UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദിവാസി സമരം തീര്‍ന്നു, നന്ദിപറയേണ്ടത് ബാര്‍ മുതലാളിമാരോട്

അഞ്ചുമാസത്തിലേറെയായ ആദിവാസി നില്‍പ്പുസമരം അവസാനിച്ചു. സമരം തീര്‍ക്കാന്‍ മേധാപട്കര്‍ നടത്തിയ നീക്കങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഉമ്മന്‍ചാണ്ടി വിവരം മാധ്യമങ്ങളെ അറിയിച്ചത്. സെക്രട്ടേറിയേറ്റിനു മുന്നില്‍  നിന്ന് സമരം ചെയ്ത ആദിവാസികള്‍ക്ക് ഇനി സ്വന്തം ഊരിലേക്ക് മടങ്ങാം. മുഖ്യമന്ത്രി സ്വര്‍ഗ്ഗം നേരിട്ട് അവിടെ എത്തിയ്ക്കുന്നതാണ്.

14 വര്‍ഷം മുമ്പ് മറ്റൊരു മുഖ്യമന്ത്രി – എ.കെ.ആന്റണി – ഇതുപോലെ വാഗ്ദാനം ചെയ്ത സ്വര്‍ഗ്ഗം കിട്ടാന്‍ വേണ്ടിയാണ് സി.കെ.ജാനുവും കൂട്ടരും നില്‍പ്പുസമരം തുടങ്ങിയത്. 2001 – ലെ  സമരം 48 ദിവസം നീണ്ടതായിരുന്നെങ്കില്‍ ഇപ്പോഴത്തേത് 165 ദിവസത്തിലേക്ക് നീണ്ടുപോയതാണ് വ്യത്യാസം. അതു പിന്നെ ആന്റണിയും ഉമ്മന്‍ചാണ്ടിയുമായുള്ള വ്യത്യാസമായി കണ്ടാല്‍ മതി. ഉമ്മന്‍ചാണ്ടി എന്തിനും ഏതിനും  അതിവേഗം ബഹുദൂരമാണല്ലോ.

2001 – ല്‍ കുടില്‍ കെട്ടി സമരമായിരുന്നു. സമരം ഒത്തുതീര്‍പ്പിലായി 15 മാസമായിട്ടും പറഞ്ഞ കാര്യങ്ങളൊന്നും ചെയ്യാതായപ്പോഴാണ്  2003ല്‍ മുത്തങ്ങയില്‍ വനഭൂമി ആദിവാസികള്‍  കയ്യേറിയത്. തികഞ്ഞ ജനാധിപത്യവാദിയും  കറകളഞ്ഞ അഹിംസാവാദിയുമായ ആന്റണി മുത്തങ്ങ സമരത്തെ നേരിട്ടത് തോക്കുകൊണ്ടായിരുന്നു. 2003 ഫെബ്രുവരി 19 ന് കേരള പോലീസ് മുത്തങ്ങയിലേക്ക് പാഞ്ഞുകയറി. ആദിവാസികള്‍ക്കു നേരെ വെടിയുതിര്‍ത്തു. അവരുടെ കുടിലുകള്‍ തീയിട്ടു. വളര്‍ത്തുമൃഗങ്ങളെ കൊന്നു.

വെടിവയ്പ്പില്‍ ഒരു ആദിവാസിയും ഒരു പോലീസുകാരനും കൊല്ലപ്പെട്ടുവെന്നാണ് ആന്റണി സര്‍ക്കാര്‍ പറഞ്ഞത്. ആദിവാസി ഗോത്രമഹാസഭാ നേതാക്കളായ ജാനുവിനെയും ഗീതാനന്ദനെയും പോലീസ് പിടിച്ചു. പിടിച്ചിടത്തുവച്ചു തന്നെ തല്ലിത്തകര്‍ത്തു. ഇടികൊണ്ടു വീങ്ങിയ മുഖവുമായി പോലീസ് വലയത്തിനുള്ളിലൂടെ നീങ്ങിയ ജാനുവിന്റെ ഫോട്ടോ അന്ന് എല്ലാ പത്രങ്ങളിലും ഉണ്ടായിരുന്നു.

ജയിലില്‍ പോയി ജാനുവിനേയും ഗീതാനന്ദനെയും കണ്ട ‘ഗ്രോ’വാസുവിനോട് പത്തോളം  ആദിവാസികള്‍ കൊല്ലപ്പെട്ടുവെന്ന് ഇരുവരും പറഞ്ഞു. വാസു അത് പുറത്തുപറഞ്ഞതോടെ അഞ്ച് ആദിവാസികള്‍ കൊല്ലപ്പെട്ടുവെന്ന് ആന്റണി സര്‍ക്കാര്‍ തിരുത്തിപ്പറഞ്ഞു. ബാക്കി അഞ്ചുപേര്‍ എവിടെ?

48 ദിവസത്തെ സമരത്തിലൂടെ നേടിയെടുത്ത സര്‍ക്കാര്‍ ഉറപ്പ് നടപ്പിലാക്കാത്തതിനെ തുടര്‍ന്നായിരുന്നു മുത്തങ്ങ സമരം. അതിനുശേഷം 11 വര്‍ഷം കഴിഞ്ഞിട്ടും പറഞ്ഞകാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കാത്തതിനെതിരെയായിരുന്നു 165 ദിവസത്തിലേറെ നീണ്ട നില്‍പ്പുസമരം. ആ സമരമാണ് പുതിയ വാഗ്ദാനത്തിലൂടെ ഉമ്മന്‍ചാണ്ടി തീര്‍പ്പാക്കിയത്. അങ്ങനെ തീര്‍പ്പാക്കുന്നതിന് മേധാപട്കര്‍ എടുത്ത പങ്കിനെക്കുറിച്ചാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. എങ്ങനെയാണ് സമരം വിജയിക്കുന്നതിന് രണ്ടു ദിവസം മുമ്പ് മേധാപട്കര്‍ സമരപ്പന്തലില്‍ എത്തുന്നത്?  അന്നുരാത്രി ഉമ്മന്‍ചാണ്ടിയുമായി വിഷയം ചര്‍ച്ച ചെയ്യുന്നത്? എന്തിനാണ് പൊടുന്നനെ  സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്തുകൊണ്ട് ഉമ്മന്‍ചാണ്ടി രംഗത്തുവന്നത്? മന്ത്രിസഭ ആദിവാസികള്‍ക്കുവേണ്ടി സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപിച്ചത്?

മേധാ പട്കര്‍ വിചാരിച്ചാല്‍ ഒറ്റ ദിവസം കൊണ്ട് ഇത്തരമൊരു ഉറപ്പ് മന്ത്രിസഭയില്‍ നിന്ന്  നേടിയെടുക്കാന്‍ കഴിയുമെങ്കില്‍, എന്തിനാണ് അതിന് വേണ്ടി 165 ദിവസത്തിലേറെ ആദിവാസികളെ സെക്രട്ടേറിയേറ്റ് നടയില്‍ നിര്‍ത്തി സമരം ചെയ്യിച്ചത്?

മേധാപട്കറെ ഉമ്മന്‍ചാണ്ടിയ്ക്കു പേടിയാണോ? അവര്‍ സമരം ഏറ്റെടുത്താല്‍ ഉടന്‍ പരിഹാരം ഉറപ്പാണോ? എങ്കില്‍ എന്തു പരിഹാരമാണ് നര്‍മ്മദ പ്രശ്‌നത്തില്‍ ഉണ്ടായത്? അതോ, മേധാപട്കര്‍ പ്രശ്‌നം ഏറ്റെടുത്താല്‍ ദേശീയ തലത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഇമേജ് തകരുമോ?

കാര്യം അതൊന്നുമല്ല. ബാര്‍ മുതലാളിമാരുടെ പ്രശ്‌നം തീര്‍ത്തേ മതിയാകൂ. ഓരോ ദിവസം കഴിയുമ്പോഴും മദ്യപ്രശ്‌നം കൂടുതല്‍ കൂടുതല്‍ വഷളാകുകയാണ്. ഇന്നലെ കെ.എം.മാണിയുടെ  പേര്‍ പറഞ്ഞതുപോലെ നാളെ ഉമ്മന്‍ചാണ്ടിയുടേയും കെ.ബാബുവിന്റെയും രമേശ് ചെന്നിത്തലയുടെയും അടൂര്‍ പ്രകാശിന്റെയും പേര് മറ്റാരെങ്കിലും പറഞ്ഞുകൂടായ്കയില്ല. എത്രയോ ബിജുരമേശന്‍മാര്‍ ഇനിയും കള്ളുകച്ചവടക്കാരുടെ ഇടയിലുണ്ട്! അവരുടെ ഒക്കെ കൈയില്‍ ഒരിക്കലും പുറത്തെടുക്കാത്ത തെളിവുകള്‍ ഉണ്ട്.  ഓരോ ദിവസമായി ഓരോ ബിജുരമേശന്‍മാര്‍ ഓരോ വെടി പൊട്ടിക്കാന്‍ തുടങ്ങിയാല്‍, അതിനെ തുടര്‍ന്ന് അവര്‍ക്കൊക്കെ എതിരെ വിജിലന്‍സ് കേസെടുക്കാന്‍ തുടങ്ങിയാല്‍ പിന്നെ 21 പൊളിറ്റിക്കല്‍ പിമ്പുകള്‍ക്ക് രാജ്യഭരണം നടത്താന്‍ കഴിയും? കേരളത്തെ വികസനത്തിന്റെ പാതയിലൂടെ മുന്നേറ്റാന്‍ കഴിയും? ലോകടൂറിസത്തിന്റെ നെറുകയില്‍ മാലിന്യകേരളത്തെ നിര്‍ത്താനാകും?

അതുകൊണ്ട് ബാര്‍പ്രശ്‌നമാണ് മുഖ്യപ്രശ്‌നം. പക്ഷെ, അതു തീര്‍ക്കുന്നതിനിടയ്ക്ക്  ആദിവാസികളുടെ നില്‍പ്പുസമരം കണ്ടില്ലെന്നു വന്നാല്‍, അത് നാടുനീളെ ഓടിനടന്ന് പരാതി വാങ്ങിയതിന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത ബഹുമതി നേടിയ ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കും.

അങ്ങനെ ഉണ്ടാകാതിരിക്കാനാണ് വളരെ നാടകീയമായുള്ള മേധാപട്കറുടെ സന്ദര്‍ശനവും ഐക്യദാര്‍ഢ്യപ്രഖ്യാപനവും മുഖ്യമന്ത്രിയുമായുള്ള മീറ്റിംഗും. മേധാപട്കറും നാടകം കളിയ്ക്കുമോ? കളിച്ചൂകൂടാ എന്നില്ലല്ലോ. എത്രയോ വര്‍ഷമായി കാലഹരണപ്പെട്ട ഒരു സമരത്തിന്റെ ലേബലുമായി ആയമ്മ ഇന്ത്യയ്ക്കകത്തും പുറത്തും വ്യാപരിച്ചു നടക്കുന്നു. പോരാത്തതിന് രാഷ്ട്രീയ പാര്‍ട്ടിയിലൂടെ രാഷ്ട്രസേവനം നടത്താം എന്ന മോഹവും ഉണ്ടായി. ആം ആദ്മി പാര്‍ട്ടി സാധാരണ രാഷ്ട്രീയ പാര്‍ട്ടിയല്ല. അതില്‍ മികച്ച നടികള്‍ക്കേ അംഗത്വം കിട്ടുകയുള്ളു. കേരളത്തിന്റെ കാര്യം തന്നെ നോക്കൂ.  സാറാ ജോസഫും അനിതാപ്രതാപുമൊക്കെ ചില്ലറ നടികളാണെന്നാണോ കരുതുന്നത്? കാര്യമെന്തായാലും നാടകം കളിയ്ക്കാന്‍ വന്നതിന്റെ ജാള്യത മേധാപട്കറുടെ മുഖത്തുണ്ടായിരുന്നു. അതു മാറിക്കൊള്ളും. മാറ്റി എടുക്കാവുന്നതേയുള്ളു. എന്‍.ജി.ഒ. മുതലാളിമാരൊക്കെ  ‘ആപ്’ വഴി രാഷ്ട്രീയത്തിലേക്കെത്തിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ.

ബാര്‍പ്രശ്‌നം തീര്‍ക്കേണ്ടതിന്റെ ആവശ്യകതയ്ക്കിടയിലുണ്ടായ ഒരു ബൈ പ്രോഡക്ട് ആണ് ആദിവാസി സമരത്തിലെ ഒത്തുതീര്‍പ്പ്.  പ്രത്യേക പാക്കേജില്‍ പറഞ്ഞ ഒരു കാര്യവും നടക്കാന്‍ പോകുന്നില്ല. അഞ്ചോ പത്തോ കൊല്ലം കഴിഞ്ഞ് ഇതേ ആവശ്യമുന്നയിച്ച് ആദിവാസികള്‍ വീണ്ടും സെക്രട്ടേറിയറ്റ് നടയിലേയ്‌ക്കെത്താനാണ് സാധ്യത.

അന്നെങ്കിലും ആദിവാസികള്‍ ഒരു കാര്യം തിരിച്ചറിയണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രശ്‌നപരിഹാരം നേടിയെടുക്കാന്‍ സമരം ചെയ്യേണ്ട. മുദ്രാവാക്യം വിളിയ്ക്കുകയും വേണ്ട.  മാവോയിസ്റ്റുകളെപ്പോലെ ബുദ്ധിമാന്ദ്യം കാണിയ്‌ക്കേണ്ട. നിങ്ങളില്‍ ആരെങ്കിലും ഒരാള്‍ ഒരു ബിജുരമേശനോ സരിതാ നായരോ ആയാല്‍ മതി. മന്ത്രിമാരെ നിങ്ങള്‍ക്ക് അങ്ങോട്ടുപോയി വിരട്ടാം. മന്ത്രിമാര്‍ നിങ്ങളുടെ പുറകേ വന്ന് എന്താവശ്യവും നടത്തിത്തരും. അവര്‍ പട്ടികളെപ്പോലെയാണ്. നന്ദിയും ഉണ്ട്. ഭയവും ഉണ്ട്.

ആദിവാസി പാക്കേജ് നടക്കാന്‍ പോകുന്നില്ല എന്നുപറയുന്നത് തീരെ സിനിക്കലായതുകൊണ്ടല്ല. ചരിത്രം അറിയാവുന്നത് കൊണ്ടാണ്. ആദിവാസികള്‍ക്ക് ഭൂമിനല്‍കാനുള്ള സര്‍ക്കാര്‍  നീക്കങ്ങളുടെ നാള്‍വഴികള്‍ ഇവയാണ്.

* ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി നല്‍കണമെന്ന് ദേബര്‍ കമ്മീഷന്‍ 1950-ല്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.
* 25 വര്‍ഷത്തിനുശേഷം കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം നിയമം പാസാക്കണമെന്ന് സംസ്ഥാന റവന്യൂമന്ത്രിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
* 1975 ഏപ്രില്‍ 25 ന് കേരള നിയമസഭ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപടിച്ചുകൊടുക്കാനുള്ള നിയമം ഐക്യകണ്‌ഠേന പാസാക്കി. 1960 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിയമം നടപ്പിലാക്കാനായിരുന്നു നിയമം.
* നവംബര്‍ 11, 1975 ല്‍ ബില്ലിന് പ്രസിഡന്റിന്റെ  അനുമതി കിട്ടി. നിയമം ഭരണഘടനയുടെ ഒമ്പതാമത്തെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി.
* 15 വര്‍ഷം കഴിഞ്ഞ് 1986 ല്‍ നിയമം നടപ്പിലാക്കാനുള്ള ചട്ടങ്ങള്‍ ഉണ്ടാക്കി. ചട്ടം വന്നപ്പോള്‍ മുന്‍കാല പ്രാബല്യം 1960 ല്‍ നിന്ന് 1982  ജനുവരി 1 ആയി മാറി.
* രണ്ടു കൊല്ലം കഴിഞ്ഞിട്ടും നിയമം നടപ്പിലാക്കാത്തതുകൊണ്ട് വയനാട്ടിലെ ഒരു ഡോക്ടറായ നല്ലതമ്പിതേര 1988 -ല്‍ ഹൈക്കോടതിയെ സമീപിച്ചു.
* 1993 ഒക്‌ടോബര്‍ 15 ന് ആറുമാസത്തിനുള്ളില്‍ നിയമം നടപ്പിലാക്കണമെന്ന് കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ആറുമാസം വച്ച് പലപ്രാവശ്യം അവധി ചോദിച്ചു. കോടതി കൊടുത്തു.
* 1975 ലെ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു.
* നിയമം നടപ്പിലാക്കാന്‍ മലയോര കര്‍ഷകര്‍ (ആദിവാസി ഭൂമി തട്ടിയെടുത്തവരും വനം കയ്യേറികളും എന്നു തിരുത്തിവായിക്കുക) നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നു കാണിച്ച് 1996 ആഗസ്റ്റ് 9-ാം തീയതി സര്‍ക്കാര്‍ കോടതിയെ സമീപിച്ചു.
* 1996 ആഗസ്റ്റ് 14. കോടതി സര്‍ക്കാര്‍ വാദം തള്ളി. സെപ്തംബര്‍ 30 ന് മുമ്പ് നിയമം നടപ്പിലാക്കണമെന്നും അതിനുള്ള സത്വരനടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവായി.
* നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനായി സര്‍ക്കാര്‍ വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കി. എന്നാല്‍ ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു.
*1996 സെപ്തംബര്‍ 23. ഗൌരിയമ്മ ഒഴിച്ചുള്ള എല്ലാ യു ഡി എഫ് -എല്‍ ഡി എഫ് എം എല്‍ എ മാരും ചേര്‍ന്ന് പുതിയ ഭേദഗതി പാസാക്കി. 1975-ലെ നിയമത്തിന്റെ അടിവേര് പോലും മുറിക്കുന്നതായിരുന്നു ഈ ഭേദഗതി. ഉദാഹരണത്തിന് 1960നും 1986 ജനുവരി 24നും ഇടയ്ക്ക് നടന്ന ആദിവാസി ഭൂമി കൈമാറ്റങ്ങളെ ഈ ഭേദഗതിയിലൂടെ സാധുവാക്കി.  
*1998 മാര്‍ച്ച്. എല്‍ ഡി എഫ്- യു ഡി എഫ് പ്രതിനിധി സംഘം ഡെല്‍ഹിയില്‍ പോയി ഈ ഭേദഗതി ബില്ലിന് അനുമതി നല്‍കണമെന്ന് പ്രസിഡണ്ട് കെ ആര്‍ നാരായണനോട് ആവിശ്യപ്പെട്ടു. എന്നാല്‍, ഭണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ 1975 ലെ നിയമം ഭേദഗതി ചെയ്യാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരമില്ലെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയത്. (അതായത്, ഗൗരിയമ്മ ഒഴിച്ചുള്ള അന്നത്തെ 139 എം.എല്‍.എ.മാരും ഭരണഘടനയെ ധിക്കരിച്ചെന്നും അങ്ങനെ ചെയ്തത് മലയോര കര്‍ഷകരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ സാധൂകരിയ്ക്കാനും എന്നാണര്‍ത്ഥം.)
* പ്രസിഡന്റിന്റെ അനുമതി എന്ന കടമ്പ മറികടക്കാന്‍ 1999-ല്‍ പുതിയ ഭേദഗതി നിയമസഭ പാസാക്കി. അതില്‍ ‘ആദിവാസി ഭൂമി’ എന്നതിനു പകരം ‘കൃഷിഭൂമി’ എന്ന് മാറ്റി. ബില്ല് ഗവര്‍ണര്‍ ഒപ്പിട്ടു.
* 2000. കേരള ഹൈക്കോടതി 1996 ലേയും 99 ലേയും ഭേദഗതി ബില്ലുകള്‍ റദ്ദു ചെയ്തു.
* ഹൈക്കോടതി ഉത്തരവ് ‘സ്റ്റേ’ ചെയ്ത് കിട്ടാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
* 2009 ജൂലൈ 21 ന് സുപ്രീംകോടതി അപ്പീല്‍ അനുസരിച്ചു. അതായത് 1975 ലെ നിയമം നടപ്പിലാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കില്ല.

അന്യാധീനപ്പെട്ട അതേഭൂമി തന്നെ തിരിച്ചുപിടിച്ചുകൊടുക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നും അതേഭൂമി തന്നെ വേണമെന്ന് വിവിധ ആദിവാസി സംഘടനകള്‍ നിര്‍ബന്ധം പിടിയ്ക്കുന്നില്ല എന്നും ഉള്ള സര്‍ക്കാരിന്റെ വാദങ്ങളാണ് സുപ്രീംകോടതി മുഖവിലയ്‌ക്കെടുത്തത്.

സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞ ആദിവാസി  സംഘടനകളില്‍ ഒന്ന് സി.കെ.ജാനു നയിയ്ക്കുന്ന ഗോത്രമഹാസഭയാണ്. അന്യാധീനപ്പെട്ട അതേ ഭൂമി തന്നെ തിരിച്ചുലഭിയ്ക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ജാനുവിനും കൂട്ടര്‍ക്കും നേരത്തെ തന്നെ മനസ്സിലായിരുന്നു. അതുകൊണ്ടാണ് കോടതിവിധിയ്ക്കു കാത്തുനില്‍ക്കാതെ ഭൂമി ആവശ്യപ്പെട്ടുകൊണ്ട് 2001 ല്‍ തന്നെ ആദിവാസികള്‍ സെക്രട്ടേറിയേറ്റുനടയില്‍  കുടില്‍കെട്ടി സമരം നടത്തിയത്. 48-ാം നാള്‍ ആവശ്യങ്ങളെല്ലാം അംഗീകരിച്ചുകൊണ്ട് ആന്റണി സര്‍ക്കാര്‍ ഗോത്രമഹാസഭയുമായി കരാര്‍ ഒപ്പുവച്ചു.

അംഗീകരിച്ച കാര്യങ്ങള്‍ നടക്കാതെ പോയതിനെ തുടര്‍ന്നാണ് 2003-ല്‍ മുത്തങ്ങ സമരം നടന്നത്. അതേ കാരണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഇപ്പോള്‍ 5 മാസത്തിലേറെ നീണ്ട നില്‍പ്പുസമരം നടത്തിയത്. അതിന്റെ ഒടുവിലാണ് ആദിവാസികള്‍ക്ക് സ്വര്‍ഗ്ഗം നേരിട്ടെത്തിച്ചുകൊടുക്കുന്ന പുതിയ പാക്കേജ്.

ചരിത്രം ആവര്‍ത്തിയ്ക്കുന്നു. ആദ്യം ദുരന്തമായും. പിന്നെ, പ്രഹസനമായും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍