UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: നികിത ക്രൂഷ്‌ചേവിന്റെ മരണവും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും

Avatar

1971 സെപ്തംബര്‍ 11
നികിത ക്രൂഷ്‌ചേവ് അന്തരിച്ചു

ശീതയുദ്ധത്തിലെ മര്‍മ്മപ്രധാന വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്ന നികിത ക്രൂഷ്‌ചേവ് 1971 സെപ്തംബര്‍ 11 ന് അന്തരിച്ചു. 1950 കളുടെ അവസാനത്തിലും 60 കളുടെ ആരംഭകാലത്തിനും ഇടയിലുള്ള സമയമാണ് ക്രൂഷ്‌ചേവ് തന്റെ ഔന്നത്യത്തില്‍ എത്തുന്നത്. ശീതയുദ്ധകാലത്ത് വര്‍ണ്ണശബളമായൊരു വ്യക്തിത്വമാണ് ക്രൂഷ്‌ചേവിന് ലഭിച്ചിരുന്നത്. ജോസഫ് സ്റ്റാലിന്റെ ഭക്തനായിരുന്ന ക്രൂഷ്‌ചേവിന് സോവിയറ്റ് അധികാരശ്രേണിയിലേക്ക് കയറിവരാന്‍ ആ വിധേയത്വം സഹായകവുമായി. ക്രൂഷ്‌ചേവിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സ്റ്റാലിന്‍ തന്നെ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. ശീതയുദ്ധത്തില്‍ സോവിയറ്റ് യൂണിയന്റെ തീരുമാനങ്ങളുടെമേല്‍ പ്രബലമായ നിയന്ത്രണം ക്രൂഷ്‌ചേവിനുണ്ടായിരുന്നു. അമേരിക്കയുമായി സമാധാനസഹവര്‍ത്തിത്വ പ്രമാണങ്ങള്‍ ചമച്ചുകൊണ്ടുള്‍പ്പെടെ ക്രൂഷ്‌ചേവ് പലരേയും അത്ഭുതപ്പെടുത്തിയുമിരുന്നു.

ഒരു നാട്ടിന്‍പുറത്തുകാരന്റെ പ്രതിഛായ അണിഞ്ഞിരുന്ന ക്രൂഷ്‌ചേവിനുള്ളില്‍ കൗശലക്കാരനായ രാഷ്ട്രീയക്കാരനുമുണ്ടായിരുന്നു. 1960 കളില്‍ റഷ്യക്ക് മേല്‍ പറന്ന അമേരിക്കന്‍ യു-2 ചാരവിമാനത്തെ വെടിവച്ചിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി സമയത്ത് ക്രൂഷ്‌ചേവായിരുന്നു സോവിയറ്റ് യൂണിയന്റെ ഭരണാധികാരി.

ഇതേ കാലത്ത് തന്നെ യുഎസും സോവിയറ്റ് യൂണിയനും മറ്റൊരു കാരണത്താല്‍ യുദ്ധത്തിന്റെ വക്കിലുമെത്തിയിരുന്നു. ക്യൂബയില്‍ റഷ്യ ന്യൂക്ലിയര്‍ മിസൈല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമം നടത്തുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ആ യുദ്ധകാരണം.

2001 സെപ്തംബര്‍ 11
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം

ഒരിടിമുഴക്കത്തിലെന്നപോലെ ലോകം കുലുങ്ങിയ ദിവസം, ഏറ്റവും വലിയ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിച്ച ദിവസം; ഒരിക്കലും മറക്കാനാവാത്ത വിധം ചരിത്രം 2001 സെപ്തംബര്‍ 11 നെ അടയാളപ്പെടുത്തിയിരിക്കുന്നത് ഇങ്ങിനെയാണ്. സമയം രാവിലെ 8.45, അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 767 വിമാനം ന്യുയോര്‍ക്ക് പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ നോര്‍ത്ത് ടവറിലേക്ക് ഇടിച്ചിറങ്ങി. 18 മിനിട്ടുകള്‍ കഴിഞ്ഞുകാണും മറ്റൊരു ബോയിംഗ് 767 വിമാനം സൗത്ത് ടവറിലെ അറുപതാമത്തെ ഫ്‌ളോറിലേക്ക് ഇടിച്ചു കയറി. നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ, അമേരിക്കയുടെ സാമ്പത്തികശൗര്യത്തിന്റെ ബിംബമായി തലയുയര്‍ത്തി നിന്നിരുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ന്യൂയോര്‍ക്ക് പട്ടണത്തെ ചാരത്തില്‍ മൂടിക്കൊണ്ട് തകര്‍ന്നുവീഴാന്‍. ഈ വിനാശത്തിന് ലോകം മുഴുവന്‍ ടെലിവിഷനുകളിലൂടെ സാക്ഷ്യം വഹിച്ചു.


ഭീകരത വേള്‍ഡ് ട്രേഡ് സെന്ററില്‍ അവസാനിച്ചിരുന്നില്ല. ഭീകരര്‍ റാഞ്ചിയ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 757 വിമാനം വാഷിംഗ്ടണിനു മുകളിലൂടെ പറന്ന് അമേരിക്കയുടെ മിലട്ടറി ഹെഡ്ക്വാര്‍ട്ടേഴ്‌സായ പെന്റഗണിന്റെ പടിഞ്ഞാറ് ഭാഗത്ത് തകര്‍ന്നുവീണു. ന്യുയോര്‍ക്കില്‍ നടന്ന ആക്രമണത്തിന് ഒരുമണിക്കൂര്‍ ശേഷമായിരുന്നു ഈ ആക്രമണം. അമേരിക്കയുടെ സൈനികശക്തിയെ വെല്ലുവിളിക്കുന്നതായിരുന്നു ഈ ആക്രമണങ്ങള്‍. നാലാമതൊരു വിമാനം കൂടി ഭീകരര്‍ റാഞ്ചിയിരുന്നു. ന്യൂജേഴ്‌സിയിലെ ന്യുവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് റാഞ്ചിയ യുണൈറ്റഡ് ഫ്‌ളൈറ്റ് 93 എന്ന വിമാനമായിരുന്നു ഭീകരര്‍ തങ്ങളുടെ അടുത്ത ആയുധമായി ഉപയോഗിക്കാന്‍ തട്ടിയെടുത്തത്, എന്നാല്‍ വിമാനത്തിലെ യാത്രക്കാര്‍ റാഞ്ചികളായ 4 ഭീകരരുമായി ഏറ്റമുട്ടുകയും വിമാനം പെന്‍സില്‍വാനിയായില്‍ തകര്‍ന്നുവീഴുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 45 പേരും കൊല്ലപ്പെടുകയും ചെയ്തു.

ഈ ഭീകരദിനത്തിനു പിന്നാലെ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അല്‍-ഖ്വയ്ദയോടും ഈ ആക്രമണത്തിന് ഫണ്ട് ചെലവഴിച്ച അല്‍-ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെതിരെയും യുഎസ് യുദ്ധം പ്രഖ്യാപിച്ചു. അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാനില്‍ പ്രവേശിച്ച് ലാദന്‍ വേട്ട ആരംഭിച്ചു.

പത്തുവര്‍ഷം നീണ്ട അവസാനമില്ലാത്ത ആ വേട്ടയ്‌ക്കൊടുവില്‍ 2011 മേയ് 2 ന് അമേരിക്ക തങ്ങളുടെ ശത്രുവിനെ വകവരുത്തി. പാക്കിസ്ഥാനിലെ അബോട്ടാബാദിലെ സൈനിക കാവലുള്ള വീട്ടില്‍വച്ചാണ് ഒസാമ ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം പിടികൂടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍