UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വന്തം പേരില്‍ ആദിവാസി കോളനിയുള്ള മുഖ്യമന്ത്രി അറിയാന്‍, അവര്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 75 ദിവസം

Avatar

രാകേഷ് നായര്‍

നമ്മുടെ മുഖ്യമന്ത്രിയുടെ നേട്ടങ്ങളെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ വല്ലാതെ വാചാലനായിപ്പോകും! അത് ബോറാകുമെന്നറിയാവുന്നതുകൊണ്ട് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ കിരീടത്തില്‍ ചാര്‍ത്തികിട്ടിയ ഒരു തൂവലിനെക്കുറിച്ച് മാത്രം പരാമര്‍ശിക്കുന്നു. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും കിട്ടാത്തൊരു സൗഭാഗ്യമാണ് ഉമ്മന്‍ ചാണ്ടിക്കുള്ളത്; സ്വന്തം പേരിലൊരു ആദിവാസി കോളനി! 1976ല്‍ ഇടുക്കിയിലെ കഞ്ഞിക്കുഴിക്ക് സമീപം സ്ഥാപിച്ച ആ കോളനിയില്‍ കഴിഞ്ഞ ദിവസം എത്തിയ ഉമ്മന്‍ ചാണ്ടിയെ കോളനിക്കാര്‍ ഏലയ്ക്കാ മാലയിട്ടാണ് സ്വീകരിച്ചത്. ഉമ്മന്‍ ചാണ്ടി കോളനിനിവാസികളുടെ പരാതികളെല്ലാം കേട്ട ഉമ്മന്‍ ചാണ്ടി വേണ്ടതെല്ലാം ഉടനടി ചെയ്യാന്‍ തന്റെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. തീര്‍ന്നില്ല, ഈ കോളനിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയും അനുവദിച്ചു. അതാണ് മുഖ്യന്‍!

തിരുവനന്തപുരത്ത് നിന്ന് ആളും ആരവവുമായി മുഖ്യമന്ത്രി വണ്ടിയിറങ്ങിയ അതേ ദിവസം തന്നെ ഇടുക്കിയില്‍ നിന്ന്  കുറച്ചുപേര്‍ ഇങ്ങ് തിരുവനന്തപുരത്തേക്കും വന്നിരുന്നു. അവര്‍ വന്നിറങ്ങിയത് കൃത്യമായി മുഖ്യന്റെ മൂക്കിന്‍ കീഴില്‍ തന്നെയായിരുന്നു; സെക്രട്ടറിയേറ്റിനു മുന്നില്‍. തങ്ങളുടെ ദൈവത്തെ മാലയിട്ട് സ്വീകരിച്ച (ഒരു പത്രവാര്‍ത്തയിലെ പ്രയോഗമാണ്) ആദിവാസികളെപ്പോലെ അവരത്ര ഭാഗ്യവാന്മാര്‍ ആയിരുന്നില്ല. മേല്‍പ്പറഞ്ഞ ദൈവത്തിന്റെ അനുഗ്രഹം അവരില്‍ ചൊരിയപ്പെട്ടിരുന്നില്ല. കാട്ടാനയിറങ്ങുന്ന, കരിമ്പാറകൂട്ടങ്ങള്‍ നിറഞ്ഞ ‘യോഗ്യമായ’ സ്ഥലത്ത് താമസിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു അവര്‍. പട്ടയം കിട്ടിയ ഭൂമിയില്‍ ഒരു കൂര ഉണ്ടാക്കി കിടക്കാന്‍ കഴിയാതെ ഭയത്തിന്റെ ആനക്കാലുകള്‍ തലയ്ക്കുമുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കുറേ ആദിവാസികള്‍. അവര്‍ എത്തിയ തിരുവനന്തപുരത്തും കുറെ ആദിവാസികള്‍ നില്‍ക്കുന്നുണ്ട്. ആ നില്‍പ്പിന് ഇന്ന് 75 ദിവസം തികയും. ഈ വൈരുദ്ധ്യമാണ് മുഖ്യമന്ത്രി സംശയങ്ങളുണ്ടാക്കുന്നത്. അങ്ങ് ആരുടെയൊക്കെ മുഖ്യമന്ത്രിയാണ്? ആറളത്തെയും മുത്തങ്ങയിലേയുമൊന്നും ആദിവാസികള്‍ അങ്ങയുടെ കീഴില്‍ വരുന്ന ജനങ്ങളല്ലേ? അതോ അവര്‍ ജനങ്ങളേയല്ല എന്നാണോ?

നിഷ്‌കളങ്കമായി ചിരിക്കാനല്ലാതെ മറ്റൊന്നും അറിയാത്ത ഒരു പാവം മന്ത്രിയെ സാരിയുടുത്ത ഗീബല്‍സാകാന്‍ ആരാണ് നിര്‍ബന്ധിച്ചത്? നില്‍പ്പു സമരനേതാക്കളുമായി നടത്തിയ ചര്‍ച്ച വിജയമാണെന്നും സമരം അവസാനിപ്പിക്കുമെന്നും മന്ത്രി ജയലക്ഷ്മി പറഞ്ഞത് അവരുടെ തന്ത്രമാകില്ല. പക്ഷേ, ബഹുമാനപ്പെട്ട ഏക വനിതാമന്ത്രി ഒന്നോര്‍ക്കണമായിരുന്നു. മാഡം ഇരിക്കുന്നിടത്തുനിന്ന് നീട്ടിവിളിച്ചാല്‍ കേള്‍ക്കാവുന്ന അകലത്തില്‍ കഴിഞ്ഞ രണ്ടുമാസത്തോളമായി അവകാശങ്ങള്‍ക്കായി നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ അങ്ങയുടെ അയല്‍വക്കക്കാരും കൂട്ടുകാരുമൊക്കെ ഉണ്ടെന്ന്. അവരെ ഇനിയും കാണേണ്ടതാണെന്ന്. എണ്ണപ്പെട്ട മന്ത്രിദിനങ്ങള്‍ക്കപ്പുറം അങ്ങും അവരിലൊരാള്‍ മാത്രമാകുമെന്നും. ഇതൊന്നും മന്ത്രി ഓര്‍ക്കാഞ്ഞിട്ടാകില്ലെന്ന് അറിയാം. പക്ഷെ, നിസ്സഹായതയുടെ ചുവപ്പുനാട നാവിലും കൈകളിലും ചുറ്റിക്കെട്ടിയിരിക്കുമ്പോള്‍ മന്ത്രിക്ക് ഇതിനപ്പുറം എന്ത് ചെയ്യാനാകും? സ്വന്തം വംശത്തോട് സ്‌നേഹമുണ്ടെങ്കില്‍, താനും അവരിലൊരാളാണെന്ന ഓര്‍മ്മയുണ്ടെങ്കില്‍ സി കെ ജാനു ചോദിച്ചപ്പോലെ; നാണം കെട്ട് കിടക്കുന്നതിനെക്കാളും നല്ലത് രാജിവച്ച് പോരുന്നതല്ലേ?

2001 ല്‍ ബഹുമാനപ്പെട്ട എ കെ ആന്റണി തയ്യാറാക്കിയ ഒരു പക്കേജിനെക്കുറിച്ച് ഇനിയും പറയുന്നതിന് നാണക്കേടുണ്ട്. അതൊരു ക്ലീഷേ ആയിരിക്കുന്നു. ചോദ്യമതല്ല, 13 വര്‍ഷങ്ങള്‍ ക്കഴിഞ്ഞില്ലേ അത്തരമൊരു സംഗതി തയ്യാറാക്കിയിട്ട്. ഇനിയുമതിന്‍മേല്‍ എന്താണ് ഭരണാധികാരികളെ നിങ്ങള്‍ക്ക് പഠിക്കാനുള്ളത്? കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയിലും നിങ്ങള്‍ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ആദിവാസി നേതാക്കളോട് പറഞ്ഞത്; പഠിക്കട്ടെ എന്നാണല്ലോ!  ഈ പഠിത്തം ഇങ്ങിനെ മുന്നോട്ട് പോയാല്‍ ഒരേക്കറൊന്നും ആദിവാസികള്‍ക്ക് കൊടുക്കേണ്ടി വരില്ല. ആറടി മണ്ണ് മതിയാകും. ഒരപേക്ഷയുണ്ട്; ഏതെങ്കിലും കൈതച്ചക്കതോട്ടത്തിനിടയില്‍ അതു കണ്ടെത്തരുത്. ഒന്നുചീഞ്ഞാല്‍ മറ്റൊന്നിനു വളം എന്നാണല്ലോ നിങ്ങളുടെ പോളിസി.

ആദിവാസികള്‍ക്ക് എല്ലാം കൊടുക്കുന്നു എന്നാണല്ലോ സര്‍ക്കാരിന്റെ വാദം. ഒരു ദിവസം സെക്രട്ടറിയേറ്റ് വിട്ട് ഒന്നു പുറത്തേക്ക് ഇറങ്ങി അവിടെ നില്‍ക്കുന്ന ആദിവാസികളോട് സംസാരിക്കാന്‍ തയ്യാറാകണം. അവര്‍ പറയുന്നത് കേള്‍ക്കണം. ആ കുട്ടത്തിലുള്ള പലരുടെയും പ്രിയപ്പെട്ടവര്‍ മരണമടഞ്ഞത് മഞ്ഞപ്പിത്തവും പട്ടിണിയും കൊണ്ടാണ്. കൈതച്ചക്ക തോട്ടങ്ങളില്‍ ലക്ഷ്യമാക്കി വരുന്ന കാട്ടാനകള്‍ ജീവനെടുത്ത ആദിവാസികളുടെ കണക്ക് അവര്‍ പറഞ്ഞുതരും. മുഖ്യമന്ത്രി സ്വന്തം ഈരുകാര്‍ക്ക് കൊടുക്കുന്ന(?) തുകയോളം വേണ്ടി വരില്ലല്ലോ ആറളത്തൊരു കമ്പിവേലി നിര്‍മ്മിക്കാന്‍. അവിടെയുള്ള പാവങ്ങള്‍ക്ക് ആനപ്പേടിയില്ലാതെ കിടന്നുറങ്ങാന്‍ കഴിയും. ഈ പരാതികളെല്ലാം എത്രയോവട്ടം പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇനിയുമിത് ആവര്‍ത്തിക്കുമ്പോള്‍ സ്വയം നാണം തോന്നുന്നു. എല്ലാവര്‍ക്കും ഒരേ തൊലിക്കട്ടിയല്ലല്ലോ.

ബെസ്റ്റ് ഓഫ് അഴിമുഖം 

നില്‍പ്പു സമരം മുത്തങ്ങയിലും
വിജയിച്ച കളക്ട്രേറ്റ് പിടിച്ചടക്കലും വിജയിക്കാത്ത നില്‍പ്പു സമരവും
നില്‍പ്പുസമരം: ചര്‍ച്ച പരാജയം
ഇനിയും ഇവരെ മഴയത്തും വെയിലത്തും നിര്‍ത്തണോ?-നില്‍പ്പുസമര വേദിയില്‍ സാറാ ജോസഫ്
ജയലക്ഷ്മിയല്ല, മത്സരിക്കേണ്ടിയിരുന്നത് ഞാന്‍- സി കെ ജാനു തുറന്നടിക്കുന്നു

ആറളത്ത് ഒരേക്കര്‍ ഭൂമി വീതം പട്ടയം കൊടുത്തവരുടെ സ്ഥിതി അറിഞ്ഞു കാണുമല്ലോ. കിട്ടിയ ഭൂമിയില്‍ ഒരു കുടില്‍ കെട്ടി കിടക്കാന്‍ മാത്രമാണ് ആ പാവങ്ങള്‍ക്ക് അനുവാദമുള്ളത്. ബാക്കി സ്ഥലം മുഴുവന്‍ കൈതച്ചക്ക കൃഷിക്കാര്‍ കയ്യേറിയിരിക്കുന്നു. 

ഇനിയും ആദിവാസികള്‍ സഹിക്കുമെന്ന വിശ്വാസം തെറ്റാന്‍ സാധ്യതയുണ്ട്. ആറളത്ത് ബൃഹത്തായൊരു മീറ്റിംഗ് വിളിച്ചു ചേര്‍ക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് ആദിവാസി ഗോത്രമഹാസഭ. ഇക്കാലത്തിനിടയില്‍ ഗോത്രമഹാസഭ ആര്‍ജ്ജിച്ചെടുത്ത സാമൂഹികപിന്തുണ അവരെ തുണച്ചാല്‍ ആറളത്ത് ഒരു വലിയ ജനസഞ്ചയം രൂപപ്പെടും. അവിടെ നിന്നുയരുന്ന മുദ്രാവാക്യങ്ങള്‍ പലതും തട്ടിത്തെറിപ്പിക്കാന്‍ ശക്തിയുള്ളതായിരിക്കും. ഇനിയും മുത്തങ്ങകള്‍ ആവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ശുഭപ്രതീക്ഷകള്‍ നല്‍കുമെങ്കിലും ഒരു തുള്ളിച്ചോരപോലും വീഴാന്‍ ആഗ്രഹിക്കാത്ത ബഹുഭൂരിപക്ഷത്തിന്റെ എതിര്‍പ്പായിരിക്കും സര്‍ക്കാര്‍ നേരിടേണ്ടി വരുന്നത്. പൊതുസമൂഹം ആദിവാസികളോട് കൂടുതല്‍ അടുക്കുന്നതിന്റെ തെളിവാണ് നില്‍പ്പുസമര പന്തലില്‍ ദിവസേന എത്തുന്ന വ്യക്ത്വിത്വങ്ങള്‍. അവരില്‍ സിനിമാക്കാരുണ്ട്, സാഹിത്യകാരന്മാരുണ്ട്, രാഷ്ട്രീയക്കാരുമുണ്ട്. വിവിധമേഖലകളില്‍ പ്രഗത്ഭരും ജനത്തെ സ്വാധീനിക്കാന്‍ കഴിവുള്ളവരുമായ പലരുടെയും ഐക്യദാര്‍ഢ്യം ആദിവാസിക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് മറക്കരുത്. വയനാട്ടിലെ ഏക്കറുകണക്കിന് ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന രാഷ്ട്രീയ വമ്പന്‍ ചെല്ലും ചെലവും കൊടുക്കുന്ന പത്രത്തില്‍ കൂലിക്കാര്‍ പരിഹാസലേഖനം എഴുതിയാലൊന്നും ജനപങ്കാളിത്തത്തെ മറച്ചുവയ്ക്കാന്‍ സാധിക്കില്ല.

ന്യായമായ അവകാശമാണ് ആദിവാസികള്‍ക്കുള്ളത്. അതനുവദിക്കുകയെന്നത് നിങ്ങളുടെ ദയയല്ല, കടമയാണ്. അതിന് തയ്യാറാകാതെ മഴയും വെയിലും കൊള്ളിച്ച് ഇവരെ ഇങ്ങിനെ നിര്‍ത്തുമ്പോള്‍ ഒന്നോര്‍ക്കണം ഒരു ദിവസം നിങ്ങളും ഇവരുടെ മുന്നില്‍ നില്‍ക്കേണ്ടി വരും. അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ വിയര്‍ക്കേണ്ടി വരും.

കേവലം ഒരു ആദിവാസി ഊരിന്റെയല്ല, ഈ നാടിന്റെ മുഴുവന് ദൈവമാകേണ്ടവനാണ് മിസ്റ്റര്‍ മുഖ്യമന്ത്രി താങ്കള്‍. നിങ്ങളെ പൂമാലയിട്ട് സ്വീകരിക്കാനും നിങ്ങള്‍ക്ക് മുന്നില്‍ പാട്ടുപാടാനു നൃത്തം വയ്ക്കാനുമൊക്കെ മറ്റുള്ളവരും തയ്യാറാണ്. എന്നാല്‍ അതിനുള്ള അവസരം അങ്ങ് ബോധപൂര്‍വ്വം നിഷേധിക്കുകയാണ്. ആദിവാസികള്‍ ചോദിക്കുന്നതു തന്നെ ഒന്ന് ആവര്‍ത്തിച്ചോട്ടെ- വാക്ക് പാലിക്കുന്നത് ജനാധിപത്യമര്യാദയല്ലേ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍