UPDATES

വിദേശം

നൈജീരിയന്‍ വിമാനത്തില്‍ നിന്നുള്ള ബോംബ് അബദ്ധത്തില്‍ വീണത് അഭയാര്‍ത്ഥി ക്യാംപില്‍: നൂറിലേറെ മരണം

അബദ്ധം പറ്റിയതായി സൈനിക കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലക്കി ഇറബോര്‍

ബോക്കോഹറാം തീവ്രവാദികളെ നേരിടുന്ന നൈജീരിയന്‍ വിമാനം വര്‍ഷിച്ച ബോംബ് ലക്ഷ്യംതെറ്റി അഭയാര്‍ത്ഥി ക്യാംപില്‍ പതിച്ച് നൂറിലേറെ പേര്‍ മരിച്ചു. കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന വടക്കു കിഴക്കന്‍ നഗരമായ റാനില്‍ ആണ് ബോംബ് ആക്രമണമുണ്ടായത്. ബോര്‍ണോ സംസ്ഥാനത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

അബദ്ധം പറ്റിയതായി സൈനിക കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലക്കി ഇറബോര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്ലാമിക ഭീകരരെ ലക്ഷ്യമാക്കി നടത്തുന്ന ബോംബ് ആക്രമണങ്ങളില്‍ സിവിലിയന്‍സ് കൊല്ലപ്പെടുന്നതായി ജനങ്ങള്‍ മുമ്പും ആരോപിച്ചിട്ടുണ്ടെങ്കിലും സൈന്യം ആദ്യമായാണ് ഇത് അംഗീകരിക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ഹെലികോപ്റ്ററുകളിലാണ് സംഭവസ്ഥലത്തു നിന്നും ആശുപത്രികളിലെത്തിച്ചത്. ബോര്‍ണോ സര്‍ക്കാര്‍ വക്താവ് തന്നെയാണ് നൂറോളം പേര്‍ മരിച്ചതായി സ്ഥിരീകരിച്ചത്.

കലാപത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നിന്നും രക്ഷപ്പെട്ട് എത്തിയ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇതുപോലൊരു ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഡോക്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് സംഘടനയുടെ വക്താവ് ഡോ. ജീന്‍ ക്ലമന്റ് കബ്രോള്‍ അറിയിച്ചു.

ഇപ്പോള്‍ അഭയാര്‍ത്ഥി ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്ഥലമായിരുന്നു നേരത്തെ ബോക്കോഹറാം ഭീകരരുടെ താവളം. അതിനാലാണ് അബദ്ധം പറ്റിയതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. ആക്രമണത്തില്‍ സൈന്യത്തിനെതിരെ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി നിശിതമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന ബോക്കോഹറാം തീവ്രവാദികള്‍ക്ക് നേരെ ശക്തമായ ആക്രമണങ്ങളാണ് നൈജീരിയന്‍ സൈന്യം നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍