക്കുള്ളില്‍ നിന്നുകൊണ്ട് ചോദിച്ചിട്ടുപോലും ലഭ്യമാക്കാത്തത്. ഇതിനാണ് ഒരു മറുപടി പോലും അയക്കാന്‍ എന്‍ ജി ഒമാര്‍ മെനക്കെടാത്തത്.

എന്‍ ജി ഒകളുടെ തീര്‍ത്തും സുതാര്യമല്ലാത്ത പ്രവര്‍ത്തനരീതികളെ തുടര്‍ന്നാണ് 2015 ഏപ്രില്‍ ആറാം തീയതിയിലെ F.No.11/21022/58(040)2015-FCRA(MV)എന്ന ഉത്തരവിലൂടെ 8975 എന്‍ ജി ഒകളുടെ FCRA രജിസ്‌ട്രേഷന്‍ റദ്ദുചെയ്തത്. മന്ത്രാലയം നോട്ടിസയച്ച എന്‍.ജി.ഒ കളില്‍ 510 എണ്ണത്തിന്റെ മേല്‍വിലാസം ശരിയല്ല എന്ന കാരണത്താല്‍ നോട്ടീസ് തിരിച്ചുവന്നു എന്നും കൂടി ഈ ഉത്തരവില്‍ വ്യക്തമാക്കുന്നതോടെ എന്‍.ജി.ഒകളുടെ നിയമബോധത്തേയും സുതാര്യതയേയും നീതിബോധത്തേയും പ്രവര്‍ത്തി മണ്ഡലങ്ങളേയും കുറിച്ചൊക്കെ ഒരു ധാരണ കിട്ടും.

കണക്കുശരിയാണെങ്കില്‍, ചിലവുകളില്‍ മറച്ചുവയ്‌ക്കേണ്ട കാര്യങ്ങള്‍ ഇല്ലെങ്കില്‍, എന്തുകൊണ്ടാണ് കണക്ക് അയച്ചുകൊടുക്കാതിരുന്നത്? അതും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖാമൂലം ആവശ്യപ്പെട്ടിട്ടും?

ഇങ്ങനെ വിദേശപണം സ്വീകരിച്ചിട്ട് അതിന്റെ കണക്ക് നല്‍കാത്തവരില്‍ ഇന്ത്യയിലെ പ്രശസ്തമായ അക്കാദമിക് സ്ഥാപനങ്ങളും ഉണ്ട്. ജെ എന്‍ യു, ദില്ലി സര്‍വ്വകലാശാല, ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, ഐ ഐ ടി (ദില്ലി), ലേഡി ഇര്‍വിന്‍ കോളേജ്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്,  ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഗാര്‍ഗി കോളേജ്, സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്റ് പ്ലാനിംഗ് തുടങ്ങിയവ ചിലതു മാത്രം.

ആരാണ് ഇത്രയും വലിയ തുകകള്‍ ഇങ്ങനെ കൈയ്യയച്ച് സംഭാവന കൊടുത്തത്? 2010-11 ലെ  കണക്കുകള്‍ പറയുന്നത് ഇതാണ്. അമേരിക്ക (3260.22 കോടി രൂപ),  ഇംഗ്ലണ്ട് (1065.35 കോടി രൂപ),  ജര്‍മ്മനി (1007.39 കോടി രൂപ),  ഇറ്റലി (490.01 കോടി രൂപ),  നെതര്‍ലാന്‍ഡ് (468.81 കോടി രൂപ). ഇവ കൂടാതെ വടക്കന്‍ കൊറിയ, ക്യൂബ, ടോംഗ, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയില്‍ സാമൂഹികനീതിയും സുതാര്യതയും ജനാധിപത്യവും ഉറപ്പുവരുത്തുന്നതില്‍ വളരെ ശ്രദ്ധിക്കുന്നവരാണ്.

ഇവരില്‍ പ്രധാനികളുടെ ചരിത്രം എടുക്കൂ. കച്ചവടത്തിന്റെയും അധിനിവേശത്തിന്റെയും പേരില്‍ ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളേയും കൊള്ളയടിച്ചവരാണീ രാജ്യങ്ങള്‍. രണ്ടു ലോകമഹായുദ്ധങ്ങള്‍ക്ക് കാരണക്കാരാണിവര്‍. ലോകത്ത് പല ഭാഗങ്ങളിലായി പല സര്‍ക്കാരുകളെ അട്ടിമറിച്ചവരാണിവര്‍. ലോകത്തിന്റെ പല ഭാഗത്തും ഇന്നു നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തരകലാപങ്ങളില്‍ പുറത്തുനിന്നും അകത്തുനിന്നും പങ്കുള്ളവരാണിവര്‍. ലോകത്ത് സമാധാനം നിലനിന്നാല്‍ തങ്ങളുടെ ആയുധക്കച്ചവടം നടക്കില്ല എന്ന ഒറ്റ കാരണം കൊണ്ടുതന്നെ രാജ്യങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുകയും പരസ്പരം യുദ്ധം ചെയ്യുന്ന രണ്ടു രാജ്യങ്ങള്‍ക്കും ആയുധം വില്‍ക്കുന്നവരുമാണിവര്‍. ലോകത്തില്‍ ഉണ്ടായ ഒട്ടനേകം മനുഷ്യത്വരഹിതമായ കൂട്ടക്കൊലകളും വംശഹത്യകളും നടത്തിയവരാണിവര്‍; നടത്തിക്കൊണ്ടിരിക്കുന്നവരാണിവര്‍.

ഇവര്‍ക്ക് ഇന്ത്യയോട് എന്താണിത്ര മമത? ഇന്ത്യയിലെ ഭരണസുതാര്യതയും സാമൂഹിക പ്രതിബദ്ധതയും മനുഷ്യാവകാശ സംരക്ഷണവും മറ്റും ഉറപ്പുവരുത്താന്‍ അവര്‍ എന്തിനാണ് ഇത്രയേറെ പണം വര്‍ഷാവര്‍ഷം ചിലവഴിയ്ക്കുന്നത്?

പണം കൈപ്പറ്റുന്നവരില്‍ ഏറ്റവും മുന്നിലുള്ള ചെന്നൈ ആസ്ഥാനമായ വേള്‍ഡ് വിഷന് 2009-2011 ലായി 442.68 കോടി രൂപയാണ് ലഭിച്ചത്. (ഈ രണ്ടു വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം പണം ലഭിച്ച സംഘടനയാണിത്.) പക്ഷെ, 2009-2012 ലെ കണക്കുകള്‍ സമര്‍പ്പിക്കണമെന്ന്  കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും വേള്‍ഡ് വിഷന്‍ അത് അയച്ചുകൊടുക്കാന്‍ തയ്യാറായില്ല.

രണ്ടാമത്തെ സ്ഥാനം കേരളത്തിലെ യോഹന്നാന്റെ ബിലവേഴ്‌സ് ചര്‍ച്ച് ആണ്. ഒറ്റവര്‍ഷം ഇതിന് കിട്ടുന്നത് 190 കോടി രൂപയാണ്.

പണം നല്‍കുന്ന വിദേശ സംഘടനകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതും ക്രിസ്ത്യന്‍ സംഘടനകള്‍ തന്നെ. 2011-2012 കാലയളവില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് അമേരിക്കയിലെ Compassion Internationalഎന്ന ക്രിസ്ത്യന്‍ സംഘടനയാണ് (183 കോടി രൂപ). തൊട്ടടുത്ത് നില്‍ക്കുന്നത് അമേരിക്കയിലെ തന്നെ Church of Jesus Chirst of Latter Day Saints എന്ന ക്രിസ്ത്യന്‍ സംഘടയാണ് (130.77 കോടി രൂപ). ജര്‍മ്മനിയിലെ ഒരു ക്രിസ്ത്യന്‍ സംഘടനയായ Kindernot life (KNH) ആണ് മൂന്നാമത് (51.76 കോടി രൂപ). ഇത്രയും ഭീമമായ തുക മുറതെറ്റാതെ ഇന്ത്യയിലെ ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് എത്തുന്നു എന്നതിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് അതെത്തുന്നത് ഇന്ത്യയിലെ മൂന്നുശതമാനത്തിനു താഴെ ജനസംഖ്യയുള്ള ക്രിസ്ത്യന്‍ ജനതയ്ക്കാണെന്നതാണ്. അതായത് മൂന്നുകോടി ക്രിസ്ത്യാനികളുള്ള ഇന്ത്യയിലേക്ക് പ്രതിവര്‍ഷം 330 കോടി രൂപയോളം വിദേശത്തുള്ള ക്രിസ്ത്യന്‍ സംഘടനകളില്‍ നിന്നും ലഭിക്കുന്നു. ഈ രൂപയുടെ കണക്കുകളാകട്ടെ വേണ്ടരീതിയില്‍ സമര്‍പ്പിയ്ക്കപ്പെടുന്നുമില്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശത്തുനിന്നും ലഭിക്കുന്ന പണത്തിന്റെ കണക്കുകള്‍ നല്‍കാത്തത് ആ പണം ദുരുപയോഗം ചെയ്തതുകൊണ്ടാണ്. അങ്ങനെ ചെയ്യുന്നത് FCRA അനുസരിച്ച് തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. വാസ്തവത്തില്‍, രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനോടൊപ്പം ആ സംഘടനകളുടെ പണച്ചിലവിന്റെ വഴികള്‍ കണ്ടെത്തുകയും പണം ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ ഉത്തരവാദികളായവരെ ശിക്ഷിക്കുകയും ആണ് വേണ്ടത്.

വിദേശത്തുനിന്നും ലഭിക്കുന്ന പണം ഭരണം അട്ടിമറിക്കുന്നതിന് ഉപയോഗിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് രണ്ടു കൊല്ലം മുമ്പ് ദില്ലിയില്‍ അരങ്ങേറിയ ലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള സമരം. ഒരു ലോക്പാല്‍ നിയമം ഉണ്ടാക്കിയാല്‍ ഇന്ത്യയിലെ അഴിമതി തുടച്ചുമാറ്റാമെന്ന് അണ്ണാഹസാരെയെപ്പോലുള്ള മഹാരാഷ്ട്രയിലെ ഒരു പ്രാദേശികനേതാവിന് പറയാം. അതിനത്രയേ പ്രസക്തിയുള്ളു. പക്ഷെ, അതിനെ ഒരു മൂവ്മെന്‍റ് ആക്കിക്കൊണ്ടുവന്ന്, ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട്, ആ മുന്നേറ്റത്തിലൂടെ, അണ്ണാഹസാരയെപ്പോലും ധിക്കരിച്ച്, കെജരിവാളും സിസോദിയും മുന്നിട്ടു നടത്തിയ  എന്‍ ജി ഒ പ്രവര്‍ത്തനവും വിദേശഫണ്ടുമാണ് ആം ആദ്മി പാര്‍ട്ടിയുടെ ജന്മത്തിനു കാരണം. അന്നു നടന്ന സമരങ്ങളാണ്, ഒരര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ പതനത്തിന് ആക്കം കൂട്ടിയത്. അതിന്റെ ഗുണഭോക്താവ് ദില്ലിയില്‍ കെജരിവാള്‍ ആയിരുന്നെങ്കില്‍ ദേശീയതലത്തില്‍ ബി ജെ പി ആയിരുന്നു. ഭരണത്തില്‍ സുതാര്യതയും accountabilityയും ജനാധിപത്യവുമൊക്കെ വേണമെന്ന് വാദിച്ച കെജരിവാള്‍ പക്ഷെ, സ്വന്തം പാര്‍ട്ടിയില്‍ പോലും അതൊന്നും നടപ്പിലാക്കിയില്ല. അതാണ് എന്‍ ജി ഒ മുതലാളിയുടെ ശരിക്കുള്ള മുഖം.

എന്‍ ജി ഒ പ്രവര്‍ത്തകര്‍ വിദേശപണം രാജ്യതാല്‍പ്പര്യത്തിനെതിരായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് പൊതു വിമര്‍ശനമുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കൂടംകുളത്തെ സമരം. ആണവനിലയത്തിനെതിരെയുള്ള മുന്നേറ്റങ്ങള്‍ക്ക് വിദേശഫണ്ടിന്റെ പിന്‍ബലമുണ്ടെന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് ആണ് പറഞ്ഞത്. അമേരിക്കയിലുള്ള ചില സ്ഥാപനങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കിയ സിംഗ് പറയാതെ പറഞ്ഞ മറ്റൊരു കാര്യമുണ്ട്. കൂടംകുളം റിയാക്ടര്‍ റഷ്യയുടേതാണ്. റഷ്യയുമായുള്ള ഇന്ത്യന്‍ സഹകരണത്തെ അമേരിക്ക പണ്ടും – ഉദാ: ഐ.എസ്.ആര്‍.ഒര. ചാരക്കേസ് – തുരങ്കം വച്ചിട്ടുണ്ട്.

സിംഗിന്റെ പ്രസ്താവനയ്ക്ക് ഗുണമുണ്ടായി. ഇന്ത്യയിലെ അമേരിക്കന്‍ അമ്പാസിഡര്‍ Peter Burleigh ഇന്ത്യയിലെ ആണവനിലയങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കി.  ആഴ്ചകള്‍ക്കുള്ളില്‍ തന്നെ തെക്കേ ഇന്ത്യയിലെ വിദേശ പണം ലഭിച്ചിരുന്ന പല സംഘടനകളുടെയും FCRA രജിസ്‌ട്രേഷന്‍ ഗവണ്‍മെന്റ് റദ്ദ് ചെയ്തു. (ആണവനിലയം വേണമോ വേണ്ടയോ എന്നത് ഒരു കാര്യം. നിലയത്തിനെതിരെയുള്ള സമരം ഗൂഢതാല്‍പ്പര്യമുള്ള രാജ്യത്തില്‍ നിന്ന് ലഭിക്കുന്ന പണത്തിന്റെ സഹായത്തോടെ നടത്തണമോ എന്നത് വേറെ കാര്യം)

വിദേശപണം രാജ്യതാല്‍പ്പര്യത്തിനെതിരായി ഉപയോഗിക്കുന്നു എന്ന വാദത്തിന്, കേരള രാഷ്ട്രീയത്തില്‍, പ്രത്യേകിച്ചും സി.പി.ഐ. (എം) രാഷ്ട്രീയത്തില്‍ വളരെ പ്രസക്തിയുണ്ട്. 2004 മേയ് – ജൂണ്‍ മാസങ്ങളിലെ പാഠം മാസികയില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ കുറിച്ച് ഒരു ലേഖനം വന്നു. 20 പേജിലേറെ ഉണ്ടായിരുന്ന ലേഖനത്തിന്റെ കാതല്‍ ഇതാണ്: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സമുന്നത നേതാക്കളായ എം.പി.പരമേശ്വരന്‍, തോമസ് ഐസക്ക്, ബി ഇക്ബാല്‍ എന്നിവര്‍ കേരളത്തിന്റെ റിസോഴ്സ് മാപ്പുകള്‍ വിദേശരാജ്യങ്ങള്‍ക്ക് വിറ്റു; നെതര്‍ലാന്‍ഡ് സര്‍ക്കാരിന്‌റെ സഹായത്തോടെ ഗ്രാമങ്ങളില്‍ നടത്തിയ പഠന വിവര റിപ്പോര്‍ട്ടാണ് ഇപ്രകാരം കൈമാറിയത്;  പരിഷത്തിന് വിദേശ പണം ലഭിച്ചത് സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസ് (CDS) വഴിയാണ്.

ലേഖനത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് മാനനഷ്ടകേസ് കൊടുത്തു. 2006 ജൂലൈ 13ന് കേസിന്റെ വിചാരണ തുടങ്ങി. സെപ്തംബര്‍ 13 ന് വിധി പറഞ്ഞു. പരിഷത്തിന്റെ കേസ് തള്ളി. പരിഷത്തിന് വിദേശപണം കിട്ടി എന്നും കോടതി വ്യക്തമാക്കി. എറണാകുളം  ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിധിയ്‌ക്കെതിരെ അപ്പീല്‍ പോകുമെന്ന് പരിഷത്ത് പറഞ്ഞെങ്കിലും അവര്‍ അത് ചെയ്തില്ല. അതിനര്‍ത്ഥം പാഠം ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാപരമായിരുന്നു എന്നാണ്.

ആ വിധിന്യായം ചര്‍ച്ച ചെയ്ത വേളയിലും കേരള സമൂഹം ചര്‍ച്ച ചെയ്യാതെ പോയ ഒരു കാര്യമുണ്ടായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് FCRA രജിസ്‌ട്രേഷന്‍ ഇല്ലായിരുന്നു എന്ന വസ്തുത. രജിസ്‌ട്രേഷന്‍ ഇല്ലാതിരുന്ന പരിഷത്തിനെ നെതര്‍ലന്‍ഡില്‍ നിന്ന് FCRA പ്രകാരം ലഭിച്ച 16 കോടി രൂപ CDS എങ്ങനെ കൈമാറി? അത് ഒരു ക്രിമിനല്‍ കുറ്റമാണ്. കുറ്റം ചെയ്തത് CDS ഉം ശാസ്ത്രസാഹിത്യ പരിഷത്തും. രണ്ടിന്റേയും തലപ്പത്ത് കേരളത്തിന്റെ സാമൂഹിക – സാമ്പത്തിക ചരിത്രം തിരുത്തി എഴുതിയ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികള്‍. വിശാഖപട്ടണത്തില്‍ അവസാനിച്ച പാര്‍ട്ടി കോണ്‍ഗ്രസ് എന്‍ ജി ഒകളുമായി പാര്‍ട്ടി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് തീരുമാനമെടുത്തപ്പോള്‍ ഒത്തിരി ദുഷ്ചിന്തകള്‍ എനിക്ക് ഉണ്ടാകുന്നു.

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മൂല്യച്യുതി സംഭവിച്ചതിന്റെ എത്രയോ ഇരട്ടി വേഗത്തിലാണ് മൂല്യാധിഷ്ഠിതമായ എന്‍ ജി ഒ പ്രസ്ഥാനത്തിന് മൂല്യച്യുതി ഉണ്ടായത്! മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ പോലും വിമര്‍ശനങ്ങള്‍ക്കും എതിരഭിപ്രായങ്ങള്‍ക്കും സ്ഥാനമുണ്ട്. എന്നാല്‍,എന്‍ ജി ഒകളുടെ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിയില്‍ എതിര്‍ശബ്ദത്തെ ഇല്ലാതാക്കും.

നാലും അഞ്ചും ലക്ഷം രൂപ മാസശമ്പളമായി വാങ്ങുന്ന എത്രയോ ആയിരം സമൂഹികപ്രവര്‍ത്തകരുണ്ട് എന്‍ ജി ഒ ലോകത്ത്. അവര്‍ Professional Social activistകളാണ്. Professional എന്നാല്‍ കൂടുതല്‍ പണമുണ്ടാക്കുന്നയാള്‍; ഒരു സ്ഥാപനത്തിന്റെ ഐഡന്‍റിറ്റിയുമായി തന്റെ പ്രൊഫെഷന്‍ കൂട്ടിവായിക്കാത്തയാള്‍ എന്നൊക്കെയാണ് പുതിയ കാലഘട്ടത്തിലെ അര്‍ത്ഥങ്ങള്‍. അതുകൊണ്ടുതന്നെ ഇന്ന് HIV പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവകന് നാലുലക്ഷത്തിനുപകരം അഞ്ചുലക്ഷം രൂപ ശമ്പളം കിട്ടുമെന്നു വന്നാല്‍ അയാള്‍ സുനാമി പുനരധിവാസത്തിന്റെ സന്നദ്ധസേവകനാകും. ഒരു തരം Glorified Salesman. ഈ ജനുസ്സില്‍പെട്ടവര്‍ പഴയ ബാബ ആംതേയെപ്പോലെ ഒരു രംഗത്തുതന്നെ ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിയ്ക്കുന്നവരല്ല. ജയപ്രകാശ് നാരായണനെപ്പോലെ അധികാരത്തിന്റെ ലോകത്തുനിന്ന് മാറിനില്‍ക്കുന്നവരും അല്ല.

അതുകൊണ്ടാണ് പരിസ്ഥിതി സംരക്ഷണമേഖലയില്‍ കേരളത്തില്‍ നൂറുകണക്കിന് എന്‍ ജി ഒകള്‍ ഉണ്ടായിട്ടും  – വിദേശ പണം ലഭിക്കുന്നവര്‍ ഉള്‍പ്പെടെ – മതികെട്ടാനിലെ വനംകയ്യേറ്റം കണ്ടെത്താനും പുറംലോകത്തെ അറിയിക്കനും രാഷ്ട്രീയക്കാര്‍ വേണ്ടിവന്നത്. യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലുള്ള ഒരു മരം മുറിയ്ക്കുന്നതിനെതിരെ സംഘടിത ചെറുത്തുനില്‍പ്പ് നടത്തിയവരുടെ കണ്‍മുന്നില്‍ ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി വെട്ടിനശിപ്പിച്ചുകൊണ്ടിരിക്കുന്നത്. പഴയ പ്രതിബദ്ധത പോയി. ഇന്നുള്ളത് എങ്ങനെ സ്വന്തം എന്‍ ജി ഒയിലേക്ക് കൂടുതല്‍ വിദേശി – സ്വദേശി പ്രോജക്ടുകള്‍ എത്തിക്കാമെന്ന വികസനസ്വപ്നമാണ്. സ്വപ്നം കാണുന്നവന്‍ കണ്‍മുമ്പില്‍ നടക്കുന്നത് ഒരിക്കലും കാണുന്നില്ലല്ലോ!

ഒരിയ്ക്കല്‍ സി.ജെ.തോമസ് ശുഭ്ര ഖദര്‍ വസ്ത്രധാരിയായി വന്നിട്ട് സുഹൃത്തുക്കളോട് ചോദിച്ചു: ”എന്നെ ഇപ്പോള്‍ കണ്ടാല്‍ ഒരു കൊള്ളക്കാരനാണെന്ന് തോന്നും അല്ലേ?” അയഞ്ഞ കുപ്പായവും  വെട്ടിഒതുക്കാത്ത താടിയും തോളില്‍ തുണിസഞ്ചിയും (സഖാവ് ബേബി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സമയത്ത് തോളില്‍ തൂക്കിയിരുന്ന മാതിരിയുള്ള ഒരു സഞ്ചി) തൂക്കി ഇന്ത്യയിലെ ദരിദ്രനാരായണന്‍മാരെക്കുറിച്ചും അഴിമതിയെക്കുറിച്ചും സുതാര്യതയില്ലായ്മയെക്കുറിച്ചുമൊക്കെ Powerpoint Presentation നടത്തുന്ന എന്‍ ജി ഒ മുതലാളിമാരെ കാണുമ്പോള്‍ നാളെ ജനം പറയും: ”ഇതാ… കള്ളനും കൊള്ളക്കാരനും കഞ്ഞിവച്ചവന്‍.”

Sources
1.Business Standard, The Government Cancells Registrationof 9000 NGOs, April 29, 2015
2.F.India, Thariq Anwar, February1, 2015

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍