UPDATES

മാവോയിസ്റ്റ് കൊലപാതകം: പ്രതിഷേധിച്ച ഗ്രോ വാസു, രാവുണ്ണി ഉള്‍പ്പടെ 22 പേരെ കസ്റ്റഡിയിലെടുത്തു

അഴിമുഖം പ്രതിനിധി

നിലമ്പൂര്‍ വനമേഖലയില്‍ രണ്ടു സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരെ തണ്ടര്‍ ബോള്‍ട്ടും പോലീസും ചേര്‍ന്ന് വെടിവെച്ച് കൊന്നതിനെതിരെ പ്രതിഷേധിച്ച 22 പേരെ കസ്റ്റഡിയിലെടുത്തു. വെടിയേറ്റ് മരിച്ച കുപ്പുസ്വാമി ദേവരാജ്, അജിത(കാവേരി) തുടങ്ങിയവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം തുടരുന്നതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നിലായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകരും പോരാട്ടം പ്രവര്‍ത്തകരും പ്രതിഷേധ മുദ്രാവാക്യം വിളിച്ചത്.

മാവോയിസ്റ്റുകളുമായി നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് ഇവര്‍ പറയുന്നത്. മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കല്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ വേണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടിയിലാണ് ഗ്രോ വാസു ഉള്‍പ്പടെയുള്ളവരെ അറസ്റ്റു ചെയ്തത്.

സമാധാനപരമായി പ്രതിഷേധ മുദ്രാവാക്യം വിളിച്ചവരെ പോലീസ് അന്യായമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോരാട്ടം പ്രവര്‍ത്തകനായ എം എന്‍ രാവുണ്ണിയെയായിരുന്നു ആദ്യം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസു, സിപി റഷീദ്, അഭിലാഷ്, രജീഷ് കൊല്ലക്കണ്ടി, നസീറ തുടങ്ങി 22 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.


ചിത്രങ്ങള്‍- നബീല്‍ സികെഎം

അതെസമയം മൃതദേഹം വിട്ടു നല്‍കിയാലും ശരീരം ദഹിപ്പിക്കുകയെ ചെയ്യാവൂയെന്നും മണ്ണില്‍ കുഴിച്ചിടാനോ മറ്റോ പാടില്ലയെന്നുമുള്ള നിര്‍ദേശങ്ങള്‍ പോലീസ് നല്‍കിയിട്ടുണ്ട്. മൃതദേഹം കുഴിച്ചിട്ടാല്‍ അവിടെ പിന്നെ രക്തസാക്ഷി ആചരണവും, മണ്ഡപം കെട്ടലും ഉണ്ടാവുമെന്ന് കരുതിയാണ് പോലീസിന്റെ നിര്‍ദേശം.

കൊല്ലപ്പെട്ട കുപ്പുസ്വാമിയുടെ ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയിട്ടുണ്ട്. അജിതയുടെ ബന്ധുക്കളാരും എത്തിയിട്ടില്ലെന്നാണ് വിവരം. കുപ്പുസ്വാമിയുടെ അമ്മയും സഹോദരനും സഹോദരിയുമാണ് എത്തിയിരിക്കുന്നത്. കനത്ത പോലീസ് കാവലാണ് മെഡിക്കല്‍ കോളേജ് പരിസരത്ത് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍