UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിനിമാക്കാര്‍ നില്‍പ്പു സമര വേദിയില്‍ നിന്നാല്‍ എന്താണ് കുഴപ്പം?

Avatar

രാകേഷ് നായര്‍

വിമര്‍ശനം എന്ന പദത്തിന് അവഹേളനം എന്ന അര്‍ത്ഥവുമുണ്ടെന്നതിന് ഉപോദ്ബലകമായ എന്തെങ്കിലും തെളിവ് മലയാള ഭാഷാ നിഘണ്ടുവില്‍ കാണുമോയെന്ന് പരതി. ഇല്ല, അവഹേളനവും വിമര്‍ശനവും തമ്മില്‍ യാതൊരുബന്ധവുമില്ല. ഒന്ന് സോഷ്യലിസവും മറ്റൊന്ന് ബൂര്‍ഷ്വാസിയുമാണ്. എന്നാല്‍ പത്രധര്‍മ്മത്തില്‍ ഇതു രണ്ടും ഒന്നുതന്നെയാണെന്ന് ചില സോഷ്യലിസ്റ്റ് എഴുത്തുതൊഴിലാളികള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ആരുടെ തന്തയ്ക്കു വേണമെങ്കിലും അവര്‍ വിളിക്കും. ആരെവേണമെങ്കിലും തുണിയുരിയിച്ച് നിര്‍ത്തും. ചോദിക്കാന്‍ ചെന്നേക്കരുത്. മഹത്തായ ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കുന്ന ഈ ഇന്ത്യാ മഹാരാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യവും വിമര്‍ശന സ്വാതന്ത്ര്യവും ഇത്ര കാര്യക്ഷമമായി വിനിയോഗിക്കുന്നവര്‍ അവരല്ലാതെ വേറെയാരുണ്ട്?

ഈ കാര്യക്ഷമത അവിതര്‍ക്കിതമായി മനസ്സിലാക്കിയത് ആദിവാസികളെ ‘അപമാനിക്കാന്‍’ ഇറങ്ങിയ ചില സിനിമാക്കാരെ വിമര്‍ശിച്ച് വെള്ളപുതപ്പിച്ച് കിടത്തിയതു കണ്ടപ്പോഴാണ്. ‘സിനിമാപണിക്ക് നടക്കുന്നവര്‍ അതു നേരെ ചൊവ്വെ നടത്തിയാല്‍ പോരെ. ജനകീയോദ്ധാരണവും സാമൂഹികോദ്ഗ്രഥനവുമൊക്കെ ചെയ്യാന്‍ ഇവിടെ അതിനര്‍ഹതപ്പെട്ടവരുണ്ട്. സിനിമാക്കാരുടെ സഹായം ദൈവം സഹായിച്ച്  ഈ ഭൂമിമലയാളത്തില്‍ ഇപ്പോള്‍ വേണ്ട. അപ്പോഴാണ്  ചിലവന്മാര്‍ക്ക് എല്ലിന്റെടേല്‍ കുത്തിക്കേറിയതിന്റെ സൂക്കേട്. അത് തീര്‍ക്കാന്‍ പാവപ്പെട്ട ആദിവാസികളുടെ മുതുകത്തേക്കും. സഹിക്കാന്‍ പറ്റ്വോ?’ എന്നാണ്   ഉപോദ്ബലകന്‍ എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന ഒരു സോഷ്യലിസ്റ്റ് മാധ്യമപ്രവര്‍ത്തകന്‍  ഉദ്‌ഘോഷിച്ചത്. സെക്രട്ടറിയേറ്റിനു മുന്നില്‍ ആദിവാസികള്‍ രണ്ടുമാസത്തിലേറെയായി നടത്തിവരുന്ന നില്‍പ്പുസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വന്ന സിനിമാക്കാരെക്കുറിച്ചാണോ ടിയാന്‍ പറയുന്നത്? പാവങ്ങള്‍ കാട്ടില്‍ അടങ്ങിയൊതുങ്ങി കഴിയുകയാണ്. ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കുന്നില്ല. സിനിമ കാണാത്തതുകൊണ്ട് പ്രത്യേകിച്ച് ദീനങ്ങളുമില്ല. അങ്ങനെവിട്ടാല്‍ പറ്റില്ലല്ലോ. അവര് മാത്രം അങ്ങനെ സുഖിച്ച് കഴിയണ്ട. ഈ വിവാദം വിവാദം എന്നു പറയുന്ന അസുഖത്തിന്റെ ചൊറിച്ചില്‍ ലവരും ഒന്ന് അറിയട്ടെ-എന്നാണ് ബലകശാസ്ത്രികള്‍ എഴുതിയിരിക്കുന്നത്.  അതാണൊരു ഡൗട്ട് വന്നത്. ബലകന്‍ പറഞ്ഞരീതിയില്‍ ജീവിക്കുന്ന ആദിവാസികള്‍ ഇന്നാട്ടിലുണ്ടോ? അട്ടപ്പാടിയിലേയും ആറളത്തെയും ആദിവാസികള്‍ മൂക്കുമുട്ടെ തിന്നുവിടുന്ന ഏമ്പക്കത്തിന്റെ ഒച്ച ചെറൂട്ടി റോഡുവരെ കേള്‍ക്കാറുണ്ടെന്ന സത്യം കഴിഞ്ഞ ശനിയാഴ്ച മാത്രമാണ് അറിഞ്ഞത്. ഇതുവരെ കണ്ടും കേട്ടും മനസ്സിലാക്കിയിരുന്നത് കടുത്ത പട്ടിണിയിലും ദുരിതത്തിലും കഴിയുന്നവരാണ് കേരളത്തിലെ ആദിവാസികളെന്നാണ്. സ്വന്തം ഈരില്‍ നിന്ന് കുടിയിറക്കപ്പെട്ട കാടിന്റെ മക്കളില്‍ കുറേപ്പേര്‍ അതിജീവനത്തിനുള്ള സമരവുമായി തിരുവനന്തപുരത്ത് നില്‍പ്പുസമരം നടത്തുന്നുണ്ട്. അവരെയാകില്ല മേല്‍പ്പടി വിമര്‍ശകന്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നാണ് കരുതിയത്. എന്നാല്‍ ഈ വിമര്‍ശനസാഹിത്യം വയിച്ചു വരുംതോറും മനസ്സിലായത് സെക്രട്ടറിയേറ്റിന് മുന്നില്‍ നില്‍പ്പുസമരം നടത്തുന്ന ആദിവാസികളെയും ആ സമരത്തിനു പിന്തുണയറിയിക്കാന്‍ വന്ന സിനിമാക്കാരെയും തന്നെയാണ് അദ്ദേഹം ഉന്നം വയ്ക്കുന്നതെന്ന്. ആ വിശ്വാസത്തിലാണ് ഒന്നിടപെടുന്നത്. കാരണം ഈപ്പറഞ്ഞ സിനിമാക്കാര്‍ സമരപന്തലില്‍ വന്നതിനും പറഞ്ഞതിനും ഞാനും ഒരു സാക്ഷിയാണ്.

‘ആദിവാസികളുടെ പേരുപറഞ്ഞ് ‘വാള്‍’ പയറ്റ് നടത്താന്‍ ഇറങ്ങിയിരിക്കുന്ന ചിലരുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ സഹിക്കാന്‍ പറ്റാത്തതാണ്. എന്തുമിണ്ടിയാലും ഉടനെ ആദിവാസി പാര്‍ശ്വവത്കരണം എന്നലറും. അവനെയൊക്കെ ടൈംടേബിള്‍ വച്ച് കല്ലെറിയണം’ എന്നു മറ്റുള്ളവര്‍ക്കുകൂടി തോന്നിപ്പോകുന്നതരത്തില്‍ ഉപോദ്ബലകന്‍ വിവരക്കുന്ന സന്ദര്‍ഭം ഉണ്ട്-ഭിഷഗ്വരനായ ബുദ്ധിജീവിയുടെ എല്ലിനായിരുന്നു ആദ്യത്തെ കൊളുത്തിപ്പിടുത്തം. ലുലുമാളില്‍ കയറിയ അട്ടപ്പാടികള്‍ എന്ന് എവിടെനിന്നോ കേട്ടപാടെ യുറേക്കാ…എന്നലറി ഡോക്ടര്‍ ചാടിയെഴുന്നേറ്റു. അട്ടപ്പാടി എന്നവാക്കിന്റെ പാര്‍ശ്വവത്കൃത കീഴാള സ്വത്വപ്രതിസന്ധി മൂപ്പരങ്ങ് ഡയഗ്നൈസ് ചെയ്തു കളഞ്ഞു. അതുവായിച്ചാല്‍ തോന്നും അട്ടപ്പാടി എന്നുപറയുന്ന സ്ഥലം ആദ്യം ജീപ്പിലും പിന്നെ വള്ളത്തിലും അവസാനം കാട്ടുവള്ളിയില്‍ തൂങ്ങിയും പോകേണ്ട ഏതോ കാട്ടുമുക്കാണെന്ന്. അവിടുത്തെ മനുഷ്യര്‍ അപ്പോകലിപ്‌റ്റോയിലെ ആദിമമനുഷ്യരെപ്പോലെയാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും നമ്മള്‍ ധരിച്ചുവശാകും. ഷൂട്ടിംഗ് ഇല്ലാത്ത നേരങ്ങളിലൊക്കെ മാനവസേവനത്തിന്റെ അമൃതപുളിനങ്ങളില്‍ ആറാട്ടുനടത്തുന്ന മഹാനടന്‍ അറിയാതെ പറഞ്ഞുപോയ ഒരു ഡയലോഗ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തെറിയാണെന്ന് വ്യാഖ്യാനിച്ച ആ ഡോക്ടര്‍ക്ക്  ഈ വിമര്‍ശകന്‍ കുറിച്ചുകൊടുത്ത കുറിപ്പടി ഭേഷായിട്ടുണ്ട്. ജീപ്പിലും വള്ളത്തിലും പിന്നെ കാട്ടുവള്ളിയിലും തൂങ്ങിപ്പോകേണ്ട ഏതെങ്കിലും കാട്ടുമുക്കാണോ അട്ടപ്പാടി എന്നചോദ്യം, ഒന്നൊന്നര ചോദ്യം തന്നെയാണ്. അട്ടപ്പാടിയിലെ ആദിവാസിക്കോളനികളിലേക്ക് പോയിട്ടുള്ളവര്‍ക്കൊക്കെ ഈ ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലാകും. പോകുന്നവഴിയില്‍ ഒരു കല്ലുപോലും കാലില്‍ തടയില്ല. എന്നിട്ടും ഈ ആദിവാസികളുണ്ടല്ലോ, അവര്‍ പറയുന്നത് നേരാംവണ്ണമുള്ളൊരു വഴി ഞങ്ങള്‍ക്കില്ലെന്നാണ്. ഊരിലുള്ളവര്‍ക്ക് എന്തെങ്കിലും ദീനം വന്നാല്‍ എളുപ്പത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പറ്റത്തില്ലെന്ന്. മഴ പെയ്താല്‍ പിന്നെ പറയുകയും വേണ്ടത്രേ! ആദിവാസികള്‍ നട്ടാല്‍ കുരുക്കാത്ത നുണപറയുന്നവരാണെന്ന് സാമാന്യജനത്തിന് ഇപ്പോള്‍ മനസ്സിലായിക്കാണും. ഒരഭ്യര്‍ത്ഥതനയുണ്ട്, ഇതുവായിച്ചവരിലാരെങ്കിലും സമയം കിട്ടുമ്പോള്‍ തിരുവനന്തപുരംവരെ ഒന്നുചെല്ലണം. ഇമ്മാതാരി നുണകളും പറഞ്ഞ് അവിടെ നില്‍ക്കുന്ന കുറെ ആദിവാസികളുണ്ട്. അവരോട് ഇനിയെങ്കിലും സത്യം പറഞ്ഞ് ജീവിക്കാന്‍ ഉപദേശിക്കണം.ഇതിനിടയില്‍ ഉപോദ്ബലകന്‍ അപ്പോകലിപ്‌റ്റോ എന്ന സിനിമയെ സാന്ദര്‍ഭികമായി ഉപയോഗിക്കുന്നുണ്ട്. അദ്ദേഹം ചൂണ്ടിക്കാണിച്ചത് ശരിയാണ്. മീസോ അമേരിക്കന്‍ ഗോത്രവര്‍ഗ്ഗക്കാരെയും അട്ടപ്പാടിയിലെ ആദിവാസികളെയും ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. എന്നിരുന്നാലും ഈ താദാത്മ്യപഠനം മറ്റു ചില ചിന്തകളുയര്‍ത്തി. വേറൊരു തരത്തില്‍ ചിന്തിച്ചാല്‍ അപ്പോകലിപ്‌റ്റോയിലെ ആദിമനിവാസികളും അട്ടപ്പാടിയിലെ ആദിവാസികളും തമ്മില്‍ ചില പൊരുത്തങ്ങളില്ലാതില്ല. സീറോ വോള്‍ഫിന്റെ നേതൃത്വത്തില്‍  യൂക്കാറ്റാന്‍ ഉപദ്വീപിലെ ആ ഗ്രാമത്തെ തകര്‍ക്കാന്‍ എത്തുന്നവര്‍ക്ക് ഇന്നത്തെ കേരളരാഷ്ട്രീയ-വ്യവസായ രംഗത്തെ ചിലരോടൊക്കെ സാമ്യം തോന്നുന്നു. സ്വന്തം ഗ്രാമത്തില്‍ നിന്ന് കുടിയിറക്കപ്പെട്ട് മനുഷ്യചന്തയില്‍ അടിമകളാക്കപ്പെടുന്ന മീസോ അമേരിക്കന്‍ ഗോത്രക്കാരെപ്പോലെ തന്നെ നമ്മുടെ ആദിവാസികളും മാറിയിട്ടില്ലേ! അതൊക്കെ വെറും തോന്നലുകളാകാം.  ടി വിമര്‍ശകന്‍ പറയുന്നതാണ് ശരിയെന്ന വിശ്വാസത്തോടെ നമുക്കുവീണ്ടും സിനിമാപരിഷ്‌കാരികളുടെ പുറകെ പോകാം.

കട്ടന്‍ച്ചായ കമ്യൂണിസവും ഒഴുക്കരി പത്രപ്രവര്‍ത്തനവും നാടുനീങ്ങിയ ഒരു നാട്ടില്‍ സിനിമാക്കാരുടെ മെനു കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചാണ് പ്രസ്തുത ലേഖനം തുടങ്ങുന്നത് തന്നെ. ഈ സിനിമാക്കാരുടെ ഭക്ഷണരീതിക്കും സ്റ്റാര്‍ പദവിയാണ്. സാധാരണ ബിരിയാണിയാണ് കഴിക്കാറ്.അല്ലെങ്കില്‍ ചൈനീസ്. രണ്ടും മടുത്താല്‍ ബര്‍ഗര്‍, ചീസ് സാന്‍ഡ്‌വിച്ച് ഇത്യാദി വൈദേശിക പ്രഭ്വികളെ കപ്പൂച്ചീനോ,കോപിലുവാക് തുടങ്ങിയ തോഴിമാര്‍ സഹിതം രുചിച്ചുനോക്കും. ഇതിനായി സ്വന്തം കാപ്പിക്കട തന്നെയുള്ളവരുണ്ട്. കഞ്ഞിയില്‍ അയലക്കറിയൊഴിച്ച് കഴിച്ച അനാദികാലം ഓര്‍ത്താലേ ഇപ്പോള്‍ ഓക്കാനം വരും.- ഇതു വായിച്ചപ്പോള്‍ പറയാതിരിക്കാന്‍ പറ്റാത്തോണ്ടു പറയുകയാ; സിനിമാസംബന്ധിയായ മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ ഒരുദിവസമെങ്കില്‍ ഒരുദിവസം ഈ പറയുന്ന സിനിമാക്കാരുടെ കൈയില്‍ നിന്ന് എന്തേലുമൊക്കെ വാങ്ങി ശാപ്പിട്ടിട്ടുണ്ട്. ഇല്ലെന്ന് ആരു പറഞ്ഞാലും വിശ്വസിക്കാന്‍ പ്രയാസമാണ്. നമ്മളിന്നലെ കൊച്ചീല് കപ്പലിറങ്ങിയ ടീമല്ല ഭായി! പിന്നെ സിനിമാക്കാര്‍ അവരുടെ പഴയ കഞ്ഞിക്കാലജീവിതം മറന്നുപോയിട്ടുണ്ടെങ്കില്‍ അതിലെന്ത് നമുക്ക് പ്രശ്‌നം? അയിലക്കറി കൂട്ടാന്‍പോലും ഗതിയില്ലാതിരുന്ന ഭൂതകാലം ഇന്ന് ഫുള്‍്‌ബോയ്ല്‍ ചിക്കന്‍ തട്ടണ പലരുടെയും പിന്നാമ്പുറത്ത് കാണില്ലേ? പണ്ട് കഞ്ഞികുടിച്ചു നടന്നവനൊക്കെ ഇന്നും മാസത്തിലെ ആദ്യ ശനിയാഴ്ച്ച കുമ്പിളുകുത്തി കഞ്ഞിമോറിക്കോളണമെന്ന് ഉത്തരവിറക്കാന്‍ പറ്റ്വോ?   ഈ തീറ്റവിചാരങ്ങള്‍ അവരുടെ പള്ളയ്ക്കപിടുത്തത്തിലേക്കുള്ള എന്ട്രിയ്ക്ക് വേണ്ടിയണെങ്കില്‍, അത് കലക്കി.  അയാള്‍ എന്തെഴുതിയാലും വായിക്കാന്‍ തോന്നുമെന്ന് പണ്ടൊരു വായനക്കാരന്‍ ഏതോ ഒരു പത്രക്കാരനെക്കുറിച്ച് കമന്റിയതു പെട്ടെന്ന് ഓര്‍ത്തുപോയി.

‘തിരുവനന്തപുരത്തേക്ക് ദണ്ഡിയാത്ര നടത്തിയ’ സിനിമാക്കാരുടെ നേതാവിനെ പ്രസ്തുത വിമര്‍ശനലേഖനത്തില്‍ ‘പാലാരിവട്ടം റ്റാറാന്റിനോ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 22 ഫിമെയില്‍ കോട്ടയം എന്ന സിനിമയെക്കുറിച്ച്, ഈ വിമര്‍ശനം എഴുതാന്‍ സ്ഥലം അനുവദിച്ച അതേ പത്രം തന്നെ പുകഴ്ത്തി എഴുതിയിരുന്നത് വായിച്ചിട്ടുണ്ട്. അന്ന് കില്‍ ബില്‍ എന്ന സിനിമയെയോ ക്വിന്റിന്‍ ജറോം റ്ററാന്റിനോയെയോ എവിടെയും പരമാര്‍ശിച്ച കണ്ടില്ല. ക്ഷമിക്കണം, ആ  നിരൂപണങ്ങളൊക്കെ എഴുതിയത്  പാശ്ചാത്യസിനിമകളെക്കുറിച്ച് വിവരമില്ലാത്തവര്‍ ആയിരിക്കാം. വിവരമുള്ളവന്‍ അന്നും മേപ്പടിയാന്‍ ഡയറക്ടറെ ഇതേ പേരുതന്നെ വിളിച്ചിട്ടുണ്ടായിരിക്കും. ഈ സംവിധായകന്‍ ചെയ്ത സിനിമയിലൂടെ ചെയ്ത കടുത്ത ആദിവാസി വിരുദ്ധതയും പ്രസ്തുത ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. – നായകന് കപ്പയും കാട്ടുചേമ്പ് പുഴുക്കും തിന്നാന്‍ തോന്നിയപ്പോള്‍ നേരെ കാട്ടില്‍പ്പോയി ഒരുത്തന് അണ്‍ലോഡിംഗ് കാശുകൊടുത്ത് കാതില്‍ ഇബ്‌നുബത്തൂത്ത കൊടുത്ത കുണ്ഡലമിട്ട ആദിവാസി മൂപ്പനെ തട്ടിക്കൊണ്ടുവന്നു.എന്നിട്ട് വീടിന്റെ ഒരു മൂലയ്ക്കിരുത്തി ഫാനും ഇട്ടുകൊടുത്തു. എടു മൂപ്പാ ചാളേം ചമ്മന്തീം… എന്നു പറയുമ്പോള്‍ മൂപ്പന്‍ എടുത്തുകൊടുക്കും. അവസാനം മൂപ്പന്റെ കൊച്ചുമക്കള്‍ അപ്പൂപ്പനെ വിട്ടുതരണം എന്നാവിശ്യപ്പെട്ട് വന്നപ്പോള്‍പ്പോലും നെഞ്ചത്തിട്ട് ചവിട്ടും കൊടുത്ത് പോടാ പന്നീ…എന്നലറുകയാണ് നായകന്‍-ഈ സിനിമ റിലീസ് ചെയ്തപ്പോള്‍, ഇതുപോലെ രുചിക്കൂട്ട് കൃത്യമായ മറ്റൊന്ന് മലയാളത്തില്‍ കണ്ടിട്ടില്ലെന്ന് അറിയാതെയെങ്കിലും എഴുതിയിട്ടുണ്ടോയെന്ന് ഓര്‍ത്തുനോക്കണം. മേലുദ്ധരിച്ച സിനിമയില്‍ സവര്‍ണ്ണനായ നായകന്‍ ഏതു ആദിവാസിയുടെ നെഞ്ചിലാണ് ചവിട്ടുന്നതെന്ന് എത്ര കണ്ടിട്ടും മനസ്സിലാകുന്നില്ല. ആദിവാസിമൂപ്പനോട് നായകന്‍ ചാളക്കറി ഉണ്ടാക്കാന്‍ പറയുന്നതും കണ്ടില്ല. എന്തായാലും പുതിയ തിരക്കഥ കൊള്ളാം.

ഈ സംവിധായകന്‍  വിവാഹം കഴിച്ചപ്പോള്‍, അവരുടെ വിവാഹം ഏറ്റവും ലളിതമായി നടത്തി, കല്യാണ ചെലവ് ജില്ലാ ആശുപത്രിയിലെ പാവപ്പെട്ട രോഗികളുടെ ചികിത്സാസഹായനിധിയിലേക്ക് സംഭാവന കൊടുത്തപ്പോള്‍; അവരെ പുകഴ്ത്താന്‍ വാക്കുകള്‍ കിട്ടാതെ അലഞ്ഞവരല്ലേ ഇവിടുത്ത മാധ്യമങ്ങള്‍. അന്ന് മഹാനായവന്‍ ഇന്ന് കുറെ ആദിവാസികളെ ചെറിയരീതിയിലെങ്കിലും സഹായിക്കാന്‍ വന്നപ്പോള്‍ മോശക്കാരനാകുന്നതെങ്ങനെ?

അസഹിഷ്ണുത എന്ന പദത്തിന്റെ  അര്‍ത്ഥം എന്താണെന്ന് ചോദിക്കുന്നില്ല. പക്ഷേ അക്ഷരാര്‍ത്ഥത്തില്‍ ഈ പറഞ്ഞസാധനം നിറഞ്ഞുനില്‍ക്കുന്നതാണ് ‘മൃഗശാല’ കാണിച്ചുകൊടുക്കാമെന്നു പ്രലോഭിച്ച് കൊണ്ടുവന്നവരുടെ ആദിവാസി സ്‌നേഹം കണ്ടപ്പോള്‍  രോമങ്ങള്‍ സൈലന്റ് വാലിപോലെയാകുന്നു’ എന്നപ്രയോഗം. ആ ‘പോഴന്‍’ പിള്ളേര് വന്നപ്പോള്‍ സ്റ്റില്‍ ക്യാമറയയിലും ചാനല്‍ ക്യാമറയിലും പിടിക്കാന്‍ നമ്മള്‍ മാധ്യമപ്രവര്‍ത്തകര്‍ കാണിച്ച തിക്കും തിരക്കും എന്തായിരുന്നെന്നോ! ആ സിനിമാപിള്ളേരുടെ മുഖത്ത് കാട്ടുമൃഗങ്ങളെ കാണാത്തതിന്റെ ഇച്ഛാഭംഗമായിരുന്നോ അതോ കാട്ടുമക്കളെ കണ്ടതിന്റെ ആഹ്ലാദമായിരുന്നോ എന്ന് അവിടെയുണ്ടായിരുന്നവരില്‍ ആരോടെങ്കിലും ചോദിച്ചിട്ടാകാമായിരുന്നു എഴുത്ത്.

അവരിലൊരു പയ്യന്‍ തന്തയെപ്പോലും ബ്രോയെന്ന് വിളിക്കുന്നവനാണെന്നാണ് എഴുതിയിരിക്കുന്നത്. അതിലൊരു നര്‍മ്മമുണ്ടെന്ന് സമ്മതിക്കുന്നു. എന്നാല്‍ അടുത്ത പ്രയോഗത്തിലേക്ക് വരുമ്പോള്‍ നര്‍മ്മം നാറിത്തരമാകുന്നതുപോലെ.  ഇടുക്കി ഗോള്‍ഡ് ഉണ്ടാക്കുന്നവരെ കാണിച്ചുതരാം എന്നു പറഞ്ഞപ്പോള്‍ ഡൂഡ് ഞാനിതുവരെ ഈ ആദിവാസി ബ്രോസിനെ നേരിട്ട് കണ്ടിട്ടില്ല എന്നു പറഞ്ഞ് ചാടിപുറപ്പെട്ടു-എന്നാണ് പ്രയോഗം. ഇടുക്കി ഗോള്‍ഡ് കഞ്ചാവിന് പറയുന്ന മറുപേരാണെന്ന് ആ പേരിലൊരു സിനിമയിറങ്ങുന്നതിനു മുന്നേ അല്‍പ്പസ്വല്‍പ്പം  ലോകം കണ്ടവര്‍ക്കൊക്കെ അറിയാം. ആ നിലയ്ക്ക് ‘ഇടുക്കി ഗോള്‍ഡ് ഉണ്ടാക്കുന്നവരെ കാണിച്ചു തരാം എന്നു പറഞ്ഞു വിളിച്ചു’ എന്നപ്രയോഗത്തിലൂടെ സമരം നടത്തുന്ന ആദിവാസികളെല്ലാം കഞ്ചാവു വില്‍പ്പനക്കാരാണെന്നാണോ ഉദ്ദേശിച്ചത്? ആ പയ്യന്‍ കഞ്ചാവ് ഉപയോഗിക്കുന്നവനാണെന്നാണോ സമര്‍ത്ഥിച്ചത്? ആണെങ്കില്‍ ആ നടനെയും അവിടെ നില്‍ക്കുന്ന ആദിവാസികളെയും, എല്ലാം ചേര്‍ത്ത്  കേസുകൊടുക്കണം. അടിച്ചു പൂക്കിറ്റിയാകുന്നൊരു നടിയെക്കുറിച്ച് അങ്ങ് പറയുന്നതുകേട്ടു. നില്‍പ്പനടിയില്‍ ബഹുകേമിയും അടിച്ചുപൂക്കുറ്റിയായാല്‍ നേരെ നില്‍ക്കാന്‍ നാലാളുടെ സഹായവും വേണ്ടിവരുന്ന നായിക നടി എന്നാണ് അവരെ വിശേഷിപ്പിച്ചിരിക്കുന്നത്. നടിയുടെ സ്വഭാവമഹത്വം എത്രത്തോളമുണ്ടെന്ന് നേരിട്ട് അനുഭവമുള്ളതുകൊണ്ടായിരിക്കും ഇത്ര ഉറപ്പോടെ വിശദീകരിച്ചത്. അല്ലെങ്കില്‍ സോഴ്‌സ്! പെണ്ണ് കള്ളുകുടിക്കരുതെന്ന് നിയമം ഉണ്ടോ? അതോ ആ നടി മദ്യപിച്ചതുകൊണ്ട്  കഷ്ടപ്പെട്ട് പൊക്കിയുണ്ടാക്കിയ സദാചാരത്തിന്റെ മേല്ക്കൂര കടവന്ത്രഭാഗത്ത് വച്ച് ഇടിഞ്ഞുവീണോ? സിനിമാക്കാര്ക്ക്  സ്വകാര്യതപാടില്ലേ? ഇതുപോലെയെന്തോ ഒരു ഉത്തരേന്ത്യന്‍ നടിയുടെ കാര്യം പറഞ്ഞ് കുറച്ചുദിവസമായി ഇവിടെ പലരും പാടിക്കൊണ്ട് നടക്കുന്നതുകേട്ടു. അതുകൊണ്ട് ചോദിച്ചതാണ്. ഈ നടിയെ എത്രവട്ടം അങ്ങ് കണ്ടുകാണും. അഭിമുഖം ചെയ്തുകാണും. അതിനിടയില്‍ എപ്പോഴെങ്കിലും ഒന്നുപദേശിക്കാന്‍ പാടില്ലായിരുന്നു. ഈ സന്ദര്‍ഭം വരെ കാത്തിരിക്കേണ്ടി വന്നോ? എന്തായാലും പ്രസ്തുത നടി ഒരു തുള്ളിപോലും അകത്താക്കാതെയാണ് അന്ന് സമരപന്തലില്‍ വന്നതെന്ന് നൂറുശതമാനം ഗ്യാരണ്ടി തരാം. നാലെണ്ണം വിട്ട് നാലുകാലേല്‍ നടക്കുന്നവള്‍ക്കും  കഞ്ചാവടിച്ച് അപ്പനെക്കേറി ആംബ്രോ എന്നു വിളിക്കുന്നവനും മുത്തങ്ങക്കാടുപോലെ മുടി വളര്‍ത്തിയവള്‍ക്കും അത്രടം വരെ പോകാനും പാവപ്പെട്ട ആദിവാസികള്‍ക്കൊപ്പം കുറച്ച് നേരം ചെലവിടാനും തോന്നിയതിനെ അഭിനന്ദിച്ചില്ലെങ്കിലും അവഹേളിക്കാതിരിക്കാമായിരുന്നു. അങ്ങ് പറയുന്നുണ്ട്; മറ്റൊരുവളുടെ തലമുടി മുത്തങ്ങാക്കാടുപോലെയിരിക്കുന്നു എന്നതുമാത്രമാണ് ആദിവാസികളോടുള്ള എകബന്ധമെന്ന്. എനിക്കോ അങ്ങേയ്‌ക്കോ, ആ നടിക്കോ ആദിവാസികളുമായി ബന്ധമുണ്ടാക്കാന്‍ അട്ടപ്പാടിക്ക് വണ്ടികേറി ചുരം ഇറങ്ങേണ്ട കാര്യമൊന്നുമില്ല. മനസ്സില്‍ മനുഷ്യത്വം ഉണ്ടെങ്കില്‍  ആര്‍ക്കും  ആരെയും മനസ്സിലാക്കാം.

‘നാലുനേരം ഓഡിയില്‍ പാഞ്ഞുനടക്കുകയും കോടികള്‍ കണക്കുപറഞ്ഞ് വാങ്ങുകയും ചെയ്യുന്ന നിങ്ങളിലാരെങ്കിലും ഒരു ആദിവാസിക്കൊച്ചിന് പുസ്തകം വാങ്ങിക്കൊടുത്തിട്ടുണ്ടോ? അച്ഛനില്ലാതെ ജനിക്കുന്ന കൊച്ചിനെയും അതിന്റെ അമ്മയേയും തിരിഞ്ഞുനോക്കിയട്ടുണ്ടോ? ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ അഭിനയിച്ച മണിയെന്ന പയ്യന് വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ അവസരം കൊടുക്കാതെ, പതിനഞ്ചാം വയസ്സില്‍ അവനെ അച്ചനാക്കി സ്വന്തം കൊച്ചിന് പാല്‍പ്പൊടി വാങ്ങിക്കാന്‍ കാടുകയറ്റി വിട്ടില്ലേ’-എന്നൊക്കെ  രോഷം കൊള്ളുന്നുണ്ട് ഉപോദ്ബലകന്‍. ഓഡിയില്‍ പാഞ്ഞുനടക്കുന്നതും പ്രതിഫലം കണക്കുപറഞ്ഞു വാങ്ങിക്കുന്നതും സോഷ്യലിസത്തില്‍ അക്ഷന്തവ്യമായ തെറ്റുകളാണ്! എന്നാല്‍ ആ പണത്തില്‍ നിന്ന് പത്തുരൂപയെടുത്ത് ആദിവാസിക്കുഞ്ഞിന് ഒരു പുസ്തകം വാങ്ങിക്കൊടുത്തോ എന്ന ചോദ്യത്തിന് ഒരു പഞ്ചില്ല. ഒരു ചെറിയ സംഭവം പറയാം. ഈ ആദിവാസി സമരപന്തലില്‍ പോയൊരു ദിവസം. അവരിലൊരാളുമായി സംസാരിച്ചു നില്ക്കുചന്ന സമയത്ത് ഞാനൊരു കാഴ്ചകണ്ടു. നന്നായി മദ്യപിച്ച് വരുന്നൊരു മദ്ധ്യവയസ്‌കന്‍ സമരപന്തലിന്റെ മുന്നിലെത്തിയപ്പോള്‍ പോക്കറ്റില്‍ നിന്ന് ഇരുപതിന്റെ ഒരു നോട്ടെടുത്ത് സമരക്കാരുടെ ബക്കറ്റില്‍ ഇട്ടു. ‘വല്ലോം വാങ്ങികഴിച്ചോണ്ട് നിക്കഡെ…’ എന്നും പറഞ്ഞ് അയാള്‍ മുന്നോട്ട് നടന്നുപോയി. ആ മനുഷ്യന് സ്വന്തമായി ഓഡി കാണില്ല. കോടികളും സമ്പാദ്യമുണ്ടാവില്ല. പക്ഷെ വലിയൊരു മനസ്സുണ്ട്.; തീര്ച്ച.  ഒരു ആദിവാസിക്കുഞ്ഞിന് ബുക്ക് വാങ്ങിക്കൊടുക്കാന്‍ സിനിമാക്കാര്‍ തന്നെ വേണമെന്നില്ല. മനുഷ്യത്വമുള്ള എല്ലാവര്‍ക്കും  കഴിയും.

മണിയെന്ന ആദിവാസി പയ്യന്‍ സിനിമയില്‍ റോള്‍ കിട്ടാത്തതുകൊണ്ടാണോ കാടുകയറിയത്? അവന്‍ പതിനഞ്ചാം വയസ്സില്‍ അച്ഛനായത് സിനിമാക്കാര്‍ കാരണമാണോ? അതിനെല്ലാം ഉത്തരവാദി നമ്മുടെ ദുഷിച്ച രാഷ്ട്രീയഭരണവര്‍ഗം തന്നെയാണ്. ആരാധ്യനായ ഉപോദ്ബലകാ, അങ്ങ് ആദ്യം പറഞ്ഞല്ലോ സര്‍വസുഖ സമ്പന്നരായി ജീവിച്ചുപോരുകയാണ് ആദിവാസികളെന്ന്. അതെഴുതുമ്പോള്‍ മണിയെ കുറിച്ച് ഓര്‍ത്തില്ലേ? അങ്ങയുടെ അക്ഷരങ്ങള്ക്ക്യ നല്ല മൂര്ച്ചയുണ്ടല്ലോ. എഴുതണം സാര്‍, മണിക്കുവേണ്ടി, മണിയെപ്പോലെയുള്ള ആയിരങ്ങള്ക്ക് വേണ്ടി. ആരൊക്കെ ചേര്ന്നാണ് ഇവരെ കാടുകയറ്റി നടത്തുന്നതെന്നും അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതെന്നും കണ്ടുപിടിച്ച് പറയണം. തെറ്റുകാരെ ചൂണ്ടി കാണിക്കണം. അവര്‌ക്കെ തിരെ നടപടിയെടുക്കാതെ, കയ്യേറ്റക്കാരനെയും കള്ളവാറ്റുകാരനെയും തോളില്‍ കയ്യിട്ട് സംരക്ഷിക്കുന്ന ഇവിടുത്തെ അധികാരിവര്‍ഗ്ഗത്തെവേണം അങ്ങ് സമൂഹത്തിന്റെ മുമ്പില്‍ തുണിയഴിച്ച് നിര്‍ത്താന്‍. പക്ഷെ ഇതൊന്നും താങ്കള്‍ ചെയ്യുമെന്ന് തോന്നുന്നില്ല. അങ്ങയുടെ(അല്ലെങ്കില്‍ അങ്ങയെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നവരുടെ) ആദിവാസി സ്‌നേഹം എത്രത്തോളമുണ്ടെന്ന് ആ കാര്‍ട്ടൂണില്‍ നിന്നു തന്നെ മനസ്സിലാക്കാം.

ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നവര്‍ അവരുടെ ജോലി ചെയ്യുകയാണെന്ന് പറയാം. പക്ഷേ ജനങ്ങള്ക്ക്  മുന്നില്‍ അഭിനയിക്കുന്നവരോ? വയനാട്ടിലെ കയ്യേറ്റക്കാരില്‍ ചിലരുടെ ‘കുമാര’സംഭവങ്ങളെക്കുറിച്ചൊക്കെ കുറച്ചുപേര്‍ക്കെങ്കിലും അറിയാം. ആദിവാസികള്‍ക്ക് അവരുടെ അവകാശം തിരിച്ചുകിട്ടിയാല്‍ കുടിയൊഴിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ ഏതൊക്കെ തമ്പുരാക്കന്മാര്‍ ഉണ്ടെന്നും മനസ്സിലാകും. അങ്ങിനെയുള്ളപ്പോള്‍ ആദിവാസി സമരത്തെയും അതിനെ പിന്തുണയ്ക്കുന്നവരെയും ആക്ഷേപിച്ചും എതിര്‍ത്തും ഇല്ലാതാക്കാന്‍ നോക്കുന്നത് വെറും മാനസികരോഗം കൊണ്ടുമാത്രം ഉണ്ടാകുന്ന അസ്‌കിതയല്ലെന്ന് മനസ്സിലാക്കാവുന്നതെയുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍