UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നികേഷിന്‍റെ സിപിഎം പ്രേമം തട്ടിപ്പുകേസുകളില്‍ നിന്നു രക്ഷപ്പെടാന്‍; ജ്യേഷ്ഠന്‍ എം വി ഗിരീഷ് കുമാര്‍

Avatar

അഴിമുഖം പ്രതിനിധി

അഴീക്കോട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാറിനെതിരെയുള്ള സഹോദരന്‍ ഗിരിഷ് കുമാറിന്റെ നിലപാടുകള്‍ക്ക് രാഷ്ട്രീയത്തിനപ്പുറമുള്ള മാനമുണ്ട്. എം വി രാഘവന്റെ മാധ്യമപ്രവര്‍ത്തകരായ മക്കള്‍ ഇരുചേരിയില്‍ നിലയുറപ്പിച്ച് മുന്നോട്ടുപോകുമ്പോള്‍ കേരളം അറിയാനാഗ്രഹിക്കുന്ന വിവരങ്ങള്‍ അതിലുണ്ട്. എം വി രാഘവനെന്ന രാഷ്ട്രീയ അതികായന്റെ യഥാര്‍ത്ഥ പിന്‍തുടര്‍ച്ചാവകാശിയാരെന്നതാണ് പ്രധാനം. 

സംവിധാനം ജനാധിപത്യമാണെങ്കിലും അധികാരത്തിനായുള്ള കുടുംബപ്പോര് അപൂര്‍വ്വ സംഭവമല്ല കേരളത്തിലും. രക്തബന്ധം വിസ്മരിച്ചും അധികാരത്തിനുവേണ്ടി പോരാട്ടത്തിലേര്‍പ്പെട്ട കേരളത്തിന് പരിചയമുണ്ട്. കെ കരുണാകരന്റെ കുടുംബം ഇതിനുദാഹരണമാണ്. പ്രാപ്തിയും ത്രാണിയും കൈമുതലായുള്ള ലീഡര്‍ മരണത്തിനു മുന്നെ പ്രശ്‌നം പരിഹരിച്ചു. മക്കളിരുവര്‍ക്കും പിന്തുടര്‍ച്ച സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് അദ്ദേഹം കളമൊഴിഞ്ഞത്. 

കമ്യൂണിസ്റ്റുകാരനായതുകൊണ്ടോ എന്തോ എംവിആറിനതു കഴിഞ്ഞില്ല. ഓര്‍മ്മശക്തിയും ശാരീരികകരുത്തും നശിച്ച് ശയ്യാവലംബിയായ എംവിആറിന് മക്കളെ ഒന്നിച്ചിരുത്താന്‍ കഴിഞ്ഞില്ലെന്ന് പിന്നീടുണ്ടായ സംഭവങ്ങള്‍ തെളിയിച്ചു. മാധ്യമങ്ങളിലൂടെ പുറത്തുവന്ന എം വി ഗിരീഷ്‌കുമാറിന്റെ തുറന്ന കത്തിനുശേഷം അഴിമുഖം പ്രതിനിധി അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. അമ്മയും സഹോദരിയും നികേഷിനൊപ്പമെന്ന പ്രചാരണത്തെ ഗിരീഷ് നിഷേധിക്കുന്നു. ഇനി സംഭാഷണത്തിലേക്ക്,

‘സിപിഎമ്മിനൊപ്പം പോയ നികേഷിന്റെ നിലപാട് ധാര്‍മ്മികമായോ മറ്റു വിധത്തിലോ അംഗീകരിക്കാനാവില്ല. അവസാനകാലം വരെ ഒരിക്കല്‍ പോലും സിപിഎമ്മിന് ഒപ്പം പോകണമെന്ന് അച്ഛന്‍ പറഞ്ഞിട്ടില്ല. മാത്രമല്ല, ഞാന്‍ പിണറായി വിജയന്റെ കാല്‍ക്കീഴില്‍ ഇരിക്കണോ എന്നാണ് അവസാന നാള്‍ വരെ അദ്ദേഹം ചോദിച്ചത്. മരിക്കുന്നതിന് ഒരു മാസം മുമ്പ് ഇക്കാര്യം അച്ഛന്‍ ചോദിച്ചിരുന്നു. ഇത്തരം ഒരു നിലപാടെടുക്കാന്‍ നികേഷിനെങ്ങനെ കഴിയുന്നുവെന്ന് അറിയില്ല. അധികാരം വേണമെന്ന താല്‍പ്പര്യമാണ് അവനെ ഇതിന് പ്രേരിപ്പിച്ചത്. കുടുംബത്തിനു വേണ്ടി ഒരിക്കല്‍ പോലും നികേഷ് എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടില്ല’.

‘സിപിഎം എന്നത് അച്ഛനെ ദ്രോഹിച്ചിട്ടുള്ള പ്രസ്ഥാനം മാത്രമാണ്. ജീവിതത്തിലെ നിര്‍ണായകമായ മുപ്പത് വര്‍ഷത്തിലധികം സിപിഎം എന്ന പ്രസ്ഥാനത്തിനു വേണ്ടി പാഴാക്കിയെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. നികേഷ് എന്താണിങ്ങനെ ചിന്തിക്കുന്നതെന്നറിയില്ല. എന്റെ ജീവിതം പാഴാക്കി എന്നതിനര്‍ത്ഥം മറ്റേതൊരാളെയും പോലെ നികേഷിനും മനസ്സിലാവേണ്ടതാണ്. എംവിആര്‍ കെട്ടിപ്പടുത്ത പ്രസ്ഥാനങ്ങള്‍ തകര്‍ക്കുകയും കൈപ്പിടിയിലാക്കുകയും ചെയ്തു. സഹകരണമേഖലയില്‍ ആരോഗ്യരംഗത്ത് സ്ഥാപിച്ച ഏകെജി ഹോസ്പിറ്റല്‍ ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യ സംരംഭമായിരുന്നു. അവിടെ നിന്നും അച്ഛനെ ചെരിപ്പുമാല അണിയിച്ച് അപമാനിച്ച് പുറത്താക്കി. പരിയാരം മെഡിക്കല്‍ കോളേജ് ഭരണം ജനാധിപത്യവിരുദ്ധമായി പിടിച്ചടക്കി. പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റിയുടെ നിയന്ത്രണം കൈക്കലാക്കാനുള്ള ശ്രമം അവര്‍ തുടരുകയാണ്. കോടതി ഉത്തരവിനുശേഷമേ തനിക്കവിടെ പ്രവേശിക്കാനാവൂ. അവര്‍ക്ക് പണത്തിന്റെ ആവശ്യവുമുണ്ട്. അതിനുവേണ്ടിയുള്ള ശ്രമമാണത് അച്ഛന്റെ ആത്മാവ് ഒരിക്കലും അവരുടെ കൂടെയുണ്ടാവില്ല. അക്കാര്യത്തില്‍ സംശയത്തിനിടമില്ല’.

‘തട്ടിപ്പു കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സിപിഎമ്മിന്റെ സഹായത്തിനുവേണ്ടിയാണ് നികേഷ് അവര്‍ക്കൊപ്പം പോയത്. അങ്ങിനെയല്ലാതെ തടിയൂരാനാവില്ലെന്ന് അവനറിയാം. കോണ്‍ഗ്രസ്സില്‍ നിന്നോ ലീഗില്‍ നിന്നോ ഇത്തരമൊരു സഹായം ലഭിക്കില്ല. കൊന്നാലും കൊലപാതകകേസില്‍ പ്രതിയായാലും സിപിഎം സഹായിക്കും. ഇക്കാര്യം മനസ്സിലാക്കിയാണ് നികേഷിന്റെ ചേരിമാറ്റം. അമ്മയ്ക്ക് മക്കളെല്ലാവരും ഒരുപോലെയാണ്. നികേഷ് പറയുമ്പോള്‍ അവനൊപ്പം നില്‍ക്കും. എന്റെ കൂടെയും ഉണ്ടാകും. അമ്മമാര്‍ അങ്ങനെയാണ്. അമ്മയെ ഈ സംഭവത്തിലേക്ക് വലിച്ചിഴക്കരുത്. അമ്മയ്ക്ക് ഇതിലൊന്നും പ്ര.ത്യേക നിലപാടില്ല. കഴിഞ്ഞ നാലുവര്‍ഷമായി നികേഷുമായി ബന്ധമില്ല. ഈയിടെ എന്നെ വിളിച്ചു. ഫോണ്‍ കട്ട് ചെയ്ത് ഇപ്പോഴെങ്കിലും എന്നെ ഓര്‍ത്തതിന് നന്ദിയെന്ന് സന്ദേശം അയച്ചു, അവിടെ നിര്‍ത്തി. നികേഷിന്റെ തെരഞ്ഞെടുപ്പ് ജയമോ തോല്‍വിയോ എന്നെ സംബന്ധിച്ചിടത്തോളം ഇമ്മെറ്റീരിയലാണ്. പാപ്പിനിശ്ശേരിയിലെ അമ്മാളുവേച്ചി പറയുന്നതു പോലെ, അങ്ങനെ അയ്‌ക്കോട്ടേശ്വര..’. ഗിരീഷ് സംഭാഷണം അവസാനിപ്പിച്ചു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍