UPDATES

സിനിമ

NH10 ഒരു സ്ത്രീപക്ഷ സിനിമയല്ല; പക്ഷേ…

Avatar

മെയ്‌മോന്‍ മഠത്തിങ്കല്‍

ലോകകപ്പ് ക്രിക്കറ്റ് കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് വിരാട് കോഹ്ലിയുടെ ഒരു ട്വീറ്റ് വഴിയാണ് NH10 എന്ന സിനിമ ആദ്യം ശ്രദ്ധയില്‍ പെടുന്നത്. ദുരഭിമാനക്കൊലയാണ് പ്രമേയമെന്ന് അറിഞ്ഞതോടെ ഈ വിഷയം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നറിയാന്‍ താല്പര്യം കൂടി. എന്തായാലും മോശമാക്കിയില്ല, ജാതി യാഥാര്‍ത്ഥ്യങ്ങളെ ഇത്രകണ്ടു മുന്‍നിര്‍ത്തി ചിത്രം ചെയ്യാന്‍ തീരുമാനിച്ച ടീം വര്‍ക്കിനു നന്ദി. ദുരഭിമാനക്കൊല കൈകാര്യം ചെയ്യാന്‍ ശ്രമിച്ച Love, Sex and Dhoka, ആക്രോശ് എന്നീ സമീപകാല മള്‍ടിപ്ലെക്സ് ചിത്രങ്ങളെക്കാള്‍ ചലനം സൃഷ്ടിക്കാന്‍ ഒരു ‘A lister’ എന്ന നിലയില്‍ അനുഷ്കക്ക് കഴിയും എന്ന് വേണം പ്രതീക്ഷിക്കാന്‍. അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്വാനി (dev d co-writer), വികാസ് ബാല്‍ (ക്വീന്‍ സംവിധായകന്‍) എന്നിവരോടൊപ്പം അനുഷ്കയും ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ്. വളരെ പ്രതീക്ഷയോടെയാണ് ഈ കൂട്ടായ്മയെ നോക്കിക്കാണുന്നത്. അനുരാഗ് കശ്യപിന്റെ അടുത്ത ചിത്രമായ ബോംബെ വെല്‍വെറ്റ് (അനുഷ്ക-രണ്‍ബീര്‍) ആണ് ഈ ടീമിന്റെ പ്രതീക്ഷയുണര്‍ത്തുന്ന അടുത്ത പ്രൊജക്റ്റ്‌.

 

മലയാള സിനിമയിലും സമാന രീതിയിലുള്ള ഒരു കൂട്ടുകെട്ട് ഉണ്ടായി വരുന്നത് കാണാവുന്നതാണ്. താരരാജാക്കന്മാരുടെ ചുറ്റിനും കറങ്ങുന്ന ഉപജാപക സംഘങ്ങളോ, അനുചരവൃന്ദമോ ആയാലേ മലയാള സിനിമയില്‍ എന്തെങ്കിലും ആയിത്തീരാന്‍ പറ്റൂ എന്ന സ്ഥിതിവിശേഷം മാറിത്തുടങ്ങിയിട്ടുണ്ട്. മോഹന്‍ലാലിനെ കുറിച്ച് മഞ്ജു വാര്യര്‍ കുറിപ്പെഴുതുന്നു, സത്യേട്ടനെ പറ്റി മോഹന്‍ലാല്‍ ബ്ലോഗ്‌ എഴുതുന്നു, ദിലീപ് ആണെങ്കില്‍ വായ തുറന്നാല്‍ പാലും തേനും ഒഴുകും. തികച്ചും പൊള്ളയോ പൊള്ളയാണെന്ന് തോന്നിക്കുന്നതോ ആയ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ക്കിടയില്‍ നിലപാടുകള്‍ പറഞ്ഞ് വ്യത്യസ്തരാവുകയും സ്വയം വഴികള്‍ വെട്ടിപ്പിടിക്കുകയും ചെയ്യുന്ന ആഷിക് അബു, രാജീവ്‌ രവി, നിവിന്‍ പോളി തുടങ്ങിയവര്‍ ഒരാശ്വാസം തന്നെയാണ്.

 

പ്രതീക്ഷയുണര്‍ത്തുന്ന ഒരു കൂട്ടായ്മയിലേക്ക് എസ്റ്റാബ്ലിഷ്ഡ് ആയ നായകന്‍/നായിക നിര്‍മാതാവായി എത്തുന്നത്‌ നമ്മള്‍ മുന്‍പ് കണ്ടത് ഫഹദ് ഫാസില്‍, ഇയ്യോബിന്റെ പുസ്തകം ചെയ്തപ്പോഴാണ്. തീര്‍ച്ചയായും അതൊരു win-win സിറ്റുവേഷന്‍ ആണ്. രസകരമായ ഒരു കാര്യം രാജീവ് രവി മലയാളത്തിലും ഹിന്ദിയിലും ഒരുപോലെ രണ്ടു കൂട്ടായ്മയിലും സജീവമാണ് എന്നതാണ്. ബോംബെ വെല്‍വെറ്റിന്റെ ഛായാഗ്രാഹകന്‍ രാജീവാണ്.

 

 

ഇന്ത്യന്‍ സിനിമയില്‍ വയലന്‍സിനു എന്നും ഒരു പരിധി നിശ്ചയിച്ചു പോന്നിട്ടുണ്ട്. നമ്മുടെ നായക സങ്കല്‍പ്പങ്ങള്‍ എന്നും സത്യം കൊണ്ടും, നീതി കൊണ്ടും തിന്മയെ തോല്‍പ്പിച്ച് പോന്നതായാണ് ആവിഷ്കരിച്ചിട്ടുള്ളത്. മറിച്ചുള്ള ആന്റിഹീറോ സങ്കല്‍പ്പങ്ങള്‍ പോലും ഒരുതരം ‘കാവ്യനീതി’ അനുസരിച്ചു പോന്നു. അതുപോലെ തന്നെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ചെയ്യാവുന്ന വയലന്‍സിനും ഒരു പരിധി നമ്മള്‍ കാലാകാലങ്ങളായി നിഷ്കര്‍ഷിച്ചു പോന്നിട്ടുണ്ട്. ആ പരിധിയാണ് ഇത്തരം കൂട്ടായ്മയില്‍ നിന്നു വരുന്ന സിനിമകള്‍ പൊളിച്ചെഴുതുന്നത്. ഇവിടെ സ്ത്രീ ഉന്മാദാവസ്ഥയില്‍ അട്ടഹസിക്കുകയും, തെറി വിളിക്കുകയും ചെയ്യും, അവശയായി നിലത്തു വീണു കിടക്കുന്ന സ്ത്രീയെ കരുണയുടെ ലാഞ്ചന പോലുമില്ലാതെ മര്‍ദ്ദിക്കും (NH10). പ്രതികാരത്തിനു വേണ്ടി ലിംഗം ഛേദിക്കും (22FK).

 

വര്‍ഷങ്ങള്‍ക്കു മുന്‍പ് രാംഗോപാല്‍ വര്‍മ നല്ല സിനിമകള്‍ ചെയ്തിരുന്ന കാലത്ത് ഇറങ്ങിയ റോഡ്‌ എന്ന റോഡ്‌ മൂവിയുടെ കഥാപരിസരങ്ങളാണ് NH10 കടമെടുക്കുന്നത്. ആ പശ്ചാത്തലം ദുരഭിമാനക്കൊലയിലേക്ക് സമര്‍ത്ഥമായി വ്യാപിപ്പിക്കുന്നുണ്ട് സംവിധായകന്‍.  മഞ്ഞ നിറത്തിലുള്ള കോട്ടും, പോണി ടെയ്ലും, ചോര പുരണ്ട ആയുധവുമായി നില്‍ക്കുന്ന അനുഷ്കയുടെ നീണ്ട ഫ്രെയിം kill bill -ലെ ഉമ തുര്‍മാനെ ഓര്‍മിപ്പിക്കുന്നു എങ്കില്‍ അത് കേവലം യാദൃചികം ആവാന്‍ വഴിയില്ല. കാരണം വയലന്‍സിന്റെ glorification സിനിമയില്‍ ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടിട്ടുള്ളത്‌ ടാരന്റിനോ സിനിമകളിലാണ്. എന്നാല്‍ ആ സിനിമകളില്‍ വയലന്‍സ് എത്ര blunt ആണെങ്കിലും ഒരു പ്രത്യേക തരം sensibility അനുഭവപ്പെടാറുണ്ട്. ഒരു പക്ഷെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടി  അതിനൊരു കാരണമായിരിക്കാം.

 

ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അത്ര നന്മയൊന്നും അവകാശപ്പെടാനില്ല. അങ്ങേയറ്റം സെല്‍ഫിഷ് ആയ, എന്നാല്‍ സ്വയം കറക്റ്റ് ആണെന്ന് വിശ്വസിക്കുന്ന, ഷോപ്പിംഗ്‌ മാളുകളിലും കോര്‍പ്പറേറ്റ് ഓഫീസുകളിലും ജീവിതം തള്ളിനീക്കുന്ന ഇന്നിന്റെ യുവത്വത്തിന്റെ പ്രതീകങ്ങളാണ് നായകനും നായികയും. നായിക പ്രതികരിക്കാന്‍ തീരുമാനിക്കുന്നത് സാമൂഹിക പ്രതിബദ്ധത മൂലമോ, നന്മ കൊണ്ടോ അല്ല. സ്വന്തം നഷ്ടങ്ങള്‍ക്ക് വേണ്ടിയാണ്. അങ്ങനെ നോക്കിയാല്‍ ആകെ സ്നേഹമുള്ള കഥാപാത്രങ്ങളായി തോന്നിയത് ഒരൊറ്റ സീനില്‍ വരുന്ന‘ബീഹാറി ദമ്പതി’കള്‍ ആണ്. വളരെ ചെറിയ വേഷത്തില്‍ വരുന്ന ആള്‍ക്കാര്‍ പോലും മോശമാക്കിയിട്ടില്ല. തീരെ ചെറുത്‌ എങ്കിലും ദീപ്തി നേവല്‍ ചെയ്ത കഥാപാത്രം മനസ്സില്‍ നില്‍ക്കുന്നു.

 

 

നിങ്ങളുടെ ജനാധിപത്യം ഗുഡ്ഗാവ് അതിര്‍ത്തിയിലെ ടോള്‍ബൂത്ത്‌ വരെയേ ഉള്ളൂ എന്നുള്ളത് ഒരു പഞ്ച് ഡയലോഗായി ഇപ്പോഴും മുഴങ്ങുന്നുണ്ട്.

ഒരു ഇന്റര്‍വ്യൂവില്‍ അനുഷ്ക പറഞ്ഞത് പോലെ, ഇതൊരു സ്ത്രീപക്ഷ സിനിമയല്ല, എന്നാല്‍ ഒരു women-equal സിനിമയാണ്. ആ വാദത്തോട് പൂര്‍ണമായും യോജിക്കുന്നു. ക്വീന്‍ പോലെ empowerment ന് വേണ്ടിയല്ല കഥാപാത്രങ്ങള്‍ സംസാരിക്കുന്നത്, അവര്‍ വളരെ നോര്‍മലായി പെരുമാറുകയാണ്, ജീവിതത്തിലേതു പോലെ..

 

(ഡല്‍ഹിയില്‍ സോഫ്റ്റ്വേര്‍ മേഖലയില്‍ ജോലി ചെയ്യുന്നു)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍