UPDATES

വിദേശം

നീസ് ഭീകരാക്രമണം; ഇസ്ലാമിനെതിരെ യുദ്ധാഹ്വാനങ്ങള്‍

ഇഷാന്‍ തരൂര്‍
(വാഷിങ്ടണ്‍ പോസ്റ്റ്) 

അമേരിക്കയില്‍ വൈസ് പ്രസിഡന്റ് സ്ഥാനമോഹികളില്‍ ഒരാളായ ന്യൂട്ട് ഗിന്‍ഗ്രിച് ശരിയ നിയമം നിരോധിക്കണമെന്നാവശ്യപ്പെടുമ്പോള്‍ നീസില്‍ മരിച്ചവരുടെ എണ്ണം കണക്കാക്കിക്കഴിഞ്ഞിരുന്നില്ല.

‘പടിഞ്ഞാറന്‍ സംസ്‌കാരം യുദ്ധത്തില്‍പ്പെട്ടിരിക്കുകയാണ്. മുസ്ലിം പശ്ചാത്തലത്തില്‍നിന്നുള്ള ഓരോ ആളെയും നാം പരിശോധിക്കണം. ശരിയ നിയമത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ അവരെ നാടുകടത്തണം,’ ഗിന്‍ഗ്രിച് ഫോക്‌സ് ന്യൂസിനോടു പറഞ്ഞു.

‘പടിഞ്ഞാറന്‍ സംസ്‌കാരവുമായി ചേര്‍ന്നുപോകുന്നതല്ല ശരിയ നിയമം,’ എന്ന് ഗിന്‍ഗ്രിച് തുടര്‍ന്നു. ഇത്തരം ഭീകരതയ്ക്ക് ഭാഗികമായി ഉത്തരവാദികള്‍ ‘ശരിയായതും ആവശ്യമായതും ചെയ്യാന്‍ ധൈര്യമില്ലാത്ത പടിഞ്ഞാറന്‍ ഉന്നതരാണെ’ന്നും ഗിന്‍ഗ്രിച് പറഞ്ഞു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഇസ്ലാം തീവ്രവാദ (റാഡിക്കല്‍ ഇസ്ലാം) ത്തിന്റെ പ്രേതം നിറഞ്ഞുനിന്ന ഈ വര്‍ഷം ഇത്തരം വാചകക്കസര്‍ത്തുകള്‍ അപരിചിതമല്ല. പടിഞ്ഞാറന്‍ ലോകത്ത് ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമ്പോഴൊക്കെ ഇത്തരം കടന്നാക്രമണങ്ങളും തലപൊക്കുന്നു.

ദക്ഷിണഫ്രാന്‍സിലെ വിനോദസഞ്ചാരനഗരമായ നീസില്‍ ബാസില്‍ ഡേ ആഘോഷങ്ങള്‍ക്കെത്തിയവരെ ട്രക്കിലെത്തിയ കൊലപാതകി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ലോകത്തെ ഞെട്ടിച്ചു. ഇതുവരെ 84 പേര്‍ മരിച്ച സംഭവത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ലോകമാകെ ദുഃഖിക്കുകയും സംഭവത്തെ അപലപിക്കുകയും ചെയ്യുന്നു.

വാഹനത്തിനുള്ളില്‍ വെടിയേറ്റുമരിച്ച അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ടുണീഷ്യന്‍ വംശജനായ ഫ്രഞ്ച് പൗരനാണെന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഓണ്‍ലൈന്‍ അനുയായികള്‍ ആക്രമണത്തില്‍ ആഹ്ളാദിക്കുന്നുണ്ടെങ്കിലും അക്രമിക്ക് ജിഹാദികളുമായുള്ള ബന്ധം ഇതുവരെ വ്യക്തമായിട്ടില്ല.

യൂറോപ്പില്‍ ഏറ്റവുമധികം മുസ്ലിങ്ങളുള്ള ഫ്രാന്‍സില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഒന്നാണ് ഇതും. ലോകമെമ്പാടും ഇസ്ലാമിക് സ്റ്റേറ്റ് പ്രേരിത ഭീകരാക്രമണങ്ങള്‍ നടന്ന മാസത്തിലാണ് ഈ സംഭവവും. ഇസ്താംബുള്‍, ധാക്ക ആക്രമണങ്ങള്‍, ബാഗ്ദാദില്‍ രണ്ടാഴ്ച മുന്‍പ് റമദാനിടെ നടന്ന മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ മാര്‍ക്കറ്റ് ആക്രമണം എന്നിവയും ഇതില്‍ ഉള്‍പ്പെടും. കിഴക്കന്‍ രാജ്യങ്ങളിലെ ഭീകരാക്രമണങ്ങള്‍ നൈസിലേതുപോലെ വലതുപക്ഷ രോഷമുണ്ടാക്കിയില്ല.

യൂറോപ്പിലെ ഭീകരാക്രമണങ്ങള്‍ക്കു പിന്നിലുള്ള ലക്ഷ്യം മുസ്ലിങ്ങള്‍ക്കും അമുസ്ലിങ്ങള്‍ക്കും ഒരുമിച്ചു ജീവിക്കാവുന്ന പ്രദേശങ്ങള്‍ ഇല്ലാതാക്കുക എന്നതാണെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ചില വലതുപക്ഷ രാഷ്ട്രീയക്കാര്‍ വ്യാഴാഴ്ചത്തെ സംഭവത്തിനുശേഷം ഈ പ്രചാരണത്തിന് അനുകൂല നിലപാടെടുത്തു.

ഇസ്ലാമിനെ നിരോധിക്കണമെന്നായിരുന്നു നൈസ് സംഭവത്തിനുശേഷം നെതര്‍ലാന്‍ഡ്‌സിലെ സീനോഫോബിക് ഫ്രീഡം പാര്‍ട്ടി നേതാവ് ഗീര്‍ട് വില്‍ഡേഴ്‌സിന്റെ ട്വിറ്ററിലെ ആഹ്വാനം.

പോളണ്ടിലെ വലതുപക്ഷ സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രി മാരിയൂസ് ബ്ലാസ് സാക്ക് പറഞ്ഞത് നീസ് സംഭവം വ്യത്യസ്ത സംസ്‌കാര നയങ്ങളുടെയും രാഷ്ട്രീയശരികളുടെയും ഫലമാണെന്നാണ്. ‘ഇങ്ങനെയാണ് അവ അവസാനിക്കുന്നത്.’

ഫ്രാന്‍സില്‍ തീവ്രവലതുപക്ഷ നേതാവ് മാരിന്‍ ലെ പെന്‍ കുറച്ചുകൂടി കരുതലോടെയാണു പ്രതികരിച്ചത്. ‘ഇസ്ലാമിക് മതമൗലികവാദത്തിനെതിരെയുള്ള യുദ്ധം ഇതുവരെ തുടങ്ങിയിട്ടില്ല.  അത് ഉടന്‍ പ്രഖ്യാപിക്കേണ്ടത് ഇപ്പോള്‍ ആവശ്യമാണ്.’ ദേശീയ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കെ രാജ്യത്ത് വളരുന്ന അരക്ഷിതാവസ്ഥയില്‍ മാരിന്റെ നക്ഷത്രം തിളങ്ങുകയാണ്.

അമേരിക്കയിലും പ്രതികരണങ്ങള്‍ സമാനമായിരുന്നു.

‘യൂണിഫോമില്ലാതെയാണ് നാം ആളുകളെ കൈകാര്യം ചെയ്യുന്നത്. നാം ആളുകളെ നമ്മുടെ രാജ്യത്തേക്ക് അനുവദിക്കുന്നു. അവര്‍ എവിടെനിന്നാണു വരുന്നതെന്ന് നമുക്കറിയില്ല. അവര്‍ക്ക് കടലാസുകളില്ല. രേഖകളില്ല,’ മുസ്ലിം കുടിയേറ്റക്കാര്‍ക്കെതിരെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത തന്റെ കടന്നാക്രമണശൈലി ആവര്‍ത്തിച്ച് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ‘ ഇത് എക്കാലത്തെയും വലിയ ട്രോജന്‍ കുതിരയാകും.’

ട്രംപിനൊപ്പം മല്‍സരിക്കുമെന്നു കരുതപ്പെട്ടിരുന്ന റിട്ട. ജനറല്‍ മൈക്കല്‍ ഫ്‌ളിന്‍ ഫോക്‌സ് ന്യൂസില്‍ ഗിന്‍ഗ്രിച്ചിനെപ്പോലെ തന്നെ പ്രകോപനപരമായാണു പ്രതികരിച്ചത്.

‘തീവ്ര ഇസ്ലാമിക് ആശയങ്ങള്‍ വ്രണമാകുകയും മറ്റുസ്ഥലങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യുന്ന മുസ്ലിം രാജ്യങ്ങളിലെ നേതാക്കള്‍ ഇന്നു രാത്രി ഒരുമിച്ചുനിന്ന് ഇപ്പോള്‍ നാം കണ്ട ആക്രമണത്തെ അപലപിക്കണമെന്നു ഞാന്‍ ആവശ്യപ്പെടുന്നു. ഈ നിര്‍ദയനായ, കിരാതനായ ശത്രുവിന്റെ പിന്നാലെ പോകാന്‍ നാം രാജ്യാന്തര നയ, ലക്ഷ്യങ്ങള്‍ രൂപീകരിച്ചിട്ടില്ല.’

അസംഖ്യം മുസ്ലിം നേതാക്കളും രാഷ്ട്രീയക്കാരും ആക്രമണത്തെ അപലപിച്ചുകഴിഞ്ഞു എന്നത് പരിഗണിക്കപ്പെടുന്നില്ല. തുര്‍ക്കിയില്‍ ഫ്രാന്‍സിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് റെസെപ് തായിപ് എര്‍ദോഗാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തുര്‍ക്കിയിലാണ് ഇത്തരമൊരു ആക്രമണം നടന്നിരുന്നതെങ്കില്‍ പടിഞ്ഞാറന്‍ നാടുകള്‍ ഇങ്ങനെയൊരു നടപടിക്കു തുനിയാനുള്ള സാദ്ധ്യത വിരളമാണ്.

‘ഈ കിരാതന്മാര്‍ക്ക് ഭൂമിയില്‍ സ്ഥാനമില്ല. ഉണ്ടാകാന്‍ പാടില്ല’, എര്‍ദോഗാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘ഭീകരര്‍ക്ക് തുര്‍ക്കിയും ഫ്രാന്‍സും തമ്മിലോ ഇറാഖും ബല്‍ജിയവും തമ്മിലോ സൗദി അറേബ്യയും അമേരിക്കയും തമ്മിലോ വ്യത്യാസമില്ലെന്നതിന് നാമെല്ലാം സാക്ഷികളാണ്.’

ഈ കാര്യം ഗിന്‍ഗ്രിച്, ലെ പെന്‍ തുടങ്ങിയവരില്‍ പൂര്‍ണമായി പ്രതിഫലിക്കുന്നില്ല. വരാനിരിക്കുന്ന സുരക്ഷാ ഭീഷണിയെപ്പറ്റി ഗൗരവമായി ചിന്തിക്കുന്നതിനു പകരം അവരെല്ലാം അജ്ഞാത ശത്രുവിനു നേരെയും  പടിഞ്ഞാറന്‍ സര്‍ക്കാരുകള്‍ക്കുണ്ടെന്നു കരുതുന്ന ശ്രദ്ധയില്ലായ്മയ്‌ക്കെതിരെയും വിരല്‍ ചൂണ്ടുന്നവരാണ്. വലതുപക്ഷ ജനപ്രിയര്‍ നയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തവരും സംസ്‌കാരങ്ങള്‍ തമ്മിലുള്ള  യുദ്ധം നയിക്കുന്നതില്‍ തല്‍പരരുമാണ്. അതിനാല്‍ മുസ്ലിങ്ങളുടെ കൂട്ട നാടുകടത്തലിനുള്ള ആഹ്വാനങ്ങളും സമുദായങ്ങളുടെ മൊത്തത്തിലുള്ള ഭീകരവല്‍ക്കരണവും തുടരാനാണു സാദ്ധ്യത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍