UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനിയും ഇവരെ മഴയത്തും വെയിലത്തും നിര്‍ത്തണോ?-നില്‍പ്പുസമര വേദിയില്‍ സാറാ ജോസഫ്

Avatar

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്‍പില്‍ ആദിവാസികള്‍ നടത്തുന്ന നില്‍പ്പുസമര വേദിയിലെത്തിയ പ്രശസ്ത സാഹിത്യകാരി സാറാ ജോസഫ് അഴിമുഖം പ്രതിനിധി രാകേഷ് നായരോട് സംസാരിക്കുന്നു.

ഒരു പുല്ലിന് അതിന്റെ അവകാശമണ്ണുണ്ട്, ആദിവാസിക്ക് അതുപോലുമില്ല- സി കെ ജാനുവിന്റെ ഈ വാക്കുകള്‍ പൊതുസമൂഹത്തോടും ഭരണകൂടത്തോടുമുള്ള ആദിവാസികളുടെ സങ്കട ഹര്‍ജിയാണ്. ഇനിയും വിധി പ്രസ്താവിക്കാതെ ആ പരാതി നമ്മള്‍ സൗകര്യപൂര്‍വം അവഗണിക്കുകയാണ്. അമ്പത് ദിവസം പിന്നിടുന്ന നില്‍പ്പു സമരത്തിന്റെ നടുവില്‍ നില്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുകയാണ്, ഇത്രയേറെ അവഗണിക്കപ്പെട്ടൊരു ജനത മറ്റൊന്നുണ്ടോ?  സെക്രട്ടേറിയേറ്റിന്റെ മുന്നിലാണ് ഈ സമരം.എന്നിട്ടും സര്‍ക്കാര്‍ ഇവരെ ശ്രദ്ധിക്കുന്നില്ല. ഭരണകൂടം മാത്രമോ, പൊതുസമൂഹവും ഇവരെ വേണ്ടത്ര ഉള്‍ക്കൊണ്ടിട്ടുണ്ടോ?

ജാതീയത നമുക്കിടയിലുണ്ട്
എന്തുകൊണ്ട് സിവില്‍ സൊസൈറ്റിയും ഭരണകൂടവും ആദിവാസികള്‍ക്കു മുമ്പില്‍ മുഖം തിരിക്കുന്നത്. ജാതീയത ഇതിനൊരു കാരണമാണ്. ജാതി ചിന്തകള്‍ ഇല്ലാതാക്കി എന്നു പറയുന്നത് വെറുതെയാണ്. ഇപ്പോഴും നല്ലതുപോലെ അമര്‍ത്തി മാന്തിയാല്‍ എല്ലാവരുടെയും ഉള്ളില്‍ ജാതിയുണ്ട്. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കണമെങ്കില്‍ രാഷ്ട്രീയക്കാരുടെയും സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന്റെയും സവര്‍ണ മനോഭാവം ഇല്ലാതാകണം. അഴിമതിയും സ്വകാര്യ താല്‍പര്യവും സംരക്ഷിക്കുന്നവരാണ് രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥവൃന്ദത്തിലുമുള്ളത്. അതുകൊണ്ടാണ് കൈയേറ്റക്കാരും മുതലാളിമാരും ഇവിടെ വിരാജിക്കുന്നത്. ആദിവാസികളെപ്പോലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കൂടെ ആരും നില്‍ക്കുന്നില്ല.

ജനങ്ങളെ എതിര്‍ക്കുന്ന ജനായത്ത സര്‍ക്കാരുകള്‍
ഭരണകൂടം ആരുടെ കൂടെ നില്‍ക്കുന്നു എന്നത് കേരളത്തില്‍ നടന്നിട്ടുള്ള ജനകീയസമരങ്ങളിലൂടെ വ്യക്തമായിട്ടുള്ളതാണ്. പ്ലാച്ചിമടയിലും കാതികൂടത്തുമെല്ലാം ജനങ്ങളുടെ പക്ഷത്തല്ല, ജനം ആര്‍ക്കെതിരെ പോരാടിയോ അവരുടെ കൂടെ നില്‍ക്കാനാണ് അധികാരികള്‍ ശ്രമിച്ചത്. ജനാധിപത്യ വ്യവസ്ഥിതിയിലെ ഭരണകൂടങ്ങള്‍ ജനങ്ങളെ തന്നെ എതിര്‍ക്കുന്ന ക്രിമിനല്‍ കുറ്റമാണ് ചെയ്യുന്നത്. എല്ലാ പോരാട്ടങ്ങളിലും ജനങ്ങള്‍ക്കെതിരെ നില്‍ക്കാന്‍ തയ്യാറാകുന്ന ഭരണകൂടം ആദിവാസികളെ അവഗണിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ അത് തീര്‍ത്തും നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. അധികാരികള്‍ വിചാരണ ചെയ്യപ്പെടേണ്ടിയിരിക്കുന്നു. സ്വന്തം മണ്ണില്‍ നില്‍ക്കാനാണ് ആദിവാസികള്‍ ഈ ഭരണകേന്ദ്രത്തിന് മുന്നില്‍ വന്നു നില്‍ക്കുന്നത്. ആ കാഴ്ചയ്ക്ക് മുന്നില്‍ ഇവര്‍ കണ്‍പോളകളടയ്ക്കുമ്പോള്‍ പിന്നെ എവിടെയാണ് ഈ പാവങ്ങള്‍ തങ്ങള്‍ക്കു മുന്നില്‍ നീതിയുടെ വാതില്‍ തുറക്കുമെന്ന് പ്രതീക്ഷിക്കേണ്ടത്?  ഇതങ്ങേയറ്റം ദയനീയമാണ്. ഈയവസരത്തില്‍ ഇവരോട് ഐക്യപ്പെടാനുള്ള മനസ്സെങ്കിലും പൊതുസമൂഹം കാണിക്കണം.

കാട് അവര്‍ക്ക് വിട്ടുനല്‍കൂ
ആദിവാസികളുടെ കൈയില്‍ നിന്നാണ് എപ്പോഴും ഭൂമി പിടിച്ചെടുക്കുന്നത്. അന്യാധീനപ്പെട്ട അവരുടെ ഭൂമി അവര്‍ക്ക് തിരിച്ചുകൊടുക്കണം. ആദിവാസികള്‍ പുതിയ ആവശ്യങ്ങളൊന്നും മുന്നോട്ടുവച്ചല്ല ഇപ്പോള്‍ സമരം ചെയ്യുന്നത്. അവര്‍ക്ക് കൊടുത്തു വാക്ക് പാലിക്കുക; അതുമാത്രമാണ് ആവശ്യം. 2001ല്‍ അവര്‍ക്കായി പ്രഖ്യാപിച്ച പാക്കേജ് എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല. ഈ ചോദ്യമാണ് ഇവിടെ നടക്കുന്ന സമരത്തിന്റെ സാരം. സര്‍ക്കാര്‍ അത് മനസ്സിലാക്കാത്തത് എന്തുകൊണ്ട്? നിരാശാജനകമായ ചില പ്രസ്താവനകള്‍കൊണ്ട് ആദിവാസികളെ എതിര്‍ക്കാനാണ് നമ്മുടെ ഭരണനേതൃത്വം ശ്രമിക്കുന്നത്. ആദിവാസികള്‍ക്ക് അരികൊടുത്തപ്പോള്‍ അവര്‍ക്ക് അരിവച്ച് കഴിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞതായാണ് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞത്. അരി വച്ചുകഴിക്കുന്ന ശീലം അവര്‍ക്കില്ല. അവരുടെ ഭക്ഷണരീതി വ്യത്യസ്തമാണ്. അതിനനുസരിച്ചല്ലെ അവരെ ഗവണ്‍മെന്റ് നോക്കേണ്ടത്. അതു ചെയ്യാതെ ആദിവാസി അരിവേണ്ടെന്ന് പറഞ്ഞു എന്നതരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് അവരുടെ പ്രശ്‌നങ്ങളെ എതിര്‍ക്കാന്‍ ശ്രമിക്കുന്നത് എന്തിനാണ്? ആദിവാസിയുടെ നിലനില്‍പ്പ് മണ്ണിനെ ആശ്രയിച്ചാണ്. ആ മണ്ണ് ഇല്ലെങ്കില്‍ പിന്നെ അവന് നിലനില്‍പ്പില്ല. സ്വന്തം മണ്ണില്‍ പരിപൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കികൊണ്ട് അഞ്ചാം പട്ടികയില്‍പ്പെടുത്തി ആദിവാസിഭൂമി തിരികെ നല്‍കണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്. ആദിവാസിക്ക് വനഭൂമി കൊടുക്കുന്നതില്‍ എന്തിനാണ് ഭയം ? കാട് ഞങ്ങള്‍ക്ക് തരൂ, ഞങ്ങളത് സംരക്ഷിച്ചോളാമെന്നല്ലെ ആദിവാസി പറയുന്നത്. ഏത് റിസോര്‍ട്ട് മാഫിയയാണ് കാട് സംരക്ഷിക്കാമെന്ന് പറയുന്നത്. അവര്‍ വനം നശിപ്പിക്കുകയല്ലേ, വെട്ടിമുറിച്ചും പിഴുതെറിഞ്ഞും അവര്‍ സംരക്ഷിക്കുന്നത് ലാഭത്തിന്റെ കണക്കുകളാണ്. ആദിവാസിയുടെ ആവശ്യം സര്‍ഗാത്മകമാണ്. കാട് അവന്റെ ഭാഗമാണ്. നമുക്ക് കാണാന്‍കഴിയാത്തൊരു പൊക്കിള്‍ക്കൊടി ബന്ധം അവിടെയുണ്ട്. ആദിവാസി എവിടെയുണ്ടോ അവിടെ വനം സംരക്ഷിക്കപ്പെടുന്നുണ്ട്, എവിടെ അവര്‍ ഉന്മൂലനം ചെയ്യപ്പെടുന്നോ അവിടെ വനവും അപ്രത്യക്ഷമാകുന്നു. ഇതൊരാലങ്കാരിക പ്രയോഗമല്ല, വാസ്തവമാണ്.

നില്‍പ്പ്  സമരം -അഴിമുഖം പ്രസിദ്ധീകരിച്ച് മറ്റ് റിപ്പോര്‍ട്ടുകള്‍ 

ഒരു പിടി മണ്ണിന് വേണ്ടി നില്‍ക്കുകയാണവര്‍- നില്‍പ്പ് സമരത്തിലെ ജീവിതങ്ങളിലൂടെ
കേറിക്കിടക്കാന്‍ ഒരുപിടി മണ്ണില്ലാത്തവര്‍ക്കെന്ത് സ്വാതന്ത്ര്യം?
ആദിവാസി നില്‍പ്പ് സമരം, മദ്യ നിരോധനം: സംവിധായകന്‍ ജോയ് മാത്യു പ്രതികരിക്കുന്നു
ജയലക്ഷ്മിയല്ല, മത്സരിക്കേണ്ടിയിരുന്നത് ഞാന്‍- സി കെ ജാനു തുറന്നടിക്കുന്നു

സമരം ചെയ്താലേ ജീവിക്കാന്‍ പറ്റൂ എന്ന സ്ഥിതിയിലേക്ക് ആദിവാസിയെ എത്തിച്ചിരിക്കുകയാണ്. വാതോരാതെ പ്രസംഗിച്ചിട്ടും സമരം ചെയ്തിട്ടും തല്ലുകൊണ്ടിട്ടും വെടികൊണ്ട് മരിച്ചിട്ടും ആദിവാസിക്ക് ഇപ്പോഴും അവരുടെ മൗലികാവശ്യങ്ങള്‍ അനുവദിച്ച് കിട്ടിയിട്ടില്ല. ഭരണകൂട മുഷ്‌കിനു മുന്നില്‍ എന്നിട്ടും അവര്‍ അടിപതറിയിട്ടില്ലെന്ന് കാണുന്നത് ആവേശകരമാണ്. നിത്യദുരിതത്തില്‍ കഴിയുന്ന ഒരു വംശത്തെ ഇനിയും മഴയത്തും വെയിലത്തും നിര്‍ത്തുന്നത് എന്തിനാണ്?

ടതുപക്ഷം ആദിവാസികളെ ഭിന്നിപ്പിച്ചു
മുത്തങ്ങ സമരത്തിനുശേഷം ആദിവാസികള്‍ക്കിടയില്‍ എ കെ എസ് എന്ന സംഘടന ഉണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. എല്ലാ ആദിവാസികളും ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിനു പകരം അതാത് രാഷ്ടട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ഗ്രൂപ്പുകളാക്കി ആദിവാസികളെ ഭിന്നിപ്പിച്ചു. ഈ ഭിന്നിപ്പിക്കലിലൂടെ അവകാശത്തിനുവേണ്ടി സമരം ചെയ്യാനുള്ള ആദിവാസികളുടെ കരുത്ത് അവര്‍ കുറച്ചു. നില്‍പ്പ് സമരം അമ്പത് ദിവസം പിന്നിടുന്നു. ഇതുവരെ ഈ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ എ കെ എസ് തയ്യാറായിട്ടില്ല. 2001-ലെ പാക്കേജ് നടപ്പാക്കാന്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുമില്ല. ആദിവാസി സമൂഹത്തിന്റെ ആകെയുള്ള ആവശ്യം നേടിയെടുക്കാനുള്ള പോരാട്ടത്തില്‍ അവരെ ഒന്നടങ്കം സമരമുഖത്ത് ചേര്‍ക്കാതെ തമ്മിലകറ്റി നിര്‍ത്തി എന്നതാണ് ഇടതുപക്ഷം ചെയ്തിരിക്കുന്നത്.

ഇതേ ഇടതുപക്ഷം തന്നെയാണ് 1975-ലെ ആദിവാസി ആക്ട് ഭേദഗതി വേണമെന്ന് പറഞ്ഞ് നിലവിലെ നിയമം തള്ളിക്കളഞ്ഞുകൊണ്ട് മറ്റൊന്നിന് രൂപം കൊടുത്തത്. ആ ആക്ട് ആദിവാസിക്കല്ല, കൈയേറ്റക്കാരനാണ് ഗുണം ചെയ്തത്. ആദിവാസി ഭൂമി സ്വകാര്യവ്യക്തി കൈയേറിയിട്ടുണ്ടെങ്കില്‍  ആ ഭൂമിയില്‍ അരയേക്കറിന് മാത്രമം അവകാശം ആദിവാസിക്ക് നല്‍കുന്ന നിയമമാണ് അവര്‍ കൊണ്ടുവന്നത്. അഞ്ചര ഏക്കര്‍ അന്യാധീനപ്പെട്ടിട്ടുണ്ടെങ്കില്‍ തിരിച്ചു കിട്ടുമ്പോള്‍ ആദിവാസിക്ക് അവകാശമുണ്ടാകുന്ന മണ്ണ് വെറും അര ഏക്കര്‍ മാത്രം. അഞ്ച് ഏക്കറും കൈയേറ്റക്കാരന്റെ അധീനതയില്‍ തന്നെയിരിക്കും.  ആദിവാസി സമരങ്ങളോട് ഇടതുപക്ഷത്തിന്റെ നിലപാട് ഇത്തരത്തിലാണ്. പ്രതിപക്ഷനേതാവിന്റെ നിലപാടും നിര്‍ഭാഗ്യകരമാണ്. ഒരുപക്ഷേ അവരൊക്കെ അവരുടെ സംഘടനയുടെ കാര്യത്തില്‍ മാത്രമെ ഇടപെടുകയുള്ളായിരിക്കും. എന്തായാലും  ഇടതുപക്ഷം ചെയ്യുന്നതൊക്കെ ആദിവാസിക്ക് അനുകൂലമാണോ എന്ന് ചരിത്രം തീരുമാനിക്കട്ടെ.

രാഷ്ട്രീയപാര്‍ട്ടികളും ഭരണകൂടങ്ങളും മാത്രമല്ല, പൊതുസമൂഹത്തിനും ആദിവാസികളുടെ കാര്യത്തില്‍ നിലപാടുകള്‍ വേണം. ആദിവാസി നിലനില്‍ക്കേണ്ടത് കാടിന്റെ ആവശ്യമാണ്. കാട് പ്രകൃതിയുടെ ആവശ്യമാണ്. പ്രകൃതിയാണ് മാനവരാശിയുടെ നിലനില്‍പ്പിന് ആധാരം. അതിനാല്‍ ഈ സമരം ഇവര്‍ക്ക് വേണ്ടി മാത്രം ഇവര്‍ നടത്തുന്ന ഒന്നല്ല, അതിന്റെ ഗുണഭോക്താക്കള്‍ ഒരു നാട് ആകെയാണ്. അതു മനസ്സിലാക്കാന്‍ ഇനിയും വൈകരുത്. നമുക്ക് അവരോട് നീതി കാണിക്കാം.

(ആം ആദ്മി പ്രവര്‍ത്തകരോടൊപ്പമാണ് സാറാ ജോസഫ് സമര വേദിയിലെത്തിയത്. പിന്നീട് കെ. അജിതയും ടീച്ചര്‍ക്കൊപ്പം ചേര്‍ന്നു.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍