UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജയിച്ച കളക്ട്രേറ്റ് പിടിച്ചടക്കലും വിജയിക്കാത്ത നില്‍പ്പു സമരവും

Avatar

രാകേഷ് നായര്‍

പത്രവാര്‍ത്തകള്‍ ആദിവാസിയുടെ കഞ്ഞിപാത്രം നിറയ്ക്കാറില്ലെന്ന് പറഞ്ഞത് സി കെ ജാനുവാണ്. ഒരു വംശവൃക്ഷത്തിന്റെ ചുവട്ടില്‍ ആഞ്ഞു പതിക്കുന്ന കോടാലിത്തലകളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍  പ്രക്ഷോഭത്തിന്റെ പാതയിലേക്ക് ഇറങ്ങി നില്‍ക്കുന്ന ആദിവാസികള്‍ വാര്‍ത്തകളായി മാറുന്നതു സ്വാഭാവികം.

ഈ രാജ്യത്തെ ആദിവാസി ഗോത്രങ്ങള്‍ നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതം. അതിനായുള്ള പോരാട്ടങ്ങളില്‍ പക്ഷം ചേര്‍ന്നു തന്നെ പോകാനാണ് പൊതുസമൂഹം തയ്യാറാകേണ്ടതും. ഒരു വിഭാഗമെങ്കിലും ആ കടമ നിര്‍വഹിക്കുന്നുമുണ്ട്. കേരളത്തിലെ കാര്യമെടുത്താല്‍, 1990കള്‍ തൊട്ട് രണ്ട് ദശകത്തോളമായി അന്യാധീനപ്പെട്ട ഭൂമി തിരികെ കിട്ടുന്നതിനായുള്ള ആദിവാസി സമരങ്ങള്‍ ആരംഭിച്ചിട്ട്. ഈ സമരങ്ങളുടെ ഭാഗമായി വിവിധ സംഘടനകളും നേതൃത്വങ്ങളും ആദിവാസികള്‍ക്കിടയില്‍ രൂപപ്പെട്ടു. കേരളമറിയുന്ന നേതാക്കള്‍ സൃഷ്ടിക്കപ്പെട്ടു. അവര്‍ സജീവമായി ആദിവാസി പ്രശ്‌നങ്ങളെ സമൂഹത്തിനും ഭരണകൂടത്തിനും മുന്നില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. 

അറുപതിലേറെ ദിവസങ്ങളായി വിവിധ ആവിശ്യങ്ങളുന്നയിച്ച് ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ആദിവാസി ഊരുകളില്‍ നിന്നെത്തിയവര്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ നില്‍പ്പ് സമരം തുടങ്ങിയിട്ട്. സി കെ ജാനുവും, എം. ഗീതാനന്ദനും അടക്കമുള്ളവര്‍ നേതൃത്വം നല്‍കുന്ന ഈ സമരം 2001ലെ ആന്റണി പാക്കേജ് നടപ്പാക്കാനും നിലവില്‍ ആദിവാസികള്‍ നേരിടുന്ന വിവിധങ്ങളായ ജീവിത പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുമാണ്.  2001ല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ ഗോത്രമഹാസഭ നടത്തിയ കുടില്‍ കെട്ടിയുള്ള സമരത്തിന്റെ ഫലമായിരുന്നു അന്നത്തെ മുഖ്യമന്ത്രി ആന്റണി ഒപ്പിട്ട ആദിവാസി പാക്കേജ്. എന്നാല്‍ വര്‍ഷങ്ങളിത്ര പിന്നിട്ടിട്ടും ആ പാക്കേജ് പൂര്‍ണമായി നടപ്പില്‍ വരാതിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ആദിവാസികള്‍ തിരുവനന്തപുരത്തേക്ക് വരേണ്ടിവന്നിരിക്കുന്നത്. രണ്ടുമാസം അടുക്കാറായ ഈ സമരം അവസാനിപ്പിക്കാന്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ ഇടപെടലുകള്‍ നടക്കാതിരിക്കുമ്പോള്‍ മലയാളികള്‍ ഓണം ആഘോഷിക്കുകയും ഈ പാവങ്ങള്‍ സമരപന്തലില്‍ തങ്ങളുടെ നില്‍പ്പ് തുടരേണ്ടി വരികയും ചെയ്യേണ്ട സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.

ഈ വിധത്തിലെല്ലാം നില്‍പ്പുസമരം വാര്‍ത്തകളായി മാറുന്നതിനിടയിലാണ് വയനാട്ടില്‍ നിന്ന്  മറ്റൊരു സമരത്തിന്റെ വാര്‍ത്തകള്‍ ഉയരുന്നത്. അതും ആദിവാസി സമരം തന്നെ. ആവിര്‍ഭവിച്ച് രണ്ടു ദിവസം കൊണ്ട് പരിസാമാപ്തി കുറിക്കപ്പെട്ട ആ സമരം ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്നതാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആദിവാസികള്‍ വയനാട് കളക്‌ട്രേറ്റ് വളഞ്ഞ് ഉപരോധിക്കുകയായിരുന്നു. ശക്തമായി പെയ്ത മഴയെപ്പോലും അവഗണിച്ച് രാവും പകലും ഉപരോധം തുടര്‍ന്നു. ഞായറാഴ്ച രാത്രിയില്‍ ആരംഭിച്ച ഉപരോധ സമരം ചൊവ്വാഴ്ച പകല്‍ ഒത്തുതീര്‍ന്നു. ആദിവാസി ക്ഷേമ സമിതി(എ കെ എസ്) മുന്നോട്ട വച്ച ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍ണം പരിഗണിച്ച് പരിഹാരം ഉണ്ടാക്കുമെന്ന് പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി ഉറപ്പ് നല്‍കിയതോടെയാണ് സമരം അവവസാനിച്ചത്. തങ്ങളുടെ സമരത്തിന് ഉജ്ജ്വല വിജയം എന്നാണ് എ കെ എസ് അവകാശപ്പെടുന്നത്.

ഒരേ ജനത, രണ്ടായി തിരിഞ്ഞ് ഒരേ ആവശ്യങ്ങള്‍ക്കായി രണ്ടിടത്ത് സമരം ചെയ്യുന്നു. അതില്‍ ഒരു വിഭാഗം ഞൊടിയിടകൊണ്ട് വിജയം കാണുകയും മറുഭാഗം വിജയമെന്നെന്നറിയാതെ സമരം തുടരുകയും ചെയ്യുന്നു! പ്രത്യക്ഷത്തില്‍ പൊതുസമൂഹത്തിന് തോന്നുന്ന അമ്പരപ്പ് വാഭാവികം മാത്രം. ഏതു സമരവഴിയാണ് ഇവിടെ ശരി എന്ന ചോദ്യം അസ്ഥാനത്തുമല്ല. ഇവിടെ ജയിച്ചതും തോല്‍ക്കുന്നതും ആദിവാസികളോ,  അതോ നേതാക്കളോ?

രണ്ടുദിവസം കൊണ്ട്  ഒരു സമരത്തിന് പരിഹാരം കാണുമ്പോള്‍ അതില്‍ ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കപ്പെടുകയാണെങ്കില്‍ എങ്ങിനെ പ്രതിരോധിക്കാനാകും എ കെ എസ് തയ്യാറാവുക എന്നതായിരുന്നു ആദ്യം അറിയേണ്ടത്. അതിനുള്ള ഉത്തരവും വിശദീകരണവുമാണ് എ കെ എസ് സംസ്ഥാന പ്രസിഡന്റ് കെ സി കുഞ്ഞിരാമന്‍ തന്നത്. “സംഘടനാശേഷി കൊണ്ട് മാത്രമേ ഭരണാധികാരികളെ കീഴ്‌പ്പെടുത്താന്‍ സാധിക്കു എന്ന സത്യം ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടു. ഈ സമരം രണ്ടു ദിവസം കൊണ്ട് അവസാനിച്ചതിന് കാരണം അതു തന്നെയാണ്. കോരിച്ചൊരിയുന്ന മഴയുടെ ഭീഷണി വിലവയ്ക്കാതെയാണ് അനേകായിരം ആദിവാസികള്‍ കളക്‌ട്രേറ്റ് ഉപരോധത്തിനായി എത്തിച്ചേര്‍ന്നത്. കളക്ട്രേറ്റിനുള്ളില്‍ അദിവാസികള്‍ തിങ്ങിനിറയുകയായിരുന്നു. ആ കോട്ട ഭേദിക്കാന്‍ ആര്‍ക്കും കഴിയില്ലായിരുന്നു. ട്രഷറി പ്രവര്‍ത്തിക്കുന്നത് കളക്‌ട്രേറ്റിനുള്ളിലാണ്. ഒന്നാം തീയതി ശമ്പളം കൊടുക്കാന്‍ പോലും സാധിക്കാതെ വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ വലയും. അവര്‍ ഗവണ്‍മെന്റില്‍ സമരം തീര്‍പ്പാക്കാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി. ഈ മുന്നേറ്റം ദിവസങ്ങളോളം അവഗണിക്കാന്‍ ഗവണ്‍മെന്റിന് സാധിക്കില്ലായിരുന്നു. അവര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. ഞങ്ങള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിച്ച മന്ത്രി, അവ ഉടന്‍ നടപ്പില്ലാക്കുമെന്നും ഉറപ്പു നല്‍കി. ഇതോടെയാണ് സമരം അവസാനിച്ചത്. അതിനപ്പുറം എന്ത് നീതികേടാണ് ഈ സമരത്തില്‍ നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാനുള്ളത്?” 

കുഞ്ഞിരാമന്റെ വിശദീകരണത്തിന് ആദിവാസി ഗോത്രമഹാസഭ ചെയര്‍പേഴ്‌സണ്‍ സി കെ ജാനുവിന് മറുപടിയുണ്ട്.

“എ കെ എസ് നടത്തിയത് കളക്‌ട്രേറ്റ് ഉപരോധമാണെന്ന് പറയുന്നു. ഉപരോധമല്ല, പിടിച്ചെടുക്കലായിരുന്നു. ഒരീച്ചയെപ്പോലും അകത്തേക്ക് കടത്തിവിടാതെ നടത്തുന്ന സമരത്തിന് എവിടെയാണ് ജനാധിപത്യ മുഖം? നില്‍പ്പുസമരം വ്യത്യസ്തമാവുന്നത് അവിടെയാണ്. ഞങ്ങള്‍ അഹിംസയിലധിഷ്ഠിതമായ സമരമാണ് നടത്തുന്നത്. ഈ ദിവസത്തിനുള്ളില്‍ ഞങ്ങള്‍ നടത്തുന്ന സമരംകൊണ്ട് ആര്‍ക്കാണ് ബുദ്ധിമുട്ടുണ്ടായത്? തികച്ചും ജനാധിപത്യമാര്‍ഗ്ഗത്തിലുള്ള സമരമാണ് ഇനിടെ നടക്കുന്നത്. അവിടെ അങ്ങിനെയായിരുന്നോ? അവരുടെ സമരം വിജയിച്ചു എന്ന് പറയുമ്പോള്‍ അതില്‍ നിലനില്‍ക്കുന്നൊരു തമാശയുണ്ട്. മന്ത്രി ജയലക്ഷ്മിയാണ് അവര്‍ക്ക് ഉറപ്പ് കൊടുത്തിരിക്കുന്നത്. യാതൊരു നിലപാടുകളും ഇല്ലാത്തൊരു മന്ത്രിയാണ് ജയലക്ഷ്മിയെന്ന് തെളിയിക്കപ്പെട്ടതാണ്. അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഭൂപ്രശ്‌നം ഒത്തുതീര്‍ക്കാന്‍ ആദിവാസിക്ഷേമ മന്ത്രി മാത്രം വിചാരിച്ചാല്‍ മതിയോ? റവന്യൂ മന്ത്രിയോ മുഖ്യമന്ത്രിയോ പങ്കെടുക്കാതിരുന്നൊരു ചര്‍ച്ചയില്‍ ആദിവാസിയുടെ ഭുസമരം പരിഹരിക്കപ്പെട്ടുവെന്ന് പറയുന്നത് ആരെ പറ്റിക്കാനാണ്. കുറഞ്ഞത് ഗവണ്‍മെന്റ് സെക്രട്ടറിയെങ്കിലും പങ്കെടുത്തൊരു ചര്‍ച്ചയിലാണ് അവര്‍ ഇങ്ങിനെയൊക്കെ പറയുന്നതെങ്കില്‍ കേള്‍ക്കാനെങ്കിലും രസമുണ്ടായിരുന്നു.”

തങ്ങള്‍ വയനാട്ടിലെ ആദിവാസികളും ട്രൈബല്‍ വകുപ്പും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമരം ചെയ്തതെന്ന് കെ സി കുഞ്ഞിരാമന്‍ ചൂണ്ടിക്കാണിക്കുന്നു. “അതിന് പി കെ ജയലക്ഷ്മിയോടാണ് സംസാരിക്കേണ്ടത്. അവര്‍ എല്ലാ കാര്യങ്ങളും പരിഹാരിച്ചോളാമെന്ന് ഏറ്റിട്ടില്ല. അവരെക്കൊണ്ട് കഴിയുന്നത് അവരും മുഖ്യമന്ത്രി ഇടപെടേണ്ടത് ആ വഴിയും നടത്തിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ മാസം 30നകം മുഖ്യമന്ത്രിയുമായി കൂട്ടിക്കാഴ്ച നടത്തുന്നതിനുള്ള സൗകര്യവും മന്ത്രി ഒരുക്കും. പിന്നെ എവിടെയാണ് ഞങ്ങളുടെ സമരം തമാശയാകുന്നത്? മറ്റു സമരങ്ങളേയോ, വ്യക്തികളേയോ പരിഹസിക്കാനും ആക്ഷേപിക്കാനും എ കെ എസ് ഒരിക്കലും തയ്യാറായിട്ടില്ല. എല്ലാ ആദിവാസി സമരങ്ങളേയും പിന്തുണയ്ക്കുകയും അവയ്‌ക്കെല്ലാം പരിഹാരം കാണാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നവരുമാണ് എ കെ എസ്. ഇവിടെ പ്രശ്‌നം ഞങ്ങളുടെ സമരം വിജയിക്കുകയും ഞങ്ങളോട് ചര്‍ച്ച ചെയ്യാന്‍ ഗവണ്‍മെന്റ് തയ്യാറായി എന്നുമുള്ളതാണല്ലോ? ഞാന്‍ ചോദിക്കട്ടെ- ഗോത്ര മഹാസഭയ്ക്ക് ഇതിനൊന്നും കഴിയുന്നില്ലെങ്കില്‍ ആരാണ് കുറ്റക്കാര്‍? എ കെ എസ്സോ?  ഗവണ്‍മെന്‍റിനെയല്ലേ കുറ്റപ്പെടുത്തേണ്ടത്. ഗവണ്‍മെന്റിനെ അതിന് തയ്യാറാക്കാന്‍ കഴിയാത്ത കഴിവുകേടല്ലെ ചര്‍ച്ച ചെയ്യേണ്ടത്.”

ബെസ്റ്റ് ഓഫ് അഴിമുഖം 

അട്ടപ്പാടി : സ്വന്തം ഭൂമിയില്‍ നിന്നു തുടച്ചു നീക്കപ്പെടുന്നവര്‍ – അഴിമുഖം അന്വേഷണം
അട്ടപ്പാടിയിലുള്ളത് മുഴുപ്പട്ടിണിയാണ്
ഒരു പിടി മണ്ണിന് വേണ്ടി നില്‍ക്കുകയാണവര്‍- നില്‍പ്പ് സമരത്തിലെ ജീവിതങ്ങളിലൂടെ
വയനാട്ടില്‍ ഒരു ആദിവാസി എങ്ങനെ ജീവിക്കും?
ഭയമായി മാത്രം അവശേഷിക്കുന്ന വയനാട്ടിലെ മാവോയിസ്റ്റ് ഭീക്ഷണി
നിങ്ങളൊരുത്തരം തന്നേ പറ്റൂ- ഗീതാനന്ദന്‍ സംസാരിക്കുന്നു
ഇനിയും ഇവരെ മഴയത്തും വെയിലത്തും നിര്‍ത്തണോ?-നില്‍പ്പുസമര വേദിയില്‍ സാറാ ജോസഫ്
ജയലക്ഷ്മിയല്ല, മത്സരിക്കേണ്ടിയിരുന്നത് ഞാന്‍- സി കെ ജാനു തുറന്നടിക്കുന്നു
ആദിവാസി നില്‍പ്പ് സമരം, മദ്യ നിരോധനം: സംവിധായകന്‍ ജോയ് മാത്യു പ്രതികരിക്കുന്നു
നില്‍പ്പുസമരം: ചര്‍ച്ച പരാജയം

സമരങ്ങളെ തങ്ങളും തള്ളിപ്പറയുന്നില്ലെന്നാണ്  സി കെ ജാനുവും പറയുന്നത്. “മൂന്ന് വര്‍ഷം മുമ്പ് അധികാരത്തിലിരുന്നവരാണ് ഇപ്പോള്‍ സമരം ചെയ്യാന്‍ ഇറങ്ങിയിരിക്കുന്നത്. അവിടെയാണ് കപടത വ്യക്തമാകുന്നത്. എന്തുകൊണ്ട് ഈ പ്രശ്‌നങ്ങള്‍ അവര്‍ക്ക് അധികാരം ഉണ്ടായിരുന്ന സമയത്ത് തീര്‍പ്പാക്കാന്‍ കഴിഞ്ഞില്ല? ആദിവാസിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പട്ടാല്‍ ആ വര്‍ഗ്ഗത്തെ മുതലെടുക്കാന്‍ രാഷട്രീയപാര്‍ട്ടികള്‍ക്ക് കഴിയാതെ വരും. അതിനാലാണ് ആദിവാസി പ്രശ്‌നങ്ങള്‍ ഒരിക്കലും തീര്‍ക്കാതെ വലിച്ചുനീട്ടുന്നത്. സി പി എം അണികളെ നഷ്ടപ്പെടുന്ന ഭീഷണി നേരിടുകയാണ്. വലിയതോതിലുള്ള കൊഴിഞ്ഞുപോക്കാണ് ആ പാര്‍ട്ടിയില്‍ നടക്കുന്നത്. അതിന് തടയിടാന്‍ ആദിവാസികളെ ഉപയോഗിക്കുകയാണ് അവര്‍.”

ഈ ആരോപണത്തെ എതിര്‍ത്ത കെ സി കുഞ്ഞിരാമന്‍ ഇടതുപക്ഷ ഗവണ്‍മെന്‍റാണ് കേരളത്തിലെ ആദിവാസികള്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തതെന്ന് അവകാശപ്പെട്ടു.  “ഇടത് സര്‍ക്കാര്‍ ചെയ്ത പല കാര്യങ്ങളും ഇല്ലാതാക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്. അതിനെതിരെയാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്. മറിച്ചുള്ള ആരോപണങ്ങലെല്ലാം ഞങ്ങള്‍ക്ക് പിന്നില്‍ ആദിവാസികള്‍ അണിനിരക്കുന്നതിന്റെ ചൊരുക്കാണ്.”

ആരുടെ ഭാഗത്താണ് കൂടുതല്‍ ആദിവാസികള്‍?

“വയനാട് കളക് ട്രേറ്റ് ഉപരോധത്തില്‍ കണ്ടവരെല്ലാം വാടകയ്ക്ക് എടുത്തവരാണ്. കാശും ആഹാരവും കൊടുത്ത് വണ്ടിയില്‍ കൊണ്ടുപോയി ഇറക്കിയ ആദിവാസികളെയാണ് അവിടെ കണ്ടത്. നില്‍പ്പുസമരത്തില്‍ പങ്കെടുക്കുന്നവര്‍ അവര്‍ പണിയെടുത്തു കിട്ടുന്ന കൂലികൊണ്ടാണ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. ഇവിടെ സമരം ചെയ്യുന്നവരുടെ കുടുംബം അവിടെ പട്ടിണിയിലാണ്. ഞങ്ങള്‍ സമരം ചെയ്യുന്നത്, മനക്കരുത്ത് കൊണ്ടാണ്,കാശുകൊണ്ടല്ല”, ജാനുവിന്റെ വാദം ഇതാണ്.

“കാശുകൊടുത്ത് ആളെക്കൂട്ടേണ്ട കാര്യം എകെഎസിന് ഇല്ല. വലിയ സംഘടനകളോട് ചെറു സംഘടനകള്‍ വച്ചുകൊണ്ടിരിക്കുന്ന അസഹിഷ്ണുത, അല്ലെങ്കില്‍ അസൂയ; അതാണ് ഈ ആരോപണങ്ങള്‍. എന്നുവരികിലും ഞാന്‍ വീണ്ടും വ്യക്തമാക്കുന്നു- എ കെ എസ് ഒരിക്കലും എ ജി എം എസ്സിന്റെ സമരത്തെ തള്ളിപ്പറയുകയോ പരിഹസിക്കുകയോ ചെയ്യില്ല. ഇടതുപക്ഷം സഹിഷ്ണുതയോടെ കാര്യങ്ങളെ സമീപിക്കുന്ന പ്രസ്ഥാനമാണ്.”,കെ സി കുഞ്ഞിരാമന്‍ നിലപാട് വ്യക്തമാക്കുന്നു.

“എ കെ എസ് എന്ന ആദിവാസി സംഘടന രൂപം കൊണ്ട പശ്ചാത്തലം പരിശോധിക്കണം. ആദിവാസികളെ വേര്‍പിരിക്കാനായി രൂപം കൊണ്ടൊരു രാഷ്ട്രീയ ഗൂഢാലോചനയാണ് ആദിവാസി ക്ഷേമ സമിതി. അവര്‍ രാഷ്ട്രീയ ലാഭം മാത്രമാണ് കാണുന്നത്. മുത്തങ്ങ സംഭവത്തിന് പിന്നാലെയാണ് എ കെ എസ് ഉണ്ടാക്കപ്പെടുന്നത്. അവിടെ നിന്ന് തന്നെ അതിന്റെ രാഷ്ട്രീയ സ്വഭാവം വ്യക്തമാക്കപ്പെടുന്നുണ്ട്. വയനാട്ടിലെ ഉപരോധസമരവും ആ രാഷ്ട്രീയത്തിന്റെ മറ്റൊരു തട്ടിപ്പ് മാത്രമാണ്. ആദിവാസി പ്രശ്‌നം ഇവര്‍ പറയുന്നമാതിരി തീരുന്നില്ല. അവര്‍ പറയുന്ന മണ്ണും കിട്ടില്ല. അവിടെ കൂടിയ ആദിവാസികള്‍ക്ക് മരണംവരെ ഭൂമി കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല”.

ജാനു ശക്തമായി എകെഎസിനെ എതിര്‍ക്കുമ്പോള്‍ കെ സി കുഞ്ഞിരാമന് പറയാനുണ്ടായിരുന്നത് ഇതാണ്- “ജാനുവിന്റെ  ഈ ആരോപണങ്ങളിലാണ് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം. ജാനുവിനെപ്പോലുള്ളവരും കുറെ മാധ്യമങ്ങളും ചേര്‍ന്ന് എ കെ എസ് എന്ന സംഘടനയെ കരിവാരിത്തേക്കാന്‍ ശ്രമം നടത്തിവരികയാണ്. ജാനു പറയുന്നതുപോലെ 2003 ല്‍ നടന്ന മുത്തങ്ങ വെടിവപ്പിനു പിന്നാലെ ഉണ്ടായ സംഘടനയല്ല എ കെ എസ്. 2002 മുതല്‍ എ കെ എസ് ഉണ്ട്. അന്നു മുതല്‍ ശക്തമായ രീതിയില്‍ തന്നെ ആദിവാസിപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനായി ഈ സംഘടന പോരാടുന്നുമുണ്ട്. ഒരു ഘട്ടത്തില്‍ ഞങ്ങളുടെ 1476 പ്രവര്‍ത്തകരെയാണ് ജയിലിലടച്ചത്. ആദിവാസികളുടെ പ്രശ്‌നം തീര്‍ക്കാന്‍ ആരും വേണ്ട, എല്ലാം ഞങ്ങള്‍ പരിഹരിച്ചോളാം എന്നായിരുന്നു ജാനുവിന്റെ ആദ്യകാലത്തെ അവകാശവാദം. എന്നിട്ടെന്തായി? മുത്തങ്ങയില്‍ വെടിവെയ്പ് നടന്നു കഴിഞ്ഞ് ജാനുവിന്റെ കൂടെയുള്ളവര്‍ക്ക് മാത്രമലല്ല, നിരപരാധികളായ ആദിവാസികള്‍ക്കുപോലും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയായി. ഒറ്റയ്ക്ക് എല്ലാം നേരിട്ടോളാം എന്ന് ധൈര്യം പ്രകടിപ്പിച്ച ജാനുവോ, ആയുധം ഇല്ലാത്ത പോരാളിയായി പകച്ചു നില്‍ക്കുകയായിരുന്നു. അന്ന് ആദിവാസികള സംരക്ഷിക്കാന്‍ ഉണ്ടായിരുന്നത് എ കെ എസ് ആണ്. നിങ്ങള്‍ ഗോത്രമഹാസഭയുടെ ആളുകളല്ലെ എന്ന് പറഞ്ഞ് ഒറ്റ ആദിവാസിയെപ്പോലും സംരക്ഷിക്കാതിരുന്നില്ല. ആദിവാസികളെ ഗ്രൂപ്പുകളാക്കി തിരിക്കാന്‍ ഇടതുപക്ഷം ഒരിക്കലും ശ്രമിച്ചിട്ടില്ല.ആദിവാസി സമൂഹത്തെ പൊതുവായി സംരക്ഷിക്കാനാണ് ഞങ്ങളുടെ ശ്രമം. ഒരു വസ്തുത കൂടി മനസ്സിലാക്കണം. ആദിവാസികള്‍ക്കിയിലൂടെ നുഴഞ്ഞുകയറാമെന്ന മാവോയിസ്റ്റുകളുടെ മോഹം നടക്കാത്തതിനുള്ള പ്രധാനകാരണം, ആദിവാസികള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കീഴില്‍ അണിനിരന്നു നില്‍ക്കുന്നതുകൊണ്ടാണ്. ഇടതുപക്ഷം അത്തരം കാര്യങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.”

വാദപ്രതിവാദങ്ങള്‍ ഈ വഴിക്കാണ്. സംരക്ഷകര്‍ നടത്തുന്ന വടംവലിയില്‍ വീണുപോകുന്നതാരെന്ന് മാത്രം ചോദ്യം. ഒരു സംഘടനകളെയും അവര്‍ നടത്തുന്ന സമരങ്ങളെയും ചെറുതാക്കിയോ മോശമായോ കാണുന്നില്ല. നമുക്ക് ഉത്തരം കിട്ടേണ്ടത് എന്ന് ഈ പാവങ്ങളുടെ ദുരിതം തീരും എന്നതിന് മാത്രമാണ്. സ്വന്തം ആവാസഭൂമിയില്‍ സ്വതന്ത്രരായി വിഹരിക്കുന്ന ആ ജനതയെ കാണുക എന്നതു മാത്രമാണ് ലക്ഷ്യം. അതിന്റെ പിതൃത്വം ആരുവേണമെങ്കിലും എടുത്തോട്ടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍