UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിലമ്പൂര്‍ കൊലപാതകം: മുഖ്യമന്ത്രി ഒന്നും അറിയുന്നില്ലെന്നാണോ? പക്ഷേ, മറുപടി പറയേണ്ട ചിലതുണ്ട്

Avatar

ടീം അഴിമുഖം 

നിലമ്പൂര്‍ കരുളായിയിലെ വനമേഖലയിലുണ്ടായ പൊലീസ് വെടിവയ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നു. സംഭവം വലിയ വിവാദമാവുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരിക്കുന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇത് വലിയൊരു കാര്യമല്ല. ഇത്തരത്തില്‍ എന്‍കൗണ്ടറുകള്‍ നടന്നാല്‍ അന്വേഷണം വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് നിര്‍ബന്ധിതമായിരിക്കുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് തന്നെ നടത്തുന്ന അന്വേഷണം എവിടെ വരെ എത്തും എന്ന് ആലോചിച്ചാല്‍ മനസിലാക്കാം.

പക്ഷെ മറ്റൊരു പ്രശ്‌നമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പല കാര്യങ്ങളും വളരെ വൈകിയാണ് അറിയുന്നത്. അല്ലെങ്കില്‍ പലതും അറിയുന്നില്ല. അതുമല്ലെങ്കില്‍ അറിഞ്ഞതായി ഭാവിക്കുന്നില്ല. മന്ത്രി ജി സുധാകരന്‍ ഇന്ന് പറഞ്ഞത് നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ച സംഭവത്തെ കുറിച്ച് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും അറിയില്ലെന്നാണ്. നമ്മള്‍ എന്താണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക്, തന്‌റെ വകുപ്പിന് കീഴിലുള്ള പൊലീസ് സേന നടത്തുന്ന കമാന്‍ഡോ ഓപ്പറേഷനും രണ്ട് പേരെ വധിക്കുന്നതും സംബന്ധിച്ച് ഒന്നും അറിയില്ല എന്നോ. മുഖ്യമന്ത്രിക്ക് വിവരങ്ങള്‍ ലഭിക്കുന്നതില്‍ ഇത്തരത്തില്‍ തടസം സൃഷ്ടിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് അറിയണമല്ലോ.

ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവരാണ് ഏറ്റുമുട്ടലില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. കേരള പൊലീസിന്‌റെ വലിയ നേട്ടം എന്നാണ് നിലമ്പൂര്‍ കൊലപാതകത്തെ സംബന്ധിച്ച അവകാശവാദം. കേരള പൊലീസിനും സര്‍ക്കാരിനും ഇതില്‍ എന്താണ് അഭിമാനിക്കാനുള്ളത്. ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജമ്മുകാശ്മീര്‍, മണിപ്പൂര്‍ അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ വ്യാജ ഏറ്റുമുട്ടല്‍ സംസ്‌കാരത്തിലേയ്ക്ക് കേരളവും പോവുകയാണോ എന്ന ഭയമുണ്ടാക്കുന്ന, അത്തരത്തില്‍ സംശയവും ആശങ്കയുമുണ്ടാക്കുന്ന സംഭവമാണ് നിലമ്പൂരില്‍ നടന്നിരിക്കുന്നത്. വര്‍ഗീസിന്‌റെ കൊലപാതകത്തിന് ശേഷം ആദ്യമായാണ് കേരളത്തില്‍ ഇത്തരമൊരു സംഭവം. അതാണോ അഭിമാനിക്കാനുള്ള വക?

മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരെ സംഭവസ്ഥലത്തേയ്ക്ക് കടത്തി വിടാതെ ഇത്രയും ദിവസം അവിടെ എന്താണ് നടന്നത് എന്ന ചോദ്യമുണ്ട്. സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പുസ്വാമി ദേവരാജ് (61), അജിത (46) എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ശരിക്കും ഏറ്റുമുട്ടല്‍ തന്നെയാണ് നടന്നതെന്നും കീഴടങ്ങാന്‍ തയ്യാറല്ലാത്തത് കൊണ്ടും ഇങ്ങോട്ട് വെടിവയ്പ് നടത്തിയതിനാല്‍ ആത്മരക്ഷാര്‍ത്ഥവുമാണ് തിരിച്ച് വെടിവയ്പ് നടത്തിയതെന്നും ക്യാമ്പില്‍ ബാക്കിയുണ്ടായിരുന്ന മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് പൊലീസ് ഭാഷ്യം. ദേവരാജിന്‌റെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകളാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്നെണ്ണം ശരീരം തുളച്ച് പുറത്തുപോയതായും പറയുന്നു. അജിതയുടെ ശരീരത്തില്‍ അഞ്ച് ഉണ്ടകളാണ് ഉണ്ടായിരുന്നത്. 13 എണ്ണം ശരീരം തുളച്ചുകയറി പോയതായി പറയുന്നു. പക്ഷെ പുറത്തുവിട്ടിരിക്കുന്ന ചിത്രങ്ങള്‍ ഈ വാദങ്ങളെ സംശയത്തിലാക്കുകയാണ് ചെയ്യുന്നത്. ചിത്രങ്ങളില്‍ ദേവരാജന്‌റേയും അജിതയുടേയും വസ്ത്രങ്ങളില്‍ ചോരപ്പാടുകളോ വെടിയുണ്ട തറച്ചതായോ കാണുന്നില്ല. പൊലീസ് അവരെ പുതിയ യൂണിഫോം അണിയിച്ചത് കൊണ്ടാണോ ഇത്. ദേവരാജന്‍ പൊലീസിനെതിരെ യന്ത്രത്തോക്ക്‌ ഉപയോഗിച്ച് വെടിവയ്പ് നടത്തിയതായി പൊലീസ് പറയുന്നു. അജിത വെടി ഉതിര്‍ത്തതായോ അവരുടെ കയ്യില്‍ എന്തെങ്കിലും ആയുധം ഉണ്ടായിരുന്നത് സംബന്ധിച്ചോ യാതൊരു വിവരവുമില്ല.

നവംബര്‍ 24ന് ഉച്ചയ്ക്കാണ് ഏറ്റുമുട്ടല്‍ നടന്നത്. 12 മണിക്ക് നടന്ന ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ഒരു മണിക്ക് തന്നെ പുറത്ത് വന്നിരുന്നു. ഇത് സംശയകരമാണ്. ഇവരെ മറ്റെവിടെയെങ്കിലും നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന കൊലപ്പെടുത്തിയതാണോ എന്ന് സംശയിക്കാവുന്നതാണ്. 28 അംഗ മാവോയിസ്റ്റ് സംഘമാണ് നിലമ്പൂര്‍ കാട്ടിലുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഏതാണ്ട് 11 പേരാണ് ആക്രമണം നടക്കുമ്പോള്‍ രംഗത്തുണ്ടായിരുന്നതെന്നും പറയുന്നു. അത്യാധുനിക തോക്കുകള്‍ ഉപയോഗിച്ച് മാവോയിസ്റ്റ് സംഘം വെടിവയ്പ് നടത്തിയിട്ടും ഒരൊറ്റ പൊലീസുകാരനും പരിക്കില്ല എന്നത് ശ്രദ്ധേയം. പൊലീസിന്‌റെ ആക്രമണത്തില്‍ ചിതറിയോടിയെന്ന് പറയുന്ന മാവോയിസ്റ്റുകള്‍ ഇത്രയധികം ആയുധങ്ങള്‍ എടുത്തുകൊണ്ടുപോയോ? ഒരു ബ്രിട്ടിഷ് നിര്‍മ്മിത കൈത്തോക്ക് ഒഴിച്ചാല്‍ ഇപ്പറയുന്ന ആധുനിക ആയുധങ്ങളൊന്നും പൊലീസിന് കിട്ടിയിട്ടില്ല.

ഏറ്റുമുട്ടല്‍ നടന്നതിന്റെ പിറ്റേന്ന് മാധ്യമ പ്രവര്‍ത്തകരെ സംഭവ സ്ഥലത്തേക്ക് കൊണ്ടുപോകാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിരുന്നു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്നതിന് പകരം സുരക്ഷ കൂടി കണക്കിലെടുത്ത് മൂന്ന് പേരെ മാത്രം കൊണ്ടുപോകാം എന്നും ഉറപ്പ് നല്‍കി. ഇതനുസരിച്ച് മനോരമ ന്യൂസ് ക്യാമറാമന്‍, ടൈംസ് ഓഫ് ഇന്ത്യയുടെയും ദേശാഭിമാനിയുടെയും ഫോട്ടോഗ്രാഫര്‍മാര്‍ എന്നിവരെ വനത്തിലേക്ക് കൊണ്ടുപോകാന്‍ സമ്മതിച്ചു. അവര്‍ അതിന് തയ്യാറെടുത്തു. രാവിലെ ഒരു പൊലീസ് സംഘം സംഭവസ്ഥലത്ത് പോയി തിരിച്ചെത്തിയ ശേഷം കൊണ്ടുപോകാം എന്നായിരുന്നു ഉറപ്പ്. എന്നാല്‍ പൊലീസിന്റെ ആദ്യം സംഘം പോയതല്ലാതെ മാധ്യമ പ്രവര്‍ത്തകരെ കൊണ്ടുപോകാന്‍ പൊലീസ് തയ്യാറായില്ല. വെള്ളിയാഴ്ച രാവിലെ മുതല്‍ മാധ്യമസംഘം കാത്തുനിന്നിരുന്നു. എന്തുകൊണ്ടാണ് മാധ്യമങ്ങളെ വിലക്കിയതെന്ന ചോദ്യത്തിന് പൊലീസ് കൃത്യമായ വിശദീകരണം നല്‍കാത്തതില്‍ ദുരൂഹതയുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പിന്നീടാണ് ക്യാമ്പിന്‌റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ചാനലുകളെ അനുവദിച്ചത്.

കുറേക്കാലമായി നിലമ്പൂര്‍ മേഖലയില്‍ മാവോയിസ്റ്റ് തീവ്രവാദ സാന്നിദ്ധ്യമുണ്ടെന്നും ഇതിന്‌റെ തുടര്‍ച്ചയായാണ് നിലമ്പൂരിലെ സംഭവമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സിപിഎമ്മിന് ഇക്കാര്യത്തില്‍ നിലപാടില്ലെന്നതും ശ്രദ്ധേയമാണ്. പിന്നീട് പറയാം എന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ബിജെപിയും കോണ്‍ഗ്രസുമടക്കം മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തരത്തില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ വാര്‍ത്തകള്‍ വരുമ്പോള്‍ അത് വ്യാജ ഏറ്റമുട്ടലാണെന്ന സംശയം പ്രകടിപ്പിച്ചും ജുഡീഷ്യല്‍ അന്വേഷണം അടക്കമുള്ളവ ആവശ്യപ്പെട്ടും ആദ്യം രംഗത്ത് വരുന്നത് സിപിഎമ്മാണ്. എന്നാല്‍ നിലമ്പൂര്‍ കൊലപാതകത്തില്‍ സിപിഎമ്മിന് ഒന്നും പറയാനില്ല. വര്‍ഗീസ് കൊല്ലപ്പെട്ടത് 1970 ഫെബ്രുവരി 18-നാണ്. മലയാള മനോരമ അടക്കം മലയാളത്തിലെ എല്ലാ ദിനപത്രങ്ങള്‍ വര്‍ഗീസ് എന്ന കൊടുംഭീകരനെ കൊന്ന പൊലീസിന്‌റെ വീരകൃത്യം ആഘോഷിച്ചു. എന്നാല്‍ 1970 ഫെബ്രുവരി 20ന്‌റെ ദേശാഭിമാനിയിലെ പ്രധാന വാര്‍ത്ത വര്‍ഗീസിന്‌റേത് വ്യാജ ഏറ്റുമുട്ടലെന്ന സംശയം പ്രകടിപ്പിക്കുന്നതായിരുന്നു. വര്‍ഗീസിന്‌റെ മൃതദേഹം തിരിച്ചുകിടത്തിയതും കയ്യില്‍ തോക്ക് വച്ചുകൊടുത്തതാണെന്നും പൊലീസാണെന്ന് ദേശാഭിമാനിക്ക് വേണ്ടി പട്ടുവം രാഘവന്‍ റിപ്പോര്‍ട്ട് ചെയ്തു. രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ വരുന്നത് 1998-ല്‍ മാത്രം. ആ വെളിപ്പെടുത്തല്‍ ആദ്യമായി ക്യാമറയില്‍ പകര്‍ത്തിയ ചാനലിന്‌റെ റിപ്പോര്‍ട്ടറോട് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞത് ഇതാണ്: “ഒരു മനുഷ്യനെ പിടികൂടിയ ശേഷം കൊലപ്പെടുത്തിയ സംഭവമാണിത്. ഇതിന് ഉത്തരവാദികളായവര്‍ മറുപടി പറയണം.” അതുമാത്രമേ ഇപ്പോളും പറയാനുള്ളൂ. ഉത്തരവാദിത്തപ്പെട്ടവര്‍ മറുപടി പറയണം.

ഇക്കാര്യത്തില്‍ ആര്‍ജ്ജവമുള്ള രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരിക്കുന്നത് സിപിഐ മാത്രമാണ്. കേരളത്തിലെ ആദ്യത്തെ വ്യാജ ഏറ്റമുട്ടല്‍ കൊലപാതകം നടക്കുമ്പോള്‍ സിപിഐയുടെ നേതാവായ മുഖ്യമന്ത്രിയാണ് കേരളം ഭരിച്ചിരുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ഏറ്റുമുട്ടല്‍ സംസ്‌കാരവും മാവോയിസ്റ്റ് വേട്ടയും ഇവിടെ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. നരേന്ദ്ര മോദി ചെയ്യുന്ന പോലെ കാര്യങ്ങള്‍ ചെയ്യാനല്ല എല്‍ഡിഎഫിനെ ജനങ്ങള്‍ ജയിപ്പിച്ചതെന്ന് കാനം ഓര്‍മ്മിപ്പിച്ചു. ഭിന്നാഭിപ്രായമുള്ളവരെ കൊല്ലാന്‍ ആര്‍ക്കും അവകാശമില്ലെന്നും കാനം പറഞ്ഞു. നിലമ്പൂരിലെ മാവോയിസ്റ്റ് കൊലപാതകത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം രംഗത്തെത്തി. എന്നാല്‍ സിപിഐയുടെ ഈ നിലപാടിന് ശേഷം ഈ വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. പിണറായിയുടെ ഇക്കാര്യത്തിലെ സമീപനം അപകടകരമാണ്. നരേന്ദ്ര മോദിയുടെ ശൈലി തന്നെയാണ് ഇത്.

മറ്റൊരു പ്രസക്തമായ കാര്യം കൂടി കാനം രാജേന്ദ്രന്‍ പറഞ്ഞു. മാവോയിസ്റ്റ് വേട്ടയ്ക്കായി കേരള പൊലീസുമായി ബന്ധപ്പെട്ട് രൂപീകരിച്ച തണ്ടര്‍ബോള്‍ട്ടിനായി ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ ഫണ്ടാണ് ലഭിക്കുന്നത്. മാവോയിസ്റ്റ് വേട്ടയ്‌ക്കെന്ന് പറഞ്ഞ് തണ്ടര്‍ബോള്‍ട്ടിന് ലഭിക്കുന്ന ഫണ്ടിനെ പറ്റിയാണ് ഇത്. ഐപിഎസ് ഉദ്യോഗസ്ഥന്മാര്‍ക്കിടയില്‍ ഉള്‍പ്പടെ കേന്ദ്രഫണ്ട് തട്ടുന്നതുമായി ബന്ധപ്പെട്ട് ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്നും ഇതിന്‌റെ ഭാഗമാണ് മാവോയിസ്റ്റ് വേട്ടാ നാടകങ്ങളെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2013 കാലത്ത് നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയും പരസ്പരമുള്ള വെടിവയ്പുകളും വെറും നാടകമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ള തന്ത്രമാണിതെന്നും ആരോപിക്കപ്പെട്ടിരുന്നു. തണ്ടര്‍ബോള്‍ട്ടിന്‌റെ പ്രസക്തി നഷ്ടപ്പെടാതിരിക്കാനുള്ള ഗൂഢാലോചന നിലമ്പൂര്‍ വെടിവയ്പിന് പിന്നിലുണ്ടോ? 

ഇത്തരത്തില്‍ യാതൊരു തരത്തിലുള്ള മനുഷ്യാവകാശ ലംഘനവും അറിയാന്‍ ബാധ്യതയില്ലാതിരുന്ന ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു. സി അച്യുതമേനോന്‍ എന്ന അടിയന്തരാവസ്ഥ കാലത്തെ ആ മുഖ്യമന്ത്രിക്ക്, വായ പൊളിച്ചാല്‍ നുണ മാത്രം പറയുന്നയാളെന്ന് അദ്ദേഹം തന്നെ ഒരിക്കല്‍ വിശേഷിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്‌റെ ആഭ്യന്തര മന്ത്രിയുടെ തലയില്‍ എന്ത് കാര്യവും കെട്ടി വച്ച് രക്ഷപ്പെടാമായിരുന്നു. പിണറായി വിജയന് അതിന് നിവൃത്തിയില്ല. മറുപടി പറഞ്ഞേ മതിയാകൂ. പൊലീസിന് എന്താണ് ഇക്കാര്യത്തില്‍ മറച്ചുവയ്ക്കാനുള്ളത്. പോരാട്ടം നേതാവും മുന്‍ നക്‌സലൈറ്റുമായ എംഎന്‍ രാവുണ്ണിക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ദേവരാജിന്‌റേയും അജിതയുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം തുടരുന്നതിനിടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ ഇന്നലെ രാവുണ്ണി ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധ മുദ്രാവാക്യം വിളിച്ചത്. രാവുണ്ണിയും ഗ്രോ വാസു ഉള്‍പ്പടെ 22 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാവുണ്ണിയെ പോലീസ് ഇന്നലെ തന്നെ വയനാട്ടിലെക്ക് കൊണ്ടുപോവുകയും ചെയ്തു. രാവുണ്ണിയെ ഇന്ന് കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുഎപിഎ 39, 124 എ പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. രാവുണ്ണിയുടെ പേരില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനവുമായി ബന്ധപ്പെട്ട് നിലവില്‍ തൃശൂരില്‍ യുഎപിഎ പ്രകാരം കേസെടുത്തിട്ടുണ്ട്. പോട്ട, ടാഡ എന്നീ കരിനിയമങ്ങള്‍ക്കെല്ലാമെതിരെ സിപിഎമ്മിന് കൃത്യമായ നിലപാടുണ്ടായിരുന്നു. എന്നാല്‍ യുഎപിഎ എന്ന കരിനിയമം പി ജയരാജനെതിരെ ചുമത്തുമ്പോള്‍ മാത്രമാണോ പ്രശ്‌നം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍