UPDATES

മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നും തിരിച്ചടിയുണ്ടാകുമോ എന്ന് പോലീസിന് ആശങ്ക

അഴിമുഖം പ്രതിനിധി

നിലമ്പൂര്‍ കരുളായിയിലെ വനമേഖലയില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ചതിന് തിരിച്ചടി ഉണ്ടാകുമോ എന്ന് പോലീസിനും തണ്ടര്‍ബോള്‍ട്ടിനും ആശങ്ക. വ്യാഴാഴ്ച നടത്തിയ മാവോയിസ്റ്റ് വേട്ടയ്ക്കിടെയാണ് കുപ്പുസ്വാമി ദേവരാജിനെയും (61) അജിതയെയും(കാവേരി- 46) പോലീസ് വെടിവച്ച് കൊന്നത്. പോലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലിലല്ല ഇവര്‍ കെല്ലപ്പെട്ടതെന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസിന്റെ വെടിയേറ്റാണ് മരണം എന്നുമാണ് അഭ്യൂഹം. പോലീസ് അന്യായമായി മാവോയിസ്റ്റ് പ്രവര്‍ത്തകരെ കൊന്നുവെന്ന പ്രചരണങ്ങളാണ് പോലീസിനെ ആശങ്കയിലാക്കിയിരിക്കുന്നത്. ഈ പ്രചരണത്തെ തുടര്‍ന്ന് മാവോയിസ്റ്റുകളുടെ ഭാഗത്തു നിന്ന് ആക്രമണം ഉണ്ടാകുമെന്നും പോലീസ് കരുതുന്നു. ഭരണകൂടത്തിന്റെ അറിവോടെ നടത്തിയ വ്യാജ ഏറ്റുമുട്ടലും കൊലപാതകവുമാണെന്നും മരണത്തില്‍ ദുരൂഹുതകള്‍ ബാക്കിയാണെന്നും ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ ഗ്രോ വാസുവും പോരാട്ടം പ്രവര്‍ത്തകനായ എം എന്‍ രാവുണ്ണി ഉള്‍പ്പടുന്നവര്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന് ഗ്രോ വാസുവിനെയും എം എന്‍ രാവുണ്ണിയെയും ഉള്‍പ്പടെ 22 പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് പ്രത്യാക്രമണത്തിനിടയിലാണെന്നാണ് ജില്ലാ പോലീസ് മേധാവി ദെബേഷ് കുമാര്‍ ബെഹ്ര പറയുന്നത്. നിലമ്പൂര്‍ കെഎപി ക്യാമ്പില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പോലീസ് ഏകപക്ഷീയമായാണ് മാവോയിസ്റ്റുകളെ വെടിവച്ചതെന്ന രീതിയില്‍വരുന്ന പ്രചരണം ശരിയല്ല. പെട്രോളിങ്ങിനിടയില്‍ ഉണക്കപ്പാറയില്‍ മാവോയിസ്റ്റുകള്‍ പോലീസിനു നേരെ വെടിയുതിര്‍ത്ത സാഹചര്യത്തിലാണ്  അവര്‍ക്കുനേരെ പോലീസിന്റെ ഭാഗത്തു നിന്നും വെടിവയ്ക്കല്‍ നടന്നത്. ഓടുന്നതിനിടയിലാണ് കൊല്ലപ്പെട്ട കുപ്പുസ്വാമിക്കും കാവേരിക്കും വെടിയേറ്റത്. രക്ഷപ്പെട്ട സംഘത്തില്‍ മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ, വയനാട് സ്വദേശി സോമന്‍, തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു വനിത എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.’ കൂടാതെ കൊല്ലപ്പെട്ട കുപ്പുസ്വാമി ദേവരാജന്‍ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗമാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

രക്ഷപ്പെട്ട മാവോയിസ്റ്റ് അംഗങ്ങള്‍ക്കായിട്ടുള്ള തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ടവരില്‍ നേത്രാവതി ദളത്തിന്റെ മിലിട്ടറി കമാന്‍ഡര്‍ വിക്രം ഗൗഡയും സഹകമാന്‍ഡര്‍ സുന്ദരിയും ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ 6 മാസമായി കരുളായി വനമേഖലയില്‍ പോലീസിന്റെ നേതൃത്വത്തില്‍ പെട്രോളിങ് നടന്നു വരികയാണ്. കൊല്ലപ്പെട്ട ദേവരാജനായി സര്‍ക്കാര്‍ 1.16 കോടിരൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ 40-ലക്ഷവും ഛത്തീസ്ഖണ്ഡ് സര്‍ക്കാര്‍ 12-ലക്ഷവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാളുടെ പേരില്‍ നിരവധി കേസുകളും ഈ സംസ്ഥാനത്തുണ്ട്. വെടിയേറ്റ് മരിക്കുമ്പോള്‍ കുപ്പുസ്വാമിയുടെ കൈവശം ജര്‍മന്‍ നിര്‍മിത പിസ്റ്റളും ഉണ്ടായിരുന്നു. ഇത് ലോഡ് ചെയ്ത നിലയിലായിരുന്നു. കൊല്ലപ്പെട്ട കാവേരി തമിഴ്‌നാട് ചെന്നൈ സ്വദേശിയാണ്. ഇവരുടെ പേരില്‍ കേസുകളുള്ളതായി രേഖകള്‍ ലഭിച്ചിട്ടില്ല.

 

 

ലാപ്‌ടോപ്പും ഐപാഡും അഞ്ചുലക്ഷം രൂപയുമുള്‍പ്പെടെ നിരവധി സാധനങ്ങളാണ് മാവോയിസ്റ്റുകള്‍ താമസിച്ചിരുന്ന ഷെഡ്ഡുകളില്‍ നിന്നും പിടിച്ചെടുത്തത് എന്നാണ് പോലീസ് ഭാഷ്യം. 16 മൊബൈല്‍ ഫോണുകള്‍, 150 സിംകാര്‍ഡുകള്‍, 5 പെന്‍ഡ്രൈവുകള്‍, 4 സോളാര്‍ പാനലുകള്‍, ഇതിനാവശ്യമായ ബാറ്ററികളും മറ്റ് അനുബന്ധ സാധനങ്ങളും, 3 റേഡിയോ ട്രാന്‍സിസ്റ്ററുകള്‍, ഡിക്ഷ്ണറികള്‍, പ്രിന്റര്‍, ടോര്‍ച്ചുകള്‍, ലഘുലേഖകള്‍, 12-ാംവാര്‍ഷികത്തില്‍ ഇറക്കിയ പോസ്റ്ററുകള്‍, മരുന്നുകള്‍, പ്രഷര്‍, ഷുഗര്‍ പരിശോധനക്കുള്ള സംവിധാനങ്ങള്‍, റൂട്ട് കനാല്‍ ഉപകരണങ്ങള്‍, കാക്കി യൂണിഫോമുകള്‍, ബാഗുകള്‍, ചെരിപ്പുകള്‍, ഷൂസുകള്‍, പുതപ്പുകള്‍, വസ്ത്രങ്ങള്‍, ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങള്‍, കാലി കെയ്‌സുകള്‍, വിക്രം ഗൗഡയുടെ ചുവന്ന നിറത്തിലുള്ള സോക്‌സ്, ടോര്‍ച്ചുകള്‍, കോട്ട്, വിവിധ ഭാഷകളിലുള്ള പത്രങ്ങള്‍, മാസികകള്‍, 5 ലക്ഷത്തോളം രൂപയുടെ കറന്‍സികള്‍, ഇതില്‍ പഴയ 500ന്റെ നോട്ടുകള്‍, പുതിയ 100രൂപ നോട്ടുകള്‍, 10രൂപയുടെ മൂന്ന് കെട്ടുകള്‍, വീട്ടിലേക്കാവശ്യമായ അവശ്യ വസ്തുക്കള്‍ എന്നിവയും കണ്ടെടുത്തവയില്‍ പെടുന്നുവെന്ന്‍ പോലീസ് പറയുന്നു. ഇവരുടെ കൂട്ടത്തില്‍ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. സ്‌റ്റെതസ്‌കോപ്പ് അടക്കമുള്ളവ ടെന്റില്‍ നിന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് പോലീസ് ഇക്കാര്യം സംശയിക്കുന്നത്. മുളകുപൊടിയടക്കമുള്ള പാക്കറ്റുകളില്‍ തമിഴ് ലേബലുകളാണ് ഉള്ളത്. 20 കിലോയോളം അരിയുള്‍പ്പെടെ 75 കിലോ സാധനങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. പിടിച്ചെടുത്ത സാധനങ്ങളെ സംബന്ധിച്ച് പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രനാണ് വിശദീകരണം നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍