UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങളൊരുത്തരം തന്നേ പറ്റൂ- ഗീതാനന്ദന്‍ സംസാരിക്കുന്നു

Avatar

2001ലെ ആദിവാസി പാക്കേജ് നടപ്പിലാക്കണം,  ആ പാക്കേജിനോട് തങ്ങള്‍ക്ക് രാഷ്ട്രീയ വിയോജിപ്പുണ്ടെങ്കിലും– ഗവണ്‍മെന്റിന് തരേണ്ടത് ഇതില്‍ ഒരുത്തരമാണ്. ഈ ഉത്തരത്തിനുവേണ്ടിയാണ് ആദിവാസി കാത്തു നില്‍ക്കുന്നതും. എന്നാല്‍ ഗവണ്‍മെന്റ് നിലപാട് ഇപ്പോഴും അവ്യക്തം. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്ക് പലകാര്യങ്ങളിലും അജ്ഞതയായിരുന്നു. എങ്ങിനെയാണ് ഈ അജ്ഞത ഉണ്ടാവുന്നത്, ഗവണ്‍മെന്റ് എല്ലാകാര്യങ്ങളും ബ്യൂറോക്രസിയെ ഏല്‍പ്പിച്ച് മാറിയിരിക്കുന്നു. എന്തൊക്കെ നടക്കുന്നു എന്നത് അറിയുന്നില്ല, അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്നില്ല. ബ്യൂറോക്രസിക്ക് ഒരു താളമുണ്ട്. അതിനു പുറത്ത് വേഗതകൂട്ടി അവര്‍ ഒന്നും ചെയ്യില്ല. ചില കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യാനായി സര്‍ക്കാരിന് മുന്നില്‍ ഉണ്ടാവും. അവിടെ ക്രിയാത്മകമാകേണ്ടത് സര്‍ക്കാര്‍ തന്നെയാണ്, ബ്യൂറോക്രസിയല്ല. ആദിവാസികളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത് ഈ വീഴ്ചയാണ്. സെക്രട്ടറിയേറ്റിന് മുന്‍പിലെ നില്‍പ്പു സമര വേദിയില്‍ വെച്ച് സമര നേതാവ് ഗീതാനന്ദന്‍ അഴിമുഖം പ്രതിനിധി രാകേഷ് നായരോട് സംസാരിക്കുന്നു. 

ഇത് സാങ്കേതികമായ വീഴ്ച. എന്നാല്‍ അതുമാത്രമല്ല, ബോധപൂര്‍വ്വമായ മറക്കലുകളും ഇവിടെ നടക്കുന്നുണ്ട്. 2001 മുതല്‍ സജീവമായി നിലനില്‍ക്കുന്ന ഒന്നാണ് ആന്റണി പാക്കേജ്. അതിനെക്കുറിച്ച് ഉമ്മന്‍ ചാണ്ടിക്ക് വ്യക്തതയില്ലെങ്കില്‍ ആ മനോനിലയെ എന്താണ് വിളിക്കേണ്ടത്! ഒരുപക്ഷേ അദ്ദേഹം പറയുന്നത് സത്യമാണെങ്കില്‍ ഓര്‍മ്മപ്പെടുത്തുകയാണ്. 2001 ലെ പാക്കേജ് നടപ്പിലാക്കാനുള്ള സിസ്റ്റം തകര്‍ക്കപ്പെട്ടിരിക്കുന്നു. ആദിവാസിക്ക് പറഞ്ഞുവച്ചിരിക്കുന്ന ഭൂമിയിലുള്‍പ്പെടെ കൈയേറ്റം നടക്കുന്നുണ്ട്.

മറ്റൊരു ഒത്തുത്തീര്‍പ്പിന് മുഖ്യമന്ത്രി ശ്രമിക്കരുത്
ഇനിയൊരു ഒത്തുതീര്‍പ്പ് അല്ല വേണ്ടത്. 2001ല്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ ഇപ്പോഴും നിയമപരമായി നിലനില്‍ക്കുകയാണ്. ആ കരാര്‍ നടപ്പിലാക്കലാണ് ഇനി വേണ്ടത്. കാബിനറ്റ് തീരുമാനത്തോടെ അവ നടപ്പില്‍ വരുത്താനാണ് മുഖ്യമന്ത്രി തയ്യാറാവേണ്ടത്. ആദിവാസി മേഖലകള്‍ പ്രത്യേക പട്ടികവര്‍ഗ്ഗ മേഖലകളാക്കി തിരിക്കണം. ഇത് എത്രയും വേഗം നടപ്പിലാക്കണം. വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ഇതിന്റെ എല്ലാ നിയമപവശങ്ങളും 2001 ല്‍ പരിശോധിച്ച് പൂര്‍ത്തിയാക്കിയതാണ്. ഈ ഗവണ്‍മെന്റിന് കൂടുതല്‍ വ്യക്തത വരുത്തേണ്ടത് ആവശ്യമെങ്കില്‍ ഒരു ഏജന്‍സിയെ വച്ച് പ്രത്യേക മേഖലകള്‍ തിരിക്കാവുന്നതാണ്. അതിന് കാലതാമസം എടുക്കാന്‍ പറ്റില്ലെന്ന് മാത്രം.

ഭരണഘടന പിന്തുണച്ചിട്ടും ആദിവാസിയെ അവഗണിക്കുന്നു
ഇന്ത്യന്‍ ഭരണഘടനയുടെ പരിരക്ഷയുള്ള വിഭാഗമാണ് ആദിവാസികള്‍. ആര്‍ട്ടിക്കള്‍ 244 ന്റെ സംരക്ഷണം ആദിവാസിക്കുണ്ട്. ഈ ആര്‍ട്ടിക്കളിന്റെ ഭാഗമായ  അഞ്ചാം പട്ടിക പ്രകാരം പ്രത്യേക പട്ടികവര്‍ഗ മേഖല വിഭാവനം ചെയ്ത് അവിടുത്തെ ജനങ്ങളുടെ സദ്ഭരണം ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വം ആക്കിയിട്ടുണ്ട്. ഇത് അട്ടിമറിക്കപ്പെടാതിരിക്കാന്‍ പ്രസിഡന്റിന്റെയും ഗവര്‍ണറുടെയും മേല്‍നോട്ടവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ആദിവാസികള്‍ക്ക് ദോഷകരമായ നിയമം പോലും ഗവണ്‍മെന്റിന് ഉണ്ടാക്കാന്‍ പാടില്ല. ഇത്തരത്തില്‍ പ്രത്യേക മേഖലയായി പ്രഖ്യാപിക്കപ്പെടുന്നിടത്തെ ഭരണരൂപം എങ്ങിനെയാവണമെന്ന് ദേശീയതലത്തില്‍ നിയമപരമായി രൂപീകരിച്ചിട്ടുമുണ്ട്. അതിന്‍പ്രകാരം ആ പ്രദേശത്തെ ഭരണം ആദിവാസി ഗ്രാമ പഞ്ചായത്തുകള്‍ വഴിയായിരിക്കണം. 1994ല്‍ നടപ്പിലാക്കിയ ത്രിതല പഞ്ചായത്ത് ഭരണസംവിധാനത്തിനു പുറമെ, അല്ലെങ്കില്‍ അതിനൊരു അനുബന്ധമെന്ന നിലയില്‍ ആദിവാസി ഗ്രാമസഭാ നിയമവും 1996ല്‍ നടപ്പാക്കിയിട്ടുണ്ട്. ഇത് ദേശീയനയവും നിയമവുമാണ്. എന്നാല്‍ ഇതിനനുകൂലമായി സ്റ്റേറ്റ് നിയമം ഉണ്ടാക്കി ആദിവാസി സദ്ഭരണത്തിന് നമ്മുടെ സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. കേരളമുള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങള്‍ മാത്രമാണ് ഇതിന് മുതിരാതെയുള്ളൂ. 2006ല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച വനനിയമത്തിലും ആദിവാസി ഗ്രാമ പഞ്ചായത്തുകളെയാണ് അടിസ്ഥാനതല ഇംപ്ലിമെന്റ് ഏജന്‍സിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ആര്‍ട്ടിക്കള്‍ 244, അതിന്റെ ഭാഗമായ അഞ്ചാം പട്ടിക, ആദിവാസി ഗ്രാമസഭ, വനാവകാശനിയമം തുടങ്ങി നിയമങ്ങളുടെ ഒരു പരമ്പര തന്നെ നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഡമോക്രാറ്റിക് ആണെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഈ നിയമങ്ങള്‍ അഭിസംബോധന ചെയ്യപ്പെടാതെ പോകുന്നു എന്നതാണ് അടിസ്ഥാന പ്രശ്‌നം.

ഈ പ്രശ്‌നങ്ങള്‍ വളരെ സജീവമായി ഉന്നയിക്കപ്പെട്ട സമരമായിരുന്നു 2001ല്‍ നടന്നത്. സമരത്തിന്റെ ഭാഗമായി ആദിവാസികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സ്വീകരിച്ച ഒരു എഗ്രിമെന്റായിരുന്നു ആന്റണി സര്‍ക്കാര്‍ ഒപ്പിട്ടത്.  ആ എഗ്രിമെന്റ് ഏതെങ്കിലും പുത്തന്‍ തീരുമാനങ്ങളായിരുന്നില്ല. ഭരണഘടന ആദിവാസിക്ക് ഉറപ്പ് നല്‍കുന്ന കാര്യങ്ങളുടെ ആവര്‍ത്തനം മാത്രമായിരുന്നു. ആര്‍ട്ടിക്കള്‍ 244 നടപ്പിലാക്കാം, പെസ ആക്ട് നടപ്പിലാക്കാം, ഗ്രാമസഭാ നിയമം നടപ്പിലാക്കാം തുടങ്ങി ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന അവകാശങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ഉറപ്പ് നല്‍കുക മാത്രമാണ് അന്ന് ഉണ്ടാക്കിയ കരാര്‍. ആ ഉറപ്പ് ലംഘിക്കപ്പെടുന്നു എന്നിടത്താണ് ഇപ്പോള്‍ നടക്കുന്ന സമരത്തിലേക്ക് ആദിവാസി എത്തിയതിന്റെ കാരണം കിടക്കുന്നത്. വാക്കു പാലിക്കുന്നത് ജനാധിപത്യ മര്യാദയാണ് എന്ന വളരെ ഫണ്ടമെന്റലായ ഒരു പ്രശ്‌നം ഈ സമരം മുന്നോട്ടുവയ്ക്കുന്നത് അവിടെയാണ്.

ആദിവാസി വിരുദ്ധരാഷ്ട്രീയം
നിയമം അട്ടിമറിക്കുന്നതിനെക്കാള്‍ നിര്‍ഭാഗ്യകരവും ദുരൂഹവുമാണ് കേരളത്തില്‍ നടക്കുന്ന ആദിവാസി വിരുദ്ധ രാഷ്ട്രീയം. ഇവിടുത്തെ ഇടതു-വലതു മുന്നണികള്‍ ഒറ്റക്കെട്ടായി അണിനിരക്കുന്നത് ആര്‍ക്കെതിരെയാണ്?  സംശയം വേണ്ട; ആദിവാസികള്‍ക്കെതിരെയാണ്.1975ല്‍ കേരള നിയമസഭ പാസാക്കിയ ആദിവാസി നിയമം ഭേദഗതി ചെയ്യാന്‍ 1996ലെ ആന്റണി സര്‍ക്കാര്‍ തീരുമാനിച്ചു. ഈ നിയമഭേദഗതിക്ക് അംഗീകാരം കിട്ടാന്‍ വേണ്ടി ഡല്‍ഹിയില്‍ പോയത് കേരളത്തിലെ രാഷ്ടീയപ്പാര്‍ട്ടികള്‍ ഒന്നിച്ചാണ്. ഏ കെ ആന്റണിയും ഇ കെ നായനാരും പി ജെ ജോസഫുമെല്ലാം ഉണ്ടായിരുന്നു. എല്ലാ പാര്‍ട്ടികളുമടങ്ങിയ ഒരു സര്‍വ്വകക്ഷിസംഘം തന്നെ അന്ന് ഡല്‍ഹിയിലെത്തിയിരുന്നു. കേരളത്തിലെ ഏതെങ്കിലും കെടുതി പരിഹരിക്കാന്‍ ഇവര്‍ ഇങ്ങിനെ ഒറ്റക്കെട്ടായിട്ടുണ്ടോ? ആദിവാസിയെ എതിര്‍ക്കേണ്ടി വരുമ്പോള്‍ അവര്‍ക്കിടയില്‍ അകലമില്ല.

കേരളത്തിലെ രാഷ്ട്രീയക്കാര്‍ അവരുടെ ചൂഷണകേന്ദ്രമായാണ് ആദിവാസികളെ കാണുന്നത്. കിഴക്കന്‍ മലയോരം പശ്ചിമഘട്ടം എന്നിവിടങ്ങളില്‍ അവര്‍ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. ആ പ്രദേശങ്ങളുടെ യഥാര്‍ത്ഥ ഉടമകളായ ആദിവാസികള്‍ ഒരിക്കലും  വിലങ്ങുതടിയായി നില്‍ക്കാന്‍ പാടില്ലെന്ന തീരുമാനമാണ് നിലനില്‍ക്കുന്നത്. ആദിവാസികള്‍ ശക്തരായാല്‍ അത് പലരേയും ബുദ്ധിമുട്ടിലാക്കും. അതിനാല്‍ ആദിവാസിയെ ഉയര്‍ന്നു നില്‍ക്കാന്‍ അനുവദിക്കാതെ എതിര്‍ത്തുകൊണ്ടേയിരിക്കുന്നു.

പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ കുടിയേറ്റ പാര്‍ട്ടികളുടെ അടിമകള്‍
1970 കള്‍ക്കുശേഷം കേരളത്തിലെ കുടിയേറ്റ വിഭാഗത്തിന് ആധിപത്യമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ വളരെ സംഘടിതവും ശക്തിശാലികളുമായി മാറി. ഇവര്‍ ഇരുമുന്നണികളുടെയും നിലനില്‍പ്പിന് ആധാരമായി. അതോടെ അവരെ സംരക്ഷിക്കണ്ടത് ആ പാര്‍ട്ടികളുടെ ചെലവില്‍ ഭരിക്കുന്നവരുടെ ആവശ്യമായും തീര്‍ന്നു. ഈ കുടിയേറ്റപ്പാര്‍ട്ടികള്‍ ഇല്ലാതെ ഒന്നിനും കഴിയില്ലെന്ന അവസ്ഥ വന്നതോടെ കുടിയേറ്റ കൈയേറ്റങ്ങള്‍ ചോദ്യം ചെയ്യാന്‍ ആളില്ലാതെയായി. 75ലെ നിയമം ഭേദഗതി ചെയ്യുന്നതുപോലും അവിടെയാണ്. 1975 ലെ നിയമം ഏതാണ്ട് 4,200 ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിച്ചു കൊടുക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ പിന്നീട്  ഭൂരഹിതരായ എല്ലാ  ആദിവാസിക്കും അര്‍ഹമായ ഭൂമി തിരിച്ചു കൊടുക്കുക എന്ന നിലയിലേക്ക് ആവശ്യം ഉയര്‍ന്നതോടെ പലരും പരിഭ്രാന്തരായി. വനാവകാശവും പുനരധിവാസവും നടപ്പിലാക്കിയാല്‍ വനം ആദിവാസിയുടെ സരക്ഷണയിലാകും, അത് സഹിക്കാന്‍ വയ്യാത്തവര്‍ പലതരത്തിലുള്ള എതിര്‍പ്പുകള്‍ ഉയര്‍ത്താന്‍ തുടങ്ങി.  ഈ എതിര്‍പ്പുകളാണ് കേരളത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും നടക്കുന്ന ആദിവാസി വിരുദ്ധ രാഷ്ട്രീയം.

ആദിവാസിക്ക് കൊടുക്കാന്‍ ഭൂമിയില്ലെന്ന് പറയരുത്
ഈ സ്റ്റേറ്റിലെ ഏറ്റവും വലിയ ലാന്‍ഡ് ലോര്‍ഡായ ഗവണ്‍മെന്റിനോടാണ് ആദിവാസികള്‍ ഭൂമി ചോദിക്കുന്നത്. ഇവിടെ മറ്റൊരു കാര്യം കൂടി പ്രസക്തമാണ്. പുതിയ ഭൂമി ഉണ്ടാക്കി കൊടുക്കണമെന്ന് ആദിവാസികള്‍ ആവശ്യപ്പെടുന്നില്ല. ആദിവാസികള്‍ക്കായി മാറ്റിവച്ചിരിക്കുന്ന ഭൂമി നല്‍കുക എന്നതുമാത്രമാണ് ആവശ്യം. എസ് ടി ഡവലപ്പ്‌മെന്റ് ഫണ്ടില്‍ നിന്ന് 42 കോടി രൂപ കൊടുത്ത് കേന്ദ്ര ഗവണ്‍മെന്റിന്റെ പക്കല്‍ നിന്ന് 7000 ഏക്കര്‍ വനഭൂമി സംസ്ഥാനം വങ്ങിയിട്ടുണ്ട്. ഇതേ പാക്കേജില്‍പ്പെടുത്തി മറ്റൊരു 19,600 ഏക്കര്‍ കേന്ദ്രം വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്, അപ്പോള്‍ മൊത്തം 26,600 ഏക്കര്‍. ഇതില്‍ത്തന്നെ 10,000 ഏക്കര്‍ താമസത്തിനോ കൃഷിക്കോ യോഗ്യമല്ലായെന്ന കാരണത്തില്‍ മാറ്റിവച്ചാലും ബാക്കി 16,600 ഏക്കറുണ്ട്. ഈ ഭൂമി കൊടുത്താല്‍ കണ്ണൂരിലേയും വയനാട്ടിലെയും ആധിവാസി ഭൂമിപ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. ഇത് വേണമെങ്കില്‍ നാളെ തന്നെ കൈമാറാവുന്നതുമാണ്. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് ഭൂമി വിട്ടുകിട്ടിയിട്ടും അത് അര്‍ഹതപ്പെട്ടവര്‍ക്ക് വിട്ടുകൊടുക്കാന്‍ ഗവണ്‍മെന്റ് തയ്യാറാവാത്തതെന്ത്?

നില്‍പ്പ് സമരം- അഴിമുഖം പ്രസിദ്ധീകരിച്ച മറ്റ്  റിപ്പോര്‍ട്ടുകള്‍ 

ഒരു പിടി മണ്ണിന് വേണ്ടി നില്‍ക്കുകയാണവര്‍- നില്‍പ്പ് സമരത്തിലെ ജീവിതങ്ങളിലൂടെ
കേറിക്കിടക്കാന്‍ ഒരുപിടി മണ്ണില്ലാത്തവര്‍ക്കെന്ത് സ്വാതന്ത്ര്യം?ആദിവാസി നില്‍പ്പ് സമരം, മദ്യ നിരോധനം: സംവിധായകന്‍ ജോയ് മാത്യു പ്രതികരിക്കുന്നു
ജയലക്ഷ്മിയല്ല, മത്സരിക്കേണ്ടിയിരുന്നത് ഞാന്‍- സി കെ ജാനു തുറന്നടിക്കുന്നു
ഇനിയും ഇവരെ മഴയത്തും വെയിലത്തും നിര്‍ത്തണോ?-നില്‍പ്പുസമര വേദിയില്‍ സാറാ ജോസഫ്

ഇവിടെ ടാറ്റയും ഹാരിസണും ഉള്‍പ്പെടെ എത്രയോ പേര്‍ അന്യാധീനമായി ഭൂമി കൈവശം വച്ചിരിക്കുന്നു. കൃഷി ചെയ്യാത്തവരുടെ പക്കല്‍ എത്രയോ ഏക്കര്‍ കൃഷി ഭൂമി സ്വന്തമായിരിക്കുന്നു. ഗവണ്‍മെന്റിന് ആദിവാസിയെ സഹായിക്കാന്‍ ഈ വഴികളെല്ലാം മുന്നിലുണ്ട്. കൃഷിഭൂമി കൃഷി ചെയ്യുന്നവന്റെ കൈയിലാണ് എത്തേണ്ടത്. ആദിവാസിയെ സംബന്ധിച്ച് അവന്റെ ജീവസന്ധാരണം കൃഷിയെ മാത്രം ആശ്രയിച്ചാണ്. എന്നാല്‍ അവന് അതിനുള്ള മണ്ണില്ല. ഈ വിരോധാഭാസമാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അതിനാല്‍ ഈ സമരം ആദിവാസികള്‍ പൊതുസമൂഹവുമായി നടത്തുന്ന ഒരു സംവാദമായാണ് കാണേണ്ടത്. അതിനോട് പ്രതികരിക്കേണ്ടത് നിങ്ങളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍