UPDATES

ട്രെന്‍ഡിങ്ങ്

ജീവിതത്തിലായാലും സിനിമയിലായാലും ക്രൈമിനെ മഹത്വവത്ക്കരിക്കരുത്; വേണ്ടത് പഴുതടച്ച സുരക്ഷ – ടിഎൻ സീമ

രാത്രിയാത്ര സ്ത്രീകൾക്ക് പേടിസ്വപ്നമല്ലാതായി മാറണം

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞകാലത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാനത്ത് സ്ത്രീകള്‍ ഇരകളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ഭീതിതമായ തോതില്‍ വര്‍ദ്ധിക്കുന്നതായി കാണാം. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഓരോ സ്ത്രീയും നിരന്തരം നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ പലതാണ്. രാഷ്ട്രീയ-സാമൂഹിക-കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ഈ സാഹചര്യത്തെ വിലയിരുത്തി പ്രതികരിക്കുകയാണ് അഴിമുഖത്തില്‍. സിപിഎം  മുന്‍ എംപിയും ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാവുമായ ഡോ. ടി.എന്‍. സീമ  പ്രതികരിക്കുന്നു.

രാത്രികാലങ്ങളില്‍ തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതത്വം പൊതുവെ കുറവാണ്. കാലങ്ങളായി നമ്മള്‍ ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഏഴു മണിക്കോ എട്ടു മണിയ്‌ക്കോ ശേഷം റോഡിലിറങ്ങുന്നതും ബസ് സ്‌റ്റോപ്പിലോ, ബസ് സ്റ്റാന്‍ഡുകളിലോ ഒക്കെ കാത്തു നില്‍ക്കുന്നതുമെല്ലാം സ്ത്രീകളെ സംബന്ധിച്ച് സാഹസികമായ കാര്യമാണ്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ രാത്രിയില്‍ അവര്‍ക്ക് കിട്ടുന്ന സൗകര്യങ്ങളെ വിശ്വസിച്ചാണു പലപ്പോഴും യാത്ര ചെയ്യുന്നത്. അത്തരം സൗകര്യങ്ങള്‍ ലഭിക്കുന്നവര്‍ക്കും രാത്രിയില്‍ യാത്ര ചെയ്യുന്നതില്‍ റിസ്‌ക് ഉണ്ടെന്ന് അറിയുന്നതു കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതാണ്.

സിനിമ എന്നതും തൊഴിലിടം തന്നെയാണ്. അവിടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും രാത്രിയില്‍ തനിച്ച് യാത്ര ചെയ്യേണ്ടി വരുമ്പോള്‍ അവര്‍ക്ക് അവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ കഴിയുന്നില്ല. എല്ലായിടത്തും ഈ പ്രശ്‌നങ്ങളുണ്ട്. സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന സൗകര്യങ്ങള്‍ കൊടുക്കാന്‍ കഴിയുന്നിടത്തു പോലും സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താന്‍ കഴിയില്ലെന്നുള്ളതു വലിയ ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്.

തുടര്‍ന്നുകൊണ്ടേയിരിക്കുന്ന കാര്യങ്ങളാണിതെല്ലാം. ഇതു തടയാന്‍ കുറേയധികം സംവിധാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും ക്രൈമിന് ഒട്ടും കുറവ് വരുന്നില്ലെന്നതാണ് കാണാന്‍ സാധിക്കുന്നത്. കുറ്റവാളികള്‍ക്ക് ശക്തമായ മെസ്സേജ് കൊടുക്കുകയാണ് വേണ്ടത്. പലപ്പോഴും വേഗത്തിലുള്ള അന്വേഷണം വേണം, കര്‍ശനമായ വകുപ്പുകള്‍ വേണമെന്നൊക്കെ പറയുമ്പോഴും ഇപ്പോഴുണ്ടായിട്ടുള്ളതു പോലെ ഇത്രയും ശ്രദ്ധിക്കപ്പെടുന്ന ചില കേസുകളില്‍ മാത്രമാണ് പെട്ടെന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ശക്തമായ വകുപ്പുകള്‍ ചുമത്തുകയും കോടതിയില്‍ പോവുകയുമൊക്കെ ചെയ്യുന്നത്. പല ആളുകളും ഇത്തരം കാര്യങ്ങള്‍ പുറത്തുപറയാന്‍ മടിക്കുന്നുണ്ടാവും. അതുകൊണ്ട് തന്നെ ഒരു ചെറിയ ശതമാനം കുറ്റവാളികള്‍ മാത്രമേ നിയമത്തിന് മുന്നിലേക്ക് വരുന്നുള്ളൂ. നിരവധി കുറ്റവാളികള്‍ രക്ഷപെട്ട് പോവുകയാണ്. വളരെ പെട്ടെന്ന് പ്രതികരിക്കുന്ന തരത്തിലൊരു സംവിധാനം ഉണ്ടാവേണ്ടതുണ്ട്. രാത്രികാലങ്ങളിലുള്ള പട്രോളിങ്ങും ഹെല്‍പ്പ് ലൈനും ഹെല്‍പ്പ് ഡെസ്‌കും പോലുള്ള സംവിധാനങ്ങളും നല്ലതു പോലെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. സിസ്റ്റം കൂറേക്കൂടി കാര്യക്ഷമമാക്കിയാലേ ഇതു സാധ്യമാവൂ. ഒരു ആക്രമണമുണ്ടാവുമ്പോള്‍ സ്ത്രീ സുരക്ഷയെക്കുറിച്ചും നിയമത്തെക്കുറിച്ചുമൊക്കെ സംസാരിക്കും. യഥാര്‍ഥത്തില്‍ ഇവിടെ ക്രിമിനല്‍വല്‍ക്കരണം നടന്നുകൊണ്ടിരിക്കുകയാണ്. അതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. സിനിമയിലും ജീവിതത്തിലും ക്രൈം കൂടി വരികയാണ്. സിനിമയില്‍ നിന്നു ജീവിതത്തിലേക്കാണോ ജീവിതത്തില്‍ നിന്ന് സിനിമയിലേക്കാണോ ക്രൈം പകര്‍ത്തപ്പെടുന്നതെന്നു പറയാന്‍ സാധ്യമല്ല. സിനിമയിലെ ക്രൈമിനെ സാധാരണമെന്ന മട്ടില്‍ സ്വാഭാവികമായി കണ്ടിട്ട് അത് ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍, അയ്യോ ഇതിങ്ങനെ സംഭവിക്കുന്നോ എന്നു മുറവിളി കൂട്ടിയിട്ട് കാര്യമില്ല. ക്രൈം എല്ലായിടത്തുമുണ്ട്. ആ ക്രൈമിനെ മഹത്വവത്കരിക്കുന്ന കാര്യങ്ങള്‍ സിനിമയിലും മറ്റും വരുന്നുണ്ട്. ശിക്ഷയെക്കുറിച്ചുള്ള ഭയം ഉണ്ടാക്കുന്നതിനൊപ്പം രോഗാതുരമായായ മനസ്സില്‍ നിന്നാണ് ഇത് വരുന്നതെന്ന കാര്യം കൂടി ആളുകളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത നമുക്കുണ്ട്.

ചലച്ചിത്ര നടിയുടെ കാര്യത്തില്‍ നടപടികള്‍ വേഗത്തിലാണ് നീങ്ങുന്നത്. ഇത്രയും സെലിബ്രിറ്റിയായിട്ടുള്ളയാളെ ആക്രമിച്ചിട്ട് ബ്ലാക്ക്‌മെയില്‍ ചെയ്ത് രക്ഷപെട്ടുകളയാം എന്ന് പ്രതികള്‍ കരുതിയത് അവര്‍ പരാതിപ്പെടില്ലെന്നോ പ്രതികരിക്കില്ലെന്നോ വിചാരിച്ചിട്ടാവാം. പക്ഷെ പ്രതികള്‍ക്ക് രക്ഷപെടാന്‍ കഴിയാത്ത വിധം കാര്യങ്ങള്‍ മുന്നോട്ട് പോയിട്ടുണ്ട്. പക്ഷെ ഇതുപോലെ എത്രയോ കേസുകള്‍ ഉണ്ടാവുന്നുണ്ട്. ആ കേസുകള്‍ പലതും പോലീസ് സ്‌റ്റേഷനുകളിലെത്തുമ്പോള്‍ ഇതുപോലെയൊരു ജാഗ്രതയുണ്ടാവുമെന്നു നമുക്ക് പ്രതീക്ഷിക്കാനാവില്ല. കുറച്ച് ലാഘവത്വം കാണിക്കുമ്പോള്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് നഷ്ടപ്പെടുന്നത് പ്രധാനപ്പെട്ട തെളിവുകളായിരിക്കാം. കുറ്റവാളികള്‍ക്ക് രക്ഷപെടാനുള്ള പഴുതുകളുണ്ടാവാം. പോലീസ് സംവിധാനങ്ങള്‍ വളരെ നല്ല കമ്മ്യൂണിക്കേഷന്‍ സാധ്യമാക്കുകയും ഹെല്‍പ്പ് ഡസ്‌ക് പോലുള്ള സംവിധാനങ്ങള്‍ കൊണ്ടുവന്ന് എപ്പോള്‍ വേണമെങ്കിലും സഹായം നല്‍കാന്‍ ആളുണ്ട് എന്ന തരത്തിലേക്ക് സിസ്റ്റത്തെ വിപുലപ്പെടുത്തുകയും ചെയ്യണം. ഇപ്പോള്‍ നിയമങ്ങളെക്കുറിച്ച് ബോധവതികളായവര്‍ മാത്രമാണ് പോലീസിന്റെ സഹായം തേടുന്നത്. അത് മാറി വ്യാപകമായി സ്ത്രീകള്‍ സഹായം തേടുന്ന, ആ സഹായത്തിനായി ഉടനെ പ്രതികരിക്കുന്ന ഒരു സംവിധാനം ഉണ്ടാകുമെന്ന രീതിയിലേക്ക് വരണം. ഇപ്പോള്‍ ക്രൈം ചെയ്തിട്ട് രക്ഷപെടാനുള്ള ഒരുപാടു മാര്‍ഗങ്ങളുണ്ട്. അതാണ് പലര്‍ക്കും സഹായമാവുന്നത്.

(തയ്യാറാക്കിയത് കെ ആര്‍ ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍