UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐസിസ് ബന്ധമെന്ന് സംശയം: ഡല്‍ഹിയില്‍ മലയാളിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മൊയ്‌നുദീന്‍ പാറക്കടവത്തിനെയാണ് (25) അറസ്റ്റ് ചെയ്തത്. ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഐസിസ് സംഘത്തിന്റെ ഭാഗമാണ് ഇയാളെന്നാണ് സംശയം.

ഐസിസ് ബന്ധം സംശയിക്കുന്ന മലയാളിയെ ഡല്‍ഹിയില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശി മൊയ്‌നുദീന്‍ പാറക്കടവത്തിനെയാണ് (25) അറസ്റ്റ് ചെയ്തത്. ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഐസിസ് സംഘത്തിന്റെ ഭാഗമാണ് ഇയാളെന്നാണ് സംശയം. അബുദാബിയില്‍ നിന്ന് ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ മൊയ്‌നുദീനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യാനായി എന്‍ഐഎ ആസ്ഥാനത്തേയ്ക്ക് കൊണ്ടുപോവുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ ഐസിസ് ബന്ധവും ഗൂഢാലോചനയിലെ പങ്കും മൊയ്‌നുദീന്‍ സമ്മതിച്ചതായാണ് എന്‍ഐഎ പറയുന്നത്. ഇന്ന് മൊയ്‌നുദീന്റെ അറസ്റ്റ് രേഖപ്പെടുത്തി.

2016 ഒക്ടോബര്‍ രണ്ടിന് കണ്ണൂരിലെ കനകമലയില്‍ നിന്ന് ഐസിസ് ബന്ധം ആരോപിച്ച് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരാളെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇവരുടെ മൊഴിയാണ് മൊയ്‌നുദീനെ അറസ്റ്റ് ചെയ്യാന്‍ സഹായകമായത്. കഴിഞ്ഞ വര്‍ഷം കേരളത്തിലെ പ്രവര്‍ത്തകര്‍ക്കായി അബുദാബിയില്‍ നിന്ന് മൊയ്‌നുദീന്‍ പണമയച്ചിരുന്നതായി ഇവര്‍ പറഞ്ഞിരുന്നു. വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ വഴിയാണ് പണമയച്ചത്. അബു അല്‍ ഇന്തോനേസി, ഇബിന്‍ അബ്ദുള്ള എന്നീ പേരുകളിലാണ് ഐസിസ് വൃത്തങ്ങളില്‍ മൊയ്‌നുദീന്‍ അറിയപ്പെടുന്നത് എന്നാണ് എന്‍ഐഎ പറയുന്നത്. നാളെ ഇയാളെ റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് ലഭിച്ച ശേഷം കേരളത്തില്‍ കൊണ്ടുവന്ന ഇവിടത്തെ എന്‍ഐഎ പ്രത്യേക കോടതിയില്‍ വിചാരണ തുടരും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍