UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നില്‍പ്പുസമരം വിജയത്തിലേക്ക് നില്‍പ്പു സമരം മുത്തങ്ങയിലും

Avatar

രാകേഷ് നായര്‍

സെക്രട്ടറിയേറ്റിന് മുന്നില്‍ ആദിവാസികള്‍ നടത്തിവരുന്ന നില്‍പ്പുസമരം വിജയത്തിലേക്കെന്ന് സൂചന. സമരത്തിന്റെ  78-ആം ദിവസമായ ഇന്നലെ വൈകിട്ട് നാലു മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആദിവാസി ഗോത്ര മഹാസഭ പ്രതിനിധികളുമായി നടന്ന ചര്‍ച്ച ഭാഗികമായി വിജയമായിരുന്നുവെന്ന് ഗോത്രമഹാസഭ അധ്യക്ഷ സി കെ ജാനു പറഞ്ഞു. “എന്നാല്‍ സമരം നിര്‍ത്തണമെന്ന സര്‍ക്കാര്‍ ആവശ്യം തങ്ങള്‍ സ്വീകരിക്കില്ലെന്നും തങ്ങള്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ക്കുമേല്‍ നടപടികള്‍ തുടങ്ങിയതായി ബോധ്യപ്പെട്ടതിനുശേഷം സമരം അവസാനിപ്പിക്കാമെന്നുമാണ് സര്‍ക്കാരിനോട് പറഞ്ഞത്”, ജാനു കൂട്ടിച്ചേര്‍ത്തു.

നിലവില്‍ നടപടി സ്വീകരിക്കേണ്ട ആവശ്യങ്ങളോട് സര്‍ക്കാര്‍ അടിയന്തര സമീപനം കൈക്കൊള്ളുമെന്നാണ് ചര്‍ച്ചയില്‍ ആദിവാസികള്‍ക്ക് നല്‍കിയ ഉറപ്പ്. എന്നാല്‍ ഈ കാര്യങ്ങളില്‍ ഒരു രാഷ്ട്രീയ പ്രഖ്യാപനം നടത്താന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു. ആദിവാസികള്‍ മുഖ്യമന്ത്രിയെ ഈ കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും ക്യാബിനറ്റ് കൂടിയിട്ടെ അത്തരമൊരു നീക്കം സാധ്യമാകൂ എന്നാണ് ഉമ്മന്‍ ചാണ്ടി അറിയിച്ചത്. അടുത്തമാസം എട്ടിന് നടക്കുന്ന ക്യാബിനറ്റില്‍ ആദിവാസി വിഷയം ഗൗരവപൂര്‍ണ്ണമായി ചര്‍ച്ച ചെയ്യുമെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ആദിവാസികള്‍ക്ക് കിട്ടിയിരിക്കുന്ന ഉറപ്പ്. ചര്‍ച്ചയില്‍ പങ്കെടുത്ത പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി ജയലക്ഷ്മിയും സമരം അവസാനിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. ആദിവാസി വിഷയങ്ങളില്‍ ഗവണ്‍മെന്റ് ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിയെന്ന് മന്ത്രി സമരസമതി നേതാക്കളെ അറിയിച്ചു. എന്നാല്‍ വെറും വാക്കുകളുടെ പുറത്ത് സമരം നിര്‍ത്തിയാല്‍ ആത്മവഞ്ചനയാകുമെന്നാണ് നേതാക്കള്‍ പ്രതികരിച്ചത്.

“ആദിവാസികള്‍ക്കായി പ്രത്യേക പട്ടികവര്‍ഗ്ഗ മേഖല പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാരിന്റെ പുതിയ വാഗ്ദാനം. ആദിവാസി പുനരധിവാസത്തിന് ഏറെ ഗുണകരമായ ഒരു പ്രഖ്യാപനമാണെങ്കിലും ഇതിനായി ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തു നിന്ന് തുടങ്ങിയതായി പറയുന്നില്ല. അതിനാല്‍ പ്രത്യേക പട്ടികവര്‍ഗ്ഗ മേഖല മറ്റൊരു മോഹന വാഗ്ദാനം മാത്രമാകുമോ എന്നാണ് തങ്ങള്‍ ഭയക്കുന്നത്”, ചര്‍ച്ചയില്‍ പങ്കെടുത്ത സമരസമിതി നേതാവ് സുരേഷ് മുട്ടുമാറ്റി സംശയം പ്രകടിപ്പിച്ചു. ആദിവാസി സമരത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ആറളത്തെ പൈനാപപ്പിള്‍ കൃഷി നിര്‍ത്തലാക്കുക എന്നത്. ഈ വിഷയില്‍ പെട്ടെന്നൊരു നടപടി കൈക്കൊള്ളാന്‍ ബുദ്ധിമുട്ടാണെന്നാണ് ഗവണ്‍മെന്റ് ഭാഗത്ത് നിന്ന് വന്ന മറുപടി. കൈതച്ചക്ക കൃഷിക്കുള്ള കരാര്‍ ഒരു വര്‍ഷം കൂടി നിലനില്‍ക്കുന്നതാണ്. അതിനാല്‍ നിലവിലുള്ള കൃഷിക്കാരെ പെട്ടെന്ന് അവിടെ നിന്ന് ഒഴിപ്പിക്കാനാവില്ല. പാട്ടക്കരാര്‍ കഴിയുന്ന മുറയ്ക്ക് ആദിവാസികള്‍ക്കനുകൂലമായ നടപടികള്‍ സ്വീകരിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി സുരേഷ് പറഞ്ഞു. അതേപോലെ ആറളത്തെ റോഡ്, വൈദ്യുതി, വീട് എന്നിവയുടെ പുനരുദ്ധാരണത്തിനായി നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനായി ഒരു സ്‌പെഷല്‍ ഒഫിസറെ നിയോഗിച്ചിട്ടുമുണ്ട്. ഈ നടപടിയെ സമരസമിതി സ്വാഗതം ചെയ്തതായും സുരേഷ് അറിയിച്ചു.

മുത്തങ്ങ വെടിവപ്പുമായി ബന്ധപ്പെട്ട് 40 കുട്ടികളാണ് കേസില്‍ പെട്ടിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഈ കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. എന്നാല്‍ 51 കുട്ടികളുടെമേല്‍ കേസ് എടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കണക്കിന് പുറത്തു നില്‍ക്കുന്നവരെ കൂടി നഷ്ടപരിഹാര ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള സമരനേതാക്കളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. വയനാട്ടില്‍ 1,200 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്നതിനായി കണ്ടുവച്ചിട്ടുണ്ടെന്നും മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത വീടുകളില്ലാത്ത 447 പേര്‍ക്ക് ഇതില്‍ നിന്ന് ഒരേക്കര്‍ ഭൂമിയും രണ്ടരലക്ഷം രൂപ ഭവനനിര്‍മ്മാണ സഹായത്തുകയായി നല്‍കുമെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. മുത്തങ്ങ സമരത്തില്‍ 600 ലേറെപ്പേര്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും അതില്‍ കുറച്ചുപേര്‍ക്ക് സ്വന്തമായി ഭൂമിയുണ്ടെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.

ഇതേ പോലെ തന്നെ അട്ടപ്പാടിയില്‍ ആദിവാസി പുനരുദ്ധാരണത്തിന് ഭൂമി കണ്ടെത്തും. ഈ ഭൂമി കണ്ടെത്തുന്നതിനായി സബ് കളക്ടറുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ സജ്ജമാക്കും. ആദിവാസി ഗോത്രമഹാസഭയുടെ ഒരു പ്രതിനിധിയേയും ഈ സംഘത്തില്‍ ഉള്‍പ്പെടുത്തും. വാസയോഗ്യമായ ഭൂമി ഏതെന്ന് കണ്ടെത്തുകയാണ് ഈ സംഘത്തിന്റെ ചുമതല. സമരങ്ങളുമായി ബന്ധപ്പെട്ട് ആദിവാസികള്‍ക്കുമേലുള്ള കേസുകള്‍ പിന്‍വലിക്കാനും നടപടികള്‍ സ്വീകരിക്കുമെന്ന് ഗവണ്‍മെന്റ് ഉറപ്പു നല്‍കിയതായി സുരഷ് പറഞ്ഞു.

ഇന്നലെ നടന്ന ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നുവന്ന തീരുമാനങ്ങള്‍ ഇവയായിരുന്നു. ഗവണ്‍മെന്റ് നിലപാട് ആശാവഹമെങ്കിലും പൂര്‍ണ്ണമായി ആദിവാസികളുടെ വിശ്വാസം നേടിയെടുക്കുന്നതല്ലെന്ന് സി കെ ജാനു പറഞ്ഞു. 2001 ല്‍ ഉണ്ടാക്കിയ കരാര്‍ ഇതുവരെ നടപ്പില്‍ വരുത്താതിനാലാണ് ആദിവാസികള്‍ ഇന്നീ സമരം ചെയ്യേണ്ടി വരുന്നത്. അത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ രണ്ടുമാസത്തിനുള്ളില്‍ ആദിവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുമെന്ന് പറയുന്നതിലെ അയുക്തി മസ്സിലാക്കാവുന്നതെയുള്ളൂവെന്നാണ് അവര്‍ പ്രതികരിച്ചത്. 

“സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വാക്കുപറച്ചിലുകള്‍ മാത്രം കേട്ട് പിന്‍തിരിഞ്ഞുപോകാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. സമരത്തിന് ഫലം കാണണമെങ്കില്‍ നടപടികള്‍ തുടങ്ങണം. അതിന് സര്‍ക്കാര്‍ തയ്യാറാകുമ്പോഴെ അവരുടെ വാക്ക് ഞങ്ങള്‍ കേള്‍ക്കൂ. അടുത്തമാസം കൂടുന്ന കാബിനെറ്റിലാണ് ഇനി ശ്രദ്ധ. അന്ന് ആദിവാസിപ്രശ്‌നങ്ങള്‍ക്കുമേല്‍ ഒരു രാഷട്രീയ പ്രഖ്യാപനം ഉണ്ടാകുമെന്ന് വിശ്വസിക്കാം. അതിനവര്‍ തയ്യാറാകുന്നില്ലെങ്കില്‍ ഈ സമരം ശക്തമായി തന്നെ മുന്നോട്ട് പോകും”, സി കെ ജാനു വ്യക്തമാക്കി.

രാംദാസ് എം കെ

സംസ്ഥാന ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ ആദിവാസി ഗോത്രമഹാസഭ നടത്തുന്ന നില്‍പ്പു സമരത്തിന്റെ ഭാഗമായി മുത്തങ്ങയില്‍ നടന്ന പ്രതിഷേധം മുത്തങ്ങയെ വീണ്ടും സമരകേന്ദ്രമാക്കിമാറ്റി. വാക്കു പാലിക്കുന്നത് ജനാധിപത്യമര്യാദയാണ് എന്ന നില്‍പ്പുസമരത്തിന്റെ സന്ദേശം പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനാണ് ഗോത്രമഹാസഭ ശ്രമിച്ചത്.

2003 ഫെബ്രുവരി 19ന് മുത്തങ്ങ വനത്തില്‍ അരങ്ങേറിയ ക്രൂര പീഢനം ആദിവാസികളുടെ ശൗര്യം ശമിപ്പിച്ചില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് നില്‍പ്പുസമരത്തിന്റെ വയനാടന്‍ പതിപ്പ്. മുത്തങ്ങ രക്തസാക്ഷി ജോഗിയുടെ സ്മാരകത്തിന് മുന്നില്‍ ഗോത്രപൂജയോടെ ആരംഭിച്ച പ്രതിഷേധപരിപാടി ഗോത്രമഹാസഭ അധ്യക്ഷ സി.കെ ജാനുവാണ് ഉദ്ഘാടനം ചെയ്തത്. ആദിവാസികളോടുള്ള അവഗണനയും വഞ്ചനയും ഇനിയും തുടരാനാവില്ലെന്ന മുനന്നറിയപ്പാണ് ഗോത്രമഹാസഭ നേതാക്കളായ സി കെ ജാനുവും എം ഗീതാനന്ദനും പ്രസംഗങ്ങളിലൂടെ നല്‍കിയത്. മുത്തങ്ങ സമരത്തില്‍ പങ്കാളികളായതിന്റെ പേരില്‍ സി ബി ഐ കോടതി നടപടികള്‍ നേരിടുന്നവരുടെ പങ്കാളിത്തം മുത്തങ്ങയിലെ നില്‍പ്പുസമരത്തെ ശ്രദ്ധേയമാക്കി.

ആദിവാസികളുടെ സ്വാതന്ത്ര്യ പോരാട്ടവീര്യത്തിന്റെ പ്രതീകമാണ് മുത്തങ്ങയെന്ന് തെളിയിക്കുന്നതായിരുന്നു മുത്തങ്ങയിലെ നില്‍പ്പുസമരം. വാര്‍ധക്യവും അവശതയും അസൗകര്യവും മറന്നാണ് ആദിവാസികള്‍ മുത്തങ്ങയിലെത്തിയത്. വന്‍ പോലീസ് സംഘവും വനപാലകരുടെ നീണ്ട നിരയും ആദിവാസി സമരത്തെ സംസ്ഥാന സര്‍ക്കാര്‍ എങ്ങിനെ കാണുന്നുവെന്ന് വ്യക്തമാക്കുന്നു.

സെക്രട്ടറിയേറ്റിനു മുന്നിലെ നില്‍പ്പുസമരത്തിന് ലഭിക്കുന്ന സ്വീകാര്യതയുടെ പ്രതിഫലനം കൂടിയാണ് മുത്തങ്ങയില്‍ ദൃശ്യമായത്. വലിയ പ്രചാരണങ്ങളോ ഒരുക്കങ്ങളോ ഇല്ലാതെ സംഘടിപ്പിച്ച സമരത്തില്‍ ആദിവാസികള്‍ എത്തിയത് അറുപതും എഴുപതും കിലോമീറ്ററുകള്‍ക്ക് അകലെ നിന്നാണ്.

അറുപതു ദിവസം കഴിഞ്ഞ നില്‍പ്പുസമരം അവസാനം കാണാതെ തുടരുന്നതിനിടെയാണ് മുത്തങ്ങയില്‍ സമരത്തിന്റെ ചെറുപതിപ്പ് അരങ്ങേറുന്നത്. നില്‍പ്പുസമരകാരണമായി ആദിവാസി ഗോത്രമഹാസഭ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന് മുത്തങ്ങ പാക്കേജിന്റെ പൂര്‍ത്തീകരണമാണ്. മുത്തങ്ങയില്‍ നിന്ന് ബലംപ്രയോഗിച്ച് കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം ഭരണകൂടം ഉറപ്പുനല്‍കിയതാണ്. ഭൂമിയും നഷ്ടപരിഹാരവും ഉള്‍പ്പെട്ടതാണ് മുത്തങ്ങ പാക്കേജ്. ഈക്കാര്യത്തില്‍ ചെറുവിരലനക്കം ഇതുവരെ ഉണ്ടായിട്ടില്ല. പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി ഈയടുത്തിറക്കിയ പത്രക്കുറിപ്പ് മാത്രമാണ് പാക്കേജിന്റെ ഭാഗമായി ഇതുവരെ നടന്നത്. മുത്തങ്ങ പുനരധിവാസവും നഷ്ടപരിഹാര നിശ്ചയിക്കലും നിര്‍വഹിക്കാന്‍ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നതുകൊണ്ട് സമരം പിന്‍വലിക്കണമെന്നാണ് മന്ത്രിയുടെ പത്രക്കുറിപ്പിന്റെ കാതല്‍.

ബെസ്റ്റ് ഓഫ് അഴിമുഖം 

നില്‍പ്പുസമരം: ചര്‍ച്ച പരാജയം
നിങ്ങളൊരുത്തരം തന്നേ പറ്റൂ- ഗീതാനന്ദന്‍ സംസാരിക്കുന്നു
ഇനിയും ഇവരെ മഴയത്തും വെയിലത്തും നിര്‍ത്തണോ?-നില്‍പ്പുസമര വേദിയില്‍ സാറാ ജോസഫ്
ജയലക്ഷ്മിയല്ല, മത്സരിക്കേണ്ടിയിരുന്നത് ഞാന്‍- സി കെ ജാനു തുറന്നടിക്കുന്നു
ഒരു പിടി മണ്ണിന് വേണ്ടി നില്‍ക്കുകയാണവര്‍- നില്‍പ്പ് സമരത്തിലെ ജീവിതങ്ങളിലൂടെ

1996 ലെ പഞ്ചായത്തീരാജ് നിയമത്തില്‍പ്പെടുന്ന പട്ടിക വര്‍ഗ്ഗ സ്വയംഭരണ മേഖല പ്രഖ്യാപിക്കണമെന്ന് ആവശ്യം പട്ടികവര്‍ഗ്ഗ വകുപ്പ് പാഠപുസ്തകത്തിന്റെ ഒരധ്യായം മാത്രമാണ് ഇപ്പോഴും. ചത്തീസ്ഗഢിലും ഒറീസയിലും മധ്യപ്രദേശിലും നടപ്പാക്കിയ സമ്പ്രദായം അംഗീകരിക്കാന്‍ സംസ്ഥാന പട്ടിക വര്‍ഗ്ഗ വകുപ്പിന് ഇപ്പോഴും വൈമുഖ്യമാണ്. മുഖ്യമന്ത്രിയുടെ മുന്നില്‍ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടുവെന്നല്ലാതെ ഇനിയും തുടക്കമായിട്ടില്ല.

പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ അവഗണനയാണ് നില്‍പ്പുസമരം അനന്തമായി നീളുന്നതിനുള്ള പ്രധാന കാരണം. പൊതുസമൂഹത്തില്‍ നിന്ന് തദ്ദേശീയ ജനതപ്രതീക്ഷിക്കുന്ന നീതിയാണ് സമരത്തിന്റെ മുദ്രാവാക്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. ആദിവാസികള്‍ ഉന്നയിച്ച തീര്‍ത്തും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനു ശ്രമിക്കാതെ സമരം പിന്‍വലിക്കണമെന്ന നിര്‍ദ്ദശം മുന്നോട്ടുവയ്ക്കുകയാണ് പട്ടികജാതി വര്‍ഗ്ഗ വകുപ്പ് മന്ത്രിയും. ഭൂമിയാവിശ്യപ്പെട്ട് സിപി ഐ (എം) നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതി വയനാട് കളക്ടറേറ്റിനു മുന്നില്‍ നടത്തിയ അനിശ്ചിതകാല ഉപരോധം അവസാനിപ്പിക്കാന്‍ വകുപ്പ് മന്ത്രി കാണിച്ച താല്‍പര്യം നില്‍പ്പുസമരത്തിനോടുണ്ടായില്ല. ഭൂമിയും പുനരധിവാസവും ആവശ്യപ്പെട്ടാണ് ആദിവാസി ക്ഷേമസമിതിയും സമരരംഗത്തിറങ്ങിയെന്നതും ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍