UPDATES

വിദേശം

നിക്കി ഹാലെ; ട്രംപിന്റെ ഇന്ത്യന്‍ താത്പര്യം

Avatar

അഴിമുഖം പ്രതിനിധി

സൗത്ത് കാരോലിന ഗവര്‍ണര്‍ നിക്കി ഹാലെയെ അമേരിക്കയുടെ യുഎന്‍ അംബാസിഡറായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ചതോടെ, യുഎസ് ഭരണനേതൃത്വത്തിലെ ക്യാബിനറ്റ് റാങ്കിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയായി അവര്‍ മാറി. ട്രംപിന്റെ വാഗ്ദാനം സ്വീകരിച്ചതായി, അമൃതസറില്‍ നിന്നുള്ള സിഖ് ദമ്പതിമാര്‍ക്ക് പിറന്ന നിമ്രിത രന്ഥാവ എന്ന ഹാലെ സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസിലെ മറ്റെല്ലാ രാഷ്ട്രീയ നിയമനങ്ങളും പോലെ ഇതിനും രാജ്യത്തിന്റെ സെനറ്റിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. 

ആഗോളതലത്തില്‍ കൂടുതല്‍ നിര്‍ണായക പങ്ക് വഹിക്കാനുള്ള ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്കുണ്ടായിരുന്ന യുഎസ് പിന്തുണ തുടരാനാണ് ട്രംപിന്റെയും ഉദ്ദേശം എന്നതിന്റെ സൂചനയാണ് 44-കാരിയായ ഹാലെയെ നാമനിര്‍ദ്ദേശം ചെയ്ത നടപടി പ്രതിഫലിപ്പിക്കുന്നതെന്ന് നിയുക്ത പ്രസിഡന്റിന്റെ ഓരോ നീക്കവും സസൂക്ഷമം വീക്ഷിക്കുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

2010-ല്‍ ന്യൂഡല്‍ഹിയില്‍ എത്തിയ പ്രസിഡന്റ് ബാരക് ഒബാമ, യുഎന്‍ സുരക്ഷ കൗണ്‍സിലിലെ സ്ഥിരാംഗമാകാനുള്ള ഇന്ത്യയുടെ വളരെക്കാലത്തെ ശ്രമങ്ങള്‍ക്ക് യുഎസ് ആദ്യമായി ഔദ്യോഗിക പിന്തുണ നല്‍കുന്നതിന് ആഴ്ചകള്‍ മുമ്പ് തന്നെ ഹാലെ ഈ ആവശ്യത്തെ പരസ്യമായി അനുകൂലിച്ചിരുന്നു. ഇന്ത്യന്‍ അമേരിക്കക്കാരിയെ ക്യാബിനറ്റ് റാങ്കിലുള്ള തസ്തികയിലേക്ക് നിയമിക്കാന്‍ ട്രംപ് തീരുമാനിച്ചതോടെ, സ്ഥാനപതികളോ മന്ത്രിമാരോ ആയി പാശ്ചാത്യരാജ്യങ്ങളിലെ ഫെഡറല്‍ സര്‍ക്കാരുകളിലെ നിര്‍ണായക സ്ഥാനങ്ങള്‍ കൈയാളുന്ന ഇന്ത്യന്‍ വംശജരായ രാഷ്ട്രീയക്കാരുടെ വര്‍ദ്ധിച്ചുവരുന്ന പട്ടികയിലേക്ക് ഒരാളെക്കൂടി ചേരുകയാണ്. 

പ്രതിരോധ മന്ത്രി ഹര്‍ജിത് സജ്ജന്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍-അമേരിക്കന്‍ അംഗങ്ങളാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂവിന്റെ മന്ത്രിസഭയിലുള്ളത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മന്ത്രിസഭയിലും നാല് ഇന്ത്യന്‍ വംശജരുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ തെരേസ മേ മന്ത്രിസഭയില്‍ ഒരു ഇന്ത്യന്‍ വംശജ മാത്രമാണുള്ളത്. അന്താരാഷ്ട്ര വികസനത്തിനുള്ള സ്‌റ്റേറ്റ് സെക്രട്ടറി പ്രീതി പട്ടേല്‍. 

തൊഴില്‍ വിസകള്‍ വെട്ടിക്കുറയ്ക്കുന്നതു മുതല്‍ ഏഷ്യാ-പസഫികില്‍ യുഎസ് വഹിക്കുന്ന പങ്ക് വരെയുള്ള ട്രംപിന്റെ നയമുന്‍ഗണനകളുമായി മല്ലടിക്കുന്ന സമയത്ത് ഇവിടുത്തെ വിദേശകാര്യ ഓഫീസിന് ആഹ്ലാദിക്കാന്‍ ലഭിച്ച അപൂര്‍വ അവസരങ്ങളില്‍ ഒന്നാണ് ഹാലെയുടെ നിയമനം. 

രണ്ടു കാരണങ്ങളാണ് താന്‍ ‘പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്,’ എന്ന് ഹാലെ വിശദീരിച്ചു. 

‘ചുമതലാബോധമാണ് ആദ്യത്തെത്,’ എന്ന് ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി ഒമ്പതുമണിക്ക് അവരുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ ഹാലെ പറഞ്ഞു. ‘നമ്മുടെ രാജ്യത്തിന്റെ ക്ഷേമത്തിനായും ലോകത്ത് നമ്മുടെ രാജ്യങ്ങളുടെ നിലപാടുകള്‍ ഉറപ്പിക്കുന്നതിനായും നിങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കാനാവുമെന്ന് പ്രസിഡന്റ് വിശ്വസിക്കുമ്പോള്‍, തീര്‍ച്ചയായും ആ വിശ്വാസത്തെ ആദരിക്കുക എന്നത് വളരെ പ്രധാനമാണ്. രണ്ടാമതായി, നമ്മുടെ സംസ്ഥാനത്ത് നാം കഴിഞ്ഞ ആറുവര്‍ഷം കൊണ്ട് നേടിയ നേട്ടങ്ങള്‍ സംതൃപ്തിദായകവും നമ്മള്‍ വളരെ ശക്തമായ നിലയിലാണെന്ന തിരിച്ചറിവുമാണ്.’

നിയമപരമായി പ്രസിഡന്റിന്റെ ക്യാബിനറ്റിന്റെ ഭാഗമല്ലെങ്കിലും മറ്റ് അംഗങ്ങള്‍ക്ക് തത്തുല്യമായ പദവിയാണ് അതെന്ന് മാത്രമല്ല എല്ലാ ക്യാബിനറ്റ് യോഗങ്ങളിലും പങ്കെടുക്കാനും യുഎന്നിലെ യുഎസ് സ്ഥാനപതിക്ക് സാധിക്കും. 

യുഎന്‍ പ്രതിനിധിസംഘത്തിന് എല്ലാ പ്രസിഡന്റുമാരും ഒരേ പ്രാധാന്യമല്ല നല്‍കിയിരിക്കുന്നത്. ആഗോള പ്രസ്ഥാനത്തെ കുറിച്ചുള്ള ട്രംപിന്റെ കാഴ്ചപ്പാട് വ്യക്തവുമല്ല. 

മാന്‍ഹട്ടന്‍കാരനായ നിയുക്ത പ്രസിഡന്റ് യുഎന്നിനെ ‘ഒരു കഷണം റിയല്‍ എസ്റ്റേറ്റ്’ ആയി കാണാന്‍ സാധ്യതയുണ്ടെന്ന് ട്രംപിന്റെ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ഒരു സെമിനാറില്‍ മുന്‍ ഇന്ത്യന്‍ വിദേശകാര്യസഹമന്ത്രിയും യുഎന്‍ നയതന്ത്ര ഉദ്യോഗസ്ഥനുമായ ശശി തരൂര്‍ കളിയാക്കിയിരുന്നു. 

എന്നാല്‍ ട്രംപിന്റെ തീരുമാനം -ഒരു രാഷ്ട്രീയ നേതാവും സംസ്ഥാന ഗവര്‍ണാറായി പ്രവര്‍ത്തിക്കുന്ന ആളും തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തന്നെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ആളുമായ അവരെ- വളരെ ആലോചനാപൂര്‍ണമായ ഒന്നാണെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 

യുഎസ് സംവിധാനത്തില്‍ സ്‌റ്റേറ്റ് സെക്രട്ടറിക്ക് പിന്നില്‍ രണ്ടാം സ്ഥാനമുള്ള യുഎന്‍ സ്ഥാനപതിക്ക് പ്രസിഡന്റ് എപ്പോഴും ചെവി കൊടുക്കാറുണ്ട്. 

ഹാലെ യുഎന്‍ സ്ഥാനപതിയാക്കപ്പെടുന്നതോടെ- അവരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ സെനറ്റില്‍ വലിയ എതിര്‍പ്പുകള്‍ ഉണ്ടാവില്ല എന്നാണ് പ്രതീക്ഷിക്കുന്നത്- യുഎന്‍ രക്ഷാസമിയിലെ സ്ഥിരാംഗത്വം എന്ന ഇന്ത്യയുടെ അവകാശവാദത്തിന് യുഎസിന്റെ ഭാഗത്തുനിന്നും മുമ്പുണ്ടായിരുന്നതിനേക്കാള്‍ വലിയ പിന്തുണ ലഭിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 

യുഎന്‍ സുരക്ഷ കൗണ്‍സിലിലേക്കുള്ള ഇന്ത്യയുടെ അവകാശവാദത്തെ അവര്‍ പിന്തുണയ്ക്കുന്നതിന് മാത്രമല്ല അതിനുവേണ്ടി വാദിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ 2010ല്‍ ഹാലെ ആഭ്യന്തരവിമര്‍ശനങ്ങള്‍ക്ക് വിധേയയായിരുന്നു. 

ആ സമയത്ത് തെക്കന്‍ കരോലിന പ്രതിനിധി സഭയിലെ ഒരംഗം മാത്രമായിരുന്ന അവര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുകയുമായിരുന്നു. ഒരു ഇന്‍ഡോ-അമേരിക്കന്‍ സംഘത്തിന്റെ ധനശേഖരണ യോഗത്തില്‍ അവര്‍ ഇന്ത്യ-യുഎസ് ആണവ കരാറിനെയും യുഎന്നിലുള്ള ന്യൂഡല്‍ഹിയുടെ താല്‍പര്യങ്ങളെയും പിന്തുണച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

രണ്ട് പ്രശ്‌നങ്ങളും യുഎസില്‍ വലിയ ചര്‍ച്ചാവിഷയമായി നില്‍ക്കുന്ന സമയമായിരുന്നു അത്. ഇന്ത്യയുടെ യുഎന്‍ അവകാശവാദത്തെ അമേരിക്ക പരസ്യമായി പിന്തുണച്ചിരുന്നില്ല. കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിച്ചിരുന്നെങ്കിലും ആണവകരാര്‍ സംബന്ധിച്ച സംവാദങ്ങള്‍ പൂര്‍ണമായും കെട്ടടങ്ങിയിരുന്നുമില്ല.

പക്ഷെ വിമര്‍ശനങ്ങള്‍ക്കിടയിലും, ഇന്ത്യന്‍ വിദേശനയ സ്ഥാപനങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു പ്രസ്താവനയാണ് ഹാലെയുടെ ഓഫീസ് പുറപ്പെടുവിച്ചത്. 

‘ഇന്ത്യ യുഎന്‍ സുരക്ഷ കൗണ്‍സിലിന്റെ ഒരു സ്ഥിരഭാഗമാകണമെന്നും ഇന്ത്യയും യുഎസും സ്വാഭാവിക അണികളാണെന്നും ആ സൗഹൃദം ശക്തിപ്പെടുത്തണം എന്നും മാത്രമാണ് നിക്കി പറഞ്ഞത്,’ എന്നാണ് അവരുടെ പ്രചാരണ വക്താക്കളില്‍ ഒരാള്‍ പ്രസ്താവനയില്‍ പറഞ്ഞത്. 

തന്റെ ഇന്ത്യന്‍ വേരുകള്‍ പലപ്പോഴും മറച്ചുവെക്കാന്‍ ശ്രമിക്കുന്ന അക്കാലത്തെ മറ്റൊരു ഇന്ത്യന്‍-അമേരിക്കന്‍ ഗവര്‍ണറായിരുന്ന ബോബി ജിന്‍ഡാലിന്റെ നിലപാടുകള്‍ക്ക് കടകവിരുദ്ധമായിരുന്നു തന്റെ വേരുകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍-അമേരിക്കന്‍ സൗഹൃദത്തിന് വേണ്ടിയുള്ള അവരുടെ വാദം. 

അതുകൊണ്ട് തന്നെ ഹാലെയുമായുള്ള ബന്ധങ്ങള്‍ ഇന്ത്യ വളരെ ശ്രദ്ധാപൂര്‍വം കെട്ടിപ്പടുത്തു. 2014ല്‍ ന്യൂയോര്‍ക്ക് സന്ദര്‍ശനവേളയില്‍ ഉള്‍പ്പെടെ രണ്ടു തവണ അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 

പൊതു ഓഫീസുകളിലെ ഇന്ത്യന്‍-അമേരിക്കക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും മൂഹത്തിന്റെ ഉന്നമനത്തിനുള്ള കാരണമായി മാറുകയും ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള ഒരു പാലമായി അതിലെ അംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹാലെയുടെ നിയമനം വരുന്നത്. ഇന്ത്യയിലെ ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ സ്ഥാനപതിയായി 2014ല്‍ റിച്ചാര്‍ഡ് വര്‍മ്മയെ പ്രസിഡന്റ് ബാരക് ഒബാമ നിയമിച്ചിരുന്നു. 

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഒരു യുഎസ് ഭരണകൂടം സ്വീകരിച്ചിരിക്കുന്ന ഏറ്റവും നിര്‍ണായകമായ രാഷ്ട്രീയ നിയമനമാണ് ഹാലെയെ തിരഞ്ഞെടുത്തുകൊണ്ട് ട്രംപ് നടത്തിയിരിക്കുന്നതെന്ന് ഇവിടെയുള്ള ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. 

യുഎന്നിലേക്കുള്ള യുഎസ് പ്രതിനിധി സംഘങ്ങള്‍ എല്ലായിപ്പോഴും ഇന്ത്യയോട് അനുഭാവപൂര്‍ണമായ സമീപനമല്ല പുലര്‍ത്തിയിട്ടുള്ളത്. മുന്‍ യുഎന്‍ സ്ഥാനപതിയായിരുന്ന ജോണ്‍ ബോള്‍ടണെ സ്‌റ്റെറ്റ് സെക്രട്ടറിയാക്കാന്‍ ട്രംപ് ആലോചിക്കുന്ന എന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ആ രക്തരൂക്ഷിത നാളുകളെ പുനരുജ്ജീവിപ്പിക്കാനാണോ ട്രംപ് ശ്രമിക്കുന്നതെന്ന് ന്യൂഡല്‍ഹി ആശങ്കപ്പെട്ടിരുന്നു. 

യുഎന്നിലെ യുഎസ് സ്ഥാനപതിയായിരുന്ന കാലത്ത്, സുരക്ഷ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം എന്ന ആശയത്തെ ബോള്‍ട്ടണ്‍ എതിര്‍ത്തിരുന്നു. ഇന്ത്യ-അമേരിക്ക ആണവ കരാറിനെ എതിര്‍ത്ത ജോര്‍ജ്ജ് ബുഷ് മന്ത്രിസഭയിലെ ഏക മുതര്‍ന്ന അംഗവും അദ്ദേഹമായിരുന്നു. അദ്ദേഹം യുഎന്‍ സ്ഥാനപതി ആയിരിക്കെ ഇന്ത്യയുടെ പിന്തുണയോടെയുള്ള തരൂരിന്റെ സെക്രട്ടറി പദസ്ഥാനാര്‍ത്ഥിത്വത്തെയും ബോള്‍ട്ടണ്‍ എതിര്‍ത്തിരുന്നു. 

സ്‌റ്റേറ്റ് സെക്രട്ടറി തസ്തികയിലേക്കുള്ള ട്രംപിന്റെ ചുരുക്കപ്പട്ടികയില്‍ ഇപ്പോഴും ബോള്‍ട്ടണിന്റെ പേരുണ്ടോയെന്ന് വ്യക്തമല്ല. എന്നാല്‍, ആ തസ്ഥികയിലേക്ക് ബോള്‍ട്ടണ്‍ നിയമിതനായാല്‍ പോലും, കാബിനറ്റ് യോഗങ്ങളില്‍ ഒരു എതിര്‍വീക്ഷണമുയര്‍ത്താന്‍ ഹാലെയ്ക്ക് സാധിക്കുമെന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍