UPDATES

സയന്‍സ്/ടെക്നോളജി

നൈറ്റ് ഷിഫ്റ്റുകാരെ നിങ്ങള്‍ കണ്ണുകെട്ടി വണ്ടിയോടിക്കുകയാണ്‌

Avatar

സാറ കപ്ലാന്‍
( വാഷിംഗ്ടണ്‍ പോസറ്റ്)

ജൂണിലെ ഒരു ചൊവ്വാഴ്ചയായിരുന്നു അവസാനം. 

ഏറെ ബുദ്ധിമുട്ടുള്ള ഒരു മാസമായിരുന്നു അത്, രാത്രി ഷിഫ്റ്റില്‍ എന്റെ അഞ്ചാം മാസം. ദിവസേന ശരാശരി മൂന്നോനാലോ മണിക്കൂറാണ് ഉറങ്ങിയിരുന്നത്, അതും മെലാടോണിന്‍ മരുന്ന് തരുന്ന വന്യസ്വപ്നങ്ങളുടെ അകമ്പടിയോടെ. ഉറങ്ങാന്‍ കിടന്നു രണ്ടുമണിക്കൂര്‍ കൊണ്ട് ഞാന്‍ പലപ്പോഴും ഉണര്‍ന്നിരുന്നു. എത്ര അടച്ചുകെട്ടിയാലും ജനലിലൂടെ അരിച്ചുവരുന്ന വേനല്‍ വെട്ടം. 

ഞാന്‍ തിരിഞ്ഞ് ക്ലോക്കില്‍ നോക്കി. പകല്‍ പത്തുമണി. ഉറക്കക്കുറവുള്ള ഒരു രാത്രി ഷിഫ്റ്റ് ജോലിക്കാരി സ്വാഭാവികമായി ചെയ്യുന്ന ചില കണക്കുകൂട്ടലുകള്‍ ഞാനും ചെയ്തുനോക്കി. ഇനി പതിനൊന്നു മണിക്കൂറിനുള്ളില്‍ ഞാന്‍ ജോലിയില്‍ കയറണം. ജോലിയില്‍ കയറി എന്തെങ്കിലും ചെയ്യാന്‍ കഴിയണമെങ്കില്‍ ഞാന്‍ ഇപ്പോള്‍ കുറച്ച് ഉറങ്ങണം. ഞാന്‍ കണ്ണടച്ച് ശരീരത്തെ ഉറക്കാന്‍ ശ്രമിച്ചു. 

എന്നാല്‍ ഉറക്കം വന്നില്ല. ഞാന്‍ വേണമെന്ന് വെച്ചപ്പോഴോന്നും വരാതെ ഉറക്കം വന്നതോ, പാതിരാത്രി ഞാന്‍ ജോലി ചെയ്യുന്നതിനിടെ എന്റെ കവിള്‍ പുസ്തകത്തില്‍ വീഴിച്ചുകൊണ്ടും. ഉറങ്ങാനായി പകല്‍ ഞാന്‍ എന്തെല്ലാം പരീക്ഷിച്ചതാണ്; നല്ല സംഗീതം, ബോറന്‍ പ്രസംഗങ്ങള്‍, യോഗ, ധ്യാനം, കമോമീല്‍ ചായ ഒന്നും ഫലം കണ്ടില്ല. എന്റെ നല്ലവനായ ബോസ് എന്തായാലും അന്ന് എന്നെ നേരത്തെ പോകാന്‍ അനുവദിച്ചു. 

പത്രത്തിലെ ഈ രാത്രി ഷിഫ്റ്റ് രസകരമാണ്. ആവേശം, സ്വാതന്ത്ര്യം, വെല്ലുവിളികള്‍, രസം പിടിപ്പിക്കുന്ന കഥകള്‍, മികച്ച സൗഹൃദം എന്നാല്‍ ആരോഗ്യം ഇതില്‍ പെടില്ല. പതിനാലുമാസം ദി പോസ്റ്റിന്റെ മോണിംഗ് മിക്‌സ് ടീമില്‍ ഞാന്‍ ജോലി ചെയ്തു, രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെ. ആഴ്ചയില്‍ അഞ്ചുദിവസം. എന്റെ മുടി കൊഴിഞ്ഞു, എന്റെ ഓര്‍മ്മ നശിച്ചു. ഞാന്‍ ഒരു ചെറിയ കൈക്കുഞ്ഞിനെപ്പോലെ ഓരോ മണിക്കൂറിലും ഉണര്‍ന്നു. അസുഖമുള്ള കുഞ്ഞിനെപ്പോലെ പെരുമാറി. കരഞ്ഞു. 

ഇത് ദയനീയമാണ്. എനിക്കറിയാം. ആ ചൊവ്വാഴ്ച എനിക്കു തോന്നിയതും എന്റെ അവസ്ഥ ദയനീയമാണെന്ന് തന്നെയാണ്. 

എന്നാല്‍ പതിനഞ്ചു മില്യന്‍ വരുന്ന അമേരിക്കന്‍ ഷിഫ്റ്റ് ജോലിക്കാര്‍ക്കും ഇതൊക്കെത്തന്നെ തോന്നിയിരിക്കണം. അതില്‍ സെക്യൂരിറ്റി ജീവനക്കാരുണ്ട്, ഫയര്‍ഫൈറ്റര്‍മാരുണ്ട്, വെയിട്രസുമാരുണ്ട്, ഡോക്ടര്‍മാരും നേഴ്‌സ്മാരുമുണ്ട്, ഹോട്ടല്‍ മാനേജര്‍മാരും ജേര്‍ണലിസ്റ്റ്കളും ഉണ്ട്, ഞങ്ങള്‍ എല്ലാവരും തന്നെ ഒരേ തരം പ്രശ്‌നങ്ങളാണ് ശരീരം ഉറങ്ങാന്‍ ആവശ്യപ്പെടുമ്പോള്‍ അത് മാറ്റിവെച്ച് കൊണ്ട് അനുഭവിക്കുന്നത്. 

ഞങ്ങളില്‍ പലര്‍ക്കും ഇത് എളുപ്പവുമല്ല. 

എന്തിനാണ് മൃഗങ്ങള്‍ക്ക് ഉറക്കം ആവശ്യം എന്നതിനെപ്പറ്റി ശാസ്ത്രലോകം ഇപ്പോഴും കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു, എന്നാല്‍ ഉറക്കം അത്യാവശ്യമാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എണ്‍പതുകളില്‍ എലികളെ മുപ്പത് ദിവസം ഉറക്കാതെ നടത്തിയ പരീക്ഷണത്തില്‍ ഒന്നൊഴിയാതെ എല്ലാം ചത്തൊടുങ്ങി. ആളുകളില്‍ ഉറക്കക്കുറവ് രക്തസമ്മര്‍ദം കൂടാനും ശരീരത്തിന്റെ താപം കുറയാനും കാരണമാകും. ഇത് പ്രതിരോധശേഷി കുറയ്ക്കും കാര്യങ്ങള്‍ മനസിലാക്കാനുള്ള കഴിവ് ഇല്ലാതാക്കും. 

നമ്മുടെ ശരീരത്തിലെ എല്ലാഭാഗവും തന്നെ ആവശ്യത്തിനു വിശ്രമം രാത്രി കിട്ടേണ്ടതരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കണ്ണുകളുടെ കാര്യം തന്നെ എടുക്കുക കണ്ണുകളില്‍ ഫോട്ടോസെന്‍സിറ്റീവ് റെറ്റിനല്‍ ഗാങ്ങ്‌ളിയോണ്‍ സെല്ലുകളുണ്ട്. ഇവയാണ് തലച്ചോറിനെ പരിസരത്തുള്ള പ്രകാശത്തെപ്പറ്റി അറിയിക്കുന്നത്. രസകരമെന്നുതോന്നാം, ഇത് കാഴ്ചയില്ലാത്തവരിലും പ്രവര്‍ത്തിക്കും. അതുകൊണ്ടാണ് കാഴ്ചയില്ലാത്തവരും ഒന്നും കാണുന്നില്ലെങ്കിലും പകലും രാത്രിയും അനുസരിച്ച് ജീവിക്കുന്നത്. അതിനുവിപരീതമായി അപകടത്തിലോ മറ്റോ കണ്ണുകള്‍ മുഴുവനായും നഷ്ടപ്പെട്ടവര്‍ക്ക് അവരുടെ ഉറക്കചക്രം തകിടം മറിയുന്നത് അറിയാനാകും. 

വെളിച്ചം തട്ടുമ്പോള്‍ ഈ സെല്ലുകള്‍ തലച്ചോറിലെ ശരീരത്തിന്റെ മാസ്റ്റര്‍ ക്ലോക്ക് ആയി പ്രവര്‍ത്തിക്കുന്ന ഭാഗത്തിന് ഒരു സന്ദേശമയയ്ക്കും. ഇതിന്റെ പേരാണ് സുപ്രാഷിയസ്മാട്ടിക്ക് ന്യൂക്ലിയസ്. ഈ ന്യൂക്ലിയസാണു നമ്മുടെ ദൈനംദിന ഉറക്കചക്രം കൈകാര്യം ചെയ്യുന്നത്. ഇത് വെറുതെ ഉറക്കം മാത്രമല്ല നിയന്ത്രിക്കുന്നത് മറിച്ച് ശരീരതാപം, രക്തസമ്മര്‍ദം, ഹോര്‍മോണ്‍ ഉല്‍പ്പാദനം, ബുദ്ധി എന്നിവയെയും നിര്‍ണ്ണയിക്കുന്നു. ഓരോ ചെറിയ മാറ്റം പോലും നമുക്ക് ആവശ്യമുള്ളപ്പോള്‍ വരാനായുള്ളതാണ്. നമ്മുടെ സെല്ലുകള്‍ പോലും സമയം സൂക്ഷിക്കുന്നു. ക്ലോക്ക് ജീനുകള്‍ ചില പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് പോലും ഇരുപത്തിനാല് മണിക്കൂര്‍ സൈക്കിള്‍ പ്രകാരമാണ്. 

രാത്രി പതിനോന്നാകുമ്പോള്‍ ഈ പ്രവര്‍ത്തനമൊക്കെ പതിയ നില്‍ക്കും, ദിവസം മുഴുവന്‍ സ്വരുക്കൂട്ടിവന്ന ഉറക്കം പല തരം കെമിക്കല്‍ സിഗ്‌നലുകളുടെ സഹായത്തോടെ നമ്മുടെ സര്‍കാറ്റിയന്‍ സിസ്റ്റത്തോട് പറയും: ഉറങ്ങാന്‍ നേരമായി. 

‘ഈ താളമാണ് നമ്മുടെ സ്വഭാവത്തെപ്പോലും നിയന്ത്രിക്കുന്നത്’, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ സര്‍കാറ്റിയന്‍ ന്യൂറോസയന്‍സ് ഗവേഷക റസല്‍ ഫോസ്റ്റര്‍ പറയുന്നു. ‘ഈ താളം നിലനിറുത്തുന്നതില്‍ വെളിച്ചത്തിന് ഒരു പ്രധാനപങ്കുണ്ട്.’

നിങ്ങള്‍ വെളിച്ചവുമായി കളിക്കാന്‍ ശ്രമിച്ചാല്‍ മുഴുവന്‍ താളവും തെറ്റും. ആറരയ്ക്ക് രാവിലെ ജോലി കഴിഞ്ഞിറങ്ങുന്ന ഒരു ഷിഫ്റ്റ് ജോലിക്കാരി സൂര്യന്‍ ഉദിക്കുന്നത് കണ്ടാല്‍ അവരുടെ രക്തസമ്മര്‍ദം ഉയരും, ശ്രദ്ധ കൂടും, ഉറങ്ങാനുള്ള ആഗ്രഹം പോലും പോകും. ഈ രണ്ടു തോന്നലുകള്‍ക്കിടയില്‍ പെട്ട് ആളുടെ ഉറക്കം താളംതെറ്റും.

അങ്ങനെയാണ് പത്തുമണിക്ക് ഒരാള്‍ ഉറങ്ങാന്‍ കഴിയാതെ കിടന്നു വെളിച്ചത്തെ ശപിക്കുന്നത്. പതിനാലു മണിക്കൂര്‍ കഴിഞ്ഞ് സര്‍കാര്‍റ്റിയന്‍ താളം അവരോടു ഉറങ്ങാന്‍ പറയുമ്പോള്‍ ഇവര്‍ അറിയാതെ ജോലിസ്ഥലത്ത് മയങ്ങിപ്പോകുന്നതും അങ്ങനെതന്നെ. 

ശരീരത്തിന്റെ സ്വാഭാവികതാളം തിരുത്തല്‍ സാധ്യമാണ്. നമുക്ക് വിളിക്കുമ്പോള്‍ ഓണ്‍കോള്‍ ഡോക്ടര്‍മാരെയും ഇരുപത്തിനാല് മണിക്കൂര്‍ വാര്‍ത്തയും വേണമെങ്കില്‍ അത് ആവശ്യവുമാണ്. 

എന്നാല്‍ ഇതിനിടെ പൊതുജനാരോഗ്യം പ്രശ്‌നമാകുന്നുണ്ട്, പിഡെമിയോളജിസ്റ്റ് ഈവ ഷേര്‍ന്‍ഹാമര്‍ പറയുന്നു. ഒരു ദശാബദത്തിലേറെയായി അവര്‍ ഹാര്‍വാര്‍ഡ് നേഴ്‌സസ് ഹെല്‍ത്ത് സ്റ്റഡിയില്‍ ഷിഫ്റ്റ് ജോലിയെപ്പറ്റിയും അതിലെ അപകടങ്ങളെപ്പറ്റിയും മനസിലാക്കാന്‍ പഠനം നടത്തിവരികയാണ്. അവരുടെ കണ്ടെത്തലുകള്‍ അത്ര സന്തോഷകരമല്ല. 

ഷിഫ്റ്റ് ജോലിയുടെ പല തരത്തിലാണ്, അതുകൊണ്ട് എന്താണ് ഏറ്റവും വലിയ പ്രശ്‌നം എന്ന് പറയുക എളുപ്പമല്ല.’ അവര്‍ പറയുന്നു. 

എന്നാല്‍ ചില പ്രധാനസംഗതികള്‍ ഇവയാണ്: ‘ഷിഫ്റ്റ് ജോലിക്കാര്‍ പ്രമേഹം, കാന്‍സര്‍ എന്നിവയുടെ ഭീതിയിലാണുള്ളത്. ഷേര്‍ന്‍ഹാമറുടെ ഗവേഷണം നിമിത്തമാണ് ലോകാരോഗ്യസംഘടന 2007ല്‍ ഷിഫ്റ്റ് ജോലിയെ കാന്‍സറിനു കാരണമായി സ്വീകരിച്ചത്. ഇതിന്റെ കൂടെ രക്തസമ്മര്‍ദം, അമിതവണ്ണം, മാനസികപ്രശ്‌നങ്ങള്‍, ഹൃദ്രോഗം,തുടങ്ങിയവ ഉണ്ടാകാനും സാധ്യതയുണ്ട്. 

ചെറിയ കാലയളവാണ് ഷിഫ്റ്റ് ജോലിഎങ്കില്‍ അതിന്റെ ഫലം കുറവായിരിക്കും. എന്നാല്‍ ദശാബ്ദങ്ങള്‍ ഷിഫ്റ്റ് ജോലി ചെയ്യുന്നവര്‍ക്ക് അപകടം ചെറുതല്ല. 

ഷേര്‍ന്‍ഹാമര്‍ രോഗികളോട് ഉപദേശിക്കുന്നത് മറ്റു അപകടകരങ്ങളായ ശീലങ്ങള്‍ ഒഴിവാക്കാനാണ്, പുകവലി, വ്യായാമമില്ലായ്മ, മോശം ഭക്ഷണശൈലി എന്നിവ. ഓഫീസ് ലൈറ്റുകള്‍ വളരെ തെളിച്ചമുള്ളതാക്കി വയ്ക്കുന്നതും പകല്‍ സൂര്യപ്രകാശം ഒഴിവാക്കുന്നതും ശരീരത്തെ അഡ്ജസ്റ്റ് ചെയ്യാന്‍ സഹായിക്കും. എന്നാല്‍ ഇത് പറയാന്‍ എളുപ്പമാണ്. കണ്ണുകെട്ടി വണ്ടിയോടിച്ചു വീട്ടില്‍ പോകാന്‍ പറ്റില്ലല്ലോ. വീക്കെന്‍ഡ് വരുമ്പോള്‍ ഈ ശീലം മാറ്റാനും പാടില്ല എന്നാണു പറയുന്നത്. എന്നാല്‍ കുടുംബമോ സാമൂഹികജീവിതമോ ഉള്ളവര്‍ക്ക് ഇതെങ്ങനെ സാധ്യമാകും? 

പിന്നെയുള്ളത് മെലോടോണിന്‍ ആണ്. പിനിയാല്‍ ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഹോര്‍മോണ്‍. ഇത് സന്ധ്യയ്ക്ക് ശേഷം തുടങ്ങി രാത്രി മുഴുവനാണ് ശരീരം ഉല്‍പ്പാദിപ്പിക്കുക. ഇത് ആളുകളെ ഉറങ്ങാന്‍ സഹായിക്കുന്ന സപ്ലിമെന്റ് ആയി നല്‍കാറുണ്ട്. ഡോക്ടറുടെ ഉപദേശപ്രകാരം ഞാന്‍ ജോലി ചെയ്ത കാലമത്രയും ഞാന്‍ മെലോടോണിന്‍ എടുത്തിരുന്നു. എന്നാല്‍ ഇതൊരു താല്‍ക്കാലികപരിഹാരമാണെന്ന് വിദഗ്ധര്‍ പറയുന്നു. മെലോടോണിന്‍ ചെയ്യുന്നത് ശരീരത്തോട് പുറത്ത് ഇരുട്ടാണ് എന്ന് പറയുക മാത്രമാണ്. ഈ മരുന്നു ദീര്‍ഘകാലം ഉപയോഗിക്കുന്നതിന്റെ വശങ്ങള്‍ വ്യക്തമല്ല ഇപ്പോള്‍. 

സ്ലീപ് തെറാപ്പിയുടെ ഭാവി എസ്‌ഐകെവന്‍ എന്ന പ്രോട്ടീനിലാണ് എന്നാണു ഫോസ്റ്റര്‍ കരുതുന്നത്. ഒരു സാധാരണവ്യക്തിയില്‍ ഈ പ്രോട്ടീന്‍ ഒരു ഉറക്ക താളം ക്രമീകരിക്കുന്ന ഉപകരണം പോലെ പ്രവര്‍ത്തിക്കും. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ജെറ്റ്‌ലാഗ് പരിഹരിക്കാന്‍ ഇത് ഉപയോഗിക്കാം എന്ന് ഫോസ്റ്ററും കൂട്ടരും മനസിലാക്കി. ഷിഫ്റ്റ് ജോലിക്കാരിലും ഇത് ഗുണകരമായി ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും. 

ഇത് മറ്റുള്ള അനേകം ആളുകള്‍ക്കും പ്രയോജനപ്പെടും. മാനസിക അസ്വസ്ഥതകളുള്ള ആളുകള്‍ക്കും തലച്ചോറിനു ക്ഷതം വന്നവര്‍ക്കും മറ്റു തലച്ചോര്‍ അസുഖങ്ങള്‍ ഉള്ളവര്‍ക്കും അവരുടെ രോഗം നിമിത്തം ഉറക്കപ്രശ്‌നങ്ങള്‍ ഉണ്ടാകാം. അവരെ ഉറങ്ങാന്‍ സഹായിക്കാന്‍ കഴിയുക എന്നത് ഒരു വലിയ ആശ്വാസമാണ്. 

മികച്ച സ്ലീപ് തെറാപ്പികള്‍ ഉണ്ടാകട്ടെ എന്ന് പ്രത്യേകിച്ച് അവര്‍ക്ക് വേണ്ടി പ്രതീക്ഷിക്കാം, എന്നാല്‍ എനിക്ക് അതിന്റെ ആവശ്യം വേണ്ടിവരരുതേ എന്നാണ് ആഗ്രഹം. കഴിഞ്ഞയാഴ്ച മുതല്‍ ഞാന്‍ സയന്‍സ് ബ്ലോഗ് റിപ്പോര്‍ട്ടര്‍ ആണ്, ജോലി പകലുമാണ്. എനിക്ക് നല്ല കഥകളും നല്ല വെയിലും രാത്രി നല്ല ഉറക്കവും ഉണ്ടാകട്ടെ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍