UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയലക്ഷ്മിയല്ല, മത്സരിക്കേണ്ടിയിരുന്നത് ഞാന്‍- സി കെ ജാനു തുറന്നടിക്കുന്നു

Avatar

“എന്തുകൊണ്ട് ആദിവാസി സമരങ്ങള്‍ പരാജയപ്പെടുന്നു എന്ന് ചിലര്‍. ഇരുപത്തിയാറിലേറെ വര്‍ഷമായി ഞാന്‍ ആദിവാസി സമരങ്ങളുടെ നേതൃ രംഗത്ത് വന്നിട്ട്, നാളിതുവരെ നടത്തിയ ഒരു സമരവും പരാജയപ്പെട്ടിട്ടില്ല എന്നതാണ് സത്യം. എല്ലാ സമരങ്ങളും തന്നെ കൃത്യമായി വിജയിച്ചിട്ടുണ്ട്. പിന്നെ, സമരങ്ങള്‍ ആവര്‍ത്തിക്കുന്നതെന്തുകൊണ്ടെന്ന്? അതിന് ഉത്തരവാദി സര്‍ക്കാരാണ്. ആദിവാസി മുന്നില്‍വയ്ക്കുന്ന അവകാശങ്ങള്‍ അംഗീകരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നിടത്താണ് നേരത്തെ ഞാന്‍ പറഞ്ഞതുപോലെ, ആ പോരാട്ടങ്ങള്‍ വിജയം കാണുന്നത്. എന്നാല്‍ ഗവണ്‍മെന്റ് ഇരട്ടത്താപ്പ് കാണിക്കുന്നു. നിങ്ങളുടെ പ്രശ്‌നങ്ങള്‍ അംഗീകരിക്കുന്നു, അതിന് പരിഹാരം ഉണ്ടാക്കും എന്ന വാക്ക് പറഞ്ഞിട്ട് അവര്‍ അതില്‍ നിന്ന് മലക്കം മറിയുകയാണ്. ഈ മര്യാദകേടാണ് വീണ്ടും ആദിവാസിയെ സമരമുഖത്തേക്ക് എത്തിക്കുന്നത്. അതിനാല്‍ എല്ലാ ആദിവാസി സമരങ്ങളും പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിജയിക്കുകയും ഗവണ്‍മെന്റ് പരാജയപ്പെടുകയുമാണ് ചെയ്യുന്നത്.” ഗോത്ര മഹാസഭ നേതാവ് സി കെ ജാനു സംസാരിച്ച് തുടങ്ങി. കഴിഞ്ഞ ഒന്നര മാസക്കാലമായി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ച് ആദിവാസികള്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്‍പില്‍ നടത്തി വരുന്ന നില്‍പ്പ് സമര വേദിയില്‍ വെച്ച് അഴിമുഖം പ്രതിനിധി രാകേഷ് നായരോട് സംസാരിക്കുകയായിരുന്നു അവര്‍.

ഞങ്ങള്‍ ഒത്തുതീര്‍പ്പു സമരക്കാല്ല
മറ്റുചിലര്‍ പറയുന്നു ഞങ്ങള്‍ ഒത്തുതീര്‍പ്പു സമരക്കരാണെന്ന്. എന്ത് ഒത്തുതീര്‍പ്പിനാണ് ഞങ്ങള്‍ തയ്യാറായിട്ടുള്ളത്? ഒരു പ്രലോഭനത്തിലും ചതിയിലും ഈ സമരങ്ങള്‍ വീണുപോയിട്ടില്ല. പറഞ്ഞ് പറ്റിച്ചിട്ടുണ്ട് ഞങ്ങളെ. വാക്ക് തന്ന കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്താതെ പറ്റിക്കുകയാണ് ഇവിടുത്തെ ഗവണ്‍മെന്റ്. രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളുമാണ് ആദിവാസികളെ ഉപദ്രവിക്കുന്നത്. അവരുടെ ദ്രോഹപരമായ നിലപാടുകളാണ് വീണ്ടും വീണ്ടും ഞങ്ങളെക്കൊണ്ട് സമരം ചെയ്യിപ്പിക്കുന്നത്. 

കേരളത്തിലെ ആദിവാസി സമരങ്ങള്‍ തൊണ്ണൂറുകള്‍ തൊട്ട് ശക്തിപ്പെട്ടതാണ്. ഇന്നും അവ തുടരുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. സമൂഹം ഒന്നോര്‍ക്കണം. പ്രകൃതിയോട് ചേര്‍ന്ന് പുറംലോകത്തിന്റെ തിരക്കുകളിലേക്കും കാപട്യങ്ങളിലേക്കും കടന്നുവരാന്‍ ആഗ്രഹിക്കാത്ത ഒരും വംശമാണ് ആദിവാസികള്‍. ഞങ്ങള്‍ സമരോത്സുകരല്ല, സമധാനകാംക്ഷികളാണ്. മണ്ണും വിളവും കൊണ്ട് ജീവിക്കുന്നവര്‍. ഇന്ന് സമൂഹത്തിന്റെ ഒരു ഭാഗമെങ്കിലും ഞങ്ങളെ ആക്ഷേപിക്കുന്നത് സമരം ചെയ്യാന്‍ നടക്കുന്നവരെന്നാണ്. ആരാണ് ആദിവാസികളെ ഇത്തരമൊരു ദുര്‍വിധിയിലേക്ക് തള്ളിയിട്ടത്? സംശയമില്ലാതെ പറയാം- അത് കേരളത്തിലെ രാഷ്ട്രീയ സമൂഹമാണ്.

2001ല്‍ സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ കുടില്‍ക്കെട്ടി സമരം നടത്തി. നാല്‍പ്പത്തിയെട്ട് ദിവസങ്ങള്‍ സമരം നീണ്ടുനിന്നു. ഇത്രയും ദിവസങ്ങള്‍ക്കിടയില്‍ പല ചര്‍ച്ചകളും നടന്നു. എന്നാല്‍ കൃത്യമായൊരു തീരുമാനം എടുക്കാന്‍ ഒരു ചര്‍ച്ചയിലും ഗവണ്‍മെന്റിന് കഴിഞ്ഞില്ല. അതിനാല്‍ സമരം നീളുകയായിരുന്നു. ഒടുവിലാണ് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഒരു ഒത്തുതീര്‍പ്പ് കരാര്‍ ഉണ്ടാക്കിയത്. ആ കരാര്‍ നടപ്പിലാക്കാനുള്ള സജീവമായ ശ്രമം അടുത്ത ഒരു വര്‍ഷത്തില്‍ നടന്നു. അതിനുശേഷം എല്ലാം തകിടം മറിഞ്ഞു.അതുകൊണ്ട് അന്നത്തെ കുടില്‍ക്കെട്ടി സമരം പരാജയമായിരുന്നു എന്നു പറയാമോ? അല്ല, ഗവണ്‍മെന്റ് ആദിവാസികളുടെ ആവശ്യം അംഗീകരിച്ചിരുന്നു. കരാര്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ ആ കരാര്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിന് കഴിയാതെ വന്നു. അപ്പോള്‍ പരാജയം ഞങ്ങളുടെതോ? സര്‍ക്കാരിന്റെയോ? എന്നാല്‍ ഈ വസ്തുത മറച്ചുവച്ചാണ് പഴായിപ്പോകുന്ന കൂട്ടംചേരല്‍ എന്ന് ഞങ്ങളെ ആക്ഷേപിക്കുന്നത്. ആദിവാസികളുടെ സംഘടിതശക്തിയെ പുച്ഛിക്കുന്നവരോട് വഴക്കിടാന്‍ സമയമില്ല. ആരുടെയങ്കിലും മുന്നില്‍ കേമന്മാരാകാനല്ല,നിലനില്‍പ്പിനായാണ് ഈ പോരാട്ടം. ഇവിടെ ഗൂഢലക്ഷ്യങ്ങളില്ല, അതിജീവനം മാത്രമാണ് ഉദ്ദേശ്യം.

എന്തുകൊണ്ട് ഈ അവഗണന?
ആദിവാസികളെ അവഗണിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടാണ്. ഇവിടെ ഇടതുവലതു ഗവണ്‍മെന്റുകളും ഉദ്യോഗസ്ഥരും ഒരുമിച്ച് നിന്നാണ് ഞങ്ങളെ ഉപദ്രവിക്കുന്നത്. ബാക്കിയുള്ള എല്ലാവിഷയത്തിലും ഇടതുവലതു രാഷ്ട്രീയം പക്ഷം തിരിഞ്ഞ് പോരടിക്കുമ്പോള്‍ ആദിവാസികളെ ദ്രോഹിക്കുന്നകാര്യത്തില്‍ മാത്രം അവര്‍ ഒരുപക്ഷമാകുന്നു. അവര്‍ക്ക് നിരന്തരം ചൂഷണം ചെയ്യാന്‍ കാടിന്റെ മക്കളെവേണം. അവരുടെ പേരില്‍ കിട്ടുന്ന കോടികള്‍ കട്ടെടുക്കണം. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ആദിവാസികളുടെ പേര് പറഞ്ഞ് ഓരോ പ്രൊജക്ട് ഉണ്ടാക്കി കോടിക്കണക്കിന് രൂപയാണ് സ്വന്തമാക്കുന്നത്. നിങ്ങള്‍ക്ക് പരിശോധിക്കാവുന്ന കാര്യമാണ്. ഈ ഫണ്ടുകളുടെ വിനിയോഗം നടക്കുന്നത് ഗവണ്‍മെന്റിന്റെ ഏതെങ്കിലും മിഷനറി, അല്ലെങ്കില്‍ എന്‍ജിഒ വഴിയാണ്. ഏത് രാഷ്ട്രീയപ്പാര്‍ട്ടിയാണോ അധികാരത്തില്‍, അവര്‍ക്ക് തങ്ങളുടെ കേഡര്‍മാരെ വളര്‍ത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി ഉപയോഗിക്കുന്ന സാമ്പത്തിക സ്രോതസ് ആദിവാസികളാണ്. 

ഈയടുത്ത് അട്ടപ്പാടിയില്‍ എഴുപതോളം കുഞ്ഞുങ്ങള്‍ മരിച്ചു. പോഷകാഹാരക്കുറവാണ് ആ കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായത്. അട്ടപ്പാടിയിലെ കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം നല്‍കുവാനായി ഗവണ്‍മെന്റ് നാല് കോടി രൂപ അഅനുവദിച്ചു. ഈ തുക ആര്‍ക്കാണ് നല്‍കിയത്? കുടുംബശ്രീക്ക്. ഗവണ്‍മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീക്ക് പണം കൊടുത്താല്‍ ആദിവാസിക്കുഞ്ഞുങ്ങളുടെ മരണത്തിന് തടയിടാന്‍ പറ്റില്ല. ആരാണോ യഥാര്‍ത്ഥത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ അവരുടെ കൈയിലേക്ക് നേരിട്ട് കൊടുക്കണം. എങ്കിലേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവൂ. ആദിവാസികളുടെ പ്രശ്‌നം ശ്വാശതമായി പരിഹാരിക്കാനാണോ നിങ്ങള്‍ക്ക് ആഗ്രഹം; എങ്കില്‍ ഞങ്ങള്‍ക്ക് ഭൂമി തരൂ. അര്‍ഹമായ ഭൂമി കൊടുത്തു തുടങ്ങിയാല്‍ ഇവിടെ പ്രശ്‌നങ്ങളും തീര്‍ന്നുതുടങ്ങും. ഈ സമരങ്ങളുടെ ആവശ്യം വരില്ല. ഒന്നും നടക്കുന്നില്ലെന്ന് മാത്രം.

ഈ മന്ത്രി വളരെ മോശം
ഞങ്ങളുടെ ഇടയില്‍ നിന്നൊരാള്‍ ഇന്ന് സംസ്ഥാന മന്ത്രിയാണ്. എന്നാല്‍ ആ മന്ത്രി നിഷ്‌ക്രിയമാണ്. കോര്‍പ്പറേറ്റ്-ബ്യൂറോക്രസി ഭരണത്തിനകത്ത് അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. കേരളത്തിലെ ഗവണ്‍മെന്റ് ജനാധിപത്യ ഗവണ്‍മെന്റ് അല്ല, കോര്‍പ്പറേറ്റ് ബിനാമിയാണ്. കോര്‍പ്പറേറ്റുകളുടെ ബിനാമിയായി ഒരു ഭരണകൂടം മാറുമ്പോള്‍ ഒരു മന്ത്രിക്കും കൃത്യമായ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റില്ല. പ്രത്യേകിച്ച് ഒരു ആദിവാസി മന്ത്രിക്ക്. എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടാകും, പക്ഷെ ബാക്കിയുള്ള സംവിധാനങ്ങള്‍ അതിന് തടസ്സമാകുന്നുണ്ട്. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് ഗവണ്‍മെന്റിനെ ധരിപ്പിക്കാനുള്ള സംവിധാനംപോലും മന്ത്രിയുടെ ഓഫിസിലില്ല. അവര്‍ക്ക് വ്യക്തിപരമായി എന്തെങ്കിലുമൊക്കെ ചെയ്യാവുന്നതാണ്. പക്ഷേ ആശാവഹമായ യാതൊന്നും ഉണ്ടായിട്ടില്ല എന്നുമാത്രം. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആദിവാസിക്കള്‍ക്കിടയില്‍ നിന്ന് ഒരു മന്ത്രി വരുന്നത്. എന്നാല്‍ ആ മന്ത്രി വളരെ മോശം എന്ന് വരുത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത്. അതിനവരുടെ പ്രവര്‍ത്തികളും അതേപോലെ ബാഹ്യസമ്മര്‍ദ്ദങ്ങളും കാരണമാകുന്നുണ്ട്.

ആദിവാസി സമരങ്ങളില്‍ ബാഹ്യ ഇടപെടലുകളില്ല
ഇതുവരെ നടന്ന ഒരു ആദിവാസി സമരങ്ങളിലും ബാഹ്യഇടപെടലുകള്‍ നടന്നിട്ടില്ല. കഴിഞ്ഞകാല സമരങ്ങള്‍ ആര്‍ക്കും പരിശോധിക്കാവുന്നതാണ്. ഞങ്ങള്‍ നേതൃത്വം നല്‍കിയിരിക്കുന്ന ഒരൊറ്റ സമരത്തില്‍പ്പോലും മറ്റേതെങ്കിലും പാര്‍ട്ടികളുടെയോ സംഘടനകളുടെയോ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ കലര്‍ന്നിട്ടില്ലെന്നത് അസന്ദിഗ്ധമായി പറയാവുന്നകാര്യമാണ്. പല സംഘടനകളും ഈ സമരങ്ങളെ പിന്തുണച്ചിട്ടുണ്ട്, ഞങ്ങള്‍ക്ക് അനുകൂലമായി സംസാരിച്ചിട്ടുണ്ട്. അതിനര്‍ത്ഥം അവരൊക്കെ കൂടിയാണ് ഈ സമരം നടത്തുന്നതെന്നല്ല. പൊതുസമൂഹത്തിന്റെ പിന്തുണ ആദിവാസികള്‍ക്ക് കിട്ടുന്നുണ്ട്. ചിലരുടെ നിലപാടുകള്‍ തീവ്രമായിരിക്കാം. അതവരുടെ കാര്യമാണ്. ആദിവാസികളെ അവര്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് കരുതരുത്. അത് നടപ്പുള്ളകാര്യവുമല്ല. ആദിവാസിസമരങ്ങള്‍ ചില ശക്തികള്‍ക്ക് സമൂഹത്തിലേക്ക് കടന്നുകയറാനുള്ള ട്രഞ്ചുകളാക്കുന്നുവെന്ന രീതിയിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അപമാനിക്കലുമാണ്. ചിലര്‍ പറയുന്നുണ്ട് ആദിവാസി സമരങ്ങളുടെ സ്വഭാവം മാറുന്നുണ്ടെന്ന്. ഏത് ആദിവാസി സമരമാണ് അക്രമമാര്‍ഗ്ഗത്തില്‍ നടന്നത്? ഭരണകൂട ഭീകരത അഴിഞ്ഞാടിയപ്പോഴും തിരിച്ചടിക്കാനല്ല, പ്രതിരോധിക്കാന്‍ മാത്രമെ ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളു. ആയുധങ്ങളുമായല്ല, ആവശ്യങ്ങളുമായാണ് ആദിവാസികള്‍ സമരം ചെയ്യാനെത്തിയിരിക്കുന്നത്. ഇത്രയും സമാധാനപരമായി സമരം ചെയ്യുന്നവര്‍ ആദിവാസികള്‍മാത്രമാണെന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് കണ്ണടച്ചുകൊണ്ടുപോലും അതിനെ എതിര്‍ക്കാനാവുമോ? 

ഞങ്ങള്‍ക്ക് ഞങ്ങളുടെതായ രാഷ്ട്രീയമുണ്ട്. അധികാരത്തിനുവേണ്ടിയുള്ള രാഷ്ട്രീയമല്ല, ജീവിക്കാന്‍ വേണ്ടിയുള്ളതാണ്. ഈ രാഷ്ട്രീയബോധം ഓരോ ആദിവാസിയിലും പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. അതിനാലണവന്‍ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമരം ചെയ്യണമെന്ന തിരിച്ചറിവിലേക്ക് എത്തിയിരിക്കുന്നത്. തരാത്തത് ചോദിച്ചുവാങ്ങുന്നതിന്റെ രാഷ്ട്രീയം ആദിവാസി പഠിച്ചു കഴിഞ്ഞു. നിങ്ങള്‍ നിരന്തരം ചൂഷണം ചെയ്ത് ഒടുവില്‍ ചണ്ടിയായി മരിച്ചുകഴിഞ്ഞാല്‍ ആ ശരീരം അടക്കം ചെയ്യാന്‍പോലും ആറടി മണ്ണുപോലും ഇല്ലാത്താവനാണ് ആദിവാസി. അതിനുവേണ്ടിയാണ് ആദിവാസിയുടെ സമരം. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക ജീര്‍ണതയുടെ ഉത്പന്നമാണ് ഞങ്ങളുടെ സമരം.

ഞാനായിരുന്നു മന്ത്രിയെങ്കില്‍ എന്നേ രാജിവയ്ക്കുമായിരുന്നു
ആദിവാസി സമരങ്ങള്‍ നേതാക്കന്മാരെ ഉണ്ടാക്കുകമാത്രം ചെയ്യുന്നുവെന്നതാണല്ലോ അടുത്ത ആരോപണം. എനിക്ക് ചിരിയാണ് വരുന്നത്. നേതാവ് എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് പൊതുവില്‍ ഒരു സങ്കല്‍പ്പമുണ്ട്. എന്നാല്‍ ആ സൗഭാഗ്യങ്ങളൊന്നും ഒരാദിവാസി നേതാവും അനുഭവിക്കുന്നില്ലെന്ന് അറിയണം. ഞങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കൂ. എന്നിട്ട് ഞങ്ങളെ തിരിച്ചറിയൂ. ആദിവാസി സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരില്‍ ഒരാളെന്ന നിലയില്‍ ഞാനുമൊരു നേതാവാണെങ്കില്‍ മറ്റ് മുഖ്യധാര നേതാക്കന്മാരില്‍ എന്നെയും പെടുത്തി സംസാരിക്കരുതെന്ന് അഭ്യര്‍ത്ഥനയുണ്ട്. എന്നാല്‍ ഒരു നേതാവെന്ന നിലയില്‍ എനിക്കും സ്വാര്‍ത്ഥതയുണ്ട്. ഒരു വംശത്തെ നിലനിര്‍ത്തണമെന്ന സ്വാര്‍ത്ഥത. അതിനപ്പുറം എന്നെ അവഹേളിക്കരുത്. 

ബെസ്റ്റ് ഓഫ് അഴിമുഖം

സ്വാമി അസീമാനന്ദ് സി.കെ.ജാനുവിനെ സന്ദര്‍ശിച്ചതെന്തിന്?അട്ടപ്പാടി : സ്വന്തം ഭൂമിയില്‍ നിന്നു തുടച്ചു നീക്കപ്പെടുന്നവര്‍ – അഴിമുഖം അന്വേഷണം
കേരളത്തിലെ ഭൂമി സമരങ്ങള്‍ ചിതറിപ്പോയത് എന്തുകൊണ്ട്?
വേണ്ടത് കോളനിയല്ല; കൃഷിഭൂമിയാണ്. അരിപ്പ നമ്മളോട് പറയുന്നത്
അട്ടപ്പാടിയിലുള്ളത് മുഴുപ്പട്ടിണിയാണ്

പ്രലോഭനങ്ങള്‍ ഒത്തിരിയുണ്ടായിട്ടുണ്ട്. മന്ത്രി ജയലക്ഷ്മിക്ക് പകരം എന്നെയാണ് ആദ്യം മത്സസരിക്കാന്‍ സമീപിച്ചത്. മത്സരിച്ചിരുന്നെങ്കില്‍ ഇന്ന് മന്ത്രി ഞാനാകുമായിരുന്നു. ആ സ്ഥാനം മോഹിച്ചിരുന്നില്ല. ഞാന്‍ മന്ത്രിയായിരുന്നാലും ഈ ആദിവാസികള്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ വന്നു നില്‍ക്കേണ്ടി വരുമായിരുന്നു. അതെനിക്ക് വളരെ കൃത്യമായിട്ടറിയാം. ഇന്നത്തെ ഭരണസംവിധാനത്തിനകത്ത് നിന്നുകൊണ്ട് ചെയ്യുന്നകാര്യങ്ങള്‍ക്ക് പരിമിതിയുണ്ട്. പക്ഷെ ഒന്നുണ്ട്, ജയലക്ഷ്മിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ പണ്ടേ മന്ത്രിസ്ഥാനം രാജിവച്ച് പുറത്ത് വരുമായിരുന്നു. ഒന്നും ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ ഇറങ്ങിപ്പോരുന്നതല്ലെ നല്ലത്. മനഃസാക്ഷിയോടെങ്കിലും നീതിപുലര്‍ത്താമല്ലോ. ഒരിക്കലും അധികാരസ്ഥാനത്തേക്ക് പോകില്ല എന്നു പറയുന്നില്ല. നാളെ ആദിവാസികളുടെ പ്രശ്‌നം തീരാന്‍ അങ്ങിനെയൊരു സ്ഥാനത്തേക്ക് ഞങ്ങള്‍ക്കിടയില്‍ നിന്ന് ആരെങ്കിലും എത്തണമെങ്കില്‍ അതിന് തയ്യാറാണ്.

ആദിവാസികള്‍ ഒറ്റക്കെട്ടല്ല; അതൊരു വീഴ്ച്ചയുമല്ല
ശരിയാണ് ഈ നിഗമനം. ആദിവാസിഗോത്രസഭയുടെ കീഴില്‍ കേരളത്തിലെ എല്ലാ ആദിവാസികളും ഒരുകുടക്കീഴിലുണ്ട് എന്ന് കള്ളം പറയുന്നില്ല. ആദിവാസികള്‍ ഇവിടെ ഒറ്റക്കെട്ടല്ല. അതുപക്ഷേ ഞങ്ങള്‍ വിഘടിപ്പിച്ചതല്ല. ആദിവാസികളെ വിഘടിപ്പിച്ച് വീതംവെച്ചെടുത്തവര്‍ വേറെയാണ്. അതാരൊക്കെയാണെന്ന് പറയുന്നതില്‍ മടുപ്പുണ്ട്. ഭിന്നിപ്പിച്ച് നിര്‍ത്തി ദുര്‍ബലരാക്കുന്ന കൊളോണിയല്‍ തന്ത്രം നമ്മുടെ രാഷ്ട്രീയക്കാരും  വിജയകരമായി നടപ്പിലാക്കുന്നുണ്ടല്ലോ. അവര്‍ തന്നെയാണ് ആ വീതംവയ്പ്പുകാര്‍. ഞങ്ങള്‍ അതില്‍ ഖിന്നരല്ല. ലോകചരിത്രത്തില്‍ ഒരു പോരാട്ടവും മുഴുവന്‍ ജനതയുടെ പിന്തുണയോടെ നടന്നിട്ടില്ല. വിട്ടുനില്‍ക്കുന്നവരും എതിര്‍ക്കുന്നവരും കാണും. എന്നാല്‍ പോരാട്ടങ്ങള്‍ വിജയിച്ചിട്ടുണ്ട്. നമ്മുടെ നാട് സ്വതന്ത്രമായില്ലേ, എല്ലാവരും ഇംഗ്ലീഷുകാര്‍ ഇന്ത്യവിടണമെന്ന് ആഗ്രഹിച്ചിരുന്നില്ലല്ലോ. പക്ഷെ, ബഹൂഭൂരിപക്ഷത്തിന്റെ ആര്‍ജ്ജവം അവസാനവിജയം കാണുകയായിരുന്നു. ഇവിടെയും ആ പ്രതീക്ഷയാണ്. അരസെന്റും ഒരു സെന്റും ഭൂമി നല്‍കി ആദിവാസികളെ കളിയാക്കുന്നവര്‍ ലക്ഷ്യം വയ്ക്കുന്നത് ഞങ്ങളുടെ ഉന്മൂലനമായിരിക്കാം. അജ്ഞത നടിക്കുന്ന മുഖ്യമന്ത്രിയും ആക്ഷേപിക്കുന്ന ഉദ്യോഗസ്ഥവൃന്ദവും ഇവരെയെല്ലാം നിയന്ത്രിക്കുന്ന കോര്‍പറേറ്റുകളും ആദിവാസികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നൊരു ദിവസം വരും, അന്നുവരെ പോരാട്ടം തുടരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍