UPDATES

മോദിയെ പോലെ എല്‍ഡിഎഫ് ചെയ്യണ്ട; മാവോയിസ്റ്റ് വേട്ട വേണ്ടെന്നും കാനം

അഴിമുഖം പ്രതിനിധി

നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവച്ച് കൊന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മോദി ചെയ്യുന്നത് പോലെ കാര്യങ്ങള്‍ ചെയ്യാനല്ല എല്‍ഡിഎഫിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതെന്ന് കാനം രാജേന്ദ്രന്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ നടപടിക്കെതിരെ പ്രമുഖ ഘടകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനം വന്നത് ശ്രദ്ധേയമാണ്. മറ്റിടങ്ങളിലുള്ളതുപോലുള്ള മാവോയിസ്റ്റ് വേട്ട കേരളത്തില്‍ വേണ്ട. അഭിപ്രായം പറയുന്നവരെ കൊല്ലാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. ആലപ്പുഴയില്‍ പൊതുപരിപാടിക്കിടെയാണ് കാനം രാജേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

മാവോയിസ്റ്റ്കളെ വധിച്ച സംഭവത്തില്‍ പ്രതികരിക്കാന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവാതിരിക്കുമ്പോളാണ് കാനത്തിന്റെ പ്രതികരണം. ഇന്നലെ വൈകിട്ടാണ് നിലമ്പൂര്‍ കരുളായിലെ പടുക്ക വനമേഖലയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ വിവരം പുറത്ത് വരുന്നത്. വൈകുന്നേരമാണ് രണ്ട് മാവോയിസ്റ്റുകളുടെ കൊലപാതകത്തില്‍ കലാശിച്ച സംഭവം. മാവോയിസ്റ്റ് നേതാവായ കുപ്പു ദേവരാജ്, അജിത എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീയടക്കം രണ്ടുപേര്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടും സിപിഎമ്മോ, കോണ്‍ഗ്രസോ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. നിലമ്പൂര്‍ വനമേഖലയില്‍ പൊലീസിന് നേരെ നിരന്തരം ആക്രമണങ്ങളുണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായുളള ഏറ്റുമുട്ടലാണ് അവിടെ നടന്നതെന്നാണ് മുഖ്യമന്ത്രി പിണറായി നല്‍കിയ വിശദീകരണം. കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും നിലമ്പൂര്‍ വനത്തിനുള്ളില്‍ നിന്നും മൃതദേഹങ്ങള്‍ ഇന്ന് പുറത്തെത്തിക്കുക. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി സബ്കളക്ടറും പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുളളവരും വനത്തിനുള്ളിലേക്ക് പോയിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് മാവോയിസ്റ്റുകള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ദേവരാജ്, അജിത എന്നിവരുടെ വിശദാംശങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ വര്‍ഷം പിടിയിലായ രൂപേഷിന് പകരം നിയോഗിക്കപ്പെട്ടയാളാണ് ദേവരാജെന്നാണ് പൊലീസ് പറയുന്നത്. ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുളള പൊലീസ് സംഘങ്ങള്‍ മൃതദേഹം തിരിച്ചറിയുന്നതിനുളള ശ്രമങ്ങള്‍ നടത്തുകയാണ്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് നിലമ്പൂര്‍ മേഖലയില്‍ പൊലീസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍ സംബന്ധിച്ച വാര്‍ത്ത വരുന്നത്. എന്നാല്‍ ആദ്യമായാണ് ഇവിടെ വെടിവയ്പ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍