UPDATES

വയനാടിനു ട്രെയിന്‍ വേണ്ടെന്ന് ഇവര്‍ക്ക് എന്താണിത്ര നിര്‍ബന്ധം?

പണം തരില്ലെന്ന കേരള ഗതാഗത സെക്രട്ടറിയുടെ നിലപാട് മനസ്സിലാവുന്നില്ലെന്ന് ഈ ശ്രീധരന്‍

നഞ്ചന്‍കോട്-നിലമ്പൂര്‍ പാത നിര്‍മാണത്തില്‍ നിന്നും ഡി.എം.ആര്‍.സി പിന്‍മാറുന്നതോടെ വയനാടിന്റെ റെയില്‍വേ എന്ന ചിരകാല സ്വപ്നം പാതിവഴിയില്‍ അസ്തമിക്കുന്നു. കൊച്ചിയില്‍ നിന്ന് ഏഴു മണിക്കൂര്‍ കൊണ്ട് ബെംഗളരുവിലും വയനാട്ടില്‍ നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് മൈസൂരിലും മൂന്ന് മണിക്കൂര്‍ കൊണ്ട് ബെംഗളരുവിലും എത്തുന്നതായിരുന്നു ഈ പാത. 2016-17 ലെ റെയില്‍വേ ബജറ്റില്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ പാതക്ക് അനുമതി ലഭിക്കുകയും നിര്‍മ്മാണം തുടങ്ങാന്‍ തീരുമാനിച്ച പദ്ധതിയില്‍  ഉള്‍പ്പെടുത്തി പിങ്ക് ബുക്കില്‍ ചേര്‍ക്കുകയും അതില്‍ 50 ശതമാനം കേന്ദ്രത്തിന്റ വിഹിതവും തീരുമാനിച്ചതാണ്. തുടര്‍ന്ന് സംസ്ഥാനത്ത് സാമ്പത്തിക ബാധ്യത വരുത്താത്ത രീതിയില്‍ കമ്പനി രൂപവത്ക്കരിച്ച് പദ്ധതി നടപ്പിലാക്കാനായി കേന്ദ്രവുമായി കരാര്‍ ഒപ്പിടുകയും ചെയ്തു.

പാതയ്ക്ക് വീണ്ടും ധനസമാഹരണം നടത്തണമെങ്കില്‍ അന്തിമ സര്‍വ്വെ നടത്തി വിശദമായ പദ്ധതിരേഖ തയാറാക്കണമെന്നാണ്. ഇതിനായി ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തുകയും ചെലവിനായി 8 കോടി രൂപ നല്‍കുകയും ഈ തുക ഡി.എം.ആര്‍.സിക്ക് നല്‍കാനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഡി.എം.ആര്‍.സി സര്‍വ്വെക്കുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയും പ്രാഥമിക ജോലിക്കുള്ള പുറം കരാറുകള്‍ നല്‍കിയ ശേഷം ആദ്യ ഘട്ടം 2 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തതിരുന്നു. എന്നാല്‍ ഡി.എം.ആര്‍.സിക്ക് പണം നല്‍കാതെ അന്തിമ സര്‍വ്വെ വൈകിപ്പിച്ച് പദ്ധതി അട്ടിമറിക്കാനാണ് നീക്കം നടക്കുന്നതെന്നാണ് ഇപ്പോള്‍ ആക്ഷേപം. തുക കൈമാറാത്ത സാഹചര്യത്തില്‍ സര്‍വ്വെ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ട് പോകാന്‍ ആവില്ലെന്നും പദ്ധതി രേഖ തയാറാക്കുന്നതില്‍ നിന്ന് പിന്‍മാറുകയുമാണെന്നും കാണിച്ച് ഡോ. ഇ ശ്രീധരന്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഒപ്പം ഈ പാതയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കോഴിക്കോട്ടേയും തിരുവനന്തപുരത്തെയും ഓഫീസുകള്‍ പൂട്ടാന്‍ നിര്‍ദേശവും നല്‍കി.

നഞ്ചന്‍കോട്-നിലമ്പൂര്‍ പാത യാഥാര്‍ത്ഥ്യമാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി, കര്‍ണാടക ചീഫ് സെക്രട്ടറി എന്നോട് സമ്മതം അറിയിച്ചിരുന്നതാണ്. എല്ലാ സഹായവും വാഗ്ദാനം ചെയ്തതുമാണ്. എന്നിട്ടും അനുവദിച്ച പണം തരില്ലെന്ന കേരള ഗതാഗത സെക്രട്ടറിയുടെ നിലപാട് മനസ്സിലാവുന്നില്ല. പാതയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ താല്‍പ്പര്യമില്ലെന്നാണ് മനസ്സിലാക്കുന്നത്. വിശദ പദ്ധതി രേഖക്ക് അനുമതി ലഭിച്ച പാതയായിട്ടും എതിര്‍പ്പുണ്ടാകുന്നത് ഏത് അര്‍ത്ഥത്തിലാണ് എന്ന് അറിയില്ല.‘; ഡി.എം.ആര്‍.സി ചെയര്‍മാന്‍ ഇ. ശ്രീധരന്‍ പറയുന്നു.

കഴിഞ്ഞ സെപ്തംബറിലാണ് വിശദ പദ്ധതി രേഖ തയാറാക്കുന്ന ജോലികള്‍ ഡി.എം.ആര്‍.സി ഏറ്റെടുത്തത്. മാസം 4.5 ലക്ഷം രൂപ ഇതിനു ചെലവ് വരുന്നുണ്ട്. എന്നാല്‍ ഇതുവരെയും ഒരു രൂപ പോലും നല്‍കിയിട്ടില്ല. കേന്ദ്ര അനുമതിയും പിങ്ക് ബുക്കില്‍ സ്ഥാനവും കേന്ദ്ര വിഹിതവും ലഭിച്ച പാതയാണ് സര്‍വ്വെ നടപടികള്‍ക്ക് ഫണ്ട് കൈമാറാതെ ഇല്ലാതെയാക്കാനുള്ള ശ്രമം നടത്തുന്നത്.

നഞ്ചന്‍കോട് നിലമ്പൂര്‍ റെയില്‍വേ പാത അട്ടിമറിക്കാന്‍ സര്‍ക്കാരിനെ ചിലര്‍ തെറ്റുദ്ധരിപ്പിക്കുകയാണന്നാണ് നാഷണല്‍ ഹൈവേ റെയില്‍വെ ആക്ഷന്‍ കമ്മിറ്റി പറയുന്നത്. ‘എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതിനു ശേഷം റെയില്‍വേയ്ക്ക് നല്‍കിയ കത്തില്‍ നഞ്ചന്‍കോട് – നിലമ്പൂര്‍ പാത മൂന്നാം സ്ഥാനത്തും തലശ്ശേരി – മൈസൂര്‍ പാത 8-ാം സ്ഥാനത്തുമായിരുന്നു. എന്നാല്‍ പീന്നിട് സംയുക്ത സംരംഭ കമ്പനി വന്നപ്പോള്‍ നഞ്ചന്‍കോട് പാത പട്ടികയില്‍ ഒടുവിലുത്തേതായി. സര്‍ക്കരിന്റെയോ മന്ത്രിസഭയുടെയോ തീരുമാന പ്രകാരമല്ലാതെ പിന്‍വാതില്‍ ഇടപെടലുകളാണ് ഇതില്‍ നടക്കുന്നത്. ബെംഗളരൂവില്‍ നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ തുടക്കത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടാകുകയും വിശദീകരണം വന്നപ്പോള്‍ കര്‍ണാടക അനുകൂല ഇടപാടുകളിലേക്ക് എത്തിയതുമാണ്. തുടക്കത്തിലുണ്ടായ എതിര്‍പ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് പാതയെ കര്‍ണാടക എതിര്‍ക്കുന്നു എന്ന് തെറ്റിദ്ധരിക്കപ്പെടുന്നത്. വനം, പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം റെയില്‍വേ നിരോധിക്കാന്‍ കഴിയില്ല. സര്‍വ്വെയ്ക്ക് അനുമതി ലഭിക്കാന്‍ ചില സങ്കേതിക നടപടിക്രമങ്ങള്‍ ആവശ്യമാണ്. ഇതു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാണ് ഉണ്ടാകേണ്ടത്. ഇത്തരം നടപടി ക്രമങ്ങള്‍ പാലിക്കാതെ നിയമ തടസങ്ങള്‍ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്. പാതയോട് നിഷേധ നിലപാട് തുടര്‍ന്നാല്‍ ശക്തമായ ജനകീയ സമിതി സംഘടിപ്പിക്കും’; നാഷണല്‍ ഹൈവേ റെയില്‍വെ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ.ടി.എം റഷീദ് പറയുന്നു.

കസ്തൂരിരംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ജൈവ ലോല മേഖലയില്‍ പരിസ്ഥിതി സംരക്ഷണ ഉപാധികളോടെ റെയില്‍ പാത നിര്‍മ്മിക്കാമെന്നും റെയില്‍ ഗതാഗതം പരിസ്ഥിതി സൗഹ്യദ യാത്രാ മാര്‍ഗമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ വനം, പരിസ്ഥിതി മന്ത്രാലയം അംഗീകാരം നല്‍കി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വന്യ ജീവികളുടെ സുരക്ഷ ഏര്‍പ്പെടുത്തി റെയില്‍ പാത നിര്‍മ്മിക്കുന്നതിന് സുപ്രീം കോടതിയും അനുമതി നല്‍കിയിരുന്നു.

ബന്ദിപ്പൂര്‍ കടുവ സങ്കേതത്തില്‍ കൂടിയുള്ള പാതയെ തുടക്കത്തില്‍ കര്‍ണാടക എതിര്‍ത്തിരുന്നു. എന്നാല്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ 35 മീറ്റര്‍ താഴ്ചയില്‍ ടണലിലൂടെ ഭൂഗര്‍ഭ മാര്‍ഗമാണ് നഞ്ചന്‍കോട് – നിലമ്പൂര്‍ പാത കടന്നു പോകുന്നത്. പാത മൂലം വനമേഖലക്ക് യാതൊരു വിധത്തിലുള്ള കോട്ടവും തട്ടില്ലെന്ന് ഉറപ്പായ സാഹചര്യമാണുള്ളത്. ഒപ്പം കര്‍ണാടക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അനുകൂല നിലപാട് വെളിപ്പെടുത്തുമ്പോള്‍ വലിയ എതിര്‍പ്പുകള്‍ ഉണ്ടെന്നാണ് കേരളത്തിലെ ഗതാഗത സെക്രട്ടറിയടക്കമുള്ളവര്‍ പറയുന്നത്. മാര്‍ച്ചില്‍ നടന്ന കേരള – കര്‍ണാടക ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നു വന്ന മൂന്നു കാര്യങ്ങള്‍ ഇവയാണ്- റെയില്‍പാത അടയാളപ്പെടുത്തുന്നതിനായി കേരള പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന് കര്‍ണാടക വനം വകുപ്പ് ബന്ദിപ്പൂര്‍ വനത്തിന്റെ ഭൂപടം കൈമാറണം, റെയില്‍പാതയുടെ അലൈന്‍മെന്റ് രേഖപ്പെടുത്തി ഭൂപടം വനത്തില്‍ നേരിട്ട് പരിശോധന നടത്തുന്നതിനായി കര്‍ണാടക വനം വകുപ്പിന് നല്‍കണം, നിര്‍ദിഷ്ട പദ്ധതിക്ക് ഉണ്ടായേക്കാവുന്ന തടസങ്ങള്‍ പരിഗണിച്ച് വന്യ ജീവി സങ്കേതത്തിന്റയും പരിസ്ഥിതി ലോല മേഖലയുടെയും പുറത്തു കൂടി മറ്റൊരു അലൈന്‍മെന്റ് സാധ്യമാണെന്ന് പരിശോധിക്കണം.

ഇതില്‍ വനത്തിലൂടെ മറ്റൊരു അലൈന്‍മെന്റ് സാധ്യമാണെന്ന് ഡി.എം.ആര്‍.സി മറുപടി നല്‍കിയിരുന്നു. കര്‍ണാടക വനം വകുപ്പ് നല്‍കിയ ഭൂപടത്തില്‍ പാത കടന്ന് പോകുന്ന ഭാഗം ഡിജിറ്റലായി രേഖപ്പെടുത്തി തിരികെ നല്‍കുകയും ചെയ്തതാണ്. കര്‍ണാടകയുടെ എതിര്‍പ്പ് അതിരൂക്ഷമാണെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ തലത്തിലും മന്ത്രിസഭാ തലത്തിലും ഈ കാര്യം പൂര്‍ണ്ണമായി അറിയില്ലെന്നും ചില ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ മാത്രമാണ് കാര്യങ്ങള്‍ നിയന്ത്രിക്കപ്പെടുന്നതും എന്നുള്ള ആക്ഷേപവുമുണ്ട്.

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

മാധ്യമ പ്രവര്‍ത്തകന്‍. വയനാട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍