UPDATES

രാത്രിയാത്രാ നിരോധനം; കേരള-കർണാടക സംസ്ഥാനങ്ങൾ സമവായത്തിലെത്തണമെന്ന് സുപ്രീം കോടതി

അഴിമുഖം പ്രതിനിധി

ദേശീയപാത 212, 67 എന്നിവയിലെ രാത്രിയാത്രാ നിരോധനം നീക്കുന്നത് സംബന്ധിച്ച് കേരള, കർണാടക സംസ്ഥാനങ്ങൾ സമവായത്തിലെത്തി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കേരളം, ഊട്ടി ഹോട്ടൽ ഓണേഴ്സ് അസ്സോസിയേഷൻ, നീലഗിരി നാഷണൽ ഹൈവേ അതോറിറ്റി എന്നിവർ സമർപ്പിച്ച് ഹർജിയിൽ അന്തിമവാദം കേൾക്കവെയാണ് ചീഫ് ജസ്റ്റിസ് എച്ച്.എൽ ദത്തു അദ്ധ്യക്ഷനായ ബഞ്ചിൻറെ നിർദ്ദേശം. കേസ് എട്ട് ആഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. അതിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വന്യജീവി സുരക്ഷ മുൻനിർത്തി 2009 ജൂൺ 9 മുതൽ ഏർപ്പെടുത്തിയ നിരോധനം കൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചില്ലെന്ന വസ്തുതയാണ് കോടതിയിൽ പ്രധാനമായും ഹർജിക്കാർ ഉന്നയിച്ചത്. കർണാടക ഹൈക്കോടതി ബദൽ പാതയായി നിർദ്ദേശിച്ച ഗോണിക്കുപ്പ – കുട്ട പാതയും വനമേഖലയിലൂടെയാണ് കടന്നു പോകുന്നത് എന്നിരിക്കെ കർണാടക ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് നിരോധനം വാങ്ങിയതെന്നും ഒരു മണിക്കൂർ നീണ്ട് നിന്ന വാദത്തിൽ കേരളം സുപ്രീം കോടതിയെ ബോധിപ്പിച്ചു.

കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യവും, ഊട്ടി ഹോട്ടൽ ഓണേഴ്സ് അസ്സോസിയേഷന് വേണ്ടി മുൻ കേന്ദ്ര മന്ത്രി പി. ചിദംബരത്തിൻറെ ഭാര്യ നളിനി ചിദംബരവും, നീലഗിരി നാഷണൽ ഹൈവേ അതോറിറ്റിക്ക് വേണ്ടി അഡ്വ. പി.എ റഷീദും, പരിസ്ഥിതി സംഘടനകൾക്കു വേണ്ടി അഡ്വ. സഞ്ജയ് പരേഖറും ഹാജരായി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍