UPDATES

വര്‍ഗീസിന് ശേഷം കേരളത്തിലെ ‘മാവോയിസ്റ്റ് ‘എന്‍കൗണ്ടര്‍

അഴിമുഖം പ്രതിനിധി

നിലമ്പൂര്‍ വനമേഖലയില്‍ ഇന്നലെ ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകളെ പൊലീസ് വധിച്ച സംഭവത്തില്‍ തനിക്കുള്ള സംശയം പ്രകടിപ്പിച്ച് ചലച്ചിത്ര സംവിധായകന്‍ ഡോ. ബിജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയുന്നതല്ലെന്നാണു ബിജു പറയുന്നത്. ഈ വിഷയത്തില്‍ സുപ്രീം കോടതി വിധി അനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ പാലിക്കാന്‍ കേരള പോലീസ് തയ്യാറാകേണ്ടതുണ്ടെന്നും ബിജു ചൂണ്ടിക്കാട്ടുന്നു.

ഡോ. ബിജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്‍കൗണ്ടര്‍ ആണോ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം ആണോ എന്നത് വ്യക്തമാകേണ്ടതുണ്ട്. പോലീസ് ഭാഷ്യം ഇപ്പോഴത്തെ നിലയില്‍ ഒട്ടും വിശ്വാസ്യ യോഗ്യമല്ല. ഈ വിഷയത്തില്‍ സുപ്രീം കോടതി വിധി അനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ പാലിക്കാന്‍ കേരള പോലീസ് തയ്യാറാകേണ്ടതുണ്ട്. കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികളിലും അറസ്റ്റ് ചെയ്തവരുടെ കോടതി നടപടികളിലും സുതാര്യമായ നടപടികളും നിയമ വ്യവസ്ഥയും പാലിക്കണം. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക എന്ന ഒരു പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ ഗൗരി എന്ന ആദിവാസി പെണ്‍കുട്ടിയെ ഉള്‍പ്പെടെ UAPA ചുമത്തി 180 ദിവസം ജയിലില്‍ അടച്ച നാടാണ് കേരളം. സാംസ്‌കാരിക രാഷ്ട്രീയ കേരളം ഈ വിഷയത്തില്‍ കാര്യമായ യാതൊരു പ്രതികരണവും നടത്തി കണ്ടില്ല. 180 ദിവസമായിട്ടും ഒരു കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ പൊലീസിന് കഴിയാതിരുന്നതിനാല്‍ ഗൗരിക്ക് കോടതി ജാമ്യം അനുവദിച്ചു. ഗൗരി പുറത്തിറങ്ങി രണ്ടു ദിവസം കഴിയുമ്പോള്‍ ഇതാ രണ്ടു ‘മാവോയിസ്റ്റുകളെ ‘ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി എന്ന പോലീസിന്റെ വീര കൃത്യം. മാവോയിസ്റ്റ് ആവുക എന്നത് ഒരു കുറ്റമല്ല എന്ന് ഹൈക്കോടതി പറഞ്ഞിട്ട് അധിക നാളുകളായിട്ടില്ല. ആളുകളെ കൊലപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുന്ന പോലീസിന്റെ അവകാശവും അധികാരവും കേരളത്തില്‍ കൂടി വരുന്നു എന്നത് കാണാതെ പോകരുത്. മാവോയിസ്റ്റ് വേട്ട എന്ന പേരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന പല കൊലപാതകങ്ങളും പോലീസിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ആയിരുന്നു എന്ന് പിന്നീട് തെളിയിക്കപ്പെട്ടിരുന്നു. അതേ നിലയിലേക്കാണോ കേരളവും നീങ്ങുന്നത്. പ്രതികരണങ്ങളുടെ മൗനം അപകടകരമാണ്. വസ്തുതകള്‍ അറിയാന്‍ ഏവര്‍ക്കും അവകാശമുണ്ട്. പോലീസ് ഭാഷ്യത്തിനപ്പുറം യാഥാര്‍ഥ്യം അറിയണം. നക്‌സലൈറ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ വര്‍ഗ്ഗീസ് കൊല്ലപ്പെട്ടു എന്ന പോലീസ് ഭാഷ്യം ഒരു വലിയ നുണ ആയിരുന്നു എന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പോലീസുകാരന്‍ രാമചന്ദ്രന്‍ നായര്‍ തുറന്നു പറഞ്ഞു. എന്റെ കുഞ്ഞിനെ എന്തിനാണ് നിങ്ങള്‍ മഴയത്ത് നിര്‍ത്തിയിരിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ മഴയിലേക്ക് മറഞ്ഞു…ഇതാ ഇപ്പോള്‍ നിലമ്പൂരില്‍ കുപ്പു ദേവരാജ് , അജിത എന്നിവര്‍ പോലീസിന്റെ ഏറ്റുമുട്ടലില്‍ കാടിനുള്ളില്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പോലീസ് വീണ്ടും തുടങ്ങുകയാണോ…മാവോയിസ്‌റ് വേട്ട എന്ന പോലീസിന്റെയും മാധ്യമങ്ങളുടെയും ലളിതമായ പരാമര്‍ശത്തിനപ്പുറം ഗൗരവപരമായ മനുഷ്യാവകാശ പ്രശ്‌നമായി ഇതിനെ കാണുകയും ജനാധിപത്യപരവും നിയമപരവുമായ നടപടികള്‍ ഈ വിഷയത്തില്‍ ഉറപ്പ് വരുത്തേണ്ടതുമുണ്ട്…

മാവോയിസ്റ്റ് വിഷയം കൈകാര്യം ചെയ്യുന്ന സിനിമ കാട് പൂക്കുന്ന നേരത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം ഗോവ ചലച്ചിത്ര മേളയില്‍ കഴിഞ്ഞതിന്റെ പിറ്റേ ദിവസം ആണ് ഗൗരിക്ക് ജാമ്യം കിട്ടി എന്ന നല്ല വാര്‍ത്ത കേട്ടത്. ഇതാ രണ്ടു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കാട്ടിനുള്ളില്‍ രണ്ടു മാവോയിസ്റ്റുകളെ പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി എന്ന വാര്‍ത്തയും. 

കാടുകള്‍ പൂക്കുകയാണ്..രക്ത നിറം കൊണ്ട് കാടുകള്‍ പൂക്കുന്നു..ഇതില്‍ എത്ര നിരപരാധികളുടെ രക്തം ഉണ്ടാകാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍