UPDATES

ട്രെന്‍ഡിങ്ങ്

വെനിസ്വേലയില്‍ മഡുറോ കീഴടങ്ങുന്നു? ട്രംപ് ഭരണകൂടവുമായി രഹസ്യ ചര്‍ച്ച നടത്തിയതിന് സ്ഥിരീകരണം

ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപും

ആഭ്യന്തര വെല്ലുവിളി നേരിടുന്ന വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സര്‍ക്കാര് പ്രതിസന്ധി ഒഴിവാക്കാന്‍ അമേരിക്കന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തുന്നതായി സ്ഥിരീകരണം. ട്രംപ് ഭരണകൂടവുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന കാര്യം മഡുറോ തന്നെയാണ് വ്യക്തമാക്കിയത്. നേരത്തെ ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

‘മാസങ്ങളായി ട്രംപ് ഭരണകൂടത്തിലെ പ്രതിനിധികളും വെനിസ്വേലന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ചകള്‍ തുടരുകയാണ്. ഈ ചര്‍ച്ചകള്‍ എന്റെ അനുമതിയോടെയാണ് നടത്തുന്നത്’ രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയില്‍ മഡുറോ
പറഞ്ഞു. വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതായും പ്രസിഡന്‍റ് അറിയിച്ചു.

വെനിസ്വേലന്‍ സര്‍ക്കാരിലെ ശക്തനും മഡുറോയുടെ അനുയായിയുമായ ഡയോസ്ഡാഡോ കബെല്ലോയാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. ട്രംപിന്റെ ലാറ്റിന്‍ അമേരിക്കന്‍ ഉപദേശകന്‍ മൗറിസിയോ ക്ലാവര്‍ കരോനുമായാണ് ചര്‍ച്ച.

അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന പ്രസിഡന്റ് തന്നെ സമ്മതിച്ചത് അ്‌ദ്ദേഹത്തിന്റെ ഭരണകൂടത്തിനെതിരായ നീക്കങ്ങള്‍ക്ക് ശക്തിപകരുമെന്ന് അസോസിയേറ്റ് പ്രസിനെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. വെനിസ്വേലന്‍ സര്‍ക്കാര്‍ എത്തപ്പെട്ട പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മഡുറോ സര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ക്കിടയില്‍ തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ചര്‍ച്ചയ്ക്ക് അമേരിക്ക തയ്യാറായതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

എന്നാല്‍ വെനിസ്വേലയില്‍ നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് പ്രസിഡന്റ് ട്രംപിന് ശരിയായ ധാരണകിട്ടുന്നതിന് ചര്‍ച്ചകള്‍ ഉപകരിക്കുമെന്ന നിലപാടിലാണ് മഡുറോ. വെനിസ്വേലയുമായി ചര്‍ച്ച നടക്കുന്ന കാര്യം പ്രസിഡന്റ് ട്രംപും നേരത്തെ വ്യക്തമാക്കിയിരുന്നു. ഉന്നതതലത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും  തുടര്‍ന്നുള്ള രാഷ്ട്രീയ അസ്ഥരിരതയ്ക്കുമിടയില്‍ ഇനി പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് തോന്നലാണ് ഇത്തരം ഒരു ചര്‍ച്ചയ്ക്ക് കാരണമായി ചില ലാറ്റിന്‍ അമേരിക്കന്‍ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. രാഷ്ട്രീയ മാറ്റം ഉണ്ടാവുകയാണെങ്കില്‍ വേട്ടയാടല്‍ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നെതന്ന് അമേരിക്കയിലെ ലാറ്റിന്‍ അമേരിക്കന്‍ വിദഗ്ദന്‍ ജെഫ് റാംസെ പറഞ്ഞു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നിക്കോളാസ് മഡുറോയ്ക്കതെിരെ അമേരിക്കന്‍ അനുകൂല പ്രതിപക്ഷം വലിയ പ്രക്ഷോഭമാണ് കഴിഞ്ഞ കുറെ കാലമായി നടത്തുന്നത്. കഴിഞ്ഞ ജനുവരിയില്‍ അധികാരം ഏറ്റെടുത്തതായി പ്രതിപക്ഷ നേതാവ ജുആന്‍ ഗോയ്‌ദോ അവകാശപ്പെട്ടിരുന്നു. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്തുവെങ്കിലും മഡുറോ അട്ടിമറിയെ ചെറുത്തു തോല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവിധ രീതിയിലുളള ഉപരോധങ്ങളും സമ്മര്‍ദ്ദങ്ങളും കാരണം വെനിസ്വേലയുടെ സാമ്പത്തിക സ്ഥിതി വഷളാവുകയായിരുന്നു. നാണയപ്പെരുപ്പം വര്‍ധിക്കുകയും തൊഴിലില്ലായ്മ
രൂക്ഷമാകുകയും ചെയ്തു.

ഇതിനകം 40 ലക്ഷം ആളുകള്‍ വെനിസ്വേല വിട്ടുവെന്നാണ് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്ക്. ഇതില്‍ പത്തുലക്ഷം പേരും കഴിഞ്ഞ നവംബറിന് ശേഷമാണ് രാജ്യം വിട്ടതെന്നുമാണ് റിപ്പോര്‍ട്ട സൂചിപ്പിക്കുന്നത്.

വെനിസ്വേലയില്‍ ഹ്യൂഗോ ഷാവേസ് അധികാരത്തിലെത്തിയതിന് ശേഷമാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ വെനിസ്വേലയില്‍ രാഷ്ട്രീയ അട്ടിമറിക്ക് ശ്രമിച്ചത്. സോഷ്യലിസ്റ്റ് അനുകൂല നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതാണ് വെനിസ്വേലയിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇവര്‍ ശ്രമിക്കാന്‍ കാരണം. ഷാവേസിനെ അട്ടിമറിക്കാന്‍ നിരവധി ശ്രമങ്ങളാണ് അമേരിക്ക ഉള്‍പ്പെടെയുളള് രാജ്യങ്ങള്‍ നടത്തിയത്. ഷാവേസിന്റെ മരണത്തെ തുടര്‍ന്ന് മഡുറോ അധികാരത്തിലെത്തിയതിന് ശേഷം ഈ ശ്രമം കൂടുതല്‍ ശക്തിപ്പെടുത്തുകയായിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍